ഓണം സ്മൃതി – സുഗതകുമാരി
ഓണം ഓര്‍മ്മകളില്‍ നിറയുന്നത് കുട്ടിക്കാലമാണ്. മലഞ്ചെരിവുകളില്‍ പൂത്തുല്ലസിച്ച് നില്ക്കുന്ന കാട്ടുപൂക്കള്‍ കൊണ്ട് തീര്‍ക്കുന്ന പൂക്കളം, ഊഞ്ഞാലിന്റെ ലായവും ലയവും എല്ലാം എന്നും തളിര്‍ത്തു നില്ക്കുന്ന ഓണ സ്മൃതികളാണ്. അന്നൊക്കെ വീട്ടിലെ പശുവിനും ഉറുമ്പിനുമെല്ലാം ഓണമുണ്ടായിരുന്നു. അരിമാവില്‍ തേങ്ങയും ശര്‍ക്കരയും ചേര്ത്തവിഭവം വീട്ടിലെ വളര്‍ത്തുമൃഗങ്ങള്‍ക്കും മനുഷ്യരുടെ ജീവിതത്തെ ആശ്രയിച്ചു കഴിയുന്ന എല്ലാ ജീവികള്‍ക്കും നല്കുന്ന നന്മ നിറഞ്ഞ മനസ്സുകളുള്ള ഓണം. കുട്ടിക്കാലം ഭ്രാന്തമായി അത് ആഘോഷിച്ചിരുന്നു, ആഹ്ലാദിച്ചിരുന്നു. ഇന്ന് എല്ലാം മാറി. ഓണം പ്രദര്‍ശനങ്ങളും മത്സരങ്ങളും കമ്പോളങ്ങളും നിറഞ്ഞ ഒന്നായി. ഓണനാളിലെങ്ങും വാങ്ങിക്കൂട്ടലുകളുടെ മത്സരമാണ്. കേരളത്തിന്റെ പ്രകൃതിയും സംസ്ക്കാരവും ആഘോഷവുമെല്ലാം വളരെ വേഗം മാറുന്നു. പാതാളത്തില്‍ നിന്ന് വിരുന്ന് വരുന്ന നന്മ നിറഞ്ഞ ആ കാരണവരെ സ്നേഹത്തോടെ എതിരേറ്റിരുന്ന പഴയകാലം എല്ലാ ഓണക്കാലത്തും മനസ്സിലെത്താറുണ്ട്.

സുഗതകുമാരി