കണക്ക് പരീക്ഷയും ഗണപതിക്ക് തേങ്ങയും….
ഓണപ്പരീക്ഷയ്ക്ക് രവിക്കുട്ടന് കണക്കില്‍ നൂറില്‍ നൂറ്. സ്കൂൾ ഒരു നിമിഷം നിശ്ചലമായി. പ്രകൃതി നിശ്ചലമായി. പേപ്പര്‍ തന്ന രാധാമണി ടീച്ചര്‍ മാര്‍ക്ക് ഉറക്കെ വായിച്ച ഉടനെ രണ്ടാമതും ബോധം കെട്ടു വീണു. രണ്ടു ദിവസം മുന്‍പ് വീട്ടിലിരുന്നു മാര്‍ക്ക് ഇട്ടപ്പോള്‍ ആണ് ആദ്യം ബോധം കെട്ടത്. ഒന്നാം റാങ്കുകാരന് സുരേഷിന് ഭ്രാന്തു പിടിച്ചു. എങ്ങോട്ടെന്നില്ലാതെ ഇറങ്ങി ഓടി.
രവിക്കുട്ടന് ഒന്നും മനസ്സിലായില്ല. എന്താ നൂറില്‍ നൂറു മാര്‍ക്ക് മേടിക്കാന്‍ പാടില്ലേ ? ഹും .രവിക്കുട്ടൻ ദേഷ്യത്തില്‍ താഴെ വീണു കിടന്ന രാധാമണി ടീച്ചറിന്റെ കയ്യില്‍ നിന്നും പേപ്പറും എടുത്തു കൊണ്ട് തിരികെ പോയി ഇരുന്നു. ഇത് വരെ കണക്കിന് നൂറില്‍ പത്തോ പതിനഞ്ചോ ആണ് വാങ്ങിയിരുന്നത്, സത്യമാണ്, പക്ഷെ എന്നും അത് തന്നെ വാങ്ങണോ, നന്നാവാനും സമ്മതിക്കില്ലേ ? അടുത്തിരുന്ന സ്ഥിരം പാര മൊട്ട ഗോപന് ചോദിച്ചു. നീ ഇത് എങ്ങനെ ഒപ്പിച്ചു. രവിക്കുട്ടൻ അവനെ തുറിച്ചൊന്നു നോക്കി. അതോടെ അവന് അടങ്ങി.
അല്‍പ്പം കഴിഞ്ഞ് ആരോ വെള്ളം തളിച്ചപ്പോള്‍ രാധാമണി ടീച്ചര്‍ എണീറ്റ് വീണ്ടും പഠിപ്പിക്കാന്‍ തുടങ്ങി. സത്യം പറഞ്ഞാല്‍ കണക്ക് രവിക്കുട്ടന് കണ്ണെടുത്താല്‍ കണ്ടു കൂടായിരുന്നു. ഹോ നിവൃത്തി ഉണ്ടായിരുന്നെങ്കില്‍ ആ കണക്കു ബുക്ക് വലിച്ചു കീറി ഓടയില്‍ കളഞ്ഞേനെ. പണ്ടാരമടങ്ങിയ ഒരു ഗുണനം ഹരണം, കൂട്ടല്‍ കിഴിക്കല്. സഹിക്കാന്‍ വയ്യ, ആരോടെങ്കിലും സംശയം ചോദിക്കാം എന്ന് വെച്ചാലോ, അമ്മാവന് ഉടനെ വരും ആള്ജിബ്രയും കൊണ്ട്, അമ്മൂമ്മ വരും എഞ്ചുവടി പടിയെടാ. എഞ്ചുവടി ,കുഞ്ചുവടി ആണ്. വൃത്തികെട്ട ഒരു ബുക്ക്. അത് കാണാതെ പഠിക്കണം.
സത്യം തുറന്നു പറഞ്ഞാല്‍ കണക്കു പഠിത്തം സഹിക്കാന്‍ വയ്യാതെ ഒരിക്കല്‍ നാട് വിടാന്‍ വരെ പരിപാടി ഇട്ടതാണ്. വേണുവും കൂടെ വരാം എന്ന് പറഞ്ഞു. കാരണം കണക്കു കാരണം അവനും ജീവിക്കാന്‍ വയ്യാതായി. ഒരു ദിവസം വെളുപ്പിനാണ് പോകാന്‍ പരിപാടി ഇട്ടത്. അമ്മൂമ്മയുടെ ചെല്ലത്തില്‍ നിന്ന് അടിച്ചു മാറ്റിയ പൈസയും കൊണ്ട് രണ്ടു പേരും കൂടെ ഓടി പോകുന്ന വഴി ആണ് “ബ്ലും” എന്നൊരു ശബ്ദം കേട്ടത്. നോക്കിയപ്പോ ഓട്ടത്തിനിടയില്‍ കാലു തെറ്റി വേണു ഓടക്കകത്തു കിടക്കുന്നു. കൃത്യം അത് കണ്ടു കൊണ്ട് വന്നു അച്ഛന്. പിന്നെ അച്ഛനും വേറെ ആള്‍ക്കാരും ചേര്‍ന്ന് വേണൂനെ വൃത്തികെട്ട ആ ഓടയില്‍ നിന്ന് പൊക്കി വെളിയില്‍ എടുത്തു. “എങ്ങോട്ടാടാ കാലത്തേ?” എന്ന് അച്ഛന് ചോദിച്ചപ്പോള്‍ ഒരു കള്ളവും മനസ്സില്‍ വരാത്തത് കൊണ്ട് രവിക്കുട്ടൻ ഒന്നും മിണ്ടിയില്ല. പക്ഷെ കറുത്ത ചെളി മനുഷ്യന് ആയി നിന്നിരുന്ന വേണു ചോദിക്കാതെ തന്നെ പറഞ്ഞു, കണക്കു പഠിക്കാന്‍ പറ്റാത്തത് കൊണ്ട് ഒളിച്ചോടുവാണ് എന്ന്, അതും രവിക്കുട്ടൻ പറഞ്ഞിട്ടാണ് പോലും. ദുഷ്ടൻ , ഇവന് ആ ഓടയില്‍ തന്നെ കിടന്നാല്‍ മതിയായിരുന്നു.
അന്നത്തെ ഒളിച്ചോട്ട ശ്രമം കഴിഞ്ഞാണ് അച്ഛന് രവിക്കുട്ടന് കണക്കിന് ട്യൂഷന് ഇടപാട് ചെയ്തത്, സീതക്കുട്ടി ടീച്ചര്‍ ആയിരുന്നു ആ ക്രൂരകൃത്യം ചെയ്യാന്‍ നിയോഗിക്കപ്പെട്ടത്. എല്ലാവർക്കും അറിയാമോ എന്നറിയില്ല ഈ നുള്ള് എന്ന സാധനം ലോകത്ത് കണ്ടു പിടിച്ചത് സീതക്കുട്ടി ടീച്ചര്‍ ആയിരുന്നു. അതിന്റെ ചെട്ടികുളങ്ങര ഭാഗത്തെ ഹോള്‍ സെയില്‍ ഡീലറും ടീച്ചര്‍ ആയിരുന്നു. ഒന്ന് പറഞ്ഞു രണ്ടിന് നുള്ളാന്‍ തുടങ്ങും. അതും കയ്യില്‍ ഏറ്റവും മുകളില്‍ അടി വശത്ത്. അല്പം മാംസം കയ്യുടെ ഇടയില്‍ വെച്ച് ഒരു സ്കെയിലും ചേര്‍ത്ത് പിടിച്ചു നല്ല നുള്ള് തരും. ഈരേഴു പതിനാലു ലോകവും കാണാം. “അറിഞ്ഞൂടെ ങേ ങേ അറിഞ്ഞൂടെ ങേ” ഇങ്ങനെ ഒരു ചോദ്യവും ചോദിച്ചാണ് നുള്ളൂന്നത്. അപ്പോള്‍ രവിക്കുട്ടൻ കണ്ണ് നിറഞ്ഞു ഉറക്കെ വിളിച്ചു പറയും. “അറിയാം, അറിയാം, എല്ലാം അറിയാം, ഉടനെ ടീച്ചര്‍ നുള്ള് നിറുത്തും “എന്നാ പറ”, അപ്പൊ രവിക്കുട്ടൻ പതുക്കെ പറയും “അറിഞ്ഞൂട”, ഉടനെ ഇതേ പ്രക്രിയ പുനരാരംഭിക്കും.
ടീച്ചര്‍ ട്യൂഷന് തുടങ്ങിയ ശേഷം ആദ്യ തവണ മാര്‍ക്ക് കിട്ടി. രവിക്ക് അമ്പതില്‍ പത്ത്. വേണു ഭേദം ആണ്. അമ്പതില്‍ പതിനൊന്നു മാര്‍ക്ക്. സീതക്കുട്ടി ടീച്ചര്‍ അന്ന് ചായ പോലും വേണ്ടെന്നു വെച്ച് മുങ്ങാന്‍ തുടങ്ങിയെങ്കിലും ചെന്ന് ചാടിയത് അച്ഛന്റെ മുന്നില്‍ ആണ്. എന്ത് പരിപാടി ആണ് സീതക്കുട്ടീ ഇത്.ഇതിനാണോ ഇവനെ നിങ്ങളെ ഏല്‍പ്പിച്ചത്? ഇതാണോ കിട്ടേണ്ട മാര്‍ക്ക്. അങ്ങനെ അച്ഛന് രണ്ടു ചാട്ടം. അത് കേട്ട് ടീച്ചറിന്റെ തല താഴ്ത്തി ഉള്ള നില്‍പ്പ് രവിക്കുട്ടന് ഭയങ്കരമായി ഇഷ്ട്ടപ്പെട്ടു. രണ്ടു നുള്ള് കൂടെ കൊടുക്കച്ചാ എന്ന് മനസ്സില്‍ വിചാരിച്ചു. നുള്ള് കൊണ്ട് പെരു വിരലില്‍ പൊങ്ങി നില്ക്കുന്ന ടീച്ചറിനെ ആലോചിച്ചു രവിക്കുട്ടൻ തനിയെ ചിരിച്ചു.
എന്താടാ പത്തു മാര്‍ക്കും വാങ്ങിച്ചു നിന്ന് ചിരിക്കുന്നത് എന്ന് പറഞ്ഞു അച്ഛന് രവിക്കുട്ടന്റെ തലക്കിട്ട് ഒറ്റ അടി. ആഹാ അപ്പൊ എന്റെ അടുത്തായോ രവിക്കുട്ടൻ ചുണ്ട് കൂര്‍പ്പിച്ചു നിന്നു. അങ്ങനെ അന്ന് ആ ഒരു ഡോസ് കിട്ടിയതോടെ ടീച്ചര്‍ നുള്ളിന്റെ എണ്ണം കൂട്ടി. നിന്നെ നന്നാക്കാന്‍ പറ്റുമോ എന്ന് നോക്കട്ടെ എന്നും പറഞ്ഞായിരുന്നു നുള്ള്. കാരണം പോലും വേണ്ട. അങ്ങനെ ഇരിക്കവെയാണ് ഓണം അടുപ്പിച്ചു രവിക്കുട്ടന്റെ തന്നെ ഒരു വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന കണക്കു പഠിപ്പിക്കുന്ന രാധാമണി ടീച്ചര്‍ വൈകിട്ട് വീട്ടില്‍ വന്നത്. കുറച്ചു കഴിഞ്ഞു നുള്ളല്‍ റാണി സീതക്കുട്ടി ടീച്ചറും വന്നു. രാധാമണി ടീച്ചര്‍ അവിടെ ബാഗും വെച്ചിട്ട് അമ്മയോടൊപ്പം ഒരു സുഖമില്ലാത്ത ആളെ കാണാന്‍ പോയി. അല്പം കഴിഞ്ഞപ്പോള്‍ സീതക്കുട്ടി ടീച്ചര്‍ രവിക്കുട്ടനോട് വേഗം ഒരു പേപ്പര്‍ കൊണ്ട് വരാന്‍ പറഞ്ഞു. എന്നിട്ട് രാധാമണി ടീച്ചറിന്റെ ബാഗില്‍ നിന്ന് എടുത്ത എന്തോ ഒന്ന് പകർത്തി എഴുതാന്‍ തുടങ്ങി. എന്നിട്ട് അത് തിരികെ അത് പോലെ വെക്കുകയും ചെയ്തു.
അന്ന് മുതല്‍ ഓണ പരീക്ഷ വരെയും ഒരേ കാര്യങ്ങള്‍ ആണ് സീതക്കുട്ടി ടീച്ചര്‍ പഠിപ്പിച്ചത്. ഒന്നാം ചോദ്യത്തിന് നേരെ പത്ത്. രണ്ടാം ചോദ്യത്തിന് നേരെ മുപ്പത്തി രണ്ട്. അങ്ങനെ കുറെ ഉത്തരങ്ങള്‍ മാത്രം. ചോദ്യം നോക്കുക പോലും, വേണ്ട പോലും. ഇതെന്തു കൂത്ത്, ഏതായാലും നന്നായി. ഇത് മാത്രം പഠിച്ചാല്‍ മതിയല്ലോ. അങ്ങനെ കാണാതെ പഠിച്ച ഉത്തരങ്ങള്‍ അതെ പടി പകര്‍ത്തി ആണ് രവിക്കുട്ടൻ നൂറില്‍ നൂറു വാങ്ങിച്ചത്. സംഗതി മനസിലായല്ലോ അല്ലെ? ചോദ്യപേപ്പര്‍ ആണ് സീതക്കുട്ടി ടീച്ചർ അടിച്ചു മാറ്റി പകര്‍ത്തി എഴുതിയത്.
അങ്ങനെ മാര്‍ക്ക് കിട്ടിയ ദിവസം ഒരു ഘോഷയാത്ര ആയി വഴി നീളെ ജനങ്ങളുടെ സ്വീകരണം ഏറ്റുവാങ്ങിയാണ് രവിക്കുട്ടൻ വീട്ടില്‍ എത്തിയത്. വീട്ടിലും രവിക്കുട്ടനും സീതക്കുട്ടി ടീച്ചറും യഥാവിധി സല്‍ക്കരിക്കപ്പെട്ടു, ആദരിക്കപ്പെട്ടു. വേണു നൂറില്‍ ഇരുപതു മാര്‍ക്ക് വാങ്ങി സംതൃപ്തനായി. ടീച്ചറിന് അപ്പോള്‍ തന്നെ പുതുതായ് പത്തു കുട്ടികെളെ കൂടെ കിട്ടി. കാരണം രവിക്കുട്ടന് നൂറില്‍ നൂറു കിട്ടാമെങ്കില് ലോകത്ത് ആര്‍ക്കും അത് കിട്ടാം. അച്ഛന് ഭയങ്കര ഹാപ്പി. വീട്ടില്‍ എല്ലാരും ഹാപ്പി.
അങ്ങനെ ഒരു ഹാപ്പി കുമാര്‍ ആയി രവിക്കുട്ടൻ എണീറ്റ് വന്നപ്പോള്‍ ആണ് അടുത്ത ദിവസം കാലത്തേ അമ്മൂമ്മ ഒരു ഫുട്ബാള്‍ കൊണ്ട് കയ്യില്‍ കൊടുത്തത്. ഇതെന്തോന്ന്, രവിക്കുട്ടൻ കണ്ണ് തള്ളി നോക്കിയപ്പോള്‍ ഫുട്ബാള്‍ അല്ല, ഒരു തടിമാടന്‍ തേങ്ങ. ചെട്ടികുളങ്ങര അമ്പലത്തില്‍ അത് എറിഞ്ഞു പൊട്ടിക്കണം പോലും. അമ്മൂമ്മേടെ പഴയ നേര്‍ച്ച ആണ്. കണക്കിന് മാര്‍ക്കു വാങ്ങിച്ചതിന്റെ. വേറെ ഒന്നും നേരാന്‍ തോന്നിയില്ല അമ്മൂമ്മക്ക്. അതിനു ഞാന്‍ ഇത് വരെ അമ്പലത്തില്‍ തേങ്ങ പൊട്ടിച്ചിട്ടില്ലല്ലോ അമ്മൂമ്മാ. രവിക്കുട്ടൻ ചോദിച്ചു. ഒരു ചെറിയ തേങ്ങ പോരെ. പോരാ , ദൈവത്തിനു കൊടുക്കുമ്പോള്‍ ഏറ്റവും വലുത് തന്നെ വേണം.
ഭാഗ്യം, തൊഴാന്‍ ആരും ഇല്ല. മൊട്ട ഗോപന് മാത്രം അവിടെ വായും നോക്കി ഇരിപ്പുണ്ട്. അരവണ പായസം വാങ്ങാന്‍ ഉള്ള നില്‍പ്പാണ്, പിന്നെ ഉള്ളത് രസീത് ഒക്കെ എഴുതുന്ന പട്ടാളം കുട്ടപ്പന് എന്ന അമ്മാവന് ആണ്. ഭയങ്കര ദേഷ്യക്കാരന്‍, അയാളെ കാണുന്നതെ പേടി ആണ്. രവിക്കുട്ടൻ കണ്ണടച്ച് പ്രാര്‍ഥിച്ചു. ഭഗവാനെ എല്ലാ തവണയും ഇത് പോലെ ചോദ്യ പേപ്പറുമായി രാധാമണി ടീച്ചര്‍ വീട്ടില്‍ വരണേ. എല്ലാ വിഷയത്തിനും നൂറില്‍ നൂറും കിട്ടണേ. അങ്ങനെ ആണെങ്കില്‍ ഒരു കുഞ്ഞു തേങ്ങ വേണു കണ്ടു പിടിക്കുന്ന മെഷീന് വെച്ച് പൊട്ടിച്ചോളാമേ.
പ്രാർത്ഥന കഴിഞ്ഞപ്പോള്‍ പതുക്കെ ഒരു കണ്ണ് തുറന്നു രവിക്കുട്ടൻ ചുറ്റും നോക്കി. അപ്പോഴും മൊട്ട ഗോപന് മാത്രം വാ പകുതി തുറന്നു രവിക്കുട്ടൻ എന്താണ് ചെയ്യാന്‍ പോകുന്നത് എന്ന് നോക്കി നില്ക്കുന്നു. പട്ടാളം കുട്ടപ്പന് ഇതൊന്നും അറിയാതെ തിരിഞ്ഞു നിന്ന് വിറകു അടുക്കുന്നു. ഭാഗ്യം, മൊട്ടയോട് പോകാന്‍ പറ. പട്ടാളം കാണാതിരുന്നാല്‍ മതി. രവിക്കുട്ടൻ കഷ്ട്ടിച്ചു ഒരു കയ്യില്‍ ആ തടിയന് തേങ്ങ ഒതുക്കി, വല്ല വിധവും പൊക്കി ആ പാറക്കല്ലില്‍ മുഴുവന്‍ ശക്തിയും എടുത്തു ആഞ്ഞു ഒറ്റ ഏറ് .”ഡും” എറിഞ്ഞ ഊക്കില്‍ രവിക്കുട്ടൻ മൂന്നു കറക്കം കറങ്ങി വായും നോക്കി നിന്ന മൊട്ട ഗോപന്റെ ദേഹത്ത് പോയി വീഴുകയും ചെയ്തു.
പക്ഷെ ആ തേങ്ങ കല്ലിന്റെ മൂലയില്‍ തട്ടി തെറിച്ചു പട്ടാളം കുട്ടപ്പന്റെ മുതുകിൽ തന്നെ ചെന്ന് കൊണ്ടു. ‘അയ്യോ’ എന്നും പറഞ്ഞു കുട്ടപ്പന് ഒരൊറ്റ ചാട്ടം. ആരാടാ ഇത് എറിഞ്ഞത്, ആരാടാ, കുട്ടപ്പന് മുഖം വീര്‍പ്പിച്ച് ഉറക്കെ ചോദിച്ചു. പിന്നെ മുതുകു തടവിക്കൊണ്ട് കുട്ടപ്പന് കുനിഞ്ഞു തേങ്ങ കയ്യില്‍ എടുത്തു. രവിക്കുട്ടൻ ഒന്നും മിണ്ടാതെ സ്ഥിരം ആട്ടിന്‍ കുട്ടിയുടെ നിഷ്ക്കളങ്കത മുഖത്ത് വരുത്തി ഈ നാട്ടുകാരനെ അല്ലാത്ത പോലെ നിന്നു. സത്യം പറ, കുട്ടപ്പന് വിടുന്ന മട്ടില്ല. രവിക്കുട്ടൻ പറഞ്ഞു.
“മാമാ ചിലപ്പോ ഇത് തെങ്ങീന്ന് വീണതായിരിക്കും.”
“പിന്നേ, പൊതിച്ച തേങ്ങ അല്ലെ ഇപ്പൊ തെങ്ങീന്ന് വീഴണത്, വേഗം പറ.”
കുട്ടപ്പന് കണ്ണുരുട്ടി, തലയില്‍ വീണില്ലല്ലോ ഭാഗ്യം എന്നോ വേറെ എന്തെങ്കിലും കള്ളമോ പറയാന്‍ ആലോചിക്കുന്നതിനിടയില്‍ മൊട്ട ഗോപന് ചാടിക്കയറി പറഞ്ഞു
“അണ്ണാ ദാണ്ടേ ഇവനാണ് അണ്ണാ അണ്ണന്റെ മുതുകു നോക്കി തേങ്ങ എറിഞ്ഞത്”
ദൈവമേ ഈ മഹാപാപി, എന്തിനു ഇവന് മുപ്പതു വെള്ളിക്കാശിനു പോലും അല്ലാതെ എന്നെ ഒറ്റിക്കൊടുത്തു. രവിക്കുട്ടൻ ആലോചിച്ചു. സ്ഥിരം രവിക്കുട്ടന് പാര പണിയുന്നതാണ് മൊട്ട ഗോപന്റെ ഹോബി. കുട്ടപ്പന്റെ ചുവന്ന കണ്ണ് വീണ്ടും ചുവക്കുന്നതു കണ്ടപ്പോള്‍ ഭൂമി പിളര്‍ന്നു അപ്രത്യക്ഷനായാല്‍ മതിയായിരുന്നു എന്ന് രവിക്കുട്ടന് തോന്നി. അമ്മൂമ്മയും ഒരു തേങ്ങയും. കുട്ടപ്പന് അതാ അടുത്തേക്ക് വരുന്നു, തീര്‍ന്നു. രവിക്കുട്ടൻ അനിവാര്യമായ ശിക്ഷ പ്രതീക്ഷിച്ചു കണ്ണടച്ച് നിന്നു. കുട്ടപ്പന് പതുക്കെ തോളില്‍ കൈവെച്ചു എന്നിട്ട് ചോദിച്ചു.
“ഡേയ് നീ നല്ല പയ്യന്, എനിക്കറിയാം സത്യം പറ, ഇതാര് എറിഞ്ഞത് ?”
രവിക്കുട്ടൻ ഒരു നിമിഷം ശ്വാസം വലിച്ചു വിട്ടു, രക്ഷപ്പെട്ടു. എന്നിട്ട് വീണ്ടും ആട്ടിന്‍കുട്ടി ആയി ചുണ്ട് കൂര്‍പ്പിച്ചു. എന്നിട്ട് അടുത്ത് നിന്ന് രവിക്കുട്ടന് കിട്ടുന്ന അടിയും പ്രതീക്ഷിച്ചു ചിരിച്ചു കൊണ്ട് നില്ക്കുന്ന മൊട്ട ഗോപനെ ചൂണ്ടി കൊണ്ട് പറഞ്ഞു,
“മാമാ, മാമാ ഞാന്‍ ഇവിടെ ഉടക്കാന്‍ കൊണ്ട് വന്ന തേങ്ങ ഇവന് തട്ടിപ്പറിച്ചു. എന്നിട്ട് മാമന്റെ മുതുകു നോക്കി എറിഞ്ഞു.”
മൊട്ട ഗോപന്, കേട്ടത് സത്യം ആണോ എന്നറിയാന്‍ സ്വയം നുള്ളി നോക്കുന്നു. ഉടനെ പട്ടാളം പറഞ്ഞു. ശരി മോനെ, നീ പോ, നീ നല്ല പയ്യന്. എനിക്കപ്പഴേ അറിയാം നീ എന്നെ എറിയൂലാന്ന് .
ശരി മാമാ, രവിക്കുട്ടൻ അനുസരണയോടെ തലയാട്ടി വീട്ടിലേക്കു പോയി. അല്പം കഴിഞ്ഞ് അമ്പലത്തിന്റെ പടി ഇറങ്ങിയപ്പോള്‍ പുറകില്‍ മൊട്ട ഗോപന്റെ നിലവിളി. അണ്ണാ ഞാന്‍ അല്ലണ്ണാ, സത്യമായിട്ടും ഞാന്‍ അല്ല.
“നീ അല്ലേ, എറിഞ്ഞതും പോര ആ പാവം ചെറുക്കന്റെ പേര് പറയണല്ലെ, നിന്നെ ഇന്ന് ഞാന്‍……”
അജോയ് കുമാർ