പ്രകൃതി നടത്തം
ക്ലാസിൽ പൂമ്പാറ്റയെ കുറിച്ച് പഠിക്കാനുണ്ടായിരുന്നു. പൂമ്പാറ്റയുടെ മുട്ടവിരിഞ്ഞ് പുഴുവായി വളർന്ന് പൂമ്പാറ്റയായി പറക്കുന്നത് വരെയുള്ള ജീവിത ചക്രം ഒരു സിനിമയായി കണ്ടു. രസകരമായ കാഴ്ചയായിരുന്നു.
നമുക്കും പൂമ്പാറ്റയെ വളർത്തി പറത്തി വിടണം എന്നു ടീച്ചർ പറഞ്ഞെങ്കിലും ഞങ്ങളത് കാര്യമായി എടുത്തിരുന്നില്ല. രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ ടീച്ചർ വീണ്ടും പൂമ്പാറ്റ വളർത്തൽ പ്രവർത്തനത്തിലേക്ക് തിരിച്ചെത്തി. അപ്പോഴാണ് യഥാർത്ഥ പൂമ്പാറ്റകളുടെ ലോകത്തേക്ക് ഞങ്ങള്‍ എത്തി നോക്കുന്നത്. ദിവസവും പല സിനിമകള്‍ കാണുന്നതുകൊണ്ട് പൂമ്പാറ്റയെ കുറിച്ചുള്ള സിനിമയും അതിലൊന്നായി പോയല്ലോ എന്ന് അപ്പോഴാണ് ഓർത്തത്.
തൊട്ടടുത്തുള്ള പറമ്പിലേക്കാണ് ടീച്ചർ ഞങ്ങളെ കൊണ്ടുപോയത്. അവിടെ നിറയെ ചെടികള്‍ ഉണ്ടായിരുന്നു. ശ്രദ്ധയോടെ പരിപാലിച്ചിരുന്ന സ്ഥലമായിരുന്നില്ല. നിറയെ ചെടികളും മരങ്ങളും വള്ളികളും ഇടകലർന്നു നിൽക്കുന്ന സ്ഥലം. താഴെ ഇലകളും കമ്പുകളും വീണുകിടക്കുന്നു. വേണമെങ്കിൽ ചെറിയ ഒരു കാടെന്നു പറയാം. മുത്തശ്ശനാണെങ്കിൽ കാടുപിടിച്ചു കിടക്കുന്ന സ്ഥലം എന്നാവും പറയുക.
പൂക്കളുള്ളതും ഇല്ലാത്തതുമായ നിരവധി ചെടികളുടെ ഇലകള്‍ ടീച്ചർ പരിശോധിച്ചു കൊണ്ടിരുന്നു.
കേരളത്തിലുള്ളവർക്ക് പരിചിതമായ കറിവേപ്പിൻെറ ഇലയിൽ നിന്നാണത് കിട്ടിയത്. അതിൻെറ ഇലകള്‍ ഏതോ പുഴു തിന്ന് നശിപ്പിച്ചിട്ടുണ്ട്. സൂക്ഷ്മ പരിശോധനയിൽ രണ്ടു പുഴുക്കളെ കണ്ടെത്തി.
ടീച്ചർ ധാരാളം ഇലകളുള്ള കറിവേപ്പിൻെറ ഒരു കമ്പ് മുറിച്ചെടുത്ത് വായ് വട്ടമുള്ള ഒരു കുപ്പിയിൽ ഇട്ടു. പുഴു ഒട്ടും അറിയാതെ അതിരിക്കുന്ന ഇല തണ്ടോടെ പറിച്ചെടുത്ത് കുപ്പിയിൽ നിക്ഷേപിച്ചു.
ഇത് ഒരു പൂമ്പാറ്റ കുഞ്ഞാണ്. നമുക്ക് ഇതിനെ പറക്കാറാവുന്നത് വരെ വളർത്തി പറത്തി വിടണം.
ശരി സാർ, റെഡി സാർ, ഓകെ സാർ… എല്ലാവരും ഒത്തു പറഞ്ഞു.
ഓരോ ദിവസവും ഇതിന് കറിവേപ്പിൻെറ ഇലകള്‍ ഇട്ടു കൊടുക്കണം. ഉറുമ്പ് വരാതെ സൂക്ഷിക്കണം. എല്ലാ ദിവസവും നിരീക്ഷിക്കണം. വളർച്ച കാണണം. ഇലകള്‍ തിന്ന് പുഴു പ്യൂപ്പയായി സമാധിയിലാവും. പ്യൂപ്പയിൽ നിന്നും പൂമ്പാറ്റ പുറത്തു വരുന്നതാണ് ഏറ്റവും പ്രധാന കാഴ്ച. രാവിലെ സൂര്യൻ ഉദിച്ച് ചൂട് കൂടി വരുന്നതോടെയാണ് പ്യൂപ്പ വിരിഞ്ഞ് പൂമ്പാറ്റ പുറത്ത് വരിക.
കുറെ പൂമ്പാറ്റകള്‍ ഒന്നിച്ച് പറന്നു ഉയരുന്ന കാഴ്ച കാണാൻ കാത്തിരിക്കുകയാണ് ഞങ്ങള്‍.
ഓരോ തരം പൂമ്പാറ്റകളും ചില ചെടികളിൽ മാത്രമാണ് മുട്ടയിടുന്നത്. മുട്ട വിരിഞ്ഞ് വരുന്ന പുഴുക്കളുടെ വളർച്ചയ്ക് ആ ചെടികളുടെ ഇലകള്‍ തന്നെ വേണം. ആ ഇനം ചെടികള്‍ ഇല്ലാതാവുന്നതോടെ പൂമ്പാറ്റകളും ഇല്ലാതാവുമെന്ന് ഞങ്ങള്‍ വേദനയോടെ മനസ്സിലാക്കിയ സന്ദർഭമായിരുന്നു അത്. സ്കൂളിലെ ശലഭോദ്യാനത്തിൽ മാത്രമല്ല പ്രകൃതിയിലെ ഓരോ അണുവിലും നിരവധി വിസ്മയങ്ങള്‍ ഒളിച്ചിരിക്കുന്നു എന്ന് തിരിച്ചറിഞ്ഞ പ്രകൃതി നടത്തം.
പകലാണ് പൂമ്പാറ്റകള്‍ നമ്മെ ആകർഷിക്കുന്നതെങ്കിൽ രാത്രിയുടെ ആകർഷണമാണ് മിന്നാമിന്നി. നമുക്ക് ഇതുപോലെ മിന്നാമിന്നിയെ വളർത്തി പറത്തി വിടാനാകുമോ? അതിന് മിന്നാമിന്നിയുടെ ജീവിതം അറിയണം. മിന്നാമിന്നിയുടെ ജീവിതം അന്വേഷിച്ചറിഞ്ഞ് ഒരു കുറിപ്പ് തയ്യാറാക്കുക.
രാധാകൃഷ്ണൻ ആലുവീട്ടിൽ