അനസൂയ പറയാത്തത്
“അരുത്….. എന്നെ ആരും കാണരുത്. വേണ്ട…. എനിക്ക് ആരേയും കാണുകയും വേണ്ടാ”
അനസൂയ അമ്മയോടൊട്ടി, അമ്മ ചൂടിയ കുടക്കീഴില് തലകുനിച്ചു നടന്നു.
മഴച്ചാറ്റലില്‍ വെയില്‍ച്ചീളുകള്‍ അലിഞ്ഞിറങ്ങുന്നത് അവള് ശ്രദ്ധിച്ചതേയില്ല.
സ്കൂള്‍ അസംബ്ലി തീര്‍ന്ന് ക്ലാസുകള്‍ തുടങ്ങിയിരുന്നു.
വേനലവധിക്കുശേഷം സ്കൂള്‍ തുറന്ന് ഒരാഴ്ച പിന്നിട്ടു. ഇന്നാണ് അവള് ആദ്യമായി സ്കൂളില്‍ പോകുന്നത്.
ഹെഡ് ടീച്ചര്‍ തന്നെ ചുഴിഞ്ഞുനോക്കിയോ? അവളുടെ അകം പിടച്ചു.
ഓഫീസില്‍നിന്നു പുതിയ ക്ലാസ് തേടി പുറത്തിറങ്ങുമ്പോള്‍ പോയവര്‍ഷത്തെ കൂട്ടുകാരികളുടെ മുഖങ്ങള്‍ അവളുടെ മനസ്സില്‍ നിഴലാട്ടം പോലെ മിന്നിമാഞ്ഞു.
“അതാണ് 9 എ”
അടുത്ത കെട്ടിടത്തിലെ ആദ്യത്തെ ക്ലാസ് മുറിയിലേക്ക് പ്യൂണ്‍ പണിക്കരേട്ടന് ചൂണ്ടിക്കാണിച്ചു.
സ്കൂളിലെ എല്ലാ ‘എ’ ഡിവിഷനുകളും ഇംഗ്ലീഷ് മീഡിയം ക്ലാസുകളാണ്. ഇംഗ്ലീഷ് മീഡിയം സ്കൂളിലേ പഠിപ്പിക്കൂ എന്നായിരുന്നു അച്ഛന്റെ നിര്‍ബന്ധം.
അനസൂയയുടെ അയല്‍വീട്ടിലെ കൂട്ടുകാരികളെല്ലാം മലയാളം മീഡിയത്തിലാണ് പഠിക്കുന്നത്. ഏറെ കരഞ്ഞും വാശിപിടിച്ചുമാണ് കഴിഞ്ഞവര്‍ഷം ഇംഗ്ലീഷ് മീഡിയം സ്കൂളില്‍നിന്നും വിടുതല്‍ സര്‍ട്ടിഫിക്കറ്റും വാങ്ങി ഈ സ്കൂളില്‍ എട്ടാംതരത്തില്‍ ചേര്‍ന്നത്. അപ്പോഴും മീഡിയം ഇംഗ്ലീഷ് തന്നെ വേണമെന്ന് അച്ഛന്റെ നിര്‍ബന്ധമായിരുന്നു.
ക്ലാസ് മുറിയുടെ മുന്‍വശം വരേക്കും അനസൂയ അമ്മയെ മുറുകെ പിടിച്ച് കൂടെ കൂട്ടി. ജനാലപ്പഴുതിലൂടെ അനസൂയയെ കണ്ടതും പഴയ കൂട്ടുകാര്‍ ടീച്ചര്‍ കാണാതെയും കേള്‍ക്കാതെയും “ഹായ്” എന്ന് ആഹ്ലാദം പ്രകടിപ്പിച്ചു.
ആദ്യ പിരിയഡു തന്നെ ഇംഗ്ലീഷാണ്. ഹാജര്‍ വിളിച്ചുതുടങ്ങിയിട്ടേയുള്ളൂ.
അമ്മ ടീച്ചറോട് എന്തെല്ലാമോ സംസാരിച്ചു. ചിലതു കേട്ടെങ്കിലും അതെന്തെന്നു മനസ്സിലാക്കാന്‍ അനസൂയയുടെ മനസ് മുതിര്‍ന്നില്ല.
“യസ്, ഗറ്റ് ഇന്‍ അനസൂയ…. ഗിവ് ഹേര്‍ എ ബിഗ് ക്ലാപ് സ്റ്റുഡന്റ്സ്”
“ചെല്ലു മോളൂ ചെല്ലൂ” – അമ്മ നിര്‍ബന്ധിച്ചു.
കൂട്ടുകാരുടെ കൈയടികള്‍ക്കിടയിലൂടെ തലകുമ്പിട്ട് അനസൂയ നടന്നു.
മുന്‍ ബെഞ്ചില്‍ അവള്‍ക്കിരിക്കാന്‍ സ്ഥലമൊരുക്കിയത് അവള് ശ്രദ്ധിച്ചതേയില്ല. അവള് ഏറ്റവും പിറകില്‍ പോയി ഇരുന്നു.
“നിനക്കെന്തു പറ്റി?”
“കഴിഞ്ഞ ആഴ്ച നീയെന്തേ വരാഞ്ഞത്?”
“നീ ടി.സി. വാങ്ങി മറ്റേതെങ്കിലും സ്കൂളില്‍ ചേര്‍ന്നുകാണും എന്നു ഞങ്ങള്‍ ഭയപ്പെട്ടു”
“അങ്ങനെ പറയാതെയോ മറ്റോ സ്കൂള്‍ മാറിയാല്‍ നിന്നെ ഞങ്ങള്‍ കൊല്ലും”
ഇന്റര്‍വല്‍ സമയത്ത് അവളെ കൂട്ടുകാരികള്‍ പൊതിഞ്ഞ് പൊറുതിമുട്ടിച്ചു. അവള്‍ക്കൊന്നും പറയാന്‍ കഴിഞ്ഞില്ല. ഒന്നു പൊട്ടിക്കരയണമെന്ന് ഉള്ളു പിടച്ചു. അതിനും കഴിഞ്ഞില്ല.
“എടീ നിനക്കെന്തുപറ്റീ?”
അത്ഭുതം കൂറി കൂട്ടുകാരികള്‍ മാറിമാറി ചോദിച്ചു.
സ്കൂളിലെ ‘വായാടിക്കിളി’ ഇതാ മിണ്ടാട്ടമില്ലാതെ ‘മിഴുങ്ങസ്യ’യായി മാറിയിരിക്കുന്നു. അവര്‍ക്ക് വിശ്വസിക്കാനാവുന്നില്ല. അവര്‍ക്കിടയില്‍, പാഠപുസ്തകങ്ങള്‍ക്കു പുറമെ ഏറ്റവും കൂടുതല്‍ സാഹിത്യ പുസ്തകങ്ങള്‍ വായിക്കുന്നവള്‍. വായിച്ച പുസ്തകങ്ങളിലെ കഥകള്‍ ഉച്ചയ്ക്ക് ഇടവേളകളില്‍ കൂട്ടുകാരികള്‍ക്ക് കണ്മുന്നില് തെളിയും മട്ട് സ്വരഭേദവും വികാരവും ചേര്‍ത്ത് പറഞ്ഞുകൊടുക്കുന്നവര്‍. 1’നാല് കെട്ടും’, 2’സുന്ദരികളും സുന്ദരന്മാരും’, 3’മുത്തശ്ശി’യും, 4’പ്രകാശം പരത്തുന്ന പെണ്‍കുട്ടി’യുമൊക്കെ അങ്ങനെയാണ് അവര്‍ ആദ്യമായി കേട്ടത്. കഴിഞ്ഞ വര്‍ഷം ജില്ലാ കലോത്സവത്തില്‍ സ്കൂളിന് കഥയ്ക്കും കവിതയ്ക്കും എ-ഗ്രേഡ് ഒന്നാം സ്ഥാനം കിട്ടിയത് അനസൂയയിലൂടെയാണ്.
പരസ്പരം പറഞ്ഞുതീര്‍ക്കാന്‍ വേനലവിധി വിശേഷങ്ങള്‍ കുന്നോളമുണ്ട്. കണ്ട വേലകള്‍, പൂരങ്ങള്‍, നേര്‍ച്ചകള്‍, സിനിമകള്‍, വായിച്ച പുസ്തകങ്ങള്‍, വിരുന്നുകള്‍. അനസൂയയ്ക്ക് ഒന്നും കേള്ക്കണമെന്നില്ലേ! അവള്‍ക്കൊന്നും പറയാനില്ലേ! കൂട്ടുകാരികള്‍ അത്ഭുതംകൂറി.
“നീയിങ്ങനെ മിണ്ടാട്ടക്കുട്ടിയായാ ഞങ്ങളും മിണ്ടില്ലാട്ടോ” അവര്‍ ഭീഷണിപ്പെടുത്തി.
മഴയും വെയിലുമായി ജൂണ്‍ വിടപറഞ്ഞു. മിണ്ടാട്ടക്കുട്ടി പതുക്കെ മിണ്ടിത്തുടങ്ങി. പഴയ പ്രസരിപ്പിന്റെ തിരിവെട്ടം ചില നേരങ്ങളില്‍ അവളില്‍ ഒളിവീശി.
ഒരു ഇടവേളയില്‍ അനസൂയ കൂട്ടുകാരികള്‍ക്കുമുന്നില്‍ സ്വന്തം മനസ്, സ്വന്തം വേനല്‍ അവധിയിലേക്ക് അല്‍പ്പം തുറന്നുവച്ചു:
“വെക്കേഷന് കുറച്ച് ദിവസം ഞാന്‍ ചെറിയമ്മയുടെ വീട്ടിലായിരുന്നു. നിങ്ങളോട് ഞാന്‍ പറഞ്ഞിട്ടില്ലേ ചെറിയമ്മയുടെ മകളെക്കുറിച്ച്. അനുശ്രീ….. അവള് എന്റെ അനിയത്തിയാ… എന്റെ ബെസ്റ്റ് ഫ്രണ്ട്. അവള്‍ക്ക് ഇക്കൊല്ലം യു.എസ്.എസ്. കിട്ടി. വീട്ടില്‍ എല്ലാവര്ക്കും എന്തു സന്തോഷം ആയിരുന്നൂന്നോ.”
– കഴിഞ്ഞകൊല്ലം നമ്മളെഴ്തീട്ട് ഇവളൊരാള്ക്കല്ലേ കിട്ടീളൂ”
അടുത്തു നില്ക്കുന്ന ബള്‍ക്കീസിനെ ചൂണ്ടി കൂട്ടുകാരികള്‍ ആരോ പറഞ്ഞു.
“നെനക്കെന്തായാലും കിട്ടും ന്നാ ഞങ്ങള്‍ കര്ത്യേ”
അനസൂയയെ നോക്കി കൂട്ടുകാരികളില്‍ പലരും പറഞ്ഞു.
അനസൂയ പെട്ടെന്ന് ശബ്ദമില്ലാത്തവളായി. ഏതോ ഭയത്തിന്റെ ചിറകടികള്‍ ആ കണ്ണുകളില്‍ പിടയുന്നതായി തോന്നി.
“ഉം നീ ബാക്കി പറ”
അന്ന് അനസൂയ ഒന്നും മിണ്ടാതെ അവിടെനിന്നും എഴുന്നേറ്റു പോയി.
വേറൊരു ദിവസം സ്കൂള്‍ ഗ്രൗണ്ടിലെ പഞ്ചാരമാഞ്ചോട്ടില് കൂട്ടുകാരികള്‍ അനസൂയയെ വട്ടമിട്ടു. ഏറെ നിര്‍ബന്ധങ്ങള്‍ക്ക് ശേഷം അനസൂയ, ഒരു സ്വപ്നത്തിലെന്നോണം പറഞ്ഞത് ഇങ്ങനെ:
“അവടെ ചെറിയമ്മടെ വീടിന്റെ അയല്പക്കത്ത് തന്നെ വേറൊര് വീട് ണ്ടേയ്… ഇത്തിരി അകലെ… ഒരു അഞ്ചാറ് വീടകലെ… അവിടേം ഒരു ഏട്ത്തീം അന്യേത്തീം ണ്ടേയ്… പിന്നൊരു മുത്തശ്ശീം. അവര്ടെ അച്ഛന് അങ്ങ് അമേരിക്കേലും, അമ്മ അമേരിക്കേലും നാട്ടിയും ആയിട്ടാ…. ഏട്ത്തി നന്നായി വായിക്കും. കഥേം കവിതേം എഴുതും, അസ്സലായി അഭിനയിക്ക്യേം ചെയ്യും…. അനിയത്തി വെറും പഠിപ്പിസ്റ്റാ… പോയ കൊല്ലം ഏട്ത്തിക്ക് യു.എസ്.എസ്. കിട്ടീല്യ. ഇക്കൊല്ലം അനീത്തിക്ക് യു.എസ്.എസ്. കിട്ടി.”
“അയ്ക്കോട്ടെ, അതിനെന്താ?”
“അങ്ങിന്യല്ല. അച്ഛന്റേം അമ്മടേം വക അന്യേത്തിക്ക് സമ്മാനങ്ങളുടെ പെരുമഴ. വിരുന്നാരോടും നാട്ടാര്വോടൊക്കെ അന്യേത്ത്യെങ്ങനെ പൊക്കിപ്പറയാ. ‘ഇവളാന്റെ മോള്… ക്ലാസിലൊക്കെ ഫസ്റ്റ്… മറ്റോള്… ആ…. ഒരുമട്ടൊക്കെ പഠിക്കും…. അവള്‍ക്ക് ആട്ടോം കളീം കണ്ണില്‍ക്കണ്ട പുസ്തകങ്ങളൊക്കെ വായിക്കല്വാ പ്രധാനം – ഇക്കാലത്ത് അതോണ്ടെന്താ കാര്യം! പറഞ്ഞാ മനസിലാവണ്ടെ’ – കേട്ട് കേട്ട് ഏടത്തിയ്ക്കങ്ങട് മട്ത്തു. ഏട്ത്തീന്ന് പറഞ്ഞാ നമ്മടൊക്കെ പ്രായാട്ടോ.”
“ന്ന്ട്ടോ?”
“ന്ന്ട്ടെന്താ….”
അനസൂയ ഒരുനിമിഷം വിളറിവെളുത്തു.
“ഉം പറ”
കൂട്ടുകാരികള്‍ നിര്‍ബന്ധിച്ചു.
“ഒരീസം മുത്തശ്ശീം ഇവര്‍ രണ്ട് പേരും മാത്രേള്ളൂ വീട്ടില്‍. വല്ല്യേ തൊട്യാ അവരടെ… വെയില് ചാഞ്ഞനേരം. മുത്തശ്ശി പയ്യിനെ അഴിച്ചൊണ്ട് വരാനായി മേലെ തൊടീല്ക്ക് പോയീ. മുറീല് അന്യേത്തീം ഏട്ത്തീം മാത്രം.
“കണ്ടോ നിക്ക് അച്ഛന് വാങ്ങിത്തന്ന സമ്മാനങ്ങള്‍!”
അന്യേത്തി ഏട്ത്തീടെ മുമ്പില്‍ ആകാശത്തോളം പൊങ്ങച്ചം കാട്ടി.
“നിക്ക് എസ്.എസ്.എല്‍.സി. ആകുമ്പോ എല്ലാറ്റിലും എ-പ്ലസുണ്ടാവൂലോ.”
അവള് വീണ്ടും പൊങ്ങച്ചം കൂട്ടി. ഏട്ത്തിക്ക് സഹിച്ചില്ല. ഒറ്റക്കുതിപ്പ്. അന്യേത്തി മലര്‍ന്നടിച്ച് കട്ടിലില്‍. ഏട്ത്തി തലേണ എടുത്ത് അന്യേത്തീടെ മോത്ത് അമര്‍ത്തി. തലയണപുറത്ത് കയറി ഒറ്റ ഇരുത്തം. അങ്ങനെ വേണച്ചിട്ടൊന്നും അല്ലാട്ടോ. എന്തോ ഒരാക്രാന്തം. അന്യേത്തി വല്ലാതെ പെടഞ്ഞപ്പോ വേം എണീക്കേം ചെയ്തു. പക്ഷേ എന്താ കാര്യം. മുത്തശ്ശി വന്നോക്കുമ്പോ അന്യേത്തി അനക്കല്ലാണ്ടെ കട്ടില്ല്. ഏട്ത്തി പേടിച്ചരണ്ട് മുറീടെ മൂലേലും.”
കൂട്ടുകാരികള്‍ തുടര്‍ന്ന് കേള്‍ക്കാന്‍ പറ്റാത്തവിധം സ്തബ്ധരായി.
“ന്ന്ട്ടോ?”
അപ്പോഴേക്കും അനസൂയയുടെ വാക്കുകളിലും ഇടര്‍ച്ച കലര്‍ന്നു.
“ന്ന്ട്ടെന്താ. അന്യേത്ത്യേ ആശുപത്രീ കൊണ്ടോയി. ഡോക്ടറ് പറഞ്ഞു: മരിച്ചെന്നും ശ്വാസം മുട്ടിച്ചതാന്നും. പിന്നെ പോലീസെത്തി…. ഏട്ത്ത്യേ കൊണ്ടോയി…. കുട്ട്യോളെ പാര്‍പ്പിക്കുന്ന ജയിലിലിട്ടു. അമ്മേം അച്ഛനും മുത്തശ്ശ്യൊക്കെ ആര്‍ക്കും കേസില്ലാന്നു പറഞ്ഞു…. പേടിച്ചരണ്ട ഏടത്തിയെ സൈക്യാട്രിസ്റ്റിന്റട്ത്ത് കൊണ്ടോയി…. ഇപ്പ ചികിത്സേലാത്രേ?”
ഈ കഥയിലേക്ക് നീണ്ട മണി മുഴങ്ങിയത് ഞങ്ങള്‍ക്ക് ഒരാശ്വാസമായി. പെയ്തൊഴിഞ്ഞിട്ടും കനം തൂങ്ങി നില്ക്കുന്ന മാനംപോലെ, ഞങ്ങളോടൊപ്പം നടന്നുനീങ്ങുന്ന അനസൂയയില്‍ അപ്പോള്‍ ഞങ്ങള്‍, ഞങ്ങളെത്തന്നെ കാണുകയായിരുന്നു.
എം.വി. മോഹനന്
————–
1. നാലുകെട്ട് (നോവല്‍) – എം.ടി. വാസുദേവന്‍ നായര്‍
2. സുന്ദരികളും സുന്ദരന്മാരും (നോവല്‍) – ഉറൂബ്
3. മുത്തശ്ശി (നോവല്‍) – ചെറുകാട്
4. പ്രകാശം പരത്തുന്ന പെണ്‍കുട്ടി (ചെറുകഥ) – ടി. പത്മനാഭന്
തുടര്‍ പ്രവര്‍ത്തനങ്ങള്‍
1) ‘അനസൂയ പറയാത്ത കഥ’ എന്താവാം? – ഊഹിച്ച് കഥ മാറ്റി എഴുതാമോ?
2) പഠനത്തില്‍ മറ്റുള്ളവരുടെ നേട്ടവുമായുള്ള താരതമ്യവും അനാവശ്യമായ മത്സരവും ഗുണമോ ദോഷമോ? ഒരു തുറന്ന സംവാദമായാലോ!