മുംബൈയിൽ നിന്നൊരു കത്ത്
1980 കളിലെ കഥയാണ്. കൃഷ്ണനും സലിമും സ്കൂൾ പഠിക്കുന്ന കാലം മുതലുള്ള കൂട്ടുകാരായിരുന്നു. അക്കാലത്ത് പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾ ക്ലാസുകളിൽ തോൽക്കുന്നതും പഠനം പാതിവഴിയിൽ നിർത്തുന്നതും പതിവാണ്. പഠനം നിർത്തിയ സലിം കുറച്ചുകാലം വാപ്പയെ ജോലികളിൽ സഹായിച്ച് വീട്ടിൽ തന്നെ കൂടി.
ഒരു ദിവസം സലിമിനെ കാണാതായി ഒപ്പം ഉപ്പാന്റെ 100 രൂപയും കാണാതായി. എല്ലാവരും തീരുമാനിച്ചു. അവൻ നാട് വിട്ട് പോയതാണെന്ന്. കൃഷ്ണന് വലിയ സങ്കടമായി തന്നോട് പോലും ഒന്നും പറയാതെ അവൻ നാടുവിട്ടുപോയതിൽ.
കുറെ കഴിഞ്ഞപ്പോൾ ഒരു ദിവസം സലിമിന്റെ കത്തു വന്നു എന്ന വാർത്ത നാട്ടിൽ പരന്നു. വിവരമറിയാനായി കൃഷ്ണൻ സലിമിന്റെ വാപ്പയെ സമീപിച്ചു.സലിമിന്റെ വാപ്പ മുഹമ്മദ് സന്തോഷത്തിൽ പറഞ്ഞു.
“എടാ നിന്റെ കൂട്ടുകാരന്റെ കത്ത് വന്നിട്ടുണ്ട്”
“എന്താ വിശേഷാ” കൃഷ്ണൻ വിവരങ്ങൾ ആരാഞ്ഞു.
“അതൊക്കെ വല്യ വിശേഷമല്ലേ, ഓന് അവടെ സുഖാത്രേ അതു പോലെ ഇവിടേം സുഖാന്ന് ഓൻ അവടിരുന്നങ്ങട് വിചാരിച്ചൂത്രെ”, എന്നിട്ട് ഓനങ്ങട് സന്തോഷിച്ചൂത്രെ എന്നും പറഞ്ഞ് കത്ത് കൃഷ്ണന് നേരെ നീട്ടി എനിക്ക് ഇവിടെ സുഖം തന്നെ അതു പോലെ അവിടെയും, സുഖമെന്നു കരുതി സന്തോഷിക്കുന്നു, സ്നേഹപൂർവ്വം സലിം.
(ഓൻ – അവൻ : നാടൻ പ്രയോഗം)
രചന – പി.രാധാകൃഷ്ണൻ – തൃത്താല