ഒരു ഞാഞ്ഞൂൽ പ്രണയം

ന്നാം ക്ലാസുകാരിക്ക് ഞാഞ്ഞൂൽ പിടുത്തവുമായി എന്തു ബന്ധം എന്ന് ചോദിക്കരുത്. വലുതാകുമ്പോൾ ഏറ്റവും നല്ല ഞാഞ്ഞൂൽ പിടുത്തക്കാരിയാകണം എന്ന് ഒരു കുട്ടി ആഗ്രഹിച്ചാൽ നമ്മൾ തെറ്റു പറയുകയുമരുത്. യൂണിഫോം ഇട്ടതിന്റെയോ ബാഗും വാട്ടർബോട്ടിലും തൂക്കി പിടിച്ചതിന്റേയോ ചിത്രങ്ങളുള്ള പാഠപുസ്തകം കിട്ടിയതിന്റേയോ ഒരു കൗതുകവും ആദ്യമായി സ്കൂളിൽ പോകാൻ തുടങ്ങിയപ്പോൾ എനിക്കില്ലായിരുന്നു. ആകെയുള്ള വലിയ സന്തോഷം ഏട്ടന്റെയും കൂട്ടുകാരുടെയും കൈയ്യിൽ തൂങ്ങി സ്കൂളിൽ പോകാലോ എന്നതായിരുന്നു. വീട്ടിലെ കളി സ്കൂളിലേക്ക് കൂടി നീട്ടിയതു പോലെയാണ് കളിഭ്രമക്കാരിയായ എനിക്ക് തോന്നിയത്. അതുകൊണ്ട് തന്നെ ക്ലാസ്സിലിരുന്ന സമയത്തേക്കാളധികം കളിക്കാൻ വിടുന്ന സമയമാണ് ഓർമയിൽ നിറയെ.

കൊല്ലത്ത് കന്യാസ്ത്രീകൾ നടത്തുന്ന വിമല ഹൃദയ സ്കൂളിലാണ് പഠനം തുടങ്ങിയത്. അമ്മ അതേ സ്കൂളിലെ യു.പി സെക്ഷനിൽ അധ്യാപികയായിരുന്നു. ഏട്ടൻ അതേ സ്കൂളിൽ മൂന്നാം ക്ലാസിലും. അധ്യാപികയായ അമ്മയുടെ കൂടെ അവിടെ പലപ്പോഴും പോകാറുണ്ടായിരുന്നതുകൊണ്ട് സ്കൂളും പരിസരവും പരിചിതമായിരുന്നു. ഒന്നാം ക്ലാസിൽ ചെന്നു തുടങ്ങിയപ്പോഴാണ് ഞങ്ങൾ ഒരു പുതിയ കണ്ടുപിടുത്തം നടത്തിയത്. ക്ലാസ്റൂമിന്റെ പിറകു വശത്ത് ചെറിയ ചതുപ്പുണ്ട്. ചതുപ്പിൽ ഞാഞ്ഞൂലുകളുണ്ടാവും, ഏട്ടന്റെയും കൂട്ടുകാരുടേയും പ്രധാന വിനോദം ഞാഞ്ഞൂലിനെ തെരഞ്ഞ് കണ്ടുപിടിക്കലായിരുന്നു. ഈ സംഘത്തിൽ ഞാനും ചേർന്നു. ഏറ്റവും കൂടുതൽ ഞാഞ്ഞൂലിനെ തെരഞ്ഞ് പിടിക്കുന്ന ആളാവും മിടുക്കൻ, അല്ലെങ്കിൽ മിടുക്കി. ഏട്ടന്റെ ഒരു ചങ്ങാതിയുണ്ട്, സുരേഷണ്ണൻ എന്നാണ് ഞങ്ങളൊക്കെ വിളിക്കുക. ഞാഞ്ഞൂൽ പിടിത്തത്തിൽ വിരുതൻ. ഒറ്റ പിടുത്തത്തിൽ നാലും അഞ്ചുമൊക്കെ കയ്യിലിരിക്കും. ഇളകിക്കളിക്കുന്ന ഞാഞ്ഞൂലുകളെയും പിടിച്ചുള്ള അവന്റെ നിൽപ് കണ്ടാൽ അസൂയ തോന്നും. ഞാഞ്ഞൂലിരിക്കുന്ന സ്ഥലം, അവിടെയുള്ള മണ്ണിന്റെ പ്രത്യേകത ഇതൊക്കെ സുരേഷണ്ണന് തിരിച്ചറിയാമായിരുന്നു. മണ്ണും ചെളിയും കുപ്പായം മുഴുവനാക്കും എന്നതൊഴിച്ചാൽ എനിക്കൊരു നാളും ഒരൊറ്റ ഞാഞ്ഞൂൽ കുഞ്ഞിനെപോലും പിടിക്കാൻ കഴിഞ്ഞിരുന്നില്ല. ചെളിനിറഞ്ഞ കയ്യിൽ നുരക്കുന്ന ഞാഞ്ഞൂലുകളുമായി നിൽക്കുന്ന സുരേഷണ്ണനായി അപ്പോൾ മുതൽ എന്റെ ഹീറോ. വലുതായാൽ സുരേഷണ്ണനെപ്പോലെ ഞാഞ്ഞൂലുകളെ പിടിക്കുന്ന ആളാകും എന്ന് ഞാനുമുറച്ചു.

ഓരോരുത്തരും പിടിച്ച ഞാഞ്ഞൂലിനെ അവരവരുടെ വാട്ടർ ബോട്ടിലിന്റെ അടപ്പിൽ ഇട്ടുവെക്കും. എണ്ണിത്തിട്ടപ്പെടുത്തി ആർക്കാണ് കൂടുതൽ കിട്ടിയതെന്ന് നോക്കിയിട്ട് തിരിച്ചു വിടും. ഇതായിരുന്നു പതിവ്. ഞാഞ്ഞൂലിനെ കിട്ടാത്ത ജാള്യതയിൽ മറ്റുള്ളവരുടെ ഞാഞ്ഞൂലുകൾ മോഷ്ടിക്കാനും അന്ന് ശ്രമിച്ചിട്ടുണ്ട്. ഒരു ദിവസം സുരേഷണ്ണൻ ഇത് കയ്യോടെ പിടികൂടി. ഇനി മേലാൽ കളിയിൽ കൂട്ടുകയില്ല എന്ന് ദേഷ്യപ്പെട്ടു. എനിക്ക് സങ്കടമായി. “ഞാഞ്ഞൂൽ കള്ളി’ എന്ന് വിളിച്ച് ഏട്ടനൊക്കെ കളിയാക്കി. ഞാഞ്ഞൂൽ പിടുത്തത്തിലും ഒരു സത്യമുണ്ടെന്ന് അന്നെനിക്ക് ബോധ്യമായി.

ക്ലാസ് സമയത്തിനിടയ്ക്ക് മൂത്രമൊഴിക്കാനും വെള്ളം കുടിക്കാനും ടീച്ചറുടെ അനുവാദം വാങ്ങി കുട്ടികൾ പോകാറുണ്ട്. ഇത് തന്നെ നല്ല തക്കമെന്ന് കരുതി ഞാനും പുറത്തു വന്നു. ചതുപ്പിലെത്തി തെരച്ചിലോട് തെരച്ചിലായി. മൂത്രമൊഴിച്ച് തീരേണ്ട സമയം കഴിഞ്ഞിട്ടും എന്നെ കാണാതായപ്പോൾ ടീച്ചർ പുറത്തിറങ്ങി പരിശോധിച്ചു. ഹെഡ്മിസ്ട്രസ്സിനെയും ഒപ്പം കൂട്ടി. മൂന്നാം ക്ലാസിൽ ചെന്ന് ഏട്ടനോടും അവർ പറഞ്ഞു. വിവരമറിഞ്ഞ് അമ്മയുമെത്തി. ഞാഞ്ഞൂലിനെ തിരക്കി ചെളിയിൽ മുങ്ങിയ ഞാൻ, നിവർന്നപ്പോൾ കണ്ടത് ദേഷ്യവും പരിഭ്രമവുമായി നിൽക്കുന്ന അധ്യാപകരേയും അമ്മയേയും ഏട്ടനേയുമാണ്.

അന്ന് ഏട്ടന്റെ പക്കൽ ഹെഡ്മിസ്ട്രസ് ഒരു കുറിപ്പ് വീട്ടിലേക്ക് കൊടുത്തയച്ചു. “ഞാഞ്ഞൂലിനെ പിടിക്കാനാണോടീ സ്കൂളിൽ പോകുന്നേ” എന്ന് ചോദിച്ച് പപ്പാ രണ്ട് ചന്തികളിലും മാറി മാറി ചൂരല് വെച്ച് പൊള്ളിച്ചപ്പോഴാണ് ഹെഡ്മിസ്ട്രസ്സിന്റെ കത്തിന്റെ സാരാംശം എനിക്ക് മനസ്സിലായത്. അടികൊണ്ട് കരഞ്ഞ് ക്ഷീണത്തിൽ അന്ന് പെട്ടെന്നുറങ്ങിപ്പോയി. അടികൊണ്ട ഭാഗം അമ്മ തടവുന്നതിനിടെ ഞാനിങ്ങനെ പുലമ്പിയത്രെ, “പപ്പാ എനിക്ക് സ്കൂളിൽ പോകേണ്ടാ. ഞാൻ ഞാഞ്ഞൂലിനെ പിടിക്കുന്ന ആളാകാം. പപ്പാ… എന്നെ സ്കൂളില് വിടല്ലെ പപ്പാ….പപ്പാ….”

കോഴിക്കോട്ട് ഞങ്ങൾ താമസിക്കുന്ന വീട്ടിൽ ഒരു മണ്ണിര കമ്പോസ്റ്റുണ്ട്. വീട്ടിലുള്ള ജൈവമാലിന്യങ്ങൾ കമ്പോസ്റ്റിലാണ് നിക്ഷേപിക്കാറ്. കമ്പോസ്റ്റിലെ മാലിന്യങ്ങൾ തിന്ന് ഉരുണ്ട് കൊഴുത്ത് നുരഞ്ഞ് മറിയുന്ന ഞാഞ്ഞൂലുകളെ കാണാൻ എന്റെ മകൾക്ക് വലിയ ഇഷ്ടമാണ്. കമ്പോസ്റ്റിൽ മാത്രം കാണുന്ന പ്രത്യേക ജീവിയാണതെന്നാണ് അവളുടെ ധാരണ. അവളുടെ സ്കൂൾ പരിസരത്തോ വീട്ടിലെ പറമ്പിലോ ഞാഞ്ഞൂലുകളെ കാണാൻ ഇല്ലല്ലോ…

വിധു വിൻസന്റ്

0 Comments

Leave a Comment

FOLLOW US