പണ്ടത്തെപ്പോലെ പുകയാത്ത അടുപ്പുകൾ
കവിത കേൾക്കാൻ താഴെ ക്ലിക്ക് ചെയ്യുക
അടുപ്പ് ഇപ്പോ പണ്ടത്തെപ്പോലെയൊന്നുമല്ല.
ആകെ മാറിയിട്ടുണ്ട്, ഉള്ളിലെ നീറ്റൽ
പുകഞ്ഞ് പുറത്തേക്ക് തള്ളി നാട്ടുകാരെ അറിയിക്കാറില്ല.
ആധുനികതയുടെ ചിഹ്നങ്ങൾ
അടുക്കളയിൽ വരുത്തിയ രൂപമാറ്റങ്ങൾ
അവളിലും വന്നിട്ടുണ്ട്.
മിനുസവും തിളക്കവുമുള്ള സ്റ്റവിന്റെ നടുക്ക്
അല്പം ഇരുണ്ട നിറത്തിലെ ബർണറായി
അവളും ലേശം പരിഷ്കാരിയായിട്ടുണ്ടെങ്കിലും
അല്പം സമയമെടുത്ത് സൂക്ഷിച്ച് നോക്കിയാൽ മാത്രം കാണുന്ന
നീലയും മഞ്ഞയും കലർന്ന തീനാളങ്ങളിൽ
പഴയപോലെ തീപ്പൊരികൾ പുറത്തേക്ക് ചാടുന്നില്ലന്നേ ഉള്ളൂ…
എന്തും വേവിച്ചെടുക്കാൻ പോന്ന ചൂട്
ഉള്ളിൽ നിന്നും ഇപ്പോഴും പുറത്തേക്ക് വരുന്നുണ്ട്
എങ്കിലും ആർക്കെല്ലാമോ വേണ്ടി
മേശമുകളിൽ നിരത്തപ്പെടുന്ന വിവിധ പാത്രങ്ങളിലേക്ക്
മൂന്നുനേരവും ഭക്ഷണമെത്തിക്കുക എന്നതിൽ കവിഞ്ഞ്
ജോലികളിലും കടമകളിലും കാര്യമായ വ്യത്യാസം ഇന്നും
ഒരടുക്കളയ്ക്കും അതിലെ അടുപ്പിനും വന്നിട്ടില്ല.
രചന – ശ്രീ. മുരളീധരൻ വലിയവീട്ടിൽ
അവതരിപ്പിച്ചത് – നിഷ മധു