ലയാള സാഹിത്യത്തിലെ പ്രശസ്ത കവി ജി. ശങ്കരക്കുറുപ്പിന്റെ ബാല കവിതകളിൽപ്പെട്ട ‘കൂടു തുറന്നു തരൂ’ എന്ന കവിതയാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. കൂടിനകത്തായ കിളി തന്നെ തുറന്നു വിടാൻ കുട്ടിയോട് അപേക്ഷിക്കുകയാണ്. കൂട് തുറന്ന് കിളിയെ വിട്ടാൽ പാണ്ടൻ പൂച്ച പിടിച്ചു കൊണ്ടു പോകുമെന്നും വേട്ടപ്പക്ഷികൾ കൊത്തിക്കൊല്ലുമെന്നും കുട്ടി പേടിക്കുന്നു. അപ്പോൾ കിളി പറയുകയാണ് ‘പാണ്ടൻ പൂച്ച പിടിച്ചോട്ടെ, പരുന്തു കൊത്തിക്കൊന്നോട്ടെ, എന്നാലും സ്വാതന്ത്ര്യത്തോടെ നടക്കുമ്പോഴുള്ള ആപത്ത് തന്നെയാണ് ഭേദം, അഥവാ സ്വാതന്ത്ര്യം തന്നെയാണമൃതം എന്ന് കിളി ഉറപ്പിച്ചു പറയുന്നു. ഇനി കവിത വായിച്ചു നോക്കൂ..

 

കിളി:

നിന്നൊടു കുഞ്ഞേ,
ഞാൻ മിണ്ടില്ലാ,
നീ നീട്ടും കതിർ കൊത്തില്ലാ.
പച്ച ചില്ലകൾ തോറും പാറി –
പ്പാറി പറവകൾ പാടുമ്പോൾ
കുളിരൊഴുകുന്ന കിഴക്കൻ കാറ്റിൽ –
കുത്തിമറിഞ്ഞു കളിക്കുമ്പോൾ,
കൂട്ടിലിരുത്തിസ്സൽക്കാരം!
കുഞ്ഞേ, വലിയൊരു ധിക്കാരം!
കൂറുണ്ടെങ്കിൽ വരൂ!
കൂടു തുറന്നു തരൂ !

                                                     

കുട്ടി:
കൂട്ടിലിരുന്നു മുഷിഞ്ഞോ?
കുട്ടികളോടുമിടഞ്ഞോ?
പാവം! പുറമേ പോയാൽ നിന്നെ
പ്പാണ്ടൻ പൂച്ച പിടിക്കില്ലേ?
ആകാശത്തിലെ വേട്ടപ്പക്ഷിക-
ളയ്യോ! കൊത്തിക്കൊല്ലില്ലേ?
പൊന്നിൻ തൂളികൾ തൂകിയ പോലെ
മിന്നും പച്ചച്ചിറകുകളാലേ
കൂടിന്നഴികളിലിങ്ങനെയിട്ടടി
കൂട്ടുകിലയ്യോ! നോവില്ലേ?
നെല്ലിൻ മണികൾ കൊറിക്കൂ,
നേരേ കൂട്ടിലിരിക്കൂ..

കിളി:
കൂറുണ്ടെങ്കിൽ വരൂ,
കൂടു തുറന്നു തരൂ !
ആപത്തില്ലാതാക്കാൻ കൂട്ടി-
ന്നകത്തിടുന്നതു നന്നെന്നോ !
കൂട്ടിനകത്തു കുടുങ്ങന്നതിലും
കൂറ്റനൊരാപത്തുണ്ടെന്നോ !
പാണ്ടൻ പൂച്ച പിടിച്ചോട്ടെ
പരുന്തു കൊത്തിക്കൊന്നോട്ടെ;
സ്വാതന്ത്ര്യത്തിലെയാപത്തിൻ
സ്വാദറിയാനാണെൻ ദാഹം.
പറന്നു ചുറ്റണമാകാശത്തിൽ –
പ്പാടിക്കൊണ്ടെന്നെൻ മോഹം!
കൂറുണ്ടോ, കനിവുണ്ടോ?
കൂടു തുറന്നു തരൂ – കുഞ്ഞേ
കൂടു തുറന്നു തരൂ !

മലയാളത്തിലെ പ്രശസ്തനായ കവിയും ഉപന്യാസകാരനും സർവ്വകലാശാല അദ്ധ്യാപകനുമായിരുന്നു ജി. ശങ്കരക്കുറുപ്പ്. 1901 ജൂൺ 3 ന്‌, ശങ്കരവാര്യരുടേയും ലക്ഷ്മിക്കുട്ടിയമ്മയുടേയും മകനായി എറണാകുളം ജില്ലയിലെ കാലടിക്കടുത്തുള്ള നായത്തോട് എന്ന സ്ഥലത്താണ് ജനിച്ചത്. 17-ആം വയസ്സിൽ ഹെഡ് മാസ്റ്ററായി ജോലിയിൽ പ്രവേശിച്ചു. എറണാകുളം മഹാരാജാസ് കോളേജിൽ അദ്ധ്യാപകനായി. 1956ൽ അദ്ധ്യാപക ജോലിയിൽ നിന്നും വിരമിച്ചു. കേരള സാഹിത്യ അക്കാദമി പ്രസിഡന്റ്, കേന്ദ്ര സാഹിത്യ അക്കാദമി അംഗം, രാജ്യസഭാംഗം എന്നീ നിലകളിൽ സേവനം അനുഷ്ടിച്ചു. 1978 ഫെബ്രുവരി 2ന്‌ അന്തരിച്ചു.

0 Comments

Leave a Comment

FOLLOW US