വഴുതക്കാട്
തിരുവനന്തപുരത്ത് ചരിത്രം സത്യത്തില്‍ നിശ്ചലമായി കിടക്കുന്നുണ്ട്; പല പല ഇടങ്ങളിലായി. ഓരോ സ്ഥലവും ചരിത്രത്തെ അങ്ങനെ പലരൂപത്തില്‍ നെഞ്ചേറ്റിനില്ക്കുന്നു. തിരുവനന്തപുരത്ത് റെയില്‍വേ സ്റ്റേഷനില്‍നിന്ന് 3 കി.മീ. മാത്രം അകലെയുള്ള സ്ഥലമാണ് വഴുതക്കാട്. പേരു സൂചിപ്പിക്കുന്നതു പോലെ തന്നെ വഴുതയുടെ കാടായിരുന്നിരിക്കണം. പണ്ട് വഴുതക്കാടു മുതല്‍ ജഗതി വരെയുള്ള സ്ഥലം കാടായിരുന്നെന്ന് പഴമക്കാര്‍ പറയുന്നു. ഇവിടെ എത്ര കെട്ടിടങ്ങളാണ് ചരിത്രത്തിന്റെ തിരുശേഷിപ്പുകളുമായി ഉള്ളതെന്നോ? പോലീസ് ഹെഡ് ക്വാര്‍ട്ടേഴ്സും തിരുവനന്തപുരം വികസന അതോറിറ്റിയുടെ കെട്ടിടവും ഗവ. വിമന്‍സ് കോളേജും സെയ്ന്റ് ജോസഫ്സ് പള്ളിയും ആകാശവാണി ഇപ്പോള്‍ സ്ഥിതിചെയ്യുന്ന ഭക്തിവിലാസം ബംഗ്ലാവും തൊട്ടുതാഴെയുള്ള ഡി.പി.ഐ ഓഫീസ് സ്ഥിതിചെയ്യുന്ന കെട്ടിടവും എന്‍സൈക്ലോപീഡിയയുടെ ഓഫീസ് സ്ഥിതിചെയ്തിരുന്ന കല്പന ബംഗ്ലാവും ഇങ്ങുമാറി തൈക്കാടുള്ള റസിഡന്‍സി ബംഗ്ലാവും ഓഫീസും ഒക്കെത്തന്നെ ചരിത്രത്തിലെ പല സന്ദര്‍ഭങ്ങളുമായും വ്യക്തികളുമായും ഇണങ്ങിയും പിണങ്ങിയും നില്ക്കുന്നു. ഫ്രീമേസണ്‍സ് ക്ലബ്ബ്, ട്രിവാന്‍ഡ്രം ക്ലബ്ബ്, ശ്രീമൂലം ക്ലബ്ബ് എന്നിവയാകട്ടെ കൊളോണിയല്‍ സംസ്കാരത്തിന്റെ തിരുശേഷിപ്പുകളാണ്.

ഗവണ്മെന്റ് വിമൻസ് കോളേജ്, തിരുവനന്തപുരം

ആകാശവാണി, തിരുവനന്തപുരം
നൂറുവര്ഷത്തിലധികമുള്ള മഹിതപാരമ്പര്യമുണ്ട് വഴുതക്കാടുള്ള സര്‍ക്കാര്‍ വനിതാകോളേജിന്. കേരളത്തിലെ ആറാമത്തെ പഴയ കോളേജാണിത്. തിരുവിതാംകൂര്‍ രാജകുടുംബം 1864-ല്‍ പെണ്പള്ളിക്കൂടമായി ആരംഭിച്ചതാണ് വിമെന്‍സ് കോളേജിന്റെ ചരിത്രം. പിന്നീടതിന് 1897-ല്‍ രണ്ടാംഗ്രേഡ് കോളേജിന്റെയും 1920-ല്‍ ഒന്നാംഗ്രേഡ് കോളേജിന്റെയും പദവി കിട്ടി. അന്നുമുതലാണ് എച്ച്.എച്ച്. ദ മഹാരാജാസ് കോളേജ് ഫോര്‍ വിമെന്‍ എന്ന് കോളേജ് അറിയപ്പെട്ടു തുടങ്ങിയത്. വിമെന്‍സ് കോളേജിന്റെ ഇരുവശത്തും ചരിത്രമാണ്. അവിടുന്ന് ഇടത്തേക്കുള്ള വഴിതിരിഞ്ഞു നടന്നാല്‍ തിരുവിതാംകൂറിന്റെ മഹാകാഥികന്‍ സാക്ഷാല്‍ സി.വി. രാമന്‍പിള്ളയ്ക്ക് തിരുവനന്തപുരത്തുള്ള ഏക സ്മാരകവായനശാല കാണാം. അതിനു തൊട്ടടുത്താണ് കേരളത്തിലെതന്നെ ആദ്യസര്ക്കാര് ഇംഗ്ലീഷ് പൊതുവിദ്യാലയം. അതിനുമപ്പുറത്ത് തൈക്കാട് എത്തുന്നതിനുമുമ്പ് ഗായകനും സംഗീതസംവിധായകനുമായ എം.ജി. രാധാകൃഷ്ണന്റെ കുടുംബവീടായ മേടയില്വീട്. ഘനശ്യാമസന്ധ്യാരാഗംനിറഞ്ഞുനില്ക്കുന്ന ഈ വീട്ടില്‍നിന്നാണ് വായ്പ്പാട്ടില്‍ ഓമനക്കുട്ടിയും ഗായകന് എം.ജി. ശ്രീകുമാറും മലയാളഗാനരംഗത്തിന്റെ ഭാഗമായത്. അതിനുമപ്പുറത്ത് കവി വിഷ്ണുനാരായണന്‍ നമ്പൂതിരിയുടെ വീടുണ്ട്. മലയാളകവിതാരംഗത്തിന് സംസ്കൃത/ഉപനിഷദ്സ്പര്ശം നല്കിയ വരിഷ്ഠകവി. കുറച്ചുമാറി റസിഡന്‍സി ബംഗ്ലാവുകാണാം. തിരുവിതാംകൂര്‍ റസിഡന്റിന്റെ വീടും ഔദ്യോഗിക ഭവനവും ഇവിടെയായിരുന്നു.
വിമെന്‍സ് കോളേജിന് അഭിമുഖമായി ഡി.പി.ഐ.യില്‍ നിന്നും കയറിവരുന്ന റോഡിന്റെ പേര് മിന്‍ചിന്‍ (minchin) റോഡെന്നാണ്. ആ റോഡിലാണ് സി.പി.എമ്മിന്റെ പ്രമുഖനേതാവും നിയമസഭാസാമാജികനുമായ കെ. അനിരുദ്ധന്റെ വീട്. മിന്‍ചിന്‍ റോഡ് ചെന്നവസാനിക്കുന്നത് ഡി.പി.ഐ ഓഫീസിനു മുന്നിലാണ്. പണ്ട് ഫ്രീമേസണ്‍സ് ക്ലബ്ബായി നിര്‍മിക്കപ്പെട്ട ആ കെട്ടിടം പില്ക്കാലത്താണ് ഡി.പി.ഐ. ഓഫീസായത്. ശ്രീമൂലം തിരുനാളിന്റെ കാലത്ത് തിരുവിതാംകൂറിലെത്തിയ യൂറോപ്യന്‍ എന്‍ജിനീയറായ മിന്‍ചിന്‍ ആണ് ഫ്രീമേസണ്‍സ് ക്ലബ്ബിന്റെയും രൂപശില്പി. അദ്ദേഹത്തെ മൂക്കന്തുറൈ എന്നാണു നാട്ടുകാര്‍ വിളിച്ചിരുന്നതത്രേ.

കോട്ടണ്‍ഹില്‍ ഗവണ്മെന്റ് ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്കൂൾ
വഴുതക്കാട് കവികളുടെ സ്ഥലം കൂടിയാണ്. കേരളത്തിലെന്നല്ല ഏഷ്യയിലെതന്നെ ഒന്നാംനമ്പര്‍ പെണ്‍പള്ളിക്കൂടമായ കോട്ടണ്‍ഹില്‍ ഗവണ്മെന്റ് ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്കൂളിന്റെ എതിര്‍വശത്ത് മൂന്നുകവികള്‍ – അതും മൂന്നു വ്യത്യസ്തരീതി പദ്ധതികളനുവര്ത്തിച്ച കവികള്‍ താമസിച്ചിരുന്നു. മൂന്നുപേരും കവിതാവശേഷരായി. ഒന്ന് ആധുനികതയുടെ ചുവന്ന നക്ഷത്രമായ അയ്യപ്പപ്പണിക്കര്‍, മറ്റൊരാള്‍ കാല്പനികതയാര്ന്ന ഭാവഗീതങ്ങള്‍ കൊണ്ടും ഭാവസുന്ദരമായ ഗാനങ്ങള്‍കൊണ്ടും കൈരളിയെ പുളകംകൊള്ളിച്ച ഒ.എന്‍.വി. കുറുപ്പ്, മറ്റൊരാള്‍ ഹാസ്യകവിതകളുടെ തമ്പുരാന് ചെമ്മനം ചാക്കോ.

ടാഗോര്‍ തിയേറ്റര്‍
വഴുതക്കാട് നികുഞ്ജം എന്നൊരു റസ്റ്റോറന്റ് ഉണ്ട്. അവിടെയായിരുന്നു പണ്ട് അരവിന്ദനടക്കമുള്ള മഹാപ്രതിഭകള്‍ ചലച്ചിത്രകാര്യങ്ങള് ചര്‍ച്ച ചെയ്യാന്‍ ഒത്തുകൂടിയിരുന്നത്. അതിനെതിര്വശത്താണ് കലാചരിത്രത്തില്‍ സുവര്ണസിംഹാസനമുള്ള ടാഗോര്‍ തിയേറ്റര്‍. 1965-ല്‍ നിര്‍മിക്കപ്പെട്ട ടാഗോര്‍ തിയേറ്റര്‍ തിരുവനന്തപുരത്തെ കാലസാന്ദ്രമാക്കുന്നതില് വലിയ പങ്കുവഹിക്കുന്നു. ടാഗോര്‍ തിയേറ്ററിനടുത്താണ് തിരുവനന്തപുരം സിറ്റി കമ്മീഷണര്‍ ഓഫീസും തിരുവനന്തപുരം നഗരവികസന അതോറിറ്റി ഓഫീസും. രണ്ടു കെട്ടിടങ്ങളിലും ചരിത്രം ഇതള്മിഴിച്ചുനില്ക്കുന്നു. ട്രിഡയുടെ ഓഫീസ് തിരുവിതാംകൂര്‍ സഹോദരിമാര്‍ എന്നറിയപ്പെട്ടിരുന്ന ലളിത-പദ്മിനി-രാഗിണിമാരുടെ അച്ഛന് പണികഴിപ്പിച്ചതാണ്. അതിനെതിര്വശത്താണ് സി.വി.രാമന്‍പിള്ള പണികഴിപ്പിച്ച റോസ്കോട്ട് ഭവനം. തൊട്ടപ്പുറത്തുള്ള മാനവീയം വീഥിയിലാകട്ടെ നമ്മുടെ ഗാനപാരമ്പര്യത്തെ, കാവ്യപാരമ്പര്യത്തെ സമ്പുഷ്ടമാക്കിയ വയലാര്‍/ദേവരാജന്‍/പി. ഭാസ്കരന് എന്നിവരുടെ പ്രതിമകള്‍ യശ്ശസ്തംഭങ്ങളായി നില്ക്കുന്നു.
ഈ നഗരത്തിന് എത്ര കഥകള്‍ പറയാനുണ്ടാകും. നിങ്ങള്‍ ഒന്നു ചെവികൊടുത്താല്‍ മതി. അവ മഹത്തായ ജീവിതചരിത്രഗാഥകള് പറഞ്ഞുതന്നുകൊണ്ടേയിരിക്കും. നമ്മള് നമ്മളെ അറിയുക ആ ചരിത്രത്തെ പിന്പറ്റിയാവണം. തിരുവനന്തപുരം ആകാശവാണിയാകട്ടെ തിരുവിതാംകൂര്‍ ദിവാനായിരുന്ന സര് സി.പി. രാമസ്വാമി അയ്യരുടെ ഔദ്യോഗികവസതിയായിരുന്നു എന്നുകൂടി അറിയുമ്പോഴാണ് ഈ പ്രദേശം എത്രമാത്രമാണ് ചരിത്രത്തെ ഉള്ളടക്കുന്നതെന്ന് നമ്മള് അദ്ഭുതം കൂറുന്നത്.
ലേഖിക : രാധിക സി നായര്‍