നമ്മള് കൂട്ടുകാര്‍
നവംബര്‍ 14 ഇന്ത്യയില്‍ ശിശുദിനമാണല്ലോ. ശിശുദിനമെന്നാല് കുട്ടികളുടെ ദിവസം. സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രി ജവഹര്‍ ലാല്‍ നെഹ്റുവിന്റെ ജന്മദിനമാണ് ശിശുദിനമായി ആഘോഷിക്കുന്നതെന്നൊക്കെ എല്ലാവര്ക്കും അറിയാവുന്നത് തന്നെ. നമ്മള് സംസാരിക്കാന്‍ പോകുന്നത് ശിശുദിനത്തിലെ താരങ്ങളായ കുഞ്ഞുങ്ങളെക്കുറിച്ചാണ്.
സമൂഹത്തില്‍ കുട്ടികളുടെ സ്ഥാനം, എല്ലാ കുട്ടികള്‍ക്കും വിദ്യാഭ്യാസവും ഭക്ഷണവും ഒക്കെ കിട്ടേണ്ടതിന്റെ ആവശ്യകത അങ്ങനെ വലിയ വലിയ കാര്യങ്ങളൊക്കെ മുതിര്‍ന്നവര്‍ ചര്‍ച്ചചെയ്യുന്നുണ്ട്. അത് അവര്‍ ചെയ്തുകൊള്ളട്ടെ. നമുക്ക് നമ്മുടെ ഇടയില്‍… കുട്ടികളുടെ ഇടയില്‍ തന്നെ നില്ക്കാം. നമുക്കെങ്ങനെ പരസ്പരം സഹായിക്കാമെന്നും പിന്തുണക്കാമെന്നും നോക്കാം.
ഒരു ചെറിയ കഥ പറയാം. ഒരിടത്തൊരു സ്കൂളില്‍ ഒരു ക്ലാസിലേക്ക് പുതിയൊരു കുട്ടി വന്നു. എല്ലാ കുട്ടികളും ഒഴിവു നേരത്ത് അവനുചുറ്റും കൂടി. അവര്‍ വിശേഷങ്ങള്‍ തിരക്കാന്‍ തുടങ്ങി. നമ്മുടെ പുതിയ കുട്ടി ആദ്യമൊന്നും ഒന്നും മിണ്ടിയില്ല. പിന്നെ പതിയെ അവന് സംസാരിച്ചു തുടങ്ങി. അപ്പോഴാണ് മറ്റു കുട്ടികള്‍ അത് ശ്രദ്ധിച്ചത്. അവന് തങ്ങളെപ്പോലെ സംസാരിക്കാന്‍ കഴിയുന്നില്ല. എല്ലാ വാക്കുകളും തട്ടിയും തടഞ്ഞുമാണ് പറയുന്നത്… പിന്നില്‍ നിന്ന് ആരോ ആര്‍ത്തു ചിരിച്ചു. പിന്നാലെ എല്ലാവരും ചിരിച്ചു. പാവം കുട്ടി അവന് സംസാരം നിര്‍ത്തി കരയാന്‍ തുടങ്ങി. ടീച്ചര്‍ ക്ലാസ്സില്‍ വന്നപ്പോള്‍ എല്ലാവരും അവരവരുടെ ഇടങ്ങളിലേക്ക് മടങ്ങിപ്പോയി. പിറ്റേ ദിവസം പുതിയ കുട്ടി ക്ലാസ്സിലേക്ക് വന്നില്ല. മൂന്നാം ദിവസവും നാലാം ദിവസവും വന്നില്ല. അപ്പോള്‍ കുട്ടികള്‍ ക്ലാസ് ടീച്ചറോട് ചോദിച്ചു. നമ്മുടെ പുതിയ കുട്ടി എവിടെപ്പോയി.
ടീച്ചര്‍ പറഞ്ഞു: ഞാന്‍ നിങ്ങളോട് അതേപ്പറ്റി പറയാന്‍ പോവുകയായിരുന്നു. അവന് ഇന്ന് സ്കൂളില്‍ വരും. പക്ഷെ, നിങ്ങളാരും അവനെ കളിയാക്കാന്‍ പാടില്ല. അവന് സംസാരിക്കാന്‍ അല്പം ബുദ്ധിമുട്ടുണ്ട്. ജനിച്ചപ്പോള്‍ മുതല്‍ ഉള്ളതാണ്. അതിനെ അതിജീവിക്കാന്‍ അവന് വലിയ ശ്രമങ്ങളും പരിശീലനങ്ങളും ഒക്കെ നടത്തിക്കൊണ്ടിരിക്കയാണ്. നമുക്ക് അവനെ സഹായിക്കണം. പേടിയില്ലാതെ മടിയില്ലാതെ സംസാരിക്കാന്‍ നിങ്ങള്‍ അവനെ പ്രോത്സാഹിപ്പിക്കണം. നിങ്ങള്‍ ചിരിച്ചപ്പോള്‍ അവന് വല്ലാതെ സങ്കടപ്പെട്ടിട്ടുണ്ടാവും അതാണ് സ്കൂളില്‍ വരാന്‍ മടികാണിച്ചത്. ഇപ്പോള്‍ ഞാനും ഹെഡ്മിസ്ട്രസും അവനേയും അച്ഛനമ്മമാരേയും കണ്ടിട്ടാണ് വരുന്നത്. നമ്മളെല്ലാവരും അവനൊപ്പമുണ്ടാകുമെന്ന് ഞങ്ങള്‍ വാക്കു കൊടുത്തിട്ടുണ്ട്. എന്താ നിങ്ങള്‍ ഒപ്പമുണ്ടാകില്ലേ…
കുട്ടികള്‍ ആദ്യം ഒന്നും മിണ്ടിയില്ല. അല്പം കഴിഞ്ഞപ്പോള്‍ അവര്‍ ഉച്ചത്തില്‍ പറഞ്ഞു. ഉണ്ടാകും ടീച്ചര്‍.
ടീച്ചറിന് സന്തോഷമായി. പുതിയ കുട്ടി അച്ഛന്റേയും അമ്മയുടേയും കൈ പിടിച്ച് ക്ലാസിലേക്ക് വന്നപ്പോള്‍ എല്ലാ കൂട്ടുകാരും ഒന്നിച്ച് എഴുന്നേറ്റു നിന്ന് കൈയടിച്ച് അവനെ സ്വീകരിച്ചു.
ഈ കഥയിലെ പുതിയ കുട്ടിയെപ്പോലെ ധാരാളം കൂട്ടുകാര്‍ നമുക്കിടയിലുണ്ട്. സംസാരിക്കാന്‍ ബുദ്ധിമുട്ടുള്ളവര്‍, നടക്കാനോ കാണാനോ കേള്‍ക്കാനോ കാര്യങ്ങള്‍ മനസ്സിലാക്കാനോ ബുദ്ധിമുട്ടുള്ളവര്‍… ചിലപ്പോള്‍ കൈകാലുകള്‍ക്കോ മറ്റ് ശരീര അവയവങ്ങള്‍ക്കോ എന്തെങ്കിലും പരിമിതികള്‍ ഉള്ളവര്‍… അങ്ങനെയുള്ള കൂട്ടുകാരുടെ ഒപ്പം നില്‍ക്കേണ്ടതിനെ പറ്റിയാണ് നമ്മള് ഇപ്പോള്‍ ഓര്‍ക്കേണ്ടത്.
മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തരായിരിക്കുന്ന എല്ലാ കൂട്ടുകാര്‍ക്കും തങ്ങളുടെ വ്യത്യാസത്തെപ്പറ്റി ആശങ്കയുണ്ടാവും. ഞാന്‍ അവരെപ്പോലെ അല്ലല്ലോ… എല്ലാവരും എന്നെ എങ്ങനെ കാണും കളിയാക്കുമോ എന്നൊക്കെ അവര്‍ ഭയന്നേക്കും. ചിലപ്പോള്‍ എവിടെ നിന്നെങ്കിലുമൊക്കെ ആരെങ്കിലുമൊക്കെ അവരുടെ ആ വ്യത്യാസങ്ങളെപ്പറ്റി പറഞ്ഞ് വേദനിപ്പിച്ചിട്ടും ഉണ്ടാവാം. എല്ലാവരേയും പോലെ മിടുക്കരായ കുട്ടികളായിരിക്കും അവരും. മാറ്റിനിര്‍ത്തലുകളും തുറിച്ചു നോട്ടങ്ങളും അവരെ വിഷമിപ്പിക്കും. ചിലപ്പോള്‍ പിന്നോട്ട് നടത്തിയെന്നും വരും. നമ്മള് കുട്ടികള്‍ അതിനൊരിക്കലും ഇടവരുത്തരുത്.
കേരളത്തിന്റെ ആദ്യത്തെ മുഖ്യമന്ത്രിയായിരുന്ന ഇ എം എസ് നമ്പൂതിരിപ്പാട് വിക്കുള്ള ആളായിരുന്നു. കേള്‍വി ശക്തി കൈവിട്ടുപോയിട്ടും തന്റെ സംഗീതത്തിലൂടെ ലോകത്തെ കൊതിപ്പിച്ച ആളാണ് ബീഥോവന്. കാഴ്ചയും കേള്‍വിയും കുട്ടിക്കാലത്തേ നഷ്ടപ്പെട്ടിട്ടും അധ്യാപികയായും എഴുത്തുകാരിയായും ലോക ശ്രദ്ധ പിടിച്ചുപറ്റിയ ഹെലന് കെല്ലര്‍, കൃത്രിമ കാലും വച്ച് ആദ്യമായി എവറസ്റ്റ് കീഴടക്കിയ വനിത; ഇന്ത്യക്കാരിയായ അരുണിമ സിന്‍ഹ തുടങ്ങി കുറവുകളെ തോല്പിച്ച പ്രതിഭകള്‍ നമുക്കു ചുറ്റും ധാരാളമുണ്ട്.
ശാരീരികമായ പ്രകടമായ വ്യത്യാസങ്ങളേക്കാള്‍ ബുദ്ധിപരമോ മാനസികമോ ആയ വ്യത്യാസങ്ങള്‍ ഉള്ളവരാണ് കൂടുതല്‍ എളുപ്പം കളിയാക്കലുകള്‍ക്കും മാറ്റിനിര്‍ത്തലുകള്‍ക്കും വിധേയരാവുന്നത്. പഠനവൈകല്യങ്ങള്‍ അതില്‍ എടുത്തു പറയേണ്ടതാണ്. പഠിക്കാനും കാര്യങ്ങള്‍ മനസ്സിലാക്കാനും ബുദ്ധുമുട്ടുള്ള കൂട്ടുകാരെ കുടുതല്‍ പരിഗണിക്കുകയാണ് നമ്മള് ചെയ്യേണ്ടത്.
നമ്മളെല്ലാവരും വ്യത്യസ്തരാണ്. പ്രത്യേക പരിഗണന ആവശ്യമുള്ള എല്ലാ കൂട്ടുകാര്‍ക്കുമൊപ്പം നമ്മളുണ്ടാവണം. അവരുടെ പരിശ്രമങ്ങളെ അഭിനന്ദിക്കണം, ഒപ്പം നില്‍ക്കണം. അങ്ങനെ കിട്ടുന്ന ആത്മവിശ്വാസം കൊണ്ട് എല്ലാ വ്യത്യാസങ്ങളെയും മറന്നുകളഞ്ഞ് നമുക്ക് തോളോട് തോള് ചേര്‍ന്നങ്ങനെ മുന്നേറണം.
ചിഞ്ജു പ്രകാശ്