കോഴിക്കോടിന്റെ സ്വന്തം കനോലി കനാൽ

ഈ ലക്കത്തിലെ പ്രകൃതിപരിചയത്തിൽ നമുക്ക് കനോലി കനാലിനെ പരിചയപ്പെടാം. കോഴിക്കോടിന്റെ സ്വന്തം കനാൽ. പണ്ടുകാലങ്ങളിൽ ഗതാഗതത്തിനും ചരക്കു നീക്കത്തിനും കൂടുതൽ ആശ്രയിച്ചിരുന്നത് ഇത്തരം കനാലുകളെയാണ്. മോട്ടോർ വാഹനങ്ങളുടെ കടന്നുവരവോടെ ജലമാർഗങ്ങൾ വിസ്‌മൃതിയിലാണ്ടു. അതോടെ മാലിന്യങ്ങൾ നിക്ഷേപിക്കാനുള്ള കേന്ദ്രങ്ങളായി പുഴകൾ മാറി. ജലഗതാഗതത്തിനും വിനോദസഞ്ചാരത്തിനുമുള്ള സാധ്യതകൾ മുൻനിർത്തി പുഴകളും കായലുകളും കനാലുകളും തിരിച്ചുപിടിക്കേണ്ടത് അനിവാര്യമാണ്.

കോഴിക്കോട്, പൊന്നാനി, ചാവക്കാട്, കൊടുങ്ങല്ലൂര്‍ , കൊച്ചി എന്നിങ്ങനെയുള്ള വാണിജ്യകേന്ദ്രങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് മലബാര്‍ കലക്ടറായിരുന്ന കനോലി സായിപ്പ് 1848-ൽ പണിയിച്ചതാണ് കനോലി കനാല്‍. സഞ്ചാരത്തിനും, ജലമാര്‍ഗ്ഗേണ ചരക്കുകള്‍ ക്രയവിക്രയം ചെയ്യാനും, കൊച്ചി മുതല്‍ കോഴിക്കോട് വരെ തപാല്‍ വിതരണം നടത്താനും കനോലി കനാലാണ് ഉപയോഗിച്ചിരുന്നത്. അതിനു വേണ്ടി ‘തപാല്‍വഞ്ചി’ സര്‍വ്വീസും അന്നുണ്ടായിരുന്നു. മലബാറിന്റെ വളര്‍ച്ചക്ക് കനോലി കനാല്‍ വലിയ പങ്കാണ് വഹിച്ചിട്ടുള്ളത്.

ഇന്നത്തെ പോലെ റോഡുകളും തീവണ്ടികളും ഇല്ലാതിരുന്നൊരു കാലത്ത് ഈ കനാലായിരുന്നു കോഴിക്കോട്ടുകാരുടെ പ്രധാന സഞ്ചാരമാര്‍ഗം. നൂറ് കണക്കിന് തോണികളും ആയിരക്കണക്കിന് ചങ്ങാടങ്ങളും ഒരു കാലത്ത് കനോലി കനാലിലൂടെ സഞ്ചരിച്ചിരുന്നു. റോഡ് ഗതാഗതവും റെയില്‍ ഗതാഗതവും മലബാറില്‍ ആരംഭിച്ചതോടുകൂടി എല്ലാവരും കനോലി കനാലിനെ മറന്നു. എങ്കിലും കനോലിയുടെ ഓര്‍മകളുമായി കനോലി കനാല്‍ ഇപ്പോഴും ഒഴുകുന്നു, ശാന്തമായി.

മലബാർ ജില്ലാ കളക്ടറായിരുന്ന എച്ച്.വി. കാനോലി 1848-ൽ കോഴിക്കോട് മുതൽ കൊടുങ്ങല്ലൂർ വരെ ഒരു വിശാല ജല ഗതാഗത മാർഗ്ഗം എന്ന ഉദ്ദേശത്തോടെ പുഴകളെയും ജലാശയങ്ങളെയും കനാലുകൾ നിർമ്മിച്ചു കൂട്ടിയിണക്കി. 11.4 കിലോമീറ്റർ ദൈർഘ്യമുള്ള കനാൽ കോഴിക്കോട് ജില്ലയിൽ വടക്ക് കോരപ്പുഴയെയും തെക്ക് കല്ലായിപ്പുഴയെയും ബന്ധിപ്പിക്കുന്നു. കനോലി കനാലിന്റെ കഥയറിയാൻ താഴെ കാണുന്ന വീഡിയോ കാണൂ…

ലേഖകൻ – വിവേക് മുളയറ

1 Comment

Bindu Jayan January 8, 2019 at 6:06 pm

ഈ കനോലി പുഴയുടെ തീരത്താണ് എന്റെ ഗ്രാമം …..
പൊന്നാനി മുതൽ കൊടുങ്ങലൂർ വരെയുള്ള പ്രകൃതി രമണീയമായ കനോലി പുഴ …..
നന്ദി വിവേക്
നന്നായിട്ടുണ്ട്

Leave a Comment

FOLLOW US