രാത്രിമോഹങ്ങൾ
ഒരു നുറുങ്ങു വെളിച്ചവുമേന്തിക്കൊ-
ണ്ടന്തിക്കേ പറക്കുന്നു മിന്നാമിന്നി
രാത്രിയിലുറങ്ങാതുറക്കെ കരയുന്നു
നെൽപ്പാടം കാത്തിടും തവളച്ചാർ
അഴുക്കുകളെല്ലാം കഴുകി തുടച്ചല്ലോ
അമ്മതൻ കൈകളായ് ചാറ്റൽ മഴ
ചീവീടുകൾ പാടും പേരറിയാപ്പാട്ടും
എന്തൊരു ഭംഗിയെൻ ഇരവിനിന്ന്
പൂത്തുലഞ്ഞീടുന്ന മുല്ലതൻ നറുമണം
ഏഴിലം പാലതൻ അരിയ ഗന്ധം
മുത്തശ്ശി ചൊല്ലുന്ന യക്ഷിക്കഥ കേൾക്കേ
അമ്മ വിളിക്കുന്നു പൊന്നുണ്ണീ
വെണ്ണ പുരട്ടിയുരുളയുരുട്ടുന്ന
അമ്മതൻ കൈകൾതൻ താളബോധം
കണ്ടീലിതുവരെയൊറ്റ മേളത്തിലും
പൂർണതക്കുത്തരം മാതൃഭാവം
താരാട്ടു പാടുന്നോരമ്മതന്നീണമാ-
ണിന്നും മറക്കാത്ത സ്വപ്നഗാനം
തിരികെ നടക്കുവാനാകില്ലയെങ്കിലും
ഉണ്ണിയായ് മാറുവാൻ കൊതിയെനിക്ക്
ഹരി നമ്പ്യാത്ത്, മലയാളം മിഷൻ മുംബൈ