അത്തം ചിത്തിര ചോതി
ദുരിതവും വറുതിയും പെയ്തിറങ്ങിയ കര്‍ക്കിടകം പിന്‍വാങ്ങി. കൊയ്ത്തുത്സവത്തിന്റെയും വിളവെടുപ്പിന്റെയും ആഹ്ലാദത്തിമര്പ്പുമായി ചിങ്ങം വന്നെത്തി. ചിങ്ങത്തേരിലേറി പൊന്നോണം വീടണഞ്ഞു. മലയാളത്തിന്റെ മണ്ണിലും മലയാളിയുടെ മനസിലും പൂവിളികള്‍ കുതുകം ചേര്‍ത്തു. പുറം മലയാളിയുടെ മഹോത്സവത്തിന് ഗൃഹാതുരത കൂടുതലുമാണ്.
പോയ വര്‍ഷത്തെ മഹാപ്രളയം കേരള പ്രകൃതിയിലും മലയാളി മനസിലും തീര്‍ത്ത ആഴമുള്ള മുറിപ്പാടുകള്‍ മാഞ്ഞിട്ടില്ല. തൊട്ടുപിറകെയാണ് ഈ വര്‍ഷവും മഹാമാരി. ചിലയിടങ്ങളില്‍ ആവാസ്ഥലമടക്കം നമ്മുടെ സഹജീവികളില്‍ പലരെയും കവര്‍ന്നെടുത്തുകൊണ്ട് കടന്നുപോയത്. എന്നിട്ടും ഈ വര്‍ഷത്തെ ഓണത്തിനും പൊലിവിന് ഒരു കുറവുമില്ല. മഹാകവി വൈലോപ്പിള്ളി പാടിയതുപോലെ എപ്പോഴും ജയിക്കണമെന്നു വാശിയുള്ള മരണത്തിനും ജീവിതത്തിന്റെ ഉയര്ന്നുപാറ്റുന്ന കൊടിപ്പടം താഴ്ത്താനാവില്ല എന്നാണ് ഇതു കാണിക്കുന്നത്. (‘ഹാ! വിജിഗീഷ്ഠ മൃത്യുവിന്നാമോ / ജീവിതത്തിന് കൊടിപ്പടം താഴ്ത്തുവാന്‍ – വൈലോപ്പിള്ളി)
ഓണം മലയാളിയുടെ ആഘോഷങ്ങളില്‍ ഏറ്റവും പ്രാധാന്യവും പഴക്കമുള്ളതും ആണ്. ‘ഓണം’ എന്ന പേര് വന്നത് കിരാകീരി മഴയുടേയും പഞ്ഞ കര്‍ക്കിടകത്തിന്റെയും മാസം കഴിഞ്ഞ് ആളുകള്‍ വാണിജ്യം പുനരാരംഭിക്കുന്ന ‘ശ്രാവണ’ത്തിന്റെ മറ്റൊരു പേരാണ്. ‘സാവണം’ ‘സാവനം’ ലോപിച്ച് ‘ആവണവും ‘ഓണ’വുമായി മാറിയതാവാം. നമ്മുടെ സംസ്കാരത്തിന്റെ അടിയടരുകളിലേ ഓണസ്മൃതികളുണ്ട് എന്നതിനുള്ള തെളിവാണ്, ലോകത്തെവിടെ മലയാളിയുണ്ടോ അവിടെയൊക്കെ ഓണാഘോഷമുണ്ട് എന്ന വസ്തുത.
ഓണത്തിന് പിന്നിലെ ഐതിഹ്യം മഹാബലിയെ വാമനന് പാതാളത്തിലേക്ക് ചവിട്ടി താഴ്ത്തിയ കഥ – നമുക്കറിയാം. ഈ കഥ സൂചിപ്പിക്കുന്നത് സമൃദ്ധിയുടെ ഭൂതകാലത്തെയല്ല; പകരം ‘കേരളീയ കാര്‍ഷിക സംസ്കാരത്തിന്റെ പ്രതിനിധിയായ മഹാബലിയെ ആദ്യം ചെറുതായി, ക്രമത്തില്‍ വലുതായി വലുതായി വന്ന വാണിജ്യലക്ഷ്മിയുടെ നായകന് (-വിഷ്ണുവിന്റെ അഞ്ചാമത്തെ അവതാരമായ വാമനന്) കീഴടക്കുന്നതാണ് എന്ന് ഡോ. കെ.എന്‍. എഴുത്തച്ഛന് വളരെ മുന്നെ തന്നെ നിരീക്ഷിച്ചിട്ടുണ്ട് (മാതൃഭൂമി ആഴ്ചപ്പതിപ്പ് – 1954 സെപ്തംബര്‍ 5). ‘ഓണം യഥാര്‍ഥത്തില്‍ മറവിയുടെ ആഘോഷമാണ്’ എന്ന് പി.പി. പ്രകാശനും നിരീക്ഷിക്കുന്നു. (അധ്യാപകരുടെ ലോകം – വാല്യം 52, ലക്കം 08 – ആഗസ്റ്റ് 2019).
ഓണവുമായി ബന്ധപ്പെട്ട് ഒരുപാടു ചൊല്ലുകളും പാട്ടുകളും കളികളും അനുഷ്ഠാനങ്ങളും കവിതകളും നമുക്കുണ്ട്. അവയില്‍ പലതും മുകളില്‍ പറഞ്ഞ നിരീക്ഷനത്തിന് മേലാപ്പു ചാര്‍ത്തുന്നുണ്ട്. നമുക്ക് അവയില്‍ ചിലവ ഓര്‍ത്തെടുക്കാം.
ചില ഓണച്ചൊല്ലുകള്‍
- കാണം വിറ്റും ഓണം ഉണ്ണണം
- അത്തം കറുത്താല്‍ ഓണം വെളുക്കും
- ഓണം വന്നാലും ഉണ്ണി പിറന്നാലും കോരനു കഞ്ഞി കുമ്പിളില്‍ തന്നെ
- ഓണമുണ്ട വയറേ ചൂളം പാടി കിട
- ഓണം കഴിഞ്ഞാല്‍ ഓലപ്പുര, ഓട്ടപ്പുര

തുമ്പ
ഓണപ്പാട്ടുകള്‍
- വടക്കേക്കര-
തെക്കേക്കര
കണ്ണാന്തുളിമുറ്റത്തൊരു
തുമ്പ മുളച്ചു.
തുമ്പകൊണ്ടമ്പതു
തോണി മുറിച്ചു.
തോണിത്തലപ്പത്തൊ
രാലു കിളിര്‍ത്തു.
ആലിന്റെ പൊത്തി-
ലൊരുണ്ണി പിറന്നു
ഉണ്ണിക്കു
കൊട്ടാനും പാടാനും
തുടിയും തുടിക്കോലം
പറയും പറക്കോലും
പൂകൊണ്ട
പൂവേ പൊലി
പൂവേ പൊലി
പൂവേ പൊലി പൂവേ…
പൂയ്…. പൂയ്…. പൂയ്…. - കറ്റക്കറ്റ കയറിട്ടു
കയറാലഞ്ചു മടക്കിട്ടു
നെറ്റിപ്പട്ടം പൊട്ടിട്ടു
നേരേ വാല്‍ക്ക് നെയ് വച്ചു
ചെന്നു കുലുങ്ങി
ചെന്നു കുലുങ്ങി
ചന്ദ്രമാല പൂ കൊണ്ട
പൂവേ പൊലി പൂവേ പൊലി
പൂവേ പൊലി പൂവേ…
പൂയ്…. പൂയ്…. പൂയ്…. - ഓണത്തപ്പാ കുടവയറാ
തിരുവോണക്കറിയെന്തെല്ലാം
ചേനത്തണ്ടും ചെറുപയറും
ചെരട്ടപൊട്ടിച്ചോരുപ്പേരീം - ഓണം വന്നോണം വന്നീവിരള്
എങ്ങനെ ഉണ്ണുമെന്നീ വിരള്
കടം വാങ്ങിച്ചുണ്ണുമെന്നീ വിരള്
എങ്ങനെ വീട്ടുമെന്നീ വിരള്
പണിചെയ്ത് വീട്ടുമെന്നീ വിരള് - അത്തം ചിത്തിര ചോതി
അപ്പന് കെട്ടിയ വേലി
അമ്മ പൊളിച്ചിട്ടരി വച്ചു
അപ്പന് വന്നു കലഹിച്ചു.

ഓണപ്പൊട്ടൻ
ഓണക്കളികള്‍
- പുലികളി
- കുമ്മാട്ടിക്കളി
- വള്ളം കളി
- ഓണപ്പൊട്ടന്
- കൈകൊട്ടിക്കളി
- തുമ്പിതുള്ളല്‍
- തലപ്പന്ത്
- ആട്ടക്കളം
- വടംവലി
- ചവിട്ടുകളി
- ഓണത്തല്ല്
- ആടുകളം
ഓണസദ്യ
നെയ്യും പരിപ്പും മുതല്‍ പാലടയും പഴപ്രഥമനും വരെ നീളുന്ന ഓണസദ്യയുടെ കൊതിയൂറും വിഭവങ്ങളില്‍ പ്രധാനപ്പെട്ടവ ഇവയാണ്.
നേന്ത്രക്കായ വറുത്തത്, ശര്‍ക്കര ഉപ്പേരി, ചേനക്കായ ഉപ്പേരി, ഇഞ്ചിക്കറി, നാരങ്ങാക്കറി, പുളിയിഞ്ചി, മുളക്പച്ചടി, കിച്ചടി, പച്ചടി, മെഴുക്കുപുരട്ടി, എരിശ്ശേരി, കാളന്, ഓലന്‍, അവിയല്‍, സാമ്പാര്‍, പുളിശ്ശേരി, രസം, പാലടപ്രഥമന്‍, പരിപ്പു പ്രഥമന്‍, പഴപ്രഥമന്‍….
ഓണക്കവിതകള്‍
മലയാളത്തിലെ സമ്പന്നമായ ഓണക്കവിതകളിലെ ചില വരികള്‍ നമുക്കിവിടെ പരിചയപ്പെടാം.
- അരിമയിലോണപ്പാട്ടുകള്‍ പാടി-
പ്പെരുവഴിതാണ്ടും കേവലരെപ്പൊഴു-
മരവയര്‍ പട്ടിണി പെട്ടവര്‍ കീറി-
പ്പഴകിയ കൂറ പുതച്ചവര്‍ ഞങ്ങള്‍
നരയുടെ മഞ്ഞുകള്‍ പിന്നിയ ഞങ്ങടെ
തലകളില്‍ മങ്ങിയൊതുങ്ങിയിരിപ്പൂ
നിരവധി പുരുഷായുസ്സിന്നപ്പുറ-
മാളിയൊരോണപ്പൊന്‍കിരണങ്ങള്‍.
(ഓണപ്പാട്ടുകാര്‍ – വൈലോപ്പിള്ളി) ഓണപൂക്കുട ചൂടിക്കൊണ്ട-
ന്നോണത്തപ്പനെഴുന്നള്ളുമ്പോള്‍
പൂവേ പൊലി, പൂവേ പൊലി
പൂവേ പൊലി പൂവേ
പൊന്‍വെയിലും പൂന്നിലാവും
പൊന്നോണപ്പകലൊളി രാവൊളി
പൂവേ പൊലി, പൂവേ പൊലി
പൂവേ പൊലി പൂവേ…
(ഒരു കൊച്ചു പൂക്കുട – കുഞ്ഞുണ്ണി മാഷ്)- നന്ദി തിരുവോണമേ നന്ദി
നീ വന്നുവല്ലേ?
അടിമണ്ണടിഞ്ഞു കടയിളകി-
ച്ചരിഞ്ഞൊരു കുനുതുമ്പയില്
ചെറുചിരിവിടര്‍ത്തി നീ വന്നുവല്ലേ?
നന്ദി തിരുവോണമേ നന്ദി.
(നന്ദി തിരുവോണമേ നന്ദി – എന്‍.എന്‍. കക്കാട്)
കൂട്ടുകാരേ, ഈ വര്‍ഷത്തെ ഓണവും നമുക്ക് അടിച്ചുപൊളിച്ച് ആഘോഷിക്കാം. അതോടൊപ്പം തന്നെ ജാതി-മത-വര്‍ഗ്ഗ-വര്‍ണ്ണ-ലിംഗ ഭേദമില്ലാതെ ‘മാനുഷരെല്ലാരും ഒന്നുപോലെ, ‘കള്ളവും ചതിയും’ ഇല്ലാത്ത ഒരു സുവര്‍ണ്ണ സമത്വകാലത്തിലേക്ക് കുതിക്കാനാവശ്യമായ തിരിച്ചറിവിന്റെ കരുത്തും നമുക്ക് ഓണത്തിമിര്‍പ്പില്‍ നിന്നും നേടിയെടുക്കാനാവണം
-എം.വി. മോഹനന്
തുടര്‍ പ്രവര്‍ത്തനങ്ങള്‍
- ‘പുറം മലയാളിയുടെ ഓണോത്സവത്തിന് ഗൃഹാതുരത കൂടുതലാണ്’ – ഈ പ്രസ്താവന ശരിയോ? ഈ വര്‍ഷത്തെ സ്വന്തം ഓണാഘോഷാനുഭവങ്ങളെ ആധാരമാക്കി സമര്‍ഥിച്ച് ഒരു കുറിപ്പു തയാറാക്കാമോ?
- ‘ഓണം മറവിയുടെ ഉത്സവമാണ്’ – ഇതിലെ ന്യായം തന്നിട്ടുള്ള ഓണപ്പഴഞ്ചൊല്ലുകളെ പ്രയോജനപ്പെടുത്തി സമര്ഥിക്കാമല്ലോ. കുറിപ്പു തയാറാക്കി പൂക്കാലത്തിന് അയച്ചുതരൂ.
- നമുക്ക് ഒരു ഓണപ്പതിപ്പു തയാറാക്കാം.