കവിത കൊണ്ട് തുഴയാം പറക്കാം
(കേൾക്കാനായി താഴെ ക്ലിക്ക് ചെയ്യുക)
കവിതയിലൂടെ മഴ പെയ്യിച്ചു. കവിതയിലൂടെ നിറങ്ങൾ കണ്ടു. കവിതയിലൂടെ കറുപ്പും വെളുപ്പും തിരിച്ചറിഞ്ഞു. ഇനി കവിത കൊണ്ട് പറക്കാനും തുഴയാനും കഴിയുമോ എന്ന് നോക്കാം.
എന്തിയേന്തി തുഴയിനെടോ
വള്ളുവനാട്ടിലെ മുക്കുവരെ
ഏന്തിയേന്തി തുഴഞ്ഞാലോ
പുറം കടലിൽ ചെല്ലാലോ
പുറം കടലിൽ ചെന്നാലോ
അയിലേം മത്തീം പിടിക്കാലോ
അയിലേം മത്തീം പിടിച്ചാലോ
ചന്തയിൽ കൊണ്ടോയ് വിൽക്കാലോ
ചന്തയിൽ കൊണ്ടോയ് വിറ്റാലോ
കാശ് നിറച്ചും കിട്ടൂലോ
കാശ് നിറച്ചും കിട്ട്യാലോ
പണം കിട്ടിയാൽ എന്തൊക്കെ ചെയ്യും. കുറച്ചു നേരം ആലോചിച്ചു നോക്കുക. അതിനു ശേഷം ചെയ്യാൻ പോകുന്ന കാര്യങ്ങൾ ഓരോന്നായി പരസ്പര ബന്ധത്തോടുകൂടെയും ഇതേ താളത്തിൽ എഴുതി നോക്കൂ. കവിത പരമാവധി മുന്നോട്ടു കൊണ്ടുപോകാൻ പ്രത്യേകം ശ്രദ്ധിക്കണം. ആവശ്യമായ വെട്ടലും തിരുത്തലും നടത്തി മിനുക്കി മിനുക്കി മനോഹരമാക്കുക. മറ്റൊരു തലത്തിലേക്ക് കടക്കാം
കാക്ക പറപറ
കൊക്ക് പറപറ
കോഴി പറപറ
മൈന പറപറ
മൂങ്ങ പറപറ
തത്ത പറപറ
കുയിൽ പറപറ
മയിൽ പറപറ
രണ്ടക്ഷരമുള്ള പക്ഷികളെ ഇത്തരത്തിൽ അടുക്കി വച്ച് ഒന്നൊന്നായി പറത്തിവിടുക. മീൻ പിടിക്കുന്ന പൊന്മാനേയും ശല്യം ചെയ്യുന്ന ഈച്ചയെയും ഇതേ താളത്തിൽ പറത്തിവിടാം. രണ്ടക്ഷരം കഴിഞ്ഞാൽ മൂന്നക്ഷരമുള്ള പക്ഷികളെ കണ്ടെത്തി പറത്തി വിടുമ്പോൾ താളം മാറുന്നത് കാണാം.
കുരുവി പറപറ
പരുന്ത് പറപറ
ചെമ്പോത്ത് പറപറ
താറാവ് പറപറ
വേഴാമ്പൽ പറപറ
കഴുകൻ പറപറ
ഈ പക്ഷികളോടൊപ്പം നമുക്ക് ചെറിയ ജീവികളെയും പറത്തിവിടാം.
തേനീച്ച പറക്കട്ടെ
പൂമ്പാറ്റ പറക്കട്ടെ
കവിത പിറക്കട്ടെ
എഴുതൂ കൂട്ടുകാരെ
എടപ്പാൾ. സി. സുബ്രഹ്മണ്യൻ
9446472231