കൂട്ടെന്നാൽ സ്നേഹക്കൂട്

പ്രിയപ്പെട്ട നിമ്മു,

ഈയിടെയായി നീയെന്നെ വിളിക്കുന്നില്ല, ഞാൻ ഫോൺ ചെയ്താൽ എടുക്കുന്നുമില്ല. എന്താ നിനക്കെന്നോട് പിണക്കമാണോ? ബാംഗ്ലൂരിൽ വന്ന് നാലഞ്ചു ദിവസമെങ്കിലും നിന്റെ കൂടെ അടിച്ചു പൊളിക്കണം എന്നു തന്നെയായിരുന്നു സ്കൂൾ പൂട്ടുന്നതിനു മുമ്പു വരെ എന്റെ തീരുമാനം. മമ്മയും പപ്പയും അതിന് സമ്മതിച്ചതുമാണ്. നന്ദിഹിൽസിലെ(1) പാറപ്പുറത്തിരുന്ന് കാൽക്കീഴിൽ മേഞ്ഞുനടക്കുന്ന മേഘക്കുഞ്ഞുങ്ങൾക്കിടയിലൂടെ ഉദിച്ചുയരുന്ന തീത്തളികയും(2), കണ്ണെത്താദൂരത്ത് പടിഞ്ഞാറൻ മാനത്തുനിന്നും അന്തിച്ചോപ്പിലേക്കാണ്ടുപോകുന്ന അസ്തമയസൂര്യനും നാമൊന്നിച്ച് കാണുന്നത് എത്ര തവണ എന്റെ സ്വപ്നമായിട്ടുണ്ടെന്നോ!
നമ്മൾ ഉറപ്പിച്ച പ്രകാരമുള്ള എന്റെ ബംഗളൂരു യാത്ര എന്തുകൊണ്ട് തല്ക്കാലം മാറ്റേണ്ടി വന്നു എന്നു മനസ്സിലായാൽ നിന്റെ കെറുവെല്ലാം(3) പമ്പകടക്കും എന്ന് എനിക്കുറപ്പുണ്ട്.
നിന്നോട് മുമ്പു ഞാൻ പറഞ്ഞിട്ടുണ്ടല്ലോ; എന്റെ ക്ലാസ്സിലെ കൂട്ടുകാരി സഫിയയെക്കുറിച്ച്. നന്നായി പാടും; മാത്രമോ? ഇപ്പോൾ അവളാണ് ക്ലാസ്സിലെ പഠിപ്പിസ്റ്റ് (4).

പാവം, അവളും ഉമ്മയും അടുത്തുള്ള അഭയം എന്ന അഗതിമന്ദിരത്തിലാണ് താമസിച്ചിരുന്നത്. അവളുടെ ഉപ്പ ഒരു കാരണവുമില്ലാതെ ഉമ്മയെ മുത്തലാക്ക് (5) ചൊല്ലി. വീണ്ടും സ്ത്രീധനം വാങ്ങി വേറൊരു സ്ത്രീയെ നിക്കാഹും(6) കഴിച്ചു.
ഉപ്പാപ്പയുടെ വീട്ടിൽ തിരിച്ചെത്തിയ ഉമ്മയ്ക്കും അവൾക്കും നല്ല സ്വീകരണമല്ല കിട്ടിയത്. അവിടെയാണെങ്കിൽ എന്നും പട്ടിണിയും പരിവട്ടവും. ഇതിനിടയിൽ അയൽപക്കത്തുള്ള ഒരാൾ ഉമ്മയെ വീണ്ടും നിക്കാഹ് ചെയ്യണമെന്നും പറഞ്ഞ് പറ്റിച്ചു. പ്രശ്നങ്ങളിൽനിന്നും പ്രശ്നങ്ങളിലേക്ക് വീണുകൊണ്ടിരുന്ന ഉമ്മയുടെ സമനില പാടെ തെറ്റി.
ഒരു രാത്രി ഉമ്മ സഫിയേയും കൂട്ടി റോഡിലിറങ്ങി. നമ്മുടെ തെരുവുകൾ അനാഥർക്ക് ഒരുക്കുന്നത് നരകമല്ലാതെ മറ്റൊന്നുമല്ലല്ലോ. ഓരോ തെരുവും ഓരോ ദിവസവും അവർക്ക് നല്കിയത് ശരീരത്തിനും മനസ്സിനും പരിക്കേല്പിക്കുന്ന അനുഭവങ്ങളായിരുന്നു. ഒരു രാത്രി പോലീസുകാർ അവരെ ‘അഭയ’ത്തിലെത്തിച്ചു. അഭയത്തിൽ നിന്നാണ് സഫിയ ഞങ്ങളുടെ സ്കൂളിലെത്തിയത്.

ഈ വർഷം മുതലാണ് അവളെന്റെ ക്ലാസ്സിലായത്. ഇപ്പോൾ അവളെന്റെ ബസ്റ്റ്ഫ്രണ്ടാണ്, നിന്നെപ്പോലെത്തന്നെ. അവളോട് നിന്നെക്കുറിച്ച് ഞാൻ പറഞ്ഞിട്ടുണ്ട്. ഒരിക്കൽ അവൾ പറയുകയാണ്; അവളുടെ പേരും നിന്റെ പേരും ഒന്നാണെന്ന്. ‘അതെങ്ങനെ?’. ഞാൻ അത്ഭുതപ്പെട്ടു ചോദിച്ചു. അപ്പോൾ അവൾ പറയുകയാണ് ‘സഫിയ’ എന്ന വാക്കിന് അറബിയിൽ നിർമ്മല എന്നാണ് അർത്ഥമെന്ന്.
ഏതാനും മാസങ്ങൾക്കു മുമ്പ് കാവൽ(7) എന്ന സംഘടനയിലെ ഒരു പ്രവർത്തകൻ സ്കൂളിൽ വന്ന് ഞങ്ങൾക്ക് ക്ലാസ്സെടുത്തു. അയാളാണ് അവധിക്കാല പോറ്റിവളർത്തൽ(8) എന്ന സംഗതി പറഞ്ഞത്. ബാലസംരക്ഷണ സ്ഥാപനങ്ങളിലും മറ്റും നിന്നു പഠിക്കുന്ന കുട്ടികൾക്ക് അവധിക്കാലങ്ങളിൽ സ്വന്തം വീട്ടിലേക്കു പോകാൻ കഴിയാത്ത സാഹചര്യത്തിൽ മറ്റു കുടുംബങ്ങളിൽ പോറ്റിവളർത്തുന്നതിനായി അവസരം ഒരുക്കുന്ന പദ്ധതിയാണ് ഇത്. കുടുംബത്തിന്റെ കരുതലും കരുണയും നഷ്ടപ്പെട്ട കുട്ടികളെ സ്നേഹവും വാത്സല്യവും തുളുമ്പുന്ന കുടുംബാന്തരീക്ഷത്തിൽ വളരാൻ സാഹചര്യമൊരുക്കുക എന്നതാണ് പ്രധാന ലക്ഷ്യം. കേരളസർക്കാരിന്റെ സാമൂഹ്യനീതി വകുപ്പിന് കീഴിലാണ് ഈ നല്ല പദ്ധതി.

സഫിയയും പോറ്റിവളർത്തൽ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ട് എന്നറിഞ്ഞപ്പോൾ ഞാൻ തുള്ളിച്ചാടി. മമ്മയോടും പപ്പയോടും മോഹം പറഞ്ഞപ്പോൾ അവർ സമ്മതിച്ചു. മാത്രമോ എന്നെ വാരിപ്പുണർന്ന് ഉമ്മ വച്ച് അഭിനന്ദിക്കുകയും ചെയ്തു. കാര്യം അറിഞ്ഞപ്പോൾ സഫിയയുടെ മുഖം പൂർണ്ണനിലാചന്ദ്രനായി.
ഇപ്പോൾ സഫിയ ഞങ്ങളുടെ വീട്ടിലുണ്ട്. ഞങ്ങളിവിടെ തിമിർക്കുകയാണ്. ഇടയ്ക്കിടെ ഞങ്ങൾ സഫിയയോടൊപ്പം അഭയത്തിൽ പോയി അവളുടെ ഉമ്മയെ കാണാറുണ്ട്. ഉമ്മയുടെ മുഖത്തും ഇപ്പോൾ മിന്നിത്തെളിയുന്നത് ആശ്വാസവും സന്തോഷവുമാണ്.

സഫിയ പറഞ്ഞത് ഉമ്മയും നല്ല പാട്ടുകാരിയും ബുദ്ധിക്കാരിയുമാണെന്നാണ്. പപ്പ പറഞ്ഞത് ഉപ്പയ്ക്കെതിരെ പണ്ടങ്ങളും സ്ത്രീധനത്തുകയും ചെലവിനുള്ള കാശും കിട്ടാൻ കേസുകൊടുക്കണം എന്നാണ്; ഉമ്മയുടെ രോഗം മാറ്റി പറ്റിയ ഒരു തൊഴിൽ കണ്ടെത്തണമെന്നാണ്; ഉമ്മയ്ക്ക് വേണമെങ്കിൽ ഇനിയും പഠിക്കുകയും ആകാമത്രെ; കേരള സർക്കാരിന്റെ ‘ലൈഫ്’ പദ്ധതിയിൽ ഉൾപ്പെടുത്തി അവർക്ക് സ്വന്തമായി ഒരു വീടും കിട്ടുമത്രെ; ഇതിനൊക്കെ പപ്പ മുന്നിട്ടിറങ്ങാമെന്നും സമ്മതിച്ചിട്ടുണ്ട്.
സ്കൂൾ തുറന്നിട്ടുവേണം, സഫിയയ്ക്കുവേണ്ടി എന്തെങ്കിലും ചെയ്യാൻ ഞങ്ങൾ കുട്ടികൾക്കും പറ്റുമോ എന്ന് ഒരു കൈ നോക്കാൻ.

വേനലവധി തീരാറായി. ഒരു രണ്ടു ദിവസ പരിപാടി – നിനക്കും അച്ഛനും അമ്മയ്ക്കും സന്തോഷവും സമ്മതവും ആണെങ്കിൽ ഞാനും സഫിയയും പപ്പയേയും മമ്മിയേയും കൂട്ടി ബംഗളൂരുക്കു വരാം. വിവരം ഉടനെ അറിയിക്കണം.
നിനക്കും അച്ഛനും അമ്മയ്ക്കും സുഖം തന്നെയല്ലേ? നമ്മുടെ പൂച്ചക്കുട്ടി എന്തു പറയുന്നു?

 

ഒരുപാടു സ്നേഹത്തോടെ
സ്വന്തം
മേഴ്സിക്കുട്ടി

 

രചന – എം.വി. മോഹനൻ

 

പദസൂചിക

1) ബംഗളൂരു സിറ്റിയിൽ നിന്നും 61 കി.മീ അകലെയുള്ള പ്രകൃതി രമണീയമായ ഒരു സ്ഥലം.
2) ഉദയസൂര്യൻ
3) ദേഷ്യം/പിണക്കം
4) നന്നായി പഠിക്കുന്നവൾ
5) മുസ്ലീം ആചാരപ്രകാരമുള്ള വിവാഹബന്ധം വേർപെടുത്തൽ
6) വിവാഹം
7) ഒരു കേരള സർക്കാർ ബാലസുരക്ഷാപദ്ധതി
8) Vaccation Foster Care കേരള സർക്കാർ സാമൂഹ്യനീതി വകുപ്പിലൂടെ വിജയകരമായി നടപ്പിലാക്കി വരുന്ന ഒരു പരിപാടി. ഇത് അതാതു ജില്ലകളിൽ District Child Protection Unit ഉം Child Welfare Committe ഉം മേൽനോട്ടം വഹിക്കുന്നു.

പഠന പ്രവർത്തനങ്ങൾ

1. നിങ്ങളുടെ സ്കൂളിലോ, പരിസരത്തോ സഫിയയെപ്പോലെ നമ്മുടെ സ്നേഹവും സംരക്ഷണവും ആവശ്യമുള്ള കൂട്ടുകാർ കാണുമല്ലോ; അനാഥവും അരക്ഷിതവുമായ ബാല്യം പേറുന്നവർ. അവർക്കുവേണ്ടി എന്തെങ്കിലും ചെയ്യാൻ നിങ്ങൾക്കും കഴിയില്ലെ?. കൂട്ടുകാരുമായി ആലോചിക്കൂ. മലയാളം മിഷൻ ഡയറക്ടർക്കോ, പൂക്കാലം പത്രാധിപർക്കോ അതിനെപ്പറ്റി ഒരു കത്തെഴുതൂ.
2. അവിടത്തെ സർക്കാരും സന്നദ്ധ സംഘടനകളും ബാലാവകാശ സംരക്ഷണത്തിനും സുരക്ഷാസംവിധാനത്തിനുമായി എന്തെല്ലാം ചെയ്യുന്നുണ്ട്? അന്വേഷിക്കൂ; കണ്ടെത്തു. കുറിപ്പെഴുതി പൂക്കാലത്തിന് അയച്ചുതരൂ.

 

0 Comments

Leave a Comment

FOLLOW US