ചെറുതുകള്‍ കാണൂ.. പ്രകൃതിയെ അറിയൂ..

സൂക്ഷ്മ ജീവികളെ നിരീക്ഷിക്കാറുണ്ടോ ? അതിന് ഒരു പ്രത്യേക കണ്ണ് വേണം, മനസ്സ് വേണം. ചെറിയ ഷഡ്പദങ്ങള്‍, പുഴുക്കള്‍, ഉറുമ്പുകള്‍… ?
നമ്മള്‍ ഇങ്ങനെ നിലനില്‍ക്കുന്നതിന് ഈ ഭൂമിയില്‍ അവയുടെയെല്ലാം നിലനില്‍പ്പ് അനിവാര്യമാണെന്നറിയാമല്ലോ..

ഓരോ ഇനം ഷഡ്പദങ്ങള്‍ക്കും മുട്ടയിടാനും വളരാനും ഓരോ തരം ചെടികളും വള്ളികളും വൃക്ഷങ്ങളുമൊക്കെ വേണം. മുട്ട വിരിഞ്ഞ് പുഴുവാകുന്ന ഘട്ടത്തില്‍ അവയെ നമുക്ക് വെറുപ്പാണ്. വൃത്തികെട്ട ചൊറിയന്‍ പുഴുക്കളാകും ചില പൂമ്പാറ്റകളുടെ ലാര്‍വകള്‍. അവ ദേഹത്ത് തട്ടിയാല്‍ പിന്നെ പറയേണ്ട. ഏത് ലോഷനുപയോഗിച്ചാലും ശമിക്കാത്ത ചൊറിച്ചിലായിരിക്കും ഫലം. കര്‍ഷകര്‍ക്കും ഇവയെ കണ്ടുകൂടാ. വിളയാകെ തിന്നുതീര്‍ക്കും. വീട്ടില്‍ പൂച്ചെടികള്‍ വളര്‍ത്തുന്നവര്‍ക്കും ഇവറ്റകളെ വെറുപ്പാണ്. ഏത് ചെടിയുടെ ഇലകളും പൊടുന്നനെ തിന്നുതീര്‍ക്കും. ദേഹം ചെറുതാണെങ്കിലും ഒടുക്കത്തെ വിശപ്പാണ് അവയ്ക്ക്.

ഇലകള്‍ തിന്ന് തീര്‍ത്ത് ചെടികള്‍ നശിച്ചുപോകുന്ന അവസ്ഥ വരുമ്പോള്‍ നമ്മള്‍ ചില കടുംകൈകള്‍ പ്രയോഗിക്കും. എലിയെ പേടിച്ച് ഒരു ഇല്ലം ചുടല്‍. കൂടിയ വീര്യമുള്ള കീടനാശിനികള്‍ തളിച്ച് കൂട്ടത്തോടെ കൊന്നൊടുക്കുന്ന രീതിയാണത്. ആ കൂട്ടക്കൊലയുടെ ദുരിതം ഒരു വംശമല്ല, മനുഷ്യനടക്കം പല വംശങ്ങള്‍ ഏറ്റുവാങ്ങും. അല്പം ക്ഷമ കാണിച്ചാല്‍ മതി. അവയെ നിയന്ത്രിക്കാന്‍ പ്രകൃതിയില്‍ തന്നെ സംവിധാനങ്ങളുണ്ട്.

വൈലോപ്പിള്ളിയുടെ ഒരു കവിതയുണ്ട് – വെള്ളിലവള്ളി. ഒരു വെള്ളിലച്ചെടിയില്‍ പൂമ്പാറ്റകള്‍ വന്ന് മുട്ടയിടുന്നു. മുട്ട വിരിഞ്ഞ് പുഴുക്കള്‍ ചെടിയാകെ നിറയുന്നു. ഇലകള്‍ മുഴുവന്‍ തിന്ന് തീര്‍ത്ത് ചെടി ശോഷിച്ച് പോകുന്നു. വീട്ടുടമസ്ഥനാണെങ്കില്‍ വല്ലാത്ത സങ്കടം. തീവെച്ചാലോ എന്ന് പോലും അയാള്‍ ആലോചിച്ചു. അടുത്ത വര്‍ഷമെങ്കിലും മരുന്നുവാങ്ങി തളിക്കണമെന്ന് അയാള്‍ ഉറപ്പിച്ചു. പിന്നീടതാ കൂട്ടത്തോടെ കുരുവികള്‍ വരുന്നു. പുഴുക്കളെ ഒന്നൊന്നായി തിന്നുതീര്‍ക്കുന്നു. ബാക്കി പുഴുക്കള്‍ പൂമ്പാറ്റകളായി പാറിപ്പറന്ന് പോകുന്നു. ദിവസങ്ങള്‍ക്കകം വെള്ളില പുതിയ തളിരുകള്‍ വന്ന് സമൃദ്ധമായി വളര്‍ന്ന് നില്‍ക്കുന്നു. പൂമ്പാറ്റകള്‍ വളര്‍ന്നു. കുരുവികളുടെ വിശപ്പ് മാറി. വെള്ളില വള്ളികളില്‍ പുതുനാമ്പുകള്‍ വന്നു. പ്രകൃതിക്കാകെ ഉത്സാഹം !

കറിവേപ്പില്‍ മാത്രം വളരുന്ന പൂമ്പാറ്റകളുണ്ട്. ചെമ്പരത്തിയില്‍ മാത്രം വളരുന്നവയുണ്ട്. വെള്ളിലയില്‍ വളരുന്നവ, പൂവരശില്‍ വളരുന്നവ… ഈ പൂമ്പാറ്റകളെയൊക്കെ നമുക്ക് വേണം. മാമ്പൂ വിടര്‍ന്ന് മാമ്പഴം ഉണ്ടാകാന്‍ ദക്ഷിണാഫ്രിക്കയില്‍ നിന്ന് ഷഡ്പദങ്ങള്‍ വരില്ല. അവയെ പരാഗണത്തിന് സഹായിക്കാന്‍ കടന്നല്‍ മുതല്‍ നിശാശലഭങ്ങള്‍ വരെ നിരവധി പ്രാണികളുണ്ട്. അവയ്ക്ക് മുട്ടയിടാനും വളരാനും ഈ പരിസരം തന്നെ വേണം. ചുട്ടുകൊന്നാലും വിഷം തളിച്ചുകൊന്നാലും പുഴുക്കള്‍ക്കൊപ്പം മാമ്പൂക്കളും കരിഞ്ഞ് താഴെ വീഴും.

പ്രകൃതിയുടെ ഈ ജൈവബന്ധത്തെക്കുറിച്ച് നിങ്ങള്‍ പാഠപുസ്തകങ്ങളില്‍ പഠിക്കുന്നുണ്ടാകും. പക്ഷേ ജീവിതത്തില്‍ നിന്ന് കൂടി പഠിച്ചെടുക്കണം. ഒന്ന് മനസ്സ് വെച്ചാല്‍ നിങ്ങളുടെ വീട്ടുമുറ്റത്തെ പൂന്തോട്ടം ഒരു ബട്ടര്‍ഫ്‌ളൈ ഗാര്‍ഡന്‍ ആക്കാന്‍ കഴിയും. എരിക്ക് വച്ചുപിടിപ്പിച്ചാല്‍ വരയന്‍ കടുവ എന്ന പൂമ്പാറ്റയെത്തും മുട്ടയിടാന്‍. ഒപ്പമെത്തും നീലക്കടുവ. വെള്ളില ഇല്ലെങ്കില്‍ മൊസാന്ത വെച്ചോളൂ. വെള്ളിലത്തോഴി എന്ന ശലഭം പറന്നെത്തും വീട്ടുമുറ്റത്ത്. കറിവേപ്പോ നാരകമോ വെച്ചോളൂ. പിന്നാലെയെത്തും നാരകശലഭം. തെച്ചിപ്പൂവില്‍ ഇരുതലച്ചി, മാവില്‍ കനിത്തോഴന്‍. എന്നിട്ട് കണ്ണുതുറന്ന് കാണൂ. ചെറുജീവികളുടെ ജീവിത ചക്രം. വലിയ കാഴ്ചകള്‍ കുറേ കണ്ടില്ലേ… ഇനി ചെറിയ കാഴ്ചകള്‍ കൂടി കാണാന്‍ കണ്ണിനെ ശീലിപ്പിക്കൂ….


ലേഖകന്‍ : ഐ ആര്‍ പ്രസാദ്

0 Comments

Leave a Comment

FOLLOW US