വിഷുക്കൈനീട്ടം
പോക്കറ്റ് മണി ഒന്നും കേട്ടുകേൾവി പോലും ഇല്ലാതിരുന്ന ഒരു കാലത്തെപ്പറ്റിയാണ് ഈ എഴുതുന്നത്. പൈസ കയ്യിൽ കിട്ടുന്ന ഏക അവസരം വിഷു ആയിരുന്നു. തലേ ദിവസം ഉറങ്ങാൻ കിടക്കുമ്പോഴേ രവിക്കുട്ടന്റെ ഉള്ളിൽ ആഹ്ലാദത്തിന്റെ കണിക്കൊന്നകൾ പൂത്ത് നില്ക്കും. കിട്ടുന്ന പൈസ എല്ലാം എന്താണ് ചെയ്യേണ്ടത് എന്ന ആലോചനയുടെ ഇടയിൽ എപ്പോഴോ ഉറക്കത്തിലേക്കു വഴുതി വീഴും.
പിന്നീടു “കണ്ണ് തുറക്കാതെ എണീക്ക് ” എന്ന് പറഞ്ഞു അമ്മ കുലുക്കി ഉണർത്തുമ്പോഴാണ് ചാടി എണീക്കുന്നത്. അത്ര ഉത്സാഹത്തിൽ രവിക്കുട്ടൻ വെളുപ്പിന് ഒരിക്കലും എണീക്കാറില്ല. അമ്മ പതുക്കെ കണ്ണ് പൊത്തി പൂജാ മുറിയിലേക്ക് കൊണ്ട് പോകും. അനിയത്തി മുതിർന്ന ശേഷം അവളെയാണ് അമ്മ കണ്ണ് പൊത്തി കൊണ്ട് പൊയ്ക്കൊണ്ടിരുന്നത്. രവിക്കുട്ടൻ അപ്പോഴേക്കും തനിയെ കണ്ണടച്ചു നടക്കാൻ പാകത്തിൽ വളർന്നിരുന്നു .
സത്യത്തിൽ പൂജാമുറി എത്തുന്നതുവരെയും രവിക്കുട്ടൻ ഇടയ്ക്കിടെ ആരും കാണാതെ പകുതി കണ്ണ് തുറന്ന് അവിടവിടെയായി നില്ക്കുന്ന അമ്മൂമ്മ, വസന്തചേച്ചി എന്നിവരെയെല്ലാം കണ്ടുകൊണ്ടാണ് കണിയുടെ മുൻപിലെത്തി ഔദ്യോഗികമായി കണ്ണ് തുറന്നിരുന്നത്. ചിരിച്ചു കൊണ്ട് നില്ക്കുന്ന ഒരു കൃഷ്ണൻ, ഒരു കണ്ണാടി, ഒരു മുറം നിറയെ പച്ചക്കറികൾ, കസവുമുണ്ട്, സ്വർണ്ണമാല, പാത്രം നിറയെ പഴങ്ങൾ, പിന്നെ കുറെ നാണയങ്ങൾ, നല്ല മണം പരത്തുന്ന ശാംബ്രാണിത്തിരി എന്നീ പതിവ് കാഴ്ചകൾ തന്നെയാണെങ്കിൽ പോലും അത് കാണാൻ എന്തൊരു രസമായിരുന്നെന്നോ.
തൊഴുതു കഴിഞ്ഞാൽ ഉടനെ അമ്മൂമ്മ ഒരു രൂപ നാണയം കയ്യിൽ വച്ചു തരും. അത് തൊഴുത് വണങ്ങി വാങ്ങി മുകളിലേക്ക് ഓടും. രവിക്കുട്ടനും അനിയത്തിക്കും ഓരോ ബിസ്കറ്റ് ടിൻ സ്വന്തമായി ഉണ്ടായിരുന്നു പൈസ ഇട്ടു വെക്കാനായി. പിന്നെ അമ്മ, അച്ഛൻ എന്നിവരുടെ വക ഓരോ രൂപ അത് കഴിഞ്ഞാൽ അച്ഛന്റെ കുടുംബ വീട്ടിൽ പോയി അവിടെ നിന്നും കൈ നീട്ടം വാങ്ങിക്കും. അന്ന് വീട്ടിൽ വരുന്ന അതിഥികൾ മിക്കവാറും എല്ലാവരും തന്നെ കൈനീട്ടം തരും, തരാത്തവരെ നോക്കി രവിക്കുട്ടനും അനിയത്തിയും മുഖം വീർപ്പിച്ചു നടക്കും.
എല്ലാം ശേഖരിച്ചു വെച്ച ശേഷം രവിക്കുട്ടൻ അടുത്ത ദിവസം മുതൽ അടുത്തുള്ള നാരായണ പിള്ളയുടെ കടയിൽ പോയി കപ്പലണ്ടി മുട്ടായി, ഗ്യാസ് മുട്ടായി, നാരങ്ങ മുട്ടായി എന്നീ വിശിഷ്ട വിഭവങ്ങൾ വാങ്ങാൻ തുടങ്ങും. അനിയത്തി അവളുടെ പെട്ടി പിന്നീട് തുറക്കാം എന്ന വാഗ്ദാനം തന്ന് എല്ലാത്തിലും പങ്കുപറ്റിയ ശേഷം സ്ഥിരമായി രവിക്കുട്ടനെ പറ്റിക്കുമായിരുന്നു. അതെല്ലാം കൂടെ ചേർത്ത് വച്ച് അവൾ ഏതെങ്കിലും കളിപ്പാട്ടം വാങ്ങിക്കാറായിരുന്നു പതിവ്.
ആ ദിവസം മുഴുവന്‍ വീട്ടിലെ ഗേറ്റിൽ അടുത്തുള്ള ഒരു കോളനിയിലെ പാവപ്പെട്ട കുട്ടികളുടെ തലകൾ മാറി മാറി പ്രത്യക്ഷപ്പെട്ടു കൊണ്ടിരിക്കും. ഏല്ലാവർക്കും അമ്മൂമ്മ 10 പൈസ വച്ചു കൊടുക്കുമായിരുന്നു. രവിക്കുട്ടന്റെ ക്ലാസ്സിൽ പഠിക്കുന്ന ഏതെങ്കിലും കുട്ടികൾ വരുമ്പോൾ രവിക്കുട്ടൻ തന്നെ അമ്മൂമ്മയോട് പറഞ്ഞു 20 പൈസ വാങ്ങിച്ചു കൊടുക്കും. ആയിടക്കു രവിക്കുട്ടൻ എസ്എംവി സ്കൂളിൽ അഞ്ചാം ക്ലാസ്സിലേക്കു മാറിയിരുന്നു. അനിയത്തി ചെട്ടികുളങ്ങര സ്കൂളിൽ ഒന്നാം ക്ലാസ്സിലും.
വീടിനു മുന്നിലൂടെ നടന്നു പോകുന്ന കുട്ടികളിൽ കുമാരി എന്ന് പേരുള്ള ഒരു സുന്ദരിക്കുട്ടി ഉണ്ടായിരുന്നു. വൈകുന്നേരങ്ങളിൽ അമ്മയോടൊപ്പം കടയിൽ പോയി തലയിൽ ഒരു ചെറിയ വട്ടിയുമായി മടങ്ങുന്ന കുമാരിയെ നോക്കി രവിക്കുട്ടൻ മതിലിനു മുകളിൽ ഇരുന്നു പുഞ്ചിരിക്കുകയും, കുമാരി മനോഹരമായ ഒരു ചിരി തിരികെ തരുകയും ചെയ്യുമായിരുന്നു. ഒരു നിഷ്കളങ്ക സ്നേഹം എന്നതിൽ കവിഞ്ഞു മറ്റൊന്നുമില്ല. അമ്മയും അമ്മൂമ്മയും പറയുന്നത് കേൾക്കാം സരസ്വതിയുടെ മോൾ കുമാരിയെ കാണാൻ നല്ല ഐശ്വര്യമാണെന്ന്.
അങ്ങിനെ ഇരിക്കെ വൈകുന്നേരങ്ങളിൽ കുമാരിയെ കാണാതെ ആയി. അവളുടെ അമ്മ മാത്രം കടയിൽ പോയിട്ട് വരുന്നത് കാണാം. കുറച്ചു കാലം കഴിഞ്ഞപ്പോൾ കുമാരിയും അവളുടെ ചിരിയും മനസിൽ നിന്നു മാഞ്ഞു പോയി .
സാധാരണയായി വിഷുവിനു ഉച്ചക്കു ശേഷം കൈനീട്ടം കൊടുക്കാറില്ല. കൊടുക്കാൻ പാടില്ലത്രേ. വരുന്ന പിള്ളേരെ അമ്മൂമ്മ വിരട്ടി വിടുകയായിരുന്നു പതിവ്. ഒരു പ്രാവശ്യം വിഷുനാളിൽ ഒരു മൂന്നു മണി ആയപ്പോ കതകിൽ ആരോ മുട്ടുന്നു. മുകളിൽ ആരുടേയും തല കാണാനില്ല. ഗേറ്റിനു താഴെ 4 കാലുകൾ കാണാം.
ഗേറ്റ് തുറന്നപ്പൊ രണ്ടു കൊച്ചു കുട്ടികൾ. ഇരട്ടകളാണ്. കാണാൻ നല്ല ഭംഗി. ഏകദേശം 4 വയസ് കാണും. എന്താണെന്നു ചോദിച്ചപ്പോൾ പറഞ്ഞു. “ബിസ് കൈനീട്ടം വേണം”. വിഷു എന്ന് പറയാനുള്ള പ്രായം പോലും ആയിട്ടില്ല എന്നര്‍ത്ഥം. ഉച്ച കഴിഞ്ഞു വിഷുകൈ നീട്ടം ചോദിച്ചു എന്ന മഹാ അപരാധത്തിന് അവരെ അമ്മൂമ്മയുടെ മുന്നിൽ ഹാജരാക്കി. അമ്മൂമ്മയുടെ മുഖവും, വീട്ടിലെ പട്ടിയുടെ കുരയും എല്ലാം കേട്ടു കരച്ചിലിന്റെ വക്കിൽ എത്തിനിന്ന അവരെ വസന്ത ചേച്ചി തിരിച്ചറിഞ്ഞു, നെല്ല് കുത്തുകാരി സരസ്വതിയുടെ മക്കൾ ആണത്രേ രണ്ടും. അതായത് നമ്മുടെ കുമാരിയുടെ അനിയന്മാർ.
ഉടനെ തന്നെ രവിക്കുട്ടന്റെ മട്ടുമാറി. അമ്മൂമ്മയോട് വഴക്ക് കൂടി രവിക്കുട്ടൻ 50 പൈസ വീതം രണ്ടു പിള്ളേരുടെയും കൈകളിൽ വച്ചു കൊടുത്തു. ഗേറ്റ് അടക്കാൻ നേരം രവിക്കുട്ടൻ ചോദിച്ചു ഈ പൈസ കൊണ്ട് മുട്ടായി വാങ്ങിക്കാന്‍ പോകുവാണോ. അപ്പൊ അവര്‍ തിരിഞ്ഞു നിന്നു പറഞ്ഞു ” അല്ല കുമാരി ചേച്ചിക്കു മരുന്ന് വാങ്ങാനാണ് പൈസ”.
രവിക്കുട്ടൻ ആകെ അത്ഭുതപ്പെട്ടു പോയി. അപ്പോഴാണ് അറിഞ്ഞത് ആറു മാസമായി കുമാരി സുഖമില്ലാതെ കിടപ്പിലാണെന്ന വസ്തുത. പെട്ടെന്ന് തോന്നിയ ഒരു വികാരത്തിന്റെ പുറത്ത്, എല്ലാവരുടെയും സമ്മതത്തോടെ രവിക്കുട്ടനും അനിയത്തിയും അന്ന് കിട്ടിയ മൊത്തം വിഷുക്കൈ നീട്ടവും എടുത്തു അവരുടെ കൂടെ പോയി. അവിടെ അടുത്തുള്ള, ഒരു ഇരുപത്തഞ്ചു വീടുകളോളം നിരന്നിരിക്കുന്ന ഒരു ചേരി പോലുള്ള സ്ഥലത്തായിരുന്നു കുമാരിയുടെ വീട്.
അവിടെ ആകെ ഒരു മുറിയെ ഉണ്ടായിരുന്നുള്ളു. ചെന്ന് കയറിയ മുറിയിൽ, കിടക്കുന്നു എല്ലും തോലുമായ, പഴയ ചിരി മാത്രം മുഖത്തു അവശേഷിച്ചിട്ടുള്ള കുമാരി. ഉടുപ്പൊന്നും ഇട്ടിട്ടില്ല, അരക്ക് താഴോട്ട് ഒരു കീറിയ പുതപ്പിട്ടു മൂടിയിരിക്കുന്നു. അവള്‍ക്കു ടീ ബി ആണത്രേ, ക്ഷയം. രവിക്കുട്ടനും അനിയത്തിയും കൈ നിറയെ ഒരു രൂപ തുട്ടുകളും 10 രൂപയുടെ ഒരു നോട്ടും അവളുടെ അമ്മയുടെ കയ്യിൽ വച്ചു കൊടുത്തു. അവരുടെ കണ്ണ് നിറയുന്നത് കണ്ടു.
മൂന്നു മക്കളെയും കൊണ്ട് ആഹാരത്തിന് തന്നെ കഷ്ടപ്പെടുന്ന അവര്‍ക്കു കുമാരിക്കുള്ള മരുന്ന് വാങ്ങിക്കാൻ എവിടെ നിന്നു പൈസ ? അധിക സമയം അവിടെ നില്‍ക്കാതെ രവിക്കുട്ടനും അനിയത്തിയും വീട്ടിലേക്കു പോയി. വെറുതെ ഒന്ന് തിരിഞ്ഞു നോക്കിയപ്പോൾ കണ്ടു, കുമാരി തല തിരിച്ചു രവിക്കുട്ടനെ നോക്കി ചിരിക്കുന്നു. പഴയ മനോഹരമായ അതേ ചിരി.
അടുത്ത വിഷുവിന് ഇതിനെക്കാളും കൂടുതൽ പൈസ പിരിച്ച് കുമാരിക്ക് കൊടുക്കണം എന്ന് രവിക്കുട്ടനും അനിയത്തിയും തീരുമാനിച്ചു. ഉറപ്പായും കൊടുക്കുകയും ചെയ്തേനെ, പക്ഷെ കൃത്യം ഒരു മാസം കഴിഞ്ഞപ്പോൾ കുമാരി ആരുടേയും ഔദാര്യത്തിന് കാത്തു നില്‍ക്കാതെ അസുഖങ്ങളും ദാരിദ്ര്യവും ഒന്നും ഇല്ലാത്ത ഏതോ ലോകത്തേക്ക് യാത്രയായി. ആ ചിരി ഓർമകളിൽ മാത്രമായി.
പിന്നീടുള്ള ഓരോ വിഷുവിനും കൈനീട്ടം വാങ്ങുമ്പോഴും കൊടുക്കുമ്പോഴുമെല്ലാം മനസ്സിൽ ആ രണ്ടു കൊച്ചു കുട്ടികളെ ഓർമ്മ വരും. “ബിസ് കൈനീട്ടം” എന്ന് പറഞ്ഞു കൈ നീട്ടിയുള്ള ആ നിഷ്ക്കളങ്കമായ നിൽപ്പ് ഓർമ്മ വരും. ഓരോ കൈ നീട്ടവും നമ്മൾ കൊടുക്കുന്നത് ഓരോ കുമാരിമാരെ സഹായിക്കാനായിരുന്നെങ്കിൽ എന്ന് വെറുതെ രവിക്കുട്ടൻ അപ്പോഴൊക്കെ ഓർത്തു പോകാറുണ്ട്, ഒരിക്കലും സാധിക്കില്ല എന്നറിഞ്ഞ് കൊണ്ട് തന്നെ, വെറുതെ ആശിക്കാൻ ഒരു ആശ.
– അജോയ് കുമാർ