വിദ്യാഭ്യാസം നേടാനുള്ള അവകാശത്തിനു വേണ്ടി നടന്ന പോരാട്ടത്തിന്റെ കഥയാണ് ഇത്തവണ വായന പംക്തിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്..
പഠിക്കാനായി ഒരു സമരം
നൂറ് വർഷം മുൻപ് തിരുവനന്തപുരത്തുള്ള ബാലരാമപുരത്തെ ഊരൂട്ടമ്പലം സ്കൂളിലേക്ക് അഞ്ചു വയസ്സുകാരി പഞ്ചമി എന്ന പെൺകുട്ടിയെയും കൂട്ടി അയ്യങ്കാളി എന്ന ചെറുപ്പക്കാരൻ കയറി ചെന്നു. “ഇവൾ എന്റെ ബന്ധുവാണ്, ഇവളെ ഇവിടെ ചേർത്ത് പഠിപ്പിക്കണം.” ഹെഡ് മാസ്റ്ററോട് ആ ചെറുപ്പക്കാരൻ ആവശ്യപ്പെട്ടു. “നിങ്ങൾ കീഴ് ജാതിക്കാരാണ്, നിങ്ങളെ ഇവിടെ പഠിപ്പിക്കാൻ പറ്റില്ല.” ഹെഡ് മാസ്റ്റർ തറപ്പിച്ച് പറഞ്ഞു. തർക്കം മൂത്തു. ഊരൂട്ടമ്പലത്തെ ജന്മിയായ കൊച്ചാപ്പിപിള്ളയുടെ നേതൃത്വത്തിൽ അയ്യങ്കാളിയെ വളഞ്ഞിട്ടു ആക്രമിച്ചു. കലിയടങ്ങാതെ അവർ സ്കൂളിന് തീയിട്ട ശേഷം അത് അയ്യൻകാളിയുടെ
ചുമലിൽ ചാർത്തി. പിന്നീടത് ലഹളയായി. നാടൊട്ടുക്കും കലാപം പടർന്നു. സവർണരും അവർണ്ണരും തമ്മിൽ തെരുവിൽ ഏറ്റുമുട്ടി. വീടുകൾ അഗ്നിക്കിരയാക്കപ്പെട്ടു. അയ്യൻകാളി അവർണ്ണരുടെ നേതൃത്വം ഏറ്റെടുത്തു. അദ്ദേഹം സവർണ്ണരോടായി ഇങ്ങനെ പ്രഖ്യാപിച്ചു. “ഞങ്ങളുടെ കുട്ടികളെ നിങ്ങളുടെ പള്ളിക്കൂടത്തിൽ പ്രവേശിപ്പിച്ചില്ലെങ്കിൽ നിങ്ങളുടെ പാടത്ത് പണിയെടുക്കുവാൻ ഞങ്ങൾ തയ്യാറല്ല. അവിടെ പുല്ലു മാത്രമേ കാണൂ.”
സവർണ്ണരുടെ കൃഷിപ്പണികൾ മുടങ്ങി. ഏറ്റവും ഒടുവിൽ അയ്യൻകാളിയുടെ സമരം വിജയിച്ചു.
മനസ്സില്ലാമനസ്സോടെ ദളിതരായ കുട്ടികളെ സ്കൂളിൽ പ്രവേശിപ്പിക്കാൻ സവർണ്ണർ തയ്യാറായി. എല്ലാ കുട്ടികളെയും സ്കൂളിൽ പ്രവേശിപ്പിക്കണം എന്നാവശ്യപ്പെട്ടു കൊണ്ടുള്ള ഉത്തരവുണ്ടായി. ജന്മിമാർ തീയിട്ടു നശിപ്പിച്ച സ്കൂൾ രാജാവ് പുതുക്കി പണിതു.
അങ്ങനെ ചരിത്രത്തിന്റെ ഭാഗമായി മാറിയ കുടി പള്ളിക്കൂടം പിന്നീട് എൽ.പി സ്കൂളായും യു പി സ്കൂളായും ഉയർന്നു. പഠിക്കാനുള്ള അവകാശ സമരത്തിന്റെ ഭാഗമായി മാറിയ പഞ്ചമിക്കു സ്കൂളിൽ ഒരു സ്മാരകം വേണമെന്ന ആവശ്യം ഉയർന്നു. അങ്ങനെയാണ് ഊരൂട്ടമ്പലം സ്മാർട്ട് ക്ലാസ് കെട്ടിടത്തിന് പഞ്ചമി എന്ന പേര് കിട്ടിയത്.