തെളിനീരൊഴുക്കാന്‍ നമുക്കൊപ്പം മീനുകളും തുമ്പികളുമുണ്ടാകട്ടെ…..
പ്രകൃതിസംരക്ഷണം, പരിസ്ഥിതി സംരക്ഷണം എന്നൊക്കെ നമ്മള് എളുപ്പത്തില്‍ പറയാറുണ്ട്. കുറേ തൈകള്‍ നടുക, പ്ലാസ്റ്റിക് മാലിന്യം നീക്കുക തുടങ്ങി ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ ഇതിന്റെ ഭാഗമായി ചെയ്യാറുണ്ട്. ഗ്രീന്‍ വാഷ് എന്ന് വിശേഷിപ്പിക്കാവുന്ന ചില ചുളുക്ക് വിദ്യകള്‍ മാത്രമാണത്. ഇപ്പോള്‍ കേരളത്തിലെ സര്‍ക്കാര്‍ രൂപം നല്‍കിയിരിക്കുന്ന ഹരിതകേരളം മിഷന് അതില്‍ നിന്ന് വ്യത്യസ്തമായി പരിസ്ഥിതി സംരക്ഷണത്തെ സമഗ്രമായ കാഴ്ചപ്പാടോടെ സമീപിക്കുകയാണ്. മണ്ണും ജലാശയങ്ങളും സംരക്ഷിക്കുക, കൃഷി വ്യാപിപ്പിക്കുക, പുഴകള്‍ വീണ്ടെടുക്കുക തുടങ്ങി അതിന് പല തലങ്ങളുണ്ട്. ഏതെങ്കിലും ഒറ്റമൂലി ചികിത്സയിലൂടെ വീണ്ടെടുക്കാവുന്നതല്ല പ്രകൃതിയുടെ ആരോഗ്യം. ആ തിരിച്ചറിവാണ് ഹരിത കേരളം ഒരു ദൗത്യമായി ഏറ്റെടുത്തിരിക്കുന്നത്.
ഒരു പുഴയെ വീണ്ടെടുക്കാനിറങ്ങുമ്പോള് നമുക്ക് ആ പുഴയെക്കുറിച്ചും അതിന്റെ ചുറ്റുപാടുകളെക്കുറിച്ചും കൃത്യമായ അറിവുണ്ടാകണം. കേരളത്തിലെ പുഴകള്‍ക്ക് പഴയ ആരോഗ്യമില്ലെന്ന് നമുക്കറിയാം. പക്ഷേ, തൊലിപ്പുറത്തെ രോഗലക്ഷണങ്ങള്‍ കണ്ട് ആരോഗ്യം വീണ്ടെടുക്കാനാവില്ല. പുഴയുടെ ഒരു ഹോള്‍ ബോഡി ചെക്കപ്പ് തന്നെ നടത്തണം. പുഴ തടസ്സങ്ങളില്ലാതെ ഒഴുകുന്നുണ്ടോ.. അതിന്റെ വൃഷ്ടിപ്രദേശങ്ങള്‍ ജൈവസമ്പുഷ്ടമാണോ… നദീ തടത്തിലെ വയലുകളും തോടുകളും കുളങ്ങളും പഴയതുപോലെ തന്നെ നിലനില്‍ക്കുന്നുണ്ടോ… അവിടെ മുമ്പ് കണ്ടിരുന്ന വൃക്ഷങ്ങളും വള്ളികളും ചെടികളുമൊക്കെ എത്രമാത്രം നഷ്ടമായിട്ടുണ്ട്… കര്‍ഷകര്‍ മാരകമായ വിഷവും രാസവസ്തുക്കളും കൃഷിയിടങ്ങളില്‍ പ്രയോഗിച്ച് പരിസരം വിഷലിപ്തമായിട്ടുണ്ടോ… ഇതെല്ലാം അന്വേഷിക്കുന്നത് പുഴ പഠനത്തിന്റെ ഭാഗമാണ്. ഒഴുകുന്ന പുഴക്കേ ജീവനുള്ളൂ. അതില്‍ നീര്‍നായയും നീര്ക്കാക്കയുമുണ്ടാകും. മത്സ്യങ്ങളുണ്ടാകും. ഒഴുക്ക് നിലച്ച് മാലിന്യമടിഞ്ഞ് കിടക്കുന്ന പുഴയില്‍ വെള്ളമുണ്ടെങ്കിലും അത് ജീവനില്ലാത്തതാണെന്ന് മനസ്സിലാക്കണം.

ഡിവാറിയോ മലബാറിക്കസ്

മലബാര്‍ ലീഫ് ഫിഷ്
കഴിഞ്ഞ ഒരു മാസമായി ഞങ്ങള്‍ കുറേ സുഹൃത്തുക്കള്‍ ചേര്‍ന്ന് കുന്തിപ്പുഴയുടെ ജൈവ വൈവിധ്യത്തെക്കുറിച്ച് പഠനം തുടങ്ങി. മീനുകളെ തിരിച്ചറിയാന്‍ പുഴയിലിറങ്ങി വലയിട്ട് പിടിച്ചു. ഓരോരുത്തരേയും പരിശോധിച്ച് തിരിച്ചറിഞ്ഞ് പുഴയിലേക്ക് തിരികെ വിട്ടു. കുന്തിപ്പുഴയില്‍ ഞങ്ങള്‍ 16 തരം മത്സ്യങ്ങളെ കണ്ടു. ഞങ്ങള്‍ക്ക് തിരിച്ചറിയാത്തത് ഇനിയും എത്രയോ ഉണ്ടാകും. കല്ലൊട്ടി എന്ന് അവിടുത്തെ നാട്ടുകാര്‍ വിളിക്കുന്ന ഒരു മീനുണ്ട്. ഗാര മുള്ള്യ എന്നാണ് വേറൊരു പേര്. നല്ല ഒഴുക്കുള്ള പുഴയിലേ ഈ മീനിനെ കാണാന്‍ കഴിയൂ. ധാരാളം കല്ലൊട്ടികളെ കണ്ടതോടെ ഞങ്ങള്‍ക്ക് ചെറിയൊരാശ്വാസം ലഭിച്ചു. ഈ പുഴ തെളിനീരൊഴുകുന്ന പുഴയാണെന്ന ആശ്വാസം. കാരണം മാലിന്യമുള്ള വെള്ളത്തില്‍ ഇവയ്ക്ക് ജീവിക്കാനാവില്ല. ചിലയിനം ആല്‍ഗകളാണ് അതിന്റെ ഭക്ഷണം. പായലുകള്‍ നശിപ്പിച്ച് വെള്ളം ശുദ്ധമാക്കാന്‍ അവ സഹായിക്കുകയും ചെയ്യും. ‘ഡിവാറിയോ മലബാറിക്കസ്’ എന്ന വേറൊരു മീനിനെപ്പറ്റി പറയാം. ചെറിയ ഇനം പരല്‍ മീന്‍. മാലിന്യമുള്ള പുഴകളില്‍ ഇവയ്ക്കും നിലനില്ക്കാനാവില്ല. പുഴയടിയില് ഓക്സിജന്‍ ഇപ്പോഴും സമൃദ്ധമാണ് എന്ന് ഡിവാറിയോ മലബാറിക്കസ് സാക്ഷ്യപ്പെടുത്തുന്നു. എത്രയൊക്കെ മാലിന്യമൊഴുക്കിയിട്ടും പുഴയെ പൂര്‍ണമായും നശിപ്പിക്കാനായിട്ടില്ലെന്ന് ചുരുക്കം. ‘മലബാര്‍ ലീഫ് ഫിഷ്’ എന്നൊരിനം മീനിനെയാണ് പിന്നീട് കണ്ടത്. നല്ല മണലുള്ള പുഴകളിലേ ഇവയ്ക്ക് ജീവിക്കാനാവൂ. ഇത്രയേറെ വാരി വിറ്റിട്ടും പുഴയുടെ അടിത്തട്ടില്‍ ഇപ്പോഴും മണലുണ്ടെന്നാണ് മലബാര്‍ ലീഫ് ഫിഷിന്റെ സാന്നിധ്യത്തില്‍ നിന്ന് മനസ്സിലാക്കാന്‍ കഴിഞ്ഞത്. പ്രിസ്റ്റോ ലെപ്പിസ് മാര്‍ജിനേറ്റസ് എന്നാണ് ഇതിന്റെ ശാസ്ത്രീയനാമം. ചെറിയ ഉരുളന്‍ കല്ലുകളില്‍ പറ്റിപ്പിടിച്ചിരിക്കുന്ന ‘ലോച്ചസ്’ എന്ന മീനിനേയും ഞങ്ങള്‍ കണ്ടു. പളുങ്കുപോലുള്ള കല്ലുകളുള്ള പുഴകളില്‍ മാത്രമേ ഇവയെ കാണാനാവൂ. കൂടുതല്‍ പേരുകള്‍ പറഞ്ഞ് ബുദ്ധിമുട്ടിക്കുന്നില്ല. ഒരു കാര്യം പറയാം. നല്ല വെള്ളത്തിലേ മത്സ്യസമ്പത്തുണ്ടാകൂ. മത്സ്യങ്ങളുള്ള വെള്ളത്തിനേ ശുദ്ധിയുണ്ടാകൂ.

ആറ്റുകൈത
വെള്ളം ശുദ്ധമായിരിക്കാന്‍ പുഴക്കരയും ജൈവസമൃദ്ധമാകണം. മഴവെള്ളം പിടിച്ചുനിര്‍ത്താനും അല്‍പ്പാല്‍പ്പമായി പുഴയിലേക്ക് കിനിഞ്ഞിറങ്ങാനും പലതരം സസ്യങ്ങള്‍ വേണം. പുഴയാലം, മണിമരുത്, നീര്‍മരുത്, ഇലഞ്ഞി, പാറകം തുടങ്ങി പണ്ട് പുഴയരികിലുണ്ടായിരുന്ന ധാരാളം മരങ്ങള്‍ ഇപ്പോഴും നമ്മുടെ പുഴയോരത്തുണ്ട്. ആറ്റുകൈത, പാല്‍വള്ളി, നാഗവള്ളി, പീച്ചിങ്ങ തുടങ്ങിയ വള്ളിച്ചെടികളും പുഴയോരത്തുണ്ടാകണം. അപ്പോള്‍ ധാരാളം പൂമ്പാറ്റകളും തുമ്പികളും വണ്ടുകളുമൊക്കെയുണ്ടാകും. ഈ ഷഡ്പദങ്ങളുണ്ടെങ്കില് പച്ചക്കറി, മാവ്, തേങ്ങ, ജാതിയ്ക്ക തുടങ്ങി സകല വിളകളുടേയും പരാഗണത്തിനും അതുവഴി വിളവ് വര്ധിക്കുതിനും ഉപകരിക്കും. അത് കര്‍ഷകര്‍ക്ക് ലാഭമുണ്ടാക്കിക്കൊടുക്കും. ലാഭമുണ്ടെങ്കില്‍ കര്‍ഷകര്‍ കൃഷി ചെയ്യാന്‍ തയ്യാറാകും. കൃഷി ചെയ്താല്‍ വെള്ളം സംഭരിക്കപ്പെടും. അതുവഴി നദികളില്‍ കൂടുതല്‍ വെള്ളമുണ്ടാകും. ഇക്കാര്യങ്ങളെല്ലാം പുഴയോരത്ത് താമസിക്കുന്ന ഓരോ മനുഷ്യനും ബോധ്യപ്പെടണം. അങ്ങനെയങ്ങനെ ഒരു കാലത്ത് സമൃദ്ധമൊയൊഴുകിയിരുന്ന പുഴകളെ വീണ്ടെടുക്കാന്‍ നമുക്ക് കഴിയണം. അതിന് ചുറ്റുപാടും ഇറങ്ങി സൂക്ഷ്മതയോടെ പഠനം നടത്തി ചിട്ടയായ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യണം. കേരളത്തിന് പുറത്തും നദികളും ജലാശയങ്ങളുമുണ്ട്. അവിടുത്തെ സ്ഥിതിയും വ്യത്യസ്തമല്ല. നദീ തീരങ്ങളില്‍ വെറുതെ ഒന്ന് ഇറങ്ങി നടക്കൂ. എന്തെല്ലാം കാണുന്നുണ്ടെന്ന് സ്വയം നിരീക്ഷിക്കൂ.
ലേഖകന്‍ : ഐ ആര് പ്രസാദ്