ചുട്ടുപൊള്ളിക്കുന്ന യാഥാര്‍ഥ്യങ്ങള്‍

 

“അനന്തരൂപമാർന്നനന്തഭാവമാർ-
ന്നിനിയും ജീവന്റെ നവാവതാരങ്ങൾ
ഇവിടെയുണ്ടാമോ?
വരുന്ന നൂറ്റാണ്ടിന്നറുതിയിൽ വീണ്ടു-
മൊരുദിനം ഞാനിങ്ങിവിടെയെത്തുമ്പോൾ…”

രുന്ന നൂറ്റാണ്ടിൽ ഒരു ദിനം എന്ന കവിതയില്‍ ഒ.എന്‍.‌വി കുറുപ്പ് പങ്കുവയ്ക്കുന്ന ആശങ്കയുടെ ആഴം ചുട്ടുപൊള്ളിക്കൊണ്ടുതന്നെ തിരിച്ചറിയുകയാണ് നമ്മള്‍. ആഗോളതാപനവും കാലാവസ്ഥാ വ്യതിയാനങ്ങളും ഒരു വല്ലാത്ത കാലത്തിലേക്കാണ് നമ്മെ നയിക്കുന്നത്. ഒരുപാട് ഓർമ്മപ്പെടുത്തലുകളുമായി  മാർച്ച് 23 ന് ഒരു കാലാവസ്ഥാദിനം കൂടി കടന്നുവരുന്നു. സൂര്യനും ഭൂമിയും കാലാവസ്ഥയും എന്നതാണ് ഇത്തവണത്തെ കാലാവസ്ഥാ ദിനാചരണ വിഷയം.

ചുട്ടുപൊള്ളി പനിച്ചുകൊണ്ടിരിക്കുകയാണ് ഭൂമിയമ്മയ്ക്ക്. രേഖപ്പെടുത്തപ്പെട്ടതിൽ വച്ച് ചൂടിന്റെ കാര്യത്തിൽ റെക്കോർഡിട്ട നാലു വർഷങ്ങളാണ് 2015, 2016, 2017, 2018 എന്നിവ. ഇങ്ങനെ പോയാല്‍ താപവര്‍ധനവ് രണ്ടു ഡിഗ്രിയില്‍ കൂടാതെ പിടിച്ചുനിര്‍ത്തണമെന്ന പാരീസ് ഉടമ്പടിയിലെ വ്യവസ്ഥയൊക്കെ കാറ്റില്‍ പറക്കാനാണ് സാധ്യത. ദാഹജലത്തിനായുള്ള പരക്കംപായല്‍, സൂര്യതാപമേറ്റ് പിടഞ്ഞുവീഴുന്ന മനുഷ്യനും മറ്റ് ജീവജാലങ്ങളും, പ്രവചനാതീതമായി മാറിമറിയുന്ന കാലാവസ്ഥ, എൽനിനോ, ലാനിന പോലുള്ള കാലാവസ്ഥാപ്രതിഭാസങ്ങൾ, ഉരുകുന്ന മഞ്ഞ്, സമുദ്രനിരപ്പുയരുമ്പോൾ നിലനില്പിനായി കേഴുന്ന ദ്വീപ് രാഷ്ട്രങ്ങൾ, വിസ്തൃതമാവുന്ന മരുഭൂമികൾ, നിലനില്പിനായി കേഴുന്ന ജീവജാലങ്ങൾ, പ്രളയം, കൊടും വരൾച്ച, ചുഴലിക്കാറ്റുകൾ എല്ലാം പേടിപ്പെടുത്തുന്ന യാഥാർഥ്യങ്ങൾ തന്നെയാണ്. കണക്ക് പിഴയ്ക്കുകയാണ് കാലത്തിനും പ്രകൃതിക്കും. ഇനിയെങ്കിലും തിരിച്ചറിയണം ഇതൊക്കെ നമ്മുടെ തന്നെ ചെയ്തികളുടെ ഫലമാണെന്ന്.

സൂര്യനിൽ നിന്നുള്ള താപവും പ്രകാശവും ഭൂമിയിൽ ജീവന്റെ നിലനില്പിന് ഏറെ അത്യാവശ്യമാണ്. നമ്മുടെ കാലാവസ്ഥയെയും സമുദ്രജല പ്രവാഹങ്ങളെയും ജല ചംക്രമണത്തെയുമൊക്കെ സൂര്യൻ സ്വാധീനിക്കുന്നുണ്ട്. ഭൂമി ആഗിരണം ചെയ്യുന്ന സൗരോർജവും പുറത്തേക്ക് പ്രതിഫലിപ്പിച്ചു വിടുന്ന ഊർജവും തുല്ല്യമാണെങ്കിൽ താപനില ഏതാണ്ട് സ്ഥിരമായി നിന്നേനെ. എന്നാൽ അങ്ങനെയല്ല സംഭവിക്കുന്നത്. ഭൗമാന്തരീക്ഷത്തിൽ വർദ്ധിച്ചു വരുന്ന ഹരിതഗൃഹ വാതകങ്ങൾ ഒരു പുതപ്പു പോലെ പ്രവർത്തിച്ച് സൂര്യപ്രകാശത്തിലെ താപവികിരണങ്ങളായ ഇൻഫ്രാറെഡ് വികിരണങ്ങളെ പുറത്തുപോവാതെ തടഞ്ഞു നിർത്തും. ഈ പ്രതിഭാസത്തിന്റെ പേരാണ് ‘ഹരിതഗൃഹപ്രഭാവം’. ഒട്ടും ഹരിതമല്ലാത്ത ഈ പ്രതിഭാസത്തിന്റെ ഫലമായി ഭൂമിയുടെ താപനില ഉയരും. ഏതൊക്കെയാണീ ഹരിതഗൃഹ വാതകങ്ങൾ എന്നാണോ? കാർബൺ ഡൈ ഓക്സൈഡ്, മീഥെയ്‌ൻ, നൈട്രസ് ഓക്സൈഡ്, ക്ലോറോ ഫ്ലൂറോ കാർബണുകൾ, നീരാവി എന്നിവ അന്തരീക്ഷത്തിൽ താപവർധനവിനു കാരണമാവുന്ന വാതകങ്ങളാണ്. ഇതിൽ ഇപ്പോൾ ഏറ്റവും കൂടിയ അളവിൽ അന്തരീക്ഷത്തിലുള്ളത് കാർബൺ ഡൈ ഓക്സൈഡ് തന്നെ. അന്തരീക്ഷത്തിൽ കാർബൺ ഡൈ ഓക്സൈഡിന്റെ അളവ് 410 പാർട്സ് പെർ മില്ല്യൻ (410 പിപിഎം) ആയി ഉയർന്നു കഴിഞ്ഞു. കഴിഞ്ഞ എട്ടു ലക്ഷം വർഷങ്ങളിലെ റെക്കോർഡ് തോതാണിത്!

ആഗോളതാപനത്തിന്റെ കാരണങ്ങളിൽ വലിയ പങ്കും മനുഷ്യന്റെ ചെയ്തികൾ തന്നെയാണെന്ന് ഐപിസിസി (ഇന്റർ ഗവൺമെന്റൽ പാനൽ ഓൺ ക്ലൈമറ്റ് ചെയ്‌ഞ്ച്) റിപ്പോർട്ട് അടിവരയിട്ടു പറയുന്നുണ്ട്. കൽക്കരി, പെട്രോൾ, പ്രകൃതിവാതകം തുടങ്ങിയ ഫോസിൽ ഇന്ധനങ്ങളുടെ ജ്വലനവും വിവേചനരഹിതമായ വ്യാവസായിക പ്രവർത്തനങ്ങളും വൻ നാശവുമൊക്കെയാണ് അന്തരീക്ഷത്തിൽ കാർബൺ ഡൈ ഓക്സൈഡിന്റെ അളവ് കൂടാനുള്ള പ്രധാന കാരണങ്ങൾ.

ആഗോളതാപനവും ഗുരുതരമായ കാലാവസ്ഥാവ്യതിയാനങ്ങളും ജൈവവൈവിധ്യത്തിനു ചരമഗീതം രചിച്ചുകൊണ്ടിരിക്കുന്നു. കരയിലും കടലിലും ആവാസവ്യവസ്ഥകള്‍ നാശത്തിന്റെ വക്കിലാണ്. ലോകത്തിലെ ഏറ്റവും വലിയ മഴക്കാടായ ആമസോൺ മഴക്കാടു പോലും കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭീഷണിയിലാണ്. ആഗോളതാപനത്തിന്റെ ഫലമായി ഭൂമിയില്‍ നിന്ന് എന്നെന്നേക്കുമായി അപ്രത്യക്ഷമായ ജീവിയാണ് കോസ്റ്ററിക്കയിലെ മേഘവനങ്ങളില്‍ ഒരുകാലത്ത് ധാരാളമായിക്കണ്ടിരുന്ന സുവര്‍ണ്ണത്തവള.

ഭൂമിക്കു പൊള്ളിപ്പനിക്കുമ്പോള്‍ സമുദ്രങ്ങള്‍ക്കും ധ്രുവപ്രദേശങ്ങള്‍ക്കുമൊക്കെ പൊള്ളുന്നുണ്ട്. അമിതമായി കാര്‍ബണ്‍ ഡൈ ഓക്സൈഡ് ലയിച്ചുചേരുന്നതിന്റെ ഫലമായി കടല്‍‌ വെള്ളത്തിന്റെ അമ്ലത കൂടുന്നുവെന്ന ഭീഷണി വേറെ. താപവര്‍ധനവും കാലാവസ്ഥാവ്യതിയാനങ്ങളും ഇങ്ങനെ തുടര്‍ന്നാല്‍ ഈ നൂറ്റാണ്ട് പകുതിയോടെ ജൈവവൈധ്യത്തിന്റെ കലവറയായ ആസ്ട്രേലിയയിലെ മഹാപ്രാകാര പവിഴനിര പൂര്‍ണ്ണമായും ബ്ലീച്ച് ചെയ്യപ്പെട്ട് ഇല്ലാതാവുമെന്ന് വിവിധ പഠനങ്ങള്‍ മുന്നറിയിപ്പു നല്‍കുന്നു.

ഉരുകിത്തീർന്നുകൊണ്ടിരിക്കുകയാണ് ധ്രുവപ്രദേശങ്ങളിലെയും ഹിമാലയമടക്കമുള്ള മഞ്ഞു പർവ്വതങ്ങളിലെയും മഞ്ഞ്. മഞ്ഞുരുകുമ്പോൾ സമുദ്രജലവിതാനവും ഉയരുന്നുണ്ട്. ഇതു തുടർന്നാൽ പല ദ്വീപ് രാഷ്ട്രങ്ങളും താഴ്ന്ന പ്രദേശങ്ങളും വെള്ളത്തിനടിയിലാവും. ധ്രുവക്കരടികളും പെന്‍‌ഗ്വിനുകളുമൊക്കെ കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭീഷണിയിലാണ്.

ആഗോളതാപനത്തെയും കാലാവസ്ഥാ വ്യതിയാനങ്ങളെയും ചെറുക്കാനുള്ള പ്രവർത്തനങ്ങളിൽ നാം ഓരോരുത്തരും പങ്കാളിയാവേണ്ടതുണ്ട്. ഈ ഭൂമി നമുക്ക് പൈതൃകസ്വത്തായി ലഭിച്ചതല്ല. മറിച്ച് ഭാവിതലമുറകളിൽ നിന്ന് കടംവാങ്ങിയതാണ്. വരുംതലമുറകൾക്കായി, സർവ്വജീവജാലങ്ങൾക്കുമായി ഭൂമിയമ്മയെ കണ്ണിലെ കൃഷ്ണമണി പോലെ കാത്തുസൂക്ഷിക്കേണ്ട ഉത്തരവാദിത്തം നമുക്കുണ്ട് എന്നു മറക്കാതിരിക്കാം.

സീമ ശ്രീലയം അധ്യാപിക, ശാസ്ത്ര എഴുത്തുകാരി

 

(ജനിതക എഞ്ചിനീയറിംഗ്, പ്രകാശം കഥയും കാര്യങ്ങളും , രസതന്ത്ര നിഘണ്ടു, ഹരിത രസതന്ത്രം എന്നീ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പുരസ്കാരങ്ങൾ : കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെ സയൻസ് ജേണലിസം അവാർഡ് (2012), ശാസ്ത്ര വിവർത്തന അവാർഡ് (2015), സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് നൽകുന്ന ജോസഫ് മുണ്ടശ്ശേരി അവാർഡ് (2014), സംസ്ഥാന സർക്കാരിന്റെ വിദ്യാഭ്യാസ മാധ്യമ പുരസ്കാരം (2010) എന്നിവ ലഭിച്ചിട്ടുണ്ട്.)

0 Comments

Leave a Comment

FOLLOW US