കൂട്ടുകാരൻ
ഇലപൊഴിയുന്നീ വഴികളിലെല്ലാം
കൂടെ നടക്കും കൂട്ടായ് നീ…
കാലികൾ മേയും പുൽമേടുകളിൽ
കുഞ്ഞിപ്പശുവിനു കൂട്ടായ് നീ…
പൂമ്പൊടിയേറും പൂവിന്നിതളിൽ
പൂമ്പാറ്റക്കും കൂട്ടായ് നീ…
കളി പറയാനും കഥ ചൊല്ലാനും
മുത്തശ്ശിക്കും കൂട്ടായ് നീ…
വീശും കാറ്റിൽ പൊഴിയും പുളികൾ
ഓടിയെടുക്കാൻ കൂട്ടായ് നീ…
മയിലാട്ടത്തിൻ ചന്തം കാണാൻ
കുന്നിൻ മുകളിൽ കൂട്ടായ് നീ…
വിളയും വയലിൽ പാറി നടക്കും
പൂത്തുമ്പിക്കും കൂട്ടായ് നീ…
ചാഞ്ഞുകിടക്കും കശുമാവിൽ
ചാടിക്കേറാൻ കൂട്ടായ് നീ…
കുന്നിക്കുരുകൾ കുമ്പിളിലാക്കി
കൂട നിറയ്ക്കാൻ കൂട്ടായ് നീ…
ഓലപ്പന്തു കളിക്കും നേരം
ഒന്നിച്ചോടാൻ കൂട്ടായ് നീ…
പുഴയോരത്താ സന്ധ്യകളിൽ
മറയും സൂര്യനു കൂട്ടായ് നീ…
കൂടണയുന്നാ കിളികൾക്കൊപ്പം
കൂട്ടിനു കൂടെ പോയി നീ…
ശ്രീജ ഗോപാൽ
ബെസ്താൻ, സൂറത്ത്, ഗുജറാത്ത്