കണ്യാര്‍കളി
”ഹരി നമോ നമോ നാരായണനമോ
ഹരിയെണ്ണിയിട്ടയ്മ്പത്തൊക്ഷരംവാഴ്കാ
മുമ്പില്‍ ഗണപതിതാനുമേവാഴ്കാ
പെറിയസരസ്വതിദേവിയുംവാഴ്കാ
പേര് മൂന്നായ് നിന്നവര്മൂവരുംവാഴ്കാ
എന്‍ തായുംവാഴ്ക എന്‍ അൗവ്വയുംവാഴ്ക”

വട്ടകളി
ചെണ്ടയുടെ വലംതലയിലെ ദേവവാദ്യത്തിന്റെ അകമ്പടിയോടെ കണ്യാര്‍കളി ആരംഭിക്കുകയായി. കസവുകരയുള്ള മുണ്ടുടുത്ത്, രണ്ടാംമുണ്ട് അരയില്‍ചുറ്റി, കണ്ണില്മഷിയെഴുതി, പൊട്ടുതൊട്ട്, കഴുത്തിലുംകാതിലും ആഭരണങ്ങള്‍ അണിഞ്ഞ്, തലപ്പാവുകെട്ടികളിക്കാര് കളിയരങ്ങിലേക്ക് എത്തുകയായി. പാലക്കാട്ജില്ലയിലെ ആലത്തൂര്‍, നെന്മാറ, വടക്കാഞ്ചേരി, ചിറ്റൂര്‍, കൊല്ലംങ്കോട്, കൊടുവായൂര്‍, ചിറ്റിലംചേരി, പല്ലാവൂര്‍, പല്ലശ്ശന എന്നീ പ്രദേശങ്ങളില്‍ വിഷുവുമായി ബന്ധപ്പെട്ട് നായര്‍ സമുദായങ്ങള്‍ക്കിടയില്‍ അരങ്ങേറുന്ന ഒരനുഷ്ഠാനകലയാണ് കണ്യാര്‍കളി. അധിദേവതാ പ്രസാദത്തിനും ദേശത്തിന്റെ സമ്പല്‍ സമൃദ്ധിക്കും വേണ്ടി നടത്തുന്ന ഈ ഉത്സവത്തിന് ദേശത്തുകളിഎന്നും പേരുണ്ട്. സ്ത്രീകള്‍ പങ്കെടുക്കാറില്ല. സ്ത്രീവേഷംകെട്ടി പുരുഷന്മാരാണ് സ്ത്രീകളായി രംഗത്ത്എത്തുന്നത്.
മേടമാസത്തില്‍ വിഷുവേലകഴിഞ്ഞ് ആഴ്ചയും നാളും നോക്കി കളി അരങ്ങേറുന്ന ദിവസം നിശ്ചയിക്കുന്നു. പിന്നെ കളിയാശാന്റെ കീഴില്‍ പരിശീലനമാണ്. ആയോധനകലയുമായി കണ്യര്കളിയിലെ ചുവടുവെയ്പ്പുകള്‍ക്ക് ബന്ധമുണ്ട്. ‘തറ’യെന്നും ‘മന്ദം’ എന്നുമൊക്കെ വിളിക്കപ്പെടുന്നിടത്ത് പ്രതിഷ്ഠിക്കപ്പെട്ടിട്ടുള്ള ഭഗവതിക്ക് മുന്‍പിലാണ് സാധാരണയായി കണ്യാര്‍കളിക്ക് അരങ്ങൊരുങ്ങുന്നത്. കുരുത്തോല, മാവില, കണിക്കൊന്ന എന്നിവകൊണ്ട് അലങ്കരിച്ചതാണ് അരങ്ങ്. നൃത്തം, നാടകം, സംഗീതം എന്നിവ ഒരുമിച്ച് ചേര്‍ത്തതാണ് കണ്യാര്കളിയുടെ ശില്‍പ്പം. ചെണ്ട, മദ്ദളം, ചേങ്ങില, കുറുങ്കുഴല്‍, ഇലത്താളം, എന്നീ അഞ്ചുവാദ്യങ്ങള്‍ ഇതിലുപയോഗിക്കുന്നു.

പൊറോട്ടുകളിയിൽ കൊടിച്ചിമാരായി സ്ത്രീവേഷം കെട്ടി നിൽക്കുന്ന നർത്തകർ
കണ്യാര്കളിക്കാരെ സംഘങ്ങള്‍ എന്നാണ് വിശേഷിപ്പിക്കാറ്. സാധാരണ ഒരുസംഘത്തില്‍ 6 മുതല്‍ 20 വരെ കലാകാരന്മാര് ഉണ്ടാകും. രാത്രിയിലാണ് കളി നടക്കുന്നത്. ക്ഷേത്ര പൂജകളെല്ലാം കഴിഞ്ഞ് കളിയരങ്ങ് ഉണരും. നാല് ഭാഗങ്ങളായാണ് കണ്യാര്‍കളിയെ തിരിച്ചിരിക്കുന്നത്. ഓരോ രാത്രിയിലും ഓരോ ഭാഗങ്ങള്‍ അവതരിപ്പിക്കും. ഇതിനെ ഒന്നാംകളി, രണ്ടാംകളി, മൂന്നാംകളി, നാലാംകളി എന്നിങ്ങനെ പറയപ്പെടുന്നു. ഒന്നാംദിവസത്തെ കളിയരങ്ങ് നടരാജ നൃത്തമായ ‘ആണ്ടികൂത്താണ്’. കഥകളിയിലെപോലെ കേളികൊട്ടലോടെയാണ് കളി ആരംഭിക്കുന്നത്. കളി അറിയിപ്പ് കഴിഞ്ഞാല്‍ പിന്നെ താളവട്ടമാണ്. ഗ്രാമത്തിലെ എല്ലാ പ്രായത്തിലുമുള്ള നായര്‍സമുദായത്തിലെ അംഗങ്ങള്‍ ഒരുമിച്ച് ആവേശപൂര്‍വ്വം പാടി ചുവട്വെച്ച് കളിയരങ്ങിലേക്ക് പ്രവേശിക്കുന്നു. കളിയാശാന് മുന്നിലും പിറകെ ശിഷ്യന്മാരുമായാണ് പ്രവേശനം. പള്ളിവാളും ഒറ്റ ചിലമ്പും കയ്യിലേന്തി വെളിച്ചപ്പാട് ഇവരെ പന്തലിലേക്ക് നയിക്കും. നടുക്ക് നിലവിളക്ക് കൊളുത്തിവെച്ച് ചുറ്റുംവട്ടത്തില് കളിക്കാര്‍ ചുവട് വെയ്ക്കുന്നു. അടുത്ത ചടങ്ങ് നമസ്ക്കാരമാണ്. ഭൂമിയേയും വാദ്യങ്ങളേയും ദീപത്തേയും കളിയാശാനെയും പ്രണമിക്കുന്നതോടെ ഒന്നാംഘട്ടംഅവസാനിക്കുന്നു. ശേഷം ശിവപാര്വ്വതിസ്തുതിയും മറ്റു ചിലദേവീസ്തുതികളും ചെയ്ത് ഗുരുവായൂരപ്പന്റെ കുമ്മിയടിയും കഴിഞ്ഞാണ് ആണ്ടിക്കൂത്ത് സമാപിക്കുന്നത്.
ദ്രുത, അതിദ്രുത, ഇടമട്ട് എന്നിവയാണ് കണ്യാര്‍കളിയിലെ പ്രധാന കലാശങ്ങള്‍. വട്ടകളി, പൊറാട്ട് കളി എന്നീ രണ്ടുരീതിയിലുള്ള കളികള്‍ കണ്യാര്‍കളിയില്‍ സ്വീകരിച്ച് വരാറുണ്ട്. ഈശ്വരപ്രീതിക്കുള്ള അനുഷ്ഠാനനൃത്തമാണ് വട്ടകളി. കാലത്തിനൊത്ത് നൃത്തവും അഷ്ടകലാശവും എടുത്ത് വേഷക്കാരും വാദ്യക്കാരും ക്ഷീണിക്കുമ്പോള്‍ വിരസത ഒഴിവാക്കാനായി പൊറാട്ടുകള്‍ രംഗത്തുവരുന്നു. കൂട്ടപൊറാട്ടുകളും ഒറ്റ പൊറാട്ടുകളും ഉണ്ട്. പൊറാട്ട് പ്രധാനമായും പ്രാചീനകാലത്തെ ചാക്ലിയന്, മലയന്‍ തുടങ്ങിയ ആദിവാസി കുടുംബങ്ങളുടെ ജീവിതരീതികളും അവരുടെ ഇടയില്‍ നിലനിന്നിരുന്ന വിവിധ സാമൂഹിക ആചാരങ്ങളെയും കുറിച്ചുള്ള ഒരു നാടകീയ അവതരണമാണ്.
വേദാന്തം, തത്വചിന്ത, എന്നിവ ഉള്‍ക്കൊള്ളിച്ചുള്ള തിരുവള്ളുവരുടെ ജ്ഞാനോപദേശങ്ങള്‍ രണ്ടാംകളിയായ ‘വള്ളോനി’ല്‍ അവതരിപ്പിക്കുന്നു. ദേവസ്തുതികളാല് പ്രധാനമാണ് മൂന്നാംകളിയായ മലമക്കളി വെളിച്ചപ്പാടുകള്‍ ഈ ദിവസം രംഗത്ത് വരുന്നു. സ്ത്രീ വേഷങ്ങളെയും അരങ്ങത്ത് കാണാം. നാലാംകളിയും അവസാനത്തേതുമായ കളിയാണ് പള്ളുകളി അഥവാ ഇറയക്കളി. ഇത് ചില സ്ഥലങ്ങളില്‍ മാത്രമേ അവതരിപ്പിച്ച് കാണാറുള്ളു. കളിയരങ്ങ് കഴിഞ്ഞാല്‍ പിന്നെ പൂവാരല്‍ ചടങ്ങാണ്. എല്ലാ കളിക്കാരും അരങ്ങ് പന്തലില്‍ വിതാനിച്ച പുഷ്പങ്ങള്‍ പറിച്ചെടുത്ത് ഭഗവതിയെ നമസ്ക്കരിച്ച് പീഠത്തില്‍ പുഷ്പവര്‍ഷം നടത്തുന്നു. പാട്ടുകൊട്ടിലിനുള്ളില് പീഠത്തെ കുടിയിരുത്തുന്നതോടുകൂടി കണ്യാര്‍കളി സമാപിക്കുകയായി.
– രശ്മി ബി. നായര്‍
സൂര്യകാന്തി വിദ്യാര്‍ത്ഥിനി, കച്ച്