പിറന്നാൾ സദ്യ
ഇരട്ടകളായ റിൻസിയുടെയും ജിൻസിയുടെയും പിറന്നാൾ ഞായറാഴ്ചയാണ്. ഗംഭീരമായി ആഘോഷിക്കാൻ തീരുമാനമായി. കേരളത്തിലേതുപോലെ സദ്യ ഒരുക്കണം എന്ന അഭിപ്രായത്തിൽ എല്ലാവരും എത്തിചേർന്നു. ഓരോരുത്തരും അവരവർക്ക് കഴിയുന്ന ജോലികൾ ചെയ്യണം എന്ന് അമ്മ പറഞ്ഞപ്പോൾ കുട്ടികൾ കൈയ്യടിച്ചു പിൻതാങ്ങി.
പച്ചക്കറി നുറുക്കലാണ് കുട്ടികൾക്ക് കിട്ടിയ ജോലി. നാട്ടിൽ പോയപ്പോൾ സദ്യയ്ക്കു മുമ്പായി ആളുകൾ ഒന്നിച്ചിരുന്ന് പച്ചക്കറി നുറുക്കുന്നത് അവർ കണ്ടിട്ടുണ്ട്. കാളൻ, ഓലൻ, അവിയൽ എന്നിവയൊക്കെ ഉണ്ടാക്കണം. നിരവധി പച്ചക്കറികൾ മേശപ്പുറത്ത് നിരന്നു. കത്തിയും നുറുക്കാനുള്ള പലകയും പാത്രങ്ങളും.
റിൻസി കത്തിയെടുത്ത് കുമ്പളങ്ങ മുറിക്കാൻ തുടങ്ങി. മൂത്തു നരച്ച കുമ്പളങ്ങ മുറിക്കുന്നത് എളുപ്പമല്ലെന്ന് വേഗം തന്നെ മനസിലായി. ജിൻസിയും ശ്രമിച്ച് പരാജയപ്പെട്ടു. അങ്ങനെയാണ് പച്ചക്കറി നുറുക്കൽ കുഞ്ഞുറോബോയെ ഏൽപ്പിച്ചത്. പക്ഷേ കുഞ്ഞു റോബോ അവിയൽ കണ്ടിട്ടുമില്ല കഴിച്ചിട്ടുമില്ല. എങ്ങനെ നുറുക്കും.
ഓരോന്നിന്റെയും നീളം, വീതി, കനം എന്നിവ ഫീഡ് ചെയ്താൽ കുഞ്ഞു റോബോയ്ക്ക് കഷ്ണം നുറുക്കാനാവും. 5 സെ.മീ നീളം, 1 സെ.മീ വീതി, അര സെ.മീ കനം അവിയൽ കഷ്ണങ്ങ ളുടെ വലിപ്പം ഫീഡ് ചെയ്തു. കഴുകി വൃത്തിയാക്കിയ പച്ചക്കറികൾ എടുത്തു വെച്ചു. കാരറ്റ്, മുരിങ്ങ കായ, കുമ്പളങ്ങ, ചേന, പച്ചക്കായ, ഉരുളക്കിഴങ്ങ്. മുറിച്ച കഷ്ണങ്ങൾ ഇടാനുള്ള പാതം, വേയ്സ്റ്റ് ഇടാനുള്ള പാത്രം എല്ലാം റെഡിയാക്കി അവർ കുളിക്കാൻ പോയി. നുറുക്കിയ കഷ്ണങ്ങൾ എടുക്കാൻ വന്ന അമ്മ ചിരിക്കണോ, കരയണോ എന്നറിയാതെ അന്തിച്ചു നിന്നു.
“ഇനി അവിയൽ ഉണ്ടാക്കാൻ പച്ചക്കറിക്കായി ഞാൻ എവിടെ പോകും? സൂപ്പർ മാർക്കറ്റ് മുഴുവൻ തിരിഞ്ഞാണ് ഇത്രയെങ്കിലും കിട്ടിയത് അമ്മയുടെ ഉച്ചത്തിലുള്ള ശബ്ദം കേട്ട് കുട്ടികളും അച്ഛനും ഓടിയെത്തി.
വളരെ കുറച്ചു കഷണങ്ങൾ, എല്ലാം ഒരേ വലിപ്പമുള്ളവ, നല്ല ഭംഗിയിൽ ഒരു പാത്രത്തിൽ അടുക്കിവച്ചിരിക്കുന്നു.
“ഹായ് നന്നായിട്ടുണ്ടല്ലോ” കുട്ടികൾ സന്തോഷത്തോടെ പറഞ്ഞു. ഭംഗിയിൽ നാല് കഷണം മുറിച്ച് ബാക്കിയൊക്കെ കളയാൻ ആരാ പറഞ്ഞത്? അമ്മ ദേഷ്യം കൊണ്ട് വിറയ്ക്കുകയാണ്. അച്ഛൻ വായ പൊത്തി ചിരിക്കാതിരിക്കാൻ ശ്രമിക്കുന്നു.
വേസ്റ്റ് ഇടാനുള്ള പാത്രം നിറഞ്ഞിരിക്കുന്നു.. നല്ല കഷ്ണങ്ങൾ വേസ്റ്റിൽ കിടക്കുന്നു.
എന്തായിത്? ഇതെല്ലാം എങ്ങനെ വേസ്റ്റിൽ വന്നു? നാല് നല്ല കഷ്ണങ്ങൾ എടുത്തുകൊണ്ട് ജിൻസി കുഞ്ഞു റോബോയെ നോക്കി. ഇതിന് 1 മില്ലിമീറ്റർ നീളം കുറവുണ്ട്, ഇതിന് അരമില്ലിമീറ്റർ വീതി കുറവുണ്ട് ഇതിന്………
ഇത് കേട്ടതും എല്ലാവരും ചിരിച്ചു കുഞ്ഞു റോബോ മാത്രം ചിരിച്ചില്ല.
രചന – പി.രാധാകൃഷ്ണൻ തൃത്താല