ക്ലാസ്സിൽ നിന്നും കാട്ടിലേക്ക് – രണ്ടാം ഭാഗം
(ഒന്നാം ഭാഗം വായിക്കുക: ഒന്നാം ഭാഗം )
(ക്ലാസ്സില്‍ നിന്ന് കാട്ടിലേക്ക്. ..രണ്ടാം ഭാഗം… )
എല്ലാവരും വളരെ സന്തോഷത്തിലും ഉത്സാഹത്തിലുമാണ്. അവരുടെ സ്വപ്നങ്ങളും സങ്കല്പങ്ങളും പറയുവാന്‍, ഞാന്‍ ആദ്യം… ഞാന്‍ ആദ്യം… എന്നായി.
ടീച്ചര്‍ : എല്ലാവരും പറയണം. പക്ഷെ ബഹളം വെക്കരുത്. നല്ല കുട്ടികളല്ലേ നിങ്ങള്‍. നിശബ്ദതരായിരിക്കൂ…
(എല്ലാവരും…. നിശബ്ദരാകുന്നു)
ടീച്ചര്‍ : ഇനി ആരാണ് നമ്മളെ എല്ലാവരേയും സുന്ദരമായ സ്വപ്ന ലോകത്തേക്ക് കൂട്ടിക്കൊണ്ടു പോകുന്നത് ?
കൃഷ്ണേന്ദു എഴുന്നേല്ക്കുന്നു.
ങാ കൃഷ്ണ, പറയൂ…
കൃഷ്ണേന്ദു : ഞങ്ങള്‍ അച്ഛനും അമ്മയും ഏട്ടനും അനുജനും പിന്നെ അമ്മാവനും അമ്മായിയും കുട്ടികളും ചിറ്റയും കുട്ടികളും എല്ലാവരും കൂടി ഒരു പിക്നിക്കിന് പോയതാണ്. അതിരപ്പിള്ളി വെള്ളച്ചാട്ടവും വാഴച്ചാലും ആനക്കയവും മറ്റും. അതിരപ്പിള്ളി വെള്ളച്ചാട്ടവും വാഴച്ചാലും പിക്നിക്ക് പോയന്റ് മാത്രമല്ല നല്ലൊരു ഷൂട്ടിംഗ് ലൊക്കേഷന്‍ കൂടിയാണ്. പക്ഷെ അതിനിടയില്‍ ഞാന്‍ കൂട്ടം തെറ്റി കാട്ടില്‍ അകപ്പെട്ടു. പക്ഷെ, എനിക്ക് പേടിയൊന്നും തോന്നിയില്ല. അങ്ങനെ കാടിന്റെ ഭംഗി ആസ്വദിച്ചു നടക്കുകയായിരുന്നു. അപ്പോള്‍ ഒരു കൂട്ടം മാനുകള്‍ ഒരു കാട്ടരുവിയില്‍ നിന്നും വെള്ളം കുടിക്കുന്നത് കണ്ടു. അവര്‍ എന്നെ കണ്ടിട്ട് യാതൊരു ഭാവവും കാണിച്ചില്ല. കുറച്ച് കഴിഞ്ഞപ്പോള്‍ അതില്‍ നേതാവെന്നു തോന്നിക്കുന്ന ഒരു പുള്ളിമാന്‍ എന്റെ അടുത്ത് വന്നു എന്നോട് ചോദിച്ചു: കുട്ടി എങ്ങനെയാണ് ഇവിടെ…? ഞാന്‍ കൂട്ടം തെറ്റി വന്നതാണ്. എങ്കിലും ഇവിടെയെല്ലാം ഒന്ന് ചുറ്റി കണ്ടിേട്ട പോകുന്നൊള്ളു എന്ന് പറഞ്ഞു.
അങ്ങനെ ഞാനും മാന്നേതാവും കൂടി നടന്നു. മാന്‍ പറ്റം മുന്നിലും. കുറെ നടന്നപ്പോള്‍ ഒരു കാട്ടുപോത്തിനെ ഒരു മരത്തില്‍ കെട്ടിയിട്ടു ഒരു കുരങ്ങന് ചാട്ടവാറുകൊണ്ട് അടിക്കുന്നു. ഞാന്‍ കാരണം ചോദിച്ചു. അപ്പോള്‍ മാന്‍ പറഞ്ഞു കുട്ടി കേട്ടിട്ടില്ലേ ‘പോത്തിന്റെ ചെവിയില്‍ വേദം ഓതിയിട്ട് കാര്യമില്ല’ എന്ന്. പോത്ത് നാട്ടിലെ ആയാലും കാട്ടിലെ ആയാലും അത് ശരിയാണ്. കാടാണെങ്കിലും ഇവിടെ ചില നിയമങ്ങള്‍ ഉണ്ട്. പോത്ത് പക്ഷെ അതിന്റെ ഇഷ്ടത്തിനേ ചെയ്യു. അത് ശരിയല്ലല്ലോ. അതുകൊണ്ട് കൊടുക്കുന്ന ശിക്ഷയാണ്.
കുറച്ച് കഴിഞ്ഞ് ഞങ്ങള്‍ ഓട്ട പന്തയം കളിച്ചു. ഞാന്‍ തോല്‍ക്കുമെന്നു വിചാരിച്ചു. എന്നാല്‍ അവസാന റൗണ്ടില്‍ എനിക്ക് രണ്ടു ചിറകുകള് മുളച്ചുവന്നു. അങ്ങനെ ഞാന്‍ പറന്നോടി ജയിച്ചു. അപ്പോഴേക്കും അമ്മയും അച്ഛനും എല്ലാവരും എത്തി. ഞാന്‍ കൂട്ടം തെറ്റിയതിന് അമ്മ എന്നെ വഴക്ക് പറഞ്ഞു. ഞാന്‍ മാന്‍ നേതാവിന്റെ ചെവിയില്‍ ആരും കേള്‍ക്കാതെ വീണ്ടും കാണാമെന്ന് പറഞ്ഞ് ഒരു ഉമ്മയും കൊടുത്തു. അമ്മയുടെ കൂടെ തിരിച്ചു നാട്ടിലേക്ക് വന്നു.
(എല്ലാവരും കൈയടിക്കന്നു)
ടീച്ചര്‍ : വളരേ നന്നായിരിക്കുന്നു. കൃഷ്ണ ഇനിയും കാട്ടില്‍ പോയി മാനിനെ കാണണം….!
കൃഷ്ണേന്ദു പുഞ്ചിരിക്കുന്നു.
ടീച്ചര്‍ : അടുത്തത് ആരാണ് ?
(അനന്തു മടിച്ച് മടിച്ച് എഴുന്നേല്ക്കുന്നു.
ടീച്ചര്‍ : എന്താ അനന്തു ഒരു മടി ?. നമുക്ക് പോകാം ?
(അനന്തു പുഞ്ചിരിച്ചുകൊണ്ട് തലയാട്ടി ശരി പറയുന്നു)
അനന്തു : (ചൂണ്ടുവിരല്‍ കവിളില്‍ വെച്ച് ആലോചനയുടെ ഭാവത്തില്‍ കണ്ണുകള്‍ വിടര്‍ത്തി സൈഡ് തിരിഞ്ഞ് മുകളിലോട്ട് നോക്കി സംസാരിക്കുന്നു)
ഞാന്‍ നദിയിലൂടെ അങ്ങനെ ഒഴുകി ഒഴുകി പോകുകയായിരുന്നു. ഒരു ചെറിയ മാന്ത്രിക കുട്ട വഞ്ചിയില്‍. കുട്ട വഞ്ചി ഞാന്‍ പോകാന്‍ പറഞ്ഞാല്‍ പോകും നില്ക്കാന് പറഞ്ഞാല്‍ നില്ക്കും പറക്കാന്‍ പറഞ്ഞാല്‍ പറക്കും. അങ്ങനെ ഒഴുകി ഒഴുകി പോകുമ്പോള്‍ ദാ, അവിടെ ഒരു വമ്പന്‍ മുതല. ഞാന്‍ അങ്ങ് പേടിച്ചു പോയി. കഥ കഴിഞ്ഞതു തന്നെ. പെട്ടെന്നാണ് മാന്ത്രിക വഞ്ചിയിലാണല്ലോ ഞാന്‍ സഞ്ചരിക്കുന്നത് എന്ന കാര്യം ഓര്‍മ്മ വന്നത്. ഉടനെ വഞ്ചിയോട് പറഞ്ഞു. പറക്കൂ വഞ്ചീ മുകലിലോട്ട്… വഞ്ചി അതാ മുകളിലോട്ട് ഉയര്‍ന്നു പറന്നു. താഴെ മുതല വായും പൊളിച്ചങ്ങനെ നോക്കി നില്ക്കുന്നു. എനിക്കു ചിരി വന്നു. ചിരിച്ചു കൊണ്ട് ഞാന്‍ മുതലക്ക് റ്റാറ്റ പറഞ്ഞു…
വഞ്ചി പറന്ന് നദിയുടെ മറുകരയിലുള്ള വനത്തിനു മുകളില്‍ എത്തി. ഞാന്‍ വഞ്ചിയോട് പതുക്കെ ലാന്റ് ചെയ്യാന്‍ പറഞ്ഞു. വഞ്ചി ഒരു ചന്ദനമരത്തിന്റെ മുകളില്‍ ലാന്റായി. മരത്തിലൂടെ ഞാന്‍ പതുക്കെ പതുക്കെ താഴേക്ക് ഇറങ്ങി. ചന്ദനത്തിന്റെ സൗരഭ്യത്തോടെയുള്ള ഒരു നനുനനുത്ത ഇളംകാറ്റ് എന്നെ തഴുകി മുന്നോട്ടു പോയി. ഹാ…ഹ … എന്തു സുഖം! എത്ര സുന്ദരം!
ഞാന്‍ മുന്നോട്ടു നടന്നു. ഒരു മരച്ചില്ലയിലിരുന്ന് ഒരു നീല കുയില്‍ അതിമനോഹരമായി പാടുന്നു. എന്റെ മിഴികള്‍ പാതി അടഞ്ഞ് ഞാനങ്ങനെ ആസ്വാദിച്ച് നിന്നു പോയി. കുറച്ച് കഴിഞ്ഞ് പാട്ട് നിന്നപ്പോള്‍ ഞാന്‍ പയ്യേ പയ്യേ മുന്നോട്ടു നടന്നു.
അല്പം ദൂരെ ഒരു മയില്‍ നൃത്തമാടുന്നത് കണ്ടു. എത്ര സുന്ദരവും മനോഹരവുമായ കാഴ്ച. കുറേ നേരം ആ മനോഹര നൃത്തം കണ്ട് നിന്നു. കുറച്ചു കൂടി മുന്നോട്ടു പോയപ്പോള്‍ ദേ കേള്‍ക്കുന്നു…
കാട്ടുമരത്തിന് കൊമ്പുകള്‍ തോറും
കയറാം മറിയാം ചാടാം.
വാലാല്‍ ചില്ലത്തുമ്പില്‍ ചുറ്റി
വരിഞ്ഞു കിടന്നൊന്നാടാം.
കായിക വിദ്യകളങ്ങനെ പലതും
കാട്ടും ഞാന്‍ പുകള്‍ തേടും.
വാലില്ലാത്തവര്‍ നിങ്ങളെറിഞ്ഞാല്‍
വാല് പൊക്കിക്കൊണ്ടോടും.
ഒരു കുസൃതി കുരങ്ങന് എന്നെ കണ്ടപ്പോള്‍ നീട്ടി പാടുകയാണ്.
അമ്മ എന്നെ പഠിപ്പിച്ചിട്ടുണ്ട് ജി. ശങ്കരകുറുപ്പിന്റെ ഓലപീപ്പി എന്ന കൊച്ചു കവിത.
ശെടാ… കൊള്ളാമല്ലോ. ഞാന്‍ പതുക്കെ കുരങ്ങന്റെ അടുത്തെത്തി. കുരങ്ങന് തിരിഞ്ഞു നോക്കി. എന്നെ കണ്ടതും പല്ലിളിച്ചു കാണിച്ചു. ഞാനും ചിരിച്ചു. എന്നിട്ട് ചോദിച്ചു: നീ എവിടെനിന്ന് ഈ പാട്ട് പഠിച്ചു എന്ന്. അപ്പോള്‍ അവന് പറഞ്ഞത് കുറേ നാള് മുമ്പ് അവന് ഒരു നേഴ്സറി സ്കൂളിന് അടുത്തുള്ള ആല് മരത്തില്‍ താമസിച്ചിരുന്നു. അവിടെ വെച്ച് കേട്ടു പഠിച്ചതാണെന്ന്. മിടുക്കന് തന്നെ അല്ലേ ടീച്ചറേ ?
ടീച്ചര്‍ : തീര്‍ച്ചയായും. പിന്നീട് എന്തുണ്ടായി? പറയൂ…
അനന്തു: അപ്പോഴേക്കും സമയം ഒത്തിരി ആയി. ഞാന്‍ മാന്ത്രിക വഞ്ചിയുടെ അടുത്തേക്ക് പോയി. വഞ്ചിയില്‍ കയറി. വഞ്ചി പറന്ന് പറന്ന് നദിയില്‍ വന്നു. ഞാന്‍ അവിടെയെല്ലാം സൂക്ഷിച്ചു നോക്കി. നമ്മുടെ മുതലച്ചനെ കണ്ടില്ല. ഇര പിടിക്കാന്‍ വേറെയെവിടെയെങ്കിലും പോയി കാണും. ഞാന്‍ തിരിച്ചു വീട്ടിലെത്തി.
അമ്മ വഴക്കു പറയാന്‍ തുടങ്ങുകയായിരുന്നു. ഞാന്‍ വൈകിയതിന്…അപ്പോഴേക്കും ഞാന്‍ കാട്ടിലെ വിശേഷങ്ങള്‍ പറയാന്‍ തുടങ്ങി. അമ്മ എല്ലാം കേട്ടിരുന്നു. കുയിലിന്റെ പാട്ടും മയിലിന്റെ നൃത്തവും കുരങ്ങച്ചന്റെ കവിതയും എല്ലാം അറിഞ്ഞപ്പോള്‍ അമ്മക്ക് ഭയങ്കര സന്തോഷം.പക്ഷെ മുതലയുടെ കാര്യം പറഞ്ഞപ്പോള്‍ അമ്മ ഭയന്നു. ഇനി ആ വഴിയിലൂടെയുള്ള സഞ്ചാരം വേണ്ട എന്ന് കട്ടായം പറഞ്ഞിട്ടുണ്ട്. മാന്ത്രിക വഞ്ചിയുള്ളതുകൊണ്ട് ഭയമൊന്നും വേണ്ട. എങ്കിലും വഴി മാറി പോകണം. അമ്മയെ അനുസരിച്ചില്ലെങ്കില്‍ ദോഷമാണ്.
ഹെലൻ പി. കുര്യൻ
മലയാളം മിഷൻ
സിൽവാസ പഠന കേന്ദ്രം
ദാദ്ര & നാഗർ ഹവേലി
ഗുജറാത്ത് ചാപ്റ്റർ