മഴമേഘമാവാൻ…
അമ്മയകലെ പുഴയിൽ കുഴിച്ചതിൽ
ഊറുന്ന നീരിനു പോയി കാലെ…
ഊറിക്കിനിയുവതപ്പോഴേ നേടണം
പോരുന്ന പെണ്ണുങ്ങൾ നോക്കി നിൽപ്പൂ…
അപ്പനോ വെള്ളരിച്ചാലിൽ കരിയുന്ന
വല്ലരിച്ചാരെ പകച്ചുനിൽപ്പു
ചുറ്റും വിളഞ്ഞുകിടക്കും വരൾച്ചക്കു
കുറ്റിയിൽ നാട്ടിയ പേക്കോലമായ്…
മുത്തിനെനോക്കണമെന്നമ്മ പോകവെ
ചെക്കനോ കാറിക്കരഞ്ഞിടുന്നൂ
ഇത്തിരിത്തൊണ്ടയിൽ ഇറ്റിച്ചുരത്തുവാൻ
അമ്മിഞ്ഞയില്ലല്ലോ ചാരെയിപ്പോൾ…
ബാങ്കിന്റെ വായ്പക്കിണറോ കറവറ്റു
മേലോട്ടു നോക്കിയിരന്നിടുന്നു
മുത്തി കിണർമതിൽ ചാരി മതി വിട്ടു
മാരിദൈവത്തെ പിരാകിടുന്നു.
മണ്ണിൽ നിന്നൊറ്റക്കുതിക്കു വിണ്ണേറുവാൻ
മാരിദൈവത്തിൻ കരളുണർത്താൻ
മാരിക്കാറായൊന്നു മാനം നിറയുവാൻ
മാരിയായ് പിന്നെ തിമർത്തു പെയ്യാൻ
നീറുറ്റ ദാഹം തിരളും മനസ്സുമായ്
കുട്ടനിറയത്തു ചെന്നിരിക്കേ…
കുന്നിക്കുരുമണിക്കുഞ്ഞിമിഴികളിൽ
കത്തുന്ന വേനൽ പതുങ്ങിടുന്നു.
– എം വി മോഹനൻ
അനുബന്ധ പ്രവർത്തനങ്ങൾ
- ഈ കവിതയെ ആധാരമാക്കി ഒരു കഥാപ്രസംഗം തയ്യാറാക്കാമോ ?
- ഈ കവിതയിലെ കുട്ടൻ നിങ്ങളാണ്. സംഭവങ്ങളിൽ ചില മാറ്റങ്ങൾ വരുത്തി കവിതയെ കഥയായി ഒന്നെഴുതി നോക്കുമോ ?