നല്ല നാളേയ്ക്ക് ഈ വെള്ളിയാഴ്ചകള്‍ (Friday for Future)
പ്രിയപ്പെട്ട കുഞ്ഞുങ്ങളെ ,
വൈവിധ്യങ്ങളാണ് ലോകത്തെ മനോഹരങ്ങളാക്കുന്നത്. പ്രത്യേകിച്ച് കാലവസ്ഥയിലുള്ള വൈവിധ്യം. ഒരേ സമയം ചിലയിടത്ത് അത്യുഷ്ണമെങ്കില് മറ്റ് ചിലയിടത്ത് അതിശൈത്യം; വേറെ ഒരിടത്ത് കാലവര്ഷമെങ്കില് മറ്റൊരിടത്ത് മിതോഷ്ണം. ഈ വൈവിധ്യങ്ങള്‍ക്കനുസരിച്ചാണ് സസ്യജന്തുജാലങ്ങളുടെ രൂപീകരണവും പരിണാമവും സംഭവിച്ചിരിക്കുന്നത്. കാലവസ്ഥാഭേദങ്ങള്ക്കനുസരിച്ച് പല ക്രമീകരണങ്ങളും നടത്തിയാണ് മനുഷ്യരും ജീവിക്കുന്നത്. ആയിരക്കണക്കിന് വര്‍ഷങ്ങള്‍കൊണ്ട് രൂപപ്പെട്ടുവന്ന പാരിസ്ഥിതിക സന്തുലിതാവസ്ഥയാണ് മനുഷ്യലോകത്തെ ഇത്രയധികം പരിഷ്കൃതവും വികസിതവുമായി മാറ്റിയത്. എന്നാല്‍ വികസനം എന്ന പേരില്‍ മനുഷ്യര്‍ ഈ സന്തുലിതാവസ്ഥയെ തകര്‍ത്തുകൊണ്ടിരിക്കുന്നു. ഇത് മറ്റ് ജീവജാലങ്ങളുടെ സമ്പൂര്‍ണ്ണ നാശത്തിന് കാരണമാകുന്നു. അതുപോലെ പ്രകൃതി സമ്പത്തിന്റെ ധൂര്‍ത്ത് മനുഷ്യജീവിതത്തിന് വിനാശകരവും ജീവിതം അസഹ്യവുമാക്കികൊണ്ടിരിക്കുകയുമാണ്.
ഈ സാഹചര്യത്തിലാണ് സ്വീഡനിലെ സ്കൂള്‍ വിദ്യാര്‍ത്ഥിയായ ഗ്രെറ്റ തന്‍ബര്‍ഗിന്റെ സ്വീഡിഷ് പാര്‍ലമെന്റിന് മുമ്പിലെ സമരം ലോക ശ്രദ്ധ പിടിച്ചുപറ്റിയത്. എല്ലാ വെള്ളിയാഴ്ച ദിവസവും സ്കൂൾ ബഹിഷ്കരിച്ച് അവള് സമരം ചെയ്തു. 2018 ആഗസ്റ്റില്‍ ഗ്രെറ്റ ആരംഭിച്ച സമരം ഇപ്പോള്‍ നൂറു രാജ്യങ്ങളിലായി വ്യാപിച്ചിരിക്കുന്നു. വെള്ളിയാഴ്ചകളില്‍ സ്കൂള്‍ ബഹിഷ്കരിച്ചുകൊണ്ട് അവരുടെ ഭാവിയെ കൊള്ളയടിക്കുന്ന സ്വാര്‍ത്ഥരായ മുതിര്ന്നവര്ക്കെതിരെ കുട്ടികള്‍ സമരം ചെയ്തുകൊണ്ടിരിക്കുന്നു. നീതിയുക്തവും ഹരിതാഭവുമായ ഭൂമിക്കുവേണ്ടി കൗമാരക്കാര്‍ നടത്തുന്ന ആഗോള സമരമായി ഈ ‘വെള്ളിയാഴ്ച സമരം’ മാറിക്കഴിഞ്ഞു.
”നിങ്ങളുടെ ശുഭപ്രതീക്ഷകള്‍ എനിക്ക് വേണ്ട. പ്രതീക്ഷാ നിര്ഭരരായിരിക്കുന്ന നിങ്ങളേയും എനിക്ക് വേണ്ട. നിങ്ങള്‍ പരിഭ്രാന്തരാകണം. വീടിന് തീപിടിച്ചാലെന്ന പോലെ നിങ്ങള്‍ പരിഭ്രാന്തരാകണം.”
ഗ്രെറ്റ തന്‍ബര്‍ഗിന്റെ വാക്കുകളാണ് ഇത്.
പ്രിയപ്പെട്ടവരെ, പരിമിതമായ വിഭവങ്ങളെ ഇനി ഭൂമിയിലുള്ളു. ഭാവിയ്ക്കായി നല്ല കരുതലോടെ ജീവിച്ചില്ലെങ്കില്‍, കുഞ്ഞുങ്ങളെ അതിനായി ശീലിപ്പിച്ചില്ലെങ്കില്‍ ഈ മനോഹരമായ ഭൂമി അനതിവിദൂര ഭാവിയില്‍ ശ്മശാനമായി മാറും.
സസ്നേഹം….
ചീഫ് എഡിറ്റർ
പ്രൊഫ. സുജ സൂസൻ ജോർജ്ജ്