ഒന്നാം നാൾ സ്കൂളിൽ
ഒന്നാം ക്ളാസ്സു മുതൽ എല്ലാ മെയ് മുപ്പത്തൊന്നിനും രവിക്കുട്ടന്റെ മനസ്സിലായിരിക്കും മിക്കവാറും കാർമേഘങ്ങൾ ഉരുണ്ടു കൂടാറുള്ളതും, പിറ്റേന്ന് കാലത്തേ ആവുമ്പോൾ ആർത്തലച്ചു പെയ്യാറുള്ളതും.
പ്രകൃതിക്കൊപ്പം കരഞ്ഞു കൊണ്ട് രവിക്കുട്ടൻ വയറു വേദന ആണെന്നുള്ള പതിവ് കള്ളം അമ്മയോട് പറയും.
ഇന്നൊരു ദിവസം കഴിഞ്ഞു നാളെ സ്കൂളിൽ പൊക്കോളാം എന്നുള്ള നിവേദനം, ശല്യം കാരണം ഗതികെട്ടതു കൊണ്ട് അച്ഛനോട് പോയി അമ്മ അവതരിപ്പിക്കുമ്പോൾ കരച്ചിലിന് ഒരു ഇടവേള കൊടുത്ത ശേഷം രവിക്കുട്ടൻ വാതിലിനു പുറകിൽ ഒളിച്ചു നിന്ന് കൊണ്ട് പ്രത്യാശയോടെ അച്ഛന്റെ മുഖത്തേക്ക് നോക്കും. ഒന്നാമത്തെ ദിവസം മുടക്കാൻ പറ്റില്ല പോയെ പറ്റു എന്നുള്ള അച്ഛന്റെ കൽപ്പന കല്ലിനെയല്ല രവിക്കുട്ടന്റെ മനസിനെ ആയിരിക്കും പിളർക്കുന്നത്.
കുറച്ചു നേരത്തിനു ശേഷം പുതിയ ഉടുപ്പും കുടയും പെട്ടിയുമായി രവിക്കുട്ടൻ ഒറ്റക്കോ വീട്ടിൽ സഹായത്തിനു നിന്നിരുന്ന ആർക്കെങ്കിലും ഒപ്പമോ സ്കൂളിലേക്കു പുറപ്പെടും. സ്കൂൾ കവാടം കടക്കുമ്പോൾ തികച്ചും അനാഥനായ പോലെ ഒരു ഫീലിംഗ് ആണ്.
തൊണ്ടയിലെ വേദന കടിച്ചമർത്തി രവിക്കുട്ടൻ ക്ളാസിലേക്കു പോകും. വികൃതികളായ കുട്ടികളുടെ തുറിച്ചു നോട്ടം രവിക്കുട്ടനെ ഭയപ്പെടുത്തും സൗമ്യമായ മുഖവുമായി ഇരിക്കുന്ന ഏതെങ്കിലും കൂട്ടുകാരുടെ അടുത്തേക്ക് ചേർന്നിരുന്ന്, അവരെ നോക്കി ചിരിക്കാൻ രവിക്കുട്ടൻ ശ്രമിക്കും. പുതിയ പുസ്തകങ്ങളുടെയും പൂവിന്റെയും പൗഡറിന്റെയും എല്ലാം ചേർന്ന ഒരു ഗന്ധം ആയിരിക്കും ക്ളാസ് മുഴുവൻ നിറഞ്ഞു നിൽക്കുക.
ജയിച്ചവരുടെ പേര് വിളിക്കുന്നതനുസരിച്ച് അടുത്ത ക്ളാസിലേക്കു പോകുമ്പോൾ അവിടെ പോയിരുന്ന ശേഷം അടിക്കുന്ന ഏതെങ്കിലും അദ്ധ്യാപകർ ആണോ ക്ളാസ് ടീച്ചർ ആയി വരുന്നത് എന്നുള്ള ആകാംക്ഷയിൽ രവിക്കുട്ടൻ വാതിൽക്കലേക്കു നോക്കി ഇരിക്കും. അന്ന് ഉച്ച വരെ ആവും ക്ളാസ് ഉണ്ടാവുക.
ക്ളാസിലെ ജനലിലൂടെ കാണാവുന്ന വീട്ടിലെ മാവിന്റെ ഏറ്റവും ഉയർന്ന ശിഖരം കാണുമ്പൊൾ കണ്ണിൽ നിന്നും ബൾബ് പോലെ ഒരു കണ്ണുനീർ തുള്ളി ഉരുണ്ടു താഴേക്ക് വീഴും. ആരും കാണാതെ അത് തുടച്ചു കളഞ്ഞ ശേഷം രവിക്കുട്ടൻ പുതിയ പുസ്തകത്തിൽ നോക്കി അകാരണമായി ചിരിക്കും. സ്കൂൾ അവധിക്കായി അടച്ച ദിവസം തിരികെ വന്നെങ്കിൽ എന്ന് വെറുതെ മോഹിക്കും. വീട്ടിൽ ഇരിക്കുന്ന അമ്മൂമ്മയെ കാണാൻ തോന്നും, അനിയത്തിയോട് അസൂയ തോന്നും.
ബെൽ അടിക്കുമ്പോൾ വീട്ടിലേക്കോടി കതകു തള്ളിത്തുറന്ന് അകത്തു കയറി പെട്ടി മൂലയ്ക്ക് എടുത്തെറിഞ്ഞ ശേഷം രവിക്കുട്ടൻ അമ്മൂമ്മയുടെ മടിയിൽ ഇരിക്കുന്ന അനിയത്തിയെ എടുത്തു മാറ്റി അവിടെ ചാടിക്കയറി ഇരിക്കും. മാർഗോ സോപ്പിന്റെ മണമുള്ള അമ്മൂമ്മയുടെ കൈകൾ പൊതിയുമ്പോഴാവും സുരക്ഷിതനായി എന്നൊരു തോന്നൽ ഉള്ളിൽ ഉണ്ടാവുക.
ജൂൺ ഒന്നിന് എന്തെല്ലാം ഓർമ്മകൾ. മരവിപ്പുകൾ ഇല്ലാതിരുന്ന ഇളം മനസ്സിന്റെ സുന്ദരമായ ഓർമ്മകൾ, ഒരിക്കലും മരിക്കാത്ത ഓർമ്മകൾ
അജോയ് കുമാർ