പ്രിയമുള്ളവരെ,

കേരളത്തിലിപ്പോള്‍ തുള്ളിക്കൊരുകുടം എന്ന മട്ടില്‍ മഴ പെയ്യേണ്ടതാണ്. മടിച്ചുമടിച്ച് അല്പസ്വല്പം ചാറിയും ചിണുങ്ങിയും നില്ക്കുന്നതല്ലാതെ ഇടവപ്പാതി ഇതുവരെ അങ്ങോട്ട് പെയ്തിറങ്ങിയിട്ടില്ല. നനഞ്ഞുകുതിരാതെ തിരുവാതിര ഞാറ്റുവേലയും കടന്നുപോയി. മഴകുറയുന്നതിന്റെ കാര്യകാരണങ്ങളല്ല ചര്‍ച്ചാവിഷയം. ഞാറ്റുവേലയെക്കുറിച്ചാണ് ഇവിടെ നമ്മള്‍ ആലോചിക്കുന്നത്.

ലോകത്ത് എവിടെയുമുള്ള ജനസമൂഹത്തെയും പോലെ കാലാവസ്ഥയെ അടിസ്ഥാനമാക്കിയാണ് മലയാളികളും കൃഷിരീതികള്‍ ചിട്ടപ്പെടുത്തിയിട്ടുള്ളത്. ‘ഞാറ്റുവേല’ക്ക് ഒത്താണ് നമ്മുടെ പൂര്‍വ്വികര്‍ കാര്‍ഷിക ചക്രം വികസിപ്പിച്ചി രിക്കുന്നത്. ഞായര്‍ എന്നാല്‍ സൂര്യന്‍ എന്നാണ് അര്‍ത്ഥം. ഞാറ്റുവേല എന്നാല്‍ സൂര്യന്റെ വേള എന്നോ സൂര്യന്റെ വേല എന്നോ വ്യാഖ്യാനിക്കാം. ഒരാണ്ടുമുഴുവന്‍ ലഭ്യമാകുന്ന മഴയുടെ കണക്കും കരുത്തും വെച്ചാണ് കേരളീയ ഞാറ്റുവേലകള്‍ നിര്‍ണ്ണയിച്ചിരിക്കുന്നത്.

അശ്വതി, ഭരണി, കാര്‍ത്തിക തുടങ്ങിയ 27 നക്ഷത്രങ്ങളും സൂര്യനും തമ്മിലുള്ള അകലമാണ് ഞാറ്റുവേലക്കണക്കിന്റെ കാതല്‍. ഓരോ ഞാറ്റുവേലയിലും പലതരം മഴകള്‍ പെയ്യുമെന്നാണ് നിഗമനം. അശ്വതിയാണ് ആദ്യത്തെ ഞാറ്റുവേല. ഈ ഞാറ്റുവേലയില്‍ വേനല്‍ മഴ ലഭിക്കും. അപ്പോള്‍ വിത്ത് ഭരണിയിലിടാം. കാര്‍ത്തികയില്‍ മഴയുണ്ടാകാറില്ല. രോഹിണി ഞാറ്റുവേലയോടെ കാലവര്‍ഷം ആരംഭിക്കും.

മകയിരം മദിച്ചു പെയ്യും, തിരുവാതിരയില്‍ തിരിമുറിയാതെ പെയ്യും, പുണര്‍തത്തില്‍ പുകഞ്ഞ് മഴ. ഇങ്ങനെ ഞാറ്റുവേലയെ സംബന്ധിച്ച് എത്രയെത്ര പഴഞ്ചൊല്ലുകള്‍! അതുപോലെ കാര്‍ഷികവിളകളെയും മഴയെയും ബന്ധപ്പെടു ത്തിയും നിരവധി അറിവുകള്‍ നമ്മുടെ പൂര്‍വ്വികര്‍ പഴഞ്ചൊല്ലുകളായി ശേഖരിച്ച് വെച്ചിട്ടുണ്ട്. ചോതി വര്‍ഷിച്ചാല്‍ ചോറ്റിന് പഞ്ഞമില്ല, മുതിരക്ക് മൂന്ന് മഴ, കുംഭത്തില്‍ പെയ്താല്‍ കുപ്പയിലും മാണിക്ക്യം അങ്ങനെ എത്രയെത്ര ചൊല്ലുകള്‍!

അപ്പോള്‍ കൂട്ടുകാരെ ഇടവപ്പാതി ഇടതടവില്ലാതെ പെയ്യും എന്ന പ്രതീക്ഷയോടെ, എല്ലാവരെയും പുത്തന്‍ അദ്ധ്യയന വര്‍ഷത്തിലേക്ക് സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു.

 “മഴയെ കേന്ദ്ര കഥാപാത്രമാക്കി മലയാളത്തിന്റെ പ്രിയ കവയിത്രി സുഗതകുമാരി ടീച്ചർ എഴുതിയ രാത്രിമഴ എന്ന കവിത കേട്ടു നോക്കൂ”

 

 

ചീഫ് എഡിറ്റർ

പ്രൊഫ. സുജ സൂസൻ ജോർജ്ജ്

 

0 Comments

Leave a Comment

FOLLOW US