“ആർദ്രമീ ധനുമാസ റാവുകളിലൊന്നിൽ
ആതിര വരും പോവുമല്ലേ സഖീ
ഞാനീ ജനലഴി പിടിച്ചൊട്ടു നിൽക്കട്ടെ
നീയെൻ അണിയത്തു തന്നെ നിൽക്കൂ ….”
എൻ.എൻ കക്കാടിന്റെ ‘സഫലമീ യാത്ര’ എന്ന ഈ കവിത കേൾക്കാത്ത മലയാളികൾ ഉണ്ടാവില്ല.
മലയാള കവിതയിലെ ദിശാമാറ്റത്തിന് തുടക്കം കുറിച്ചവരിൽ പ്രധാനിയാണ് കക്കാട്.
കാന്‍സര്‍ രോഗം വന്ന് വേദനയുടെ കയ്പ്പുനീര് കുടിച്ചിറക്കുന്ന വേളയിലാണ് കക്കാട് സഫലമീയാത്ര എന്ന കവിത രചിച്ചത്. മരണം മുന്നില്‍ കണ്ട കവി, ജീവിതയാത്ര സഫലമാണ് എന്ന് പറയുന്നു. സഫലമീയാത്രയില്‍ വിഷാദവും പ്രത്യാശയും, നിഴലും വെളിച്ചവുമെന്ന പോലെ ഇഴപിരിയാതെ കിടക്കുന്നു. സഫലമീ യാത്ര, കക്കാട് എന്ന കവിയുടെ പേര് അനശ്വരമാക്കിയ കവിത. സഹിക്കാനാവാത്ത വേദനയിലും ജീവിതം മധുരമാകുമെന്നു കൊതിച്ച കവിയെ കവിതയില്‍ കാണാം.
അനിൽ നമ്പൂതിരിപ്പാട് എന്ന അധ്യാപകൻ കർണാടകത്തിലെ ഒരു നവോദയ വിദ്യാലയത്തിലെ 20 മലയാളി കുട്ടികളെ സഫലമീ യാത്ര എന്ന കവിത പഠിപ്പിച്ചപ്പോഴുണ്ടായ അനുഭവം അദ്ദേഹം തന്റെ ബ്ലോഗ്ഗിൽ കുറിച്ചിരുന്നു..
“അന്നും രാവിലെ അസംബ്ലിക്ക് ശേഷമുള്ള ആദ്യപിരീഡ് മലയാളിക്കുട്ടികള്‍ക്കും എനിക്കും സ്വന്തം ഭാഷയില്‍ പറയാനും കേള്‍ക്കാനും ഉള്ള നേരമാണ്. പതിവുപോലെ ഞങ്ങള്‍ കമ്പ്യൂട്ടര്‍ റൂമില്‍ ഒത്തുകൂടി. കവിത പഠിപ്പിച്ചു കഴിഞ്ഞതിനാല്‍ അടുത്ത പാഠം പ്രതീക്ഷിച്ചു വന്ന അവരോടു ഞാന്‍ പറഞ്ഞു, ” ഇന്ന് നമുക്കൊരാളെയൊന്നു ഫോണ്‍ ചെയ്തു നോക്കാം. എനിക്കും നിങ്ങള്‍ക്കും ഭാഗ്യമുണ്ടെങ്കില്‍ നിങ്ങള്‍ക്ക് അവരോടു നേരിട്ട് സംസാരിക്കുകയുമാവാം.”
മൊബൈലില്‍ ഒരു നമ്പര്‍ തേടിയെടുത്ത് ഞാന്‍ മറുതലയ്ക്കലെ ശബ്ദത്തിന് കാതോര്‍ത്തിരുന്നു. ഞാന്‍ ആരോടാണ് സംസാരിക്കാന്‍ പോകുന്നതെന്നറിയാതെ, മുന്നിലെ ഇരുപതു മുഖങ്ങളില്‍ ആകാംഷയുടെ തുടിപ്പ്. നിമിഷങ്ങള്‍ക്കകം ഫോണിനപ്പുറത്ത് ചെറിയച്ഛന്റെ മകള്‍ പ്രിയയുടെ ശബ്ദം, “ഇതെന്താ ഏട്ടാ, പതിവില്ലാതെ, ഈ നേരത്ത്? സ്കൂളില്ല്യെ?” ഞാന്‍ മലയാളം ക്ലാസില്‍ നിന്നും നേരിട്ട് വിളിക്കുകയാണ് എന്നും വിഷമമാവില്ലെങ്കില്‍ അമ്മയോടോന്നു സംസാരിക്കണമെന്നും ഞാന്‍ പ്രിയയോടു പറഞ്ഞു. ഉടനെ ഫോണില്‍ പക്വതയാര്‍ന്ന ഒരമ്മയുടെ ശബ്ദം, “നോക്കെത്താ ദൂരത്ത് നിന്ന് തന്നെയാണോ ഈ വിളി? നാട്ടിലേയ്ക്ക് മാറ്റം കിട്ടി വന്നില്ല്യ, അല്ലെ?” കോഴിക്കോട് ചേവായൂര്‍ ഹില്‍വ്യൂ കോളനിയിലെ “ക്ലീ” മില്‍ നിന്നും കക്കാടിന്റെ പത്നിയായ ശ്രീദേവി കക്കാടിന്റെ (ശ്രീദേവി ഓപ്പോളുടെ ) മാതൃത്വം തുളുമ്പുന്ന സ്നേഹസ്വരം. കുശലാന്വേഷണങ്ങള്‍ ഇരുവരികളില്‍ ഒതുക്കി ഞാന്‍ ഞങ്ങളുടെ ഉദ്ദേശ്യം വ്യക്തമാക്കി.
‘സഫലമീയാത്ര’ ഇവിടെ ക്ലാസില്‍ പഠിപ്പിച്ചു കഴിഞ്ഞപ്പോള്‍ ഞാനിന്നു കുട്ടികളോട് പറഞ്ഞു, മൂപതിറ്റാണ്ടുകള്‍ സുഖദു:ഖങ്ങള്‍ പങ്കിട്ട കവിയുടെ “സഖി” യോടു നമുക്ക് ഭാഗ്യമുണ്ടെങ്കില്‍ ഇന്നൊന്നു സംസാരിക്കാം” എന്ന്! ഈ കവിത പഠിപ്പിക്കാന്‍ ഇതിലപ്പുറം ലോകത്ത് മറ്റൊരു പഠനോപാധിയില്ലെന്നും എണ്പത്തിരണ്ടു കഴിഞ്ഞ ഈ മുത്തശ്ശിയെ ഒരിക്കല്‍ നേരില്‍ കണ്ടവരാരും ആ ചിരിയും പെരുമാറ്റവും മറക്കുകയില്ലെന്നും ഞാന്‍ കുട്ടികളോട് ഇടയ്ക്ക് പറഞ്ഞിരുന്നു.” നല്ല മലയാളത്തില്‍ ശ്രീദേവി ഓപ്പോള് സംസാരിക്കാന്‍ തുടങ്ങിപ്പോള്‍ ആ സ്വത:സിദ്ധമായ ചിരിക്കുന്ന മുഖം ഞാന്‍ നേരില്‍ കാണുകയായിരുന്നു.
തന്റെ പ്രിയതമനെക്കുറിച്ചും അദ്ദേഹത്തിന്റെ കവിത, താല്പര്യങ്ങള്, നിലപാടുകള്‍ എന്നിവയില്‍ തുടങ്ങി രോഗബാധിതനായി മൃത്യുവിനെ വരിക്കുന്ന നേരം വരെയുള്ള കാര്യങ്ങള്‍ ചുരുങ്ങിയ വരികളില്‍ ഓപ്പോള് വിവരിച്ചു. കുട്ടികളുടെ വര്‍ത്തമാനങ്ങള്‍ക്കും ചോദ്യങ്ങള്‍ക്കും ഉചിതമായ മറുപടിയും നല്കി. “സഫലമീ യാത്ര ഇടയ്ക്ക് കേള്‍ക്കുമ്പോഴെല്ലാം മുത്തശ്ശിക്ക് സങ്കടം വരാറില്ല്യേ?” എന്ന ഒരു കുട്ടിയുടെ ചോദ്യം കേട്ടപ്പോള്‍, ശ്രീദേവി ഓപ്പോള് ഗദ്ഗദത്തോടെ പറഞ്ഞു, “ഉവ്വ്, പല സ്ഥലങ്ങളിലും പോയി ഇക്കവിത കേള്‍ക്കുമ്പോള്‍ നല്ലപോലെ വിഷമം തോന്നാറുണ്ട്, തോന്നാതെ വയ്യല്ലോ, തോന്നിയിട്ട് കാര്യമൊന്നുമില്ലെങ്കിലും!”
“ആര്‍ദ്രമീ ധനുമാസരാവില്‍” എന്ന തന്റെ പുസ്തകത്തില്‍ കക്കാടെന്ന കവിയുടെയും വ്യക്തിയുടെയും ജീവിതത്തിലെ ഭിന്നമുഖങ്ങളും സവിശേഷതകളും അദ്ദേഹത്തിന്റെ പ്രിയപത്നിയായ ശ്രീദേവി കക്കാട് സവിസ്തരം അനാവരണം ചെയ്യുന്നുണ്ട്. അരമണിക്കൂറോളം നീണ്ടു നിന്ന ആ ഫോണ്വിളിയ്ക്കൊടുവില് കുട്ടികളെപ്പോലെ ഞാനും എന്റെതായ ഒരു സംശയമുന്നയിച്ചു, “അറുപതു വയസ്സില്‍ അസ്തമിക്കാന്‍ പോകുന്ന തന്റെ ആയുസ്സിനെക്കുറിച്ചോ, അടുത്തെത്തിയ മരണത്തെക്കുറിച്ചോ അദ്ദേഹത്തിനു തീരെ ആശങ്കകളുണ്ടായിരുന്നില്ല്യെ?”
“മരണം പ്രകൃതിശ്ശരീരിണാം
വികൃതിര്‍ജ്ജീവിതമുച്യതേ ബുധൈ”
“മരണം എന്നുള്ളത് ശരീരം സ്വീകരിച്ചവര്‍ക്ക് ഒരു നില അഥവാ അവസ്ഥ മാത്രമാണ്. അതിനിടയില്‍ ചെയ്യുന്ന നമ്മുടെ വികൃതി (പ്രവൃത്തി)കളെല്ലാം കൂടിച്ചേര്‍ന്നതാണ് ഈ ജീവിതമെന്നു പണ്ഡിതമതം”. കക്കാടിന്റെ ചിന്താസരണി ഇപ്രകാരമായിരുന്നുവെന്നു ശ്രീദേവി ഓപ്പോള് പറഞ്ഞു.
‘സഫലമീ യാത്ര’യെന്ന കവിതയുടെ പശ്ചാത്തലവും നേരനുഭവും കേട്ടുകൊണ്ട് ഇരുപതു കുട്ടികളും ഞാനും ഏതോ ലോകത്തിലായിരുന്നു. ആദ്യ പിരീഡിന്റെ സമയം തീരുമ്പോള്‍ ശ്രീദേവി ഓപ്പോള് കുട്ടികള്‍ക്കു ശുഭാശംസകള്‍ നേര്‍ന്ന് അവസാനിപ്പിച്ചു. കക്കാടിന്റെ പൌത്രി ശ്രീക്കുട്ടി മറുപുറത്ത് തത്സമയം ഉണ്ടായിരുന്നതിനാല്‍ എന്റെ ആവശ്യപ്രകാരം മുത്തശ്ശന്റെ പ്രിയപ്പെട്ട കവിത, ‘നന്ദി, തിരുവോണമേ നന്ദി!” യിലെ അവസാനവരികള്‍ അതിമനോഹരമായി ഞങ്ങളെ കേള്‍പ്പിച്ചു. എനിക്കും കുട്ടികള്‍ക്കും ജീവിതത്തിലൊരിക്കലും മറക്കാന്‍ കഴിയാത്ത നിമിഷങ്ങള്‍ക്ക് പരിസമാപ്തി. ഈ ഇരുപതു പേര്‍ക്ക് ജീവിതാന്ത്യം വരെ ഓര്‍ക്കാന്‍ കഴിയുന്ന ഒരനുഭവപാഠം!”
‘സഫലമീ യാത്ര’ എന്ന കൃതിയ്ക്ക് അദ്ദേഹത്തിന് കേരള സാഹിത്യ അക്കാദമി അവാർഡും വയലാർ അവാർഡും ലഭിച്ചിട്ടുണ്ട്. ഓടക്കുഴൽ അവാർഡ്, ആശാൻ പുരസ്കാരം, കേരളസാഹിത്യ അക്കാദമി പുരസ്കാരം എന്നിവയും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. ശലഭഗീതം, പാതാളത്തിന്റെ മുഴക്കം, വജ്രകുണ്ഡലം, സഫലമീ യാത്ര, നന്ദി തിരുവോണമേ നന്ദി, 1963, ഇതാ ആശ്രമമൃഗം കൊല്ല് കൊല്ല്, പകലറുതിക്കു മുൻപ്, നാടൻചിന്തുകൾ തുടങ്ങിയതാണ് അദ്ദേഹത്തിന്റെ പ്രധാന കൃതികൾ. 1987 ജനുവരി 6 നാണു കക്കാട് മരിച്ചത്.