ഐക്കോ പഠിച്ച പാഠം
എന്നും സ്കൂളില്‍ നിന്നു വീട്ടിലേക്ക് ഓടിച്ചാടി വരാറുള്ള ഐക്കോ അന്ന് വന്നത് ഒച്ച് ഇഴയും പോലെയാണ്. വീടെത്തുന്തോറും അവളുടെ വേഗത കുറഞ്ഞു കുറഞ്ഞു വന്നു. ഗേറ്റിനു പുറത്തു നിന്ന് അവള് വരാന്തയില്‍ ചെരുപ്പ് സൂക്ഷിക്കുന്ന സ്റ്റാന്‍ഡിലേക്കു നോക്കി.
‘ഹാവൂ… ഭാഗ്യം. അച്ഛനും അമ്മയും എത്തിയിട്ടില്ല’. അവള് മെല്ലെ, തടികൊണ്ട് ഉണ്ടാക്കിയ ഗേറ്റ് തുറന്ന് അകത്തേക്കു കയറി. ചവിട്ടുമെത്തയുടെ അടിയില്‍ സൂക്ഷിച്ചിരുന്ന താക്കോലെടുത്ത് കതകു തുറന്നു. വീടിനുള്ളില്‍ കയറി ബാഗും ഷൂസും വാട്ടര്‍ ബോട്ടിലുമൊക്കെ ഓരോ വശത്തേക്കെറിഞ്ഞു. പിന്നെ വേഷം പോലും മാറാതെ നേരെ പാഞ്ഞത് അടുക്കളയിലേക്കാണ്. അവിടെ മേശപ്പുറത്ത് വച്ചിരുന്ന പാലും കാസ്റ്റെല്ല*യും കഴിച്ചു. അമ്മ ദൂരെ എവിടേക്കെങ്കിലും പോകുമ്പോഴാണ് പാലും പലഹാരവും എടുത്തു വച്ചിട്ടു പോകുന്നത്. അല്ലാത്ത ദിവസങ്ങളില്‍ ഐക്കോ സ്കൂളില്‍ നിന്ന് എത്തുമ്പോഴേക്കും അമ്മ വീട്ടിലുണ്ടാകും. ‘എന്നാലും ഇന്ന് അമ്മ എവിടെയാകും പോയത്? എവിടെയാണെങ്കിലും കുറച്ചു വൈകി വന്നാല്‍ മതിയായിരുന്നു’ അവള് ആലോചിച്ചു. അങ്ങനെ ചിന്തിക്കാന്‍ കാരണമുണ്ട്.
കുറുമ്പും കുസൃതിയുമായി നടക്കുന്നതിനിടയില്‍ എല്ലാ മാസവും നടക്കാറുള്ള ക്ലാസ് പരീക്ഷ വന്നതും പോയതുമൊന്നും കുഞ്ഞ് ഐക്കോ അറിഞ്ഞതേയില്ല. പരീക്ഷയെല്ലാം കഴിഞ്ഞ് ഉത്തരക്കടലാസ് കിട്ടിയപ്പോഴാണ് സംഗതി ആകെ കുഴഞ്ഞത്. തന്റെ കൂട്ടുകാരേക്കാള്‍ വളരെ താഴെയാണ് ഐക്കോയുടെ മാര്‍ക്ക്. മാര്‍ക്ക് കുറഞ്ഞതിന്റെ പേരില്‍ ടീച്ചറില്‍ നിന്ന് പൊതിരേ വഴക്കു കേട്ടിട്ടാണ് വീട്ടിലേക്കു വന്നത്. വഴക്കു പറഞ്ഞത് ഐക്കോ എങ്ങനെയെങ്കിലും സഹിച്ചേനേ. പക്ഷേ ഇതിപ്പൊ അങ്ങനെയുമല്ല. ഉത്തരക്കടലാസുകളെല്ലാം രക്ഷിതാവിനെ കാണിച്ച് ഒപ്പിട്ടു വാങ്ങണമെന്ന് ടീച്ചര്‍ പറഞ്ഞതാണ് ഐക്കോയെ തകര്‍ത്തു കളഞ്ഞത്. എങ്ങനെയെങ്കിലും അമ്മയുടെ കൈയില്‍ നിന്ന് ഒപ്പു സംഘടിപ്പിക്കേണ്ടതുണ്ട്.
അങ്ങനെ ഓരോന്ന് ആലോചിച്ചും കളിച്ചു നടന്നും സമയം പോയത് ഐക്കോ അറിഞ്ഞില്ല. വീട്ടുമുറ്റത്ത് കളിച്ചു നില്ക്കുന്നതിനിടയില് അങ്ങ് ദൂരെ നിന്ന് അമ്മ വരുന്നത് അവള് കണ്ടു. ചന്തയില്‍ നിന്ന് എന്തൊക്കെയോ വാങ്ങിയുള്ള വരവാണെന്ന് കൈയിലെ സഞ്ചി കണ്ടപ്പോള്‍ അവള്‍ക്ക് മനസിലായി. അമ്മയുടെ അടുത്തേക്ക് ഓടി ചെല്ലാന്‍ ഒരുങ്ങിയെങ്കിലും സ്കൂളിലുണ്ടായ സംഭവങ്ങള്‍ അവളെ പിന്നോട്ടു വലിച്ചു. എന്തു ചെയ്യണമെന്ന് ആലോചിച്ച് നിന്നപ്പോഴേക്കും അമ്മ ഇങ്ങെത്തി.
പതിവായി ഐക്കോയില് കാണുന്ന ചിരിയും ഉത്സാഹവും കാണാഞ്ഞ് അമ്മ കാര്യം തിരക്കിയെങ്കിലും കൊച്ചു വികൃതി പിടികൊടുത്തില്ല. അവള് കുഞ്ഞു കുഞ്ഞു തമാശകള്‍ പറഞ്ഞ് തെന്നി മാറി. എങ്കിലും എവിടെയോ എന്തോ പ്രശ്നമുണ്ടെന്ന് അമ്മയ്ക്കു പിടികിട്ടി.
രാത്രി അത്താഴം കഴിക്കാന്‍ നേരമായപ്പോഴേക്കും അവള്‍ക്കു പേടിയായി തുടങ്ങി. എങ്ങനെയെങ്കിലും ഒപ്പു വാങ്ങിയെടുക്കണം. ‘ ഒപ്പു കിട്ടിയാല്‍ മാത്രമേ അത്താഴം കഴിക്കുകയുള്ളൂ എന്നു പറയാം. അപ്പോള്‍ അമ്മ കേള്‍ക്കാതെയിരിക്കില്ല’ അവള് സ്വയം പറഞ്ഞു.
സ്കൂള്‍ ബാഗില്‍ നിന്ന് ഉത്തരക്കടലാസുകള്‍ ഓരോന്നായി പുറത്തെടുത്തു. പരീക്ഷ പേപ്പറിലെ മാര്‍ക്കും ചുവന്ന മഷിയും തന്നെ നോക്കി കളിയാക്കുന്നതായി അവള്‍ക്കു തോന്നി. അപ്പോഴേക്കും കുഞ്ഞ് ഐക്കോയ്ക്ക് കണ്ണു നിറഞ്ഞു. നല്ല മാര്‍ക്ക് കിട്ടിയിരുന്നെങ്കില്‍ അമ്മയ്ക്കും അച്ഛനും സന്തോഷമായെനേ അവള് ഓര്‍ത്തു.
കരഞ്ഞു വിങ്ങിയ മുഖവുമായി ഐക്കോ അമ്മയുടെ അടുത്തേക്കു പോയി, ഉത്തരക്കടലാസുകള്‍ നീട്ടി. അമ്മ അതു വാങ്ങിയ ശേഷം ഒന്നും മിണ്ടാതെ ഐക്കോയെ നോക്കി. ഐക്കോ സങ്കടം കൊണ്ട് മുഖം താഴ്ത്തി.
അമ്മ അവളുടെ മുടിയില്‍ തലോടിക്കൊണ്ടു ചോദിച്ചു, എന്തുപറ്റീ അമ്മേടെ ഐക്കോയ്ക്ക് മാര്‍ക്ക് കുറയാന്‍?
ഐക്കോ ഒന്നും മിണ്ടിയില്ല.
എന്തുകൊണ്ടാണ്? അമ്മ വീണ്ടും ചോദിച്ചു.
ഞാന്‍ പഠിച്ചതെല്ലാം മറന്നു പോയി, അവള് കരഞ്ഞു.
‘ ഐക്കോ, കുഞ്ഞുകുട്ടി ആകുമ്പോഴേ നന്നായി പഠിച്ചാലേ വലുതാകുമ്പോഴും നല്ല മാര്‍ക്ക് വാങ്ങാന്‍ പറ്റൂ. അതിന് അന്നന്നു പഠിപ്പിക്കുന്നത് അന്നന്നു പഠിക്കണ്ടേ?’ അമ്മ ചോദിച്ചു.
‘ഇനി ഞാന്‍ എന്നും സ്കൂളില്‍ പഠിപ്പിക്കുന്നത് അന്നു തന്നെ പഠിച്ചോളാം.’ ഐക്കോ പറഞ്ഞു.
‘മാര്‍ക്ക് കുറവായാലും അത് അമ്മയോടു പറയാന്‍ മടിക്കുകയോ കള്ളം കാണിക്കുകയോ ചെയ്യരുത് കേട്ടോ?’
‘ഇല്ല. ഇതില്‍ ഒപ്പിട്ട് തരുമോ?’ ഉത്തരക്കടലാസിലേക്കു ചൂണ്ടി ഐക്കോ ചോദിച്ചു.
‘ഒരുപ്രാവശ്യത്തേക്കു തരാം. ഒരു പ്രാവശ്യത്തേക്കു മാത്രം’ അമ്മയുടെ മറുപടി കേട്ടതും ഐക്കോ തുള്ളിച്ചാടിക്കൊണ്ട് അമ്മയെ കെട്ടിപ്പിടിച്ചു.
* പതിനാറാം നൂറ്റാണ്ടില്‍ പോര്‍ച്ചുഗീസുകാര്‍ ജപ്പാനിലേക്കു കൊണ്ടുവന്ന കേക്ക് പോലെയുള്ള പലഹാരമാണ് കാസ്റ്റെല്ല. ഇപ്പോഴും ജപ്പാന്‍കാര്‍ക്ക് പ്രിയപ്പെട്ട പലഹാരങ്ങളില്‍ ഒന്നാണിത്.

അഞ്ജലി അനില്‍കുമാര്‍