പൂജപ്പുര മാഹാത്മ്യം
ഒക്ടോബര്‍ മാസമാകുമ്പോള്‍ പഠിക്കാന്‍ മടിയുള്ള, വായിക്കാനിഷ്ടമില്ലാത്ത മടിച്ചിക്കുട്ടികളെ സന്തോഷിപ്പിക്കുന്ന ഒരു കാര്യമുണ്ട്; പഠിക്കാനിഷ്ടമുള്ള, വായിക്കാന്‍ താത്പര്യമുള്ള കുട്ടികളെ സങ്കടപ്പെടുത്തുന്ന കാര്യവും – അന്ന് മൂന്നു ദിവസം പഠിക്കാനുള്ള പുസ്തകങ്ങള്‍ പൂജയ്ക്കു വയ്ക്കും. പുസ്തകങ്ങള്‍ പൂജയ്ക്കു വയ്ക്കുന്ന ദിവസം വായനയും എഴുത്തുമൊന്നും പാടില്ലത്രേ. വാഗ്ദേവതയായ സരസ്വതീദേവിയുടെ മുന്നിലാണ് അക്ഷരചൈതന്യം ഉണ്ടാവാനും സമ്പദ്സമൃദ്ധിക്കുമായി പുസ്തകങ്ങളും എഴുത്തുപകരണങ്ങളും പൂജവയ്ക്കുക. കൊച്ചുകുട്ടികളെ ആദ്യമായി അക്ഷരലോകത്തേക്ക് മുതിര്‍ന്നവര്‍ കൂട്ടിക്കൊണ്ടു പോകുന്നതും ഈ ദിവസം എഴുത്തിനിരുത്തിയാണ്.

സ്വാതിതിരുനാൾ നവരാത്രി മണ്ഡപം
പൂജവയ്ക്കുന്നതുമായി ബന്ധപ്പെടുത്തി തിരുവനന്തപുരത്ത് ഒരു സ്ഥലനാമമുണ്ട് – പൂജപ്പുര. തിരുവനന്തപുരത്തു നിന്ന് അഞ്ച് കിലോമീറ്റര്‍ തെക്കോട്ടു മാറിയുള്ള ഈ സ്ഥലത്താണ് നവരാത്രിയുത്സവത്തിന് സരസ്വതീദേവിയെ തമിഴ്നാട്ടില്‍നിന്നു കൊണ്ടുവന്ന് പൂജവച്ചിരുത്തുന്നത്. കേരളത്തില്‍ എന്നല്ല ഇന്ത്യയിലെല്ലായിടവും നവരാത്രിയിലാണ് സരസ്വതീപൂജ നടത്തുന്നത്. ഒമ്പതുരാത്രികള്. അതില്‍ മൂന്നുദിവസമാണ് വീടുകളില്‍ പുസ്തകങ്ങള്‍ പൂജയ്ക്കു വയ്ക്കുന്നത് എന്നേയുള്ളൂ. നവരാത്രിയുത്സവത്തിന് മുന്നോടിയായി ഇപ്പോള്‍ കന്യാകുമാരി ജില്ലയുടെ പരിധിയിലുള്ള പത്മനാഭപുരം കൊട്ടാരത്തില്‍ നിന്ന് കേരളത്തിലേക്ക് ഘോഷയാത്രയായി വിഗ്രഹങ്ങള്‍ എത്തിക്കും. പദ്മനാഭപുരത്തുനിന്ന് സരസ്വതീവിഗ്രഹം, വേളിമലയില്‍നിന്ന് മുരുകന്. ശുചീന്ദ്രത്തുനിന്ന് മുന്നൂറ്റിനങ്ക. തമിഴ്നാട് പോലീസിന്റെ സംരക്ഷണയില്‍ വിശിഷ്ടവ്യക്തികളുടെ അകമ്പടിയോടെ കൊണ്ടുവരുന്ന വിഗ്രഹങ്ങള്‍ക്ക് കുഴിത്തുറയിലും നെയ്യാറ്റിന്‍കരയിലും സ്വീകരണം നല്‍കും. അവിടെയുള്ള ക്ഷേത്രങ്ങള്‍ക്കു മുന്നില്‍ വിഗ്രഹങ്ങളിറക്കി പൂജ നടത്തും. എന്നിട്ടാണ് സരസ്വതീ വിഗ്രഹത്തെ പൂജപ്പുര നവരാത്രി മണ്ഡപത്തിലേക്കും മുരുകനെ ആര്യശാല ക്ഷേത്രത്തിലേക്കും മുന്നൂറ്റിനങ്കയെ ചെന്തിട്ട ക്ഷേത്രത്തിലേക്കും കൊണ്ടുപോയി കുടിയിരുത്തുന്നത്.
വിജയദശമി ദിവസം കുമാരസ്വാമിയുടെ (മുരുകന്റെ) പ്രതിമ പൂജപ്പുര മണ്ഡപത്തിലേക്കു കൊണ്ടുവരും. തിരുവിതാംകൂര്‍ മഹാരാജാവ് പൂജപ്പുരയില്‍ രാജകീയ ഘോഷയാത്രയായി എത്തിച്ചേരും. പൂജപ്പുരയിലേക്കുള്ള യാത്രാമധ്യേ പ്രസിദ്ധമായ അമ്പാരിമുഖപ്പ് കൊട്ടാരത്തില്‍ രാജാവ് വിശ്രമിക്കും. രാജാവ് പൂജപ്പുരയിലെത്തി പള്ളിവേട്ട കഴിഞ്ഞാല്‍ കുമാരസ്വാമി മടങ്ങിപ്പോകും. ആറാമട, അഞ്ചാമട വില്ലേജുകളുടെ ഭാഗമായിരുന്നു നവരാത്രി പൂജയ്ക്കു പ്രസിദ്ധമായ തിരുവനന്തപുരത്തെ പൂജപ്പുര. കരമനയാറില്നിന്ന് വെള്ളം കൊണ്ടുവരാന്‍ കെട്ടിയുണ്ടാക്കിയ ആറുമടകള് (അരയല്ലൂര്‍, അണ്ണൂര്‍, കൊങ്കളം, മുടവന്മുകള്, തമലം, ത്രിവിക്രമംഗലം) ചേര്‍ന്നയിടം ആറാമട. കരമന, കിള്ളിയാറുകളില് നിന്ന് വെള്ളം കൊണ്ടുവരാന്‍ ഉണ്ടാക്കിയ അഞ്ചുമടകള് (കടുവെട്ടി, മരുതന്‍കുഴി, പാങ്ങോട്, കുണ്ടമണ്‍കടവ്, വള്ളക്കടവ്) ചേര്‍ന്നയിടം അഞ്ചാമട.

സെയ്തല്മന്ഡ് പാലസ്
പൂജപ്പുരയെ തിരുവിതാംകൂര്‍ രാജകുടുംബവുമായി ബന്ധപ്പെടുത്തുന്നത് രണ്ടു കൊട്ടാരങ്ങളാണ്. കുന്നുംബംഗ്ലാവ് എന്നറിയപ്പെട്ടിരുന്ന സേതുലക്ഷ്മി മൗണ്ട് പാലസ് മഹാരാജാവ് സേതുലക്ഷ്മീബായിത്തമ്പുരാട്ടിക്ക് 1918-ല്‍ പണിതുകൊടുത്ത കൊട്ടാരം. പിന്നീട് ഈ കൊട്ടാരത്തിന്റെ പേര് സെയ്തല്മന്ഡ് പാലസ് എന്നായി. മറ്റൊന്ന് അമ്പാരിമുഖപ്പു കൊട്ടാരമാണ്.

പൂജപ്പുര സെൻട്രൽ ജയിൽ
പൂജപ്പുരയിലാണ് പരീക്ഷാഭവന് സ്ഥിതിചെയ്യുന്നത്. അവിടെയാണ് കേരളത്തിലെ പത്താംക്ലാസു പരീക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങളെല്ലാം നടക്കുന്നത്. പൂജപ്പുരയിലാണ് കേരളത്തിലെ മൂന്നു സെന്ട്രല്ജയിലുകളിലൊന്ന് സ്ഥിതിചെയ്യുന്നത്. തിരുവിതാംകൂറിന്റെ ഭാഗമായി ആരംഭിച്ച ഈ ജയില്‍ ബ്രിട്ടീഷ് എന്‍ജിനീയറാണ് പണികഴിപ്പിച്ചത്. ഇപ്പോള്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഭാഗമായ സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ എന്ന തിരുവിതാംകൂറിന്റെ സ്വന്തം ബാങ്കിന്റെ ആസ്ഥാനവും പൂജപ്പുരയാണ്. 1945-ല്‍ ട്രാവന്‍കൂര്‍ ബാങ്ക് ലിമിറ്റഡ് എന്ന പേരില്‍ തുടങ്ങിയ ഈ ബാങ്ക് സര് സി.പി. രാമസ്വാമി അയ്യരുടെ ശ്രമഫലമാണ്. മലയാളസാഹിത്യത്തിലെ എതിര്‍പ്പിന്റെ ശബ്ദം പി. കേശവദേവ് തന്റെ സാഹിത്യരചന നിര്‍വഹിച്ചത് പൂജപ്പുര താമസിക്കുമ്പോഴാണ്. അദ്ദേഹത്തിന്റെ കുടുംബം ഇപ്പോഴും അവിടുണ്ട്. കേശവദേവിന്റെ സ്മരണാര്‍ഥം അദ്ദേഹത്തിന്റെ വീട് സ്ഥിതിചെയ്യുന്ന റോഡിന് കേശവദേവ് റോഡ് എന്നുപേരിട്ടിട്ടുണ്ട്.
വാഗ്ദേവീ വരപ്രസാദം കൊണ്ട് അനുഗൃഹീതമാണ് പൂജപ്പുരയെന്ന കാര്യത്തില്‍ സംശയമില്ല. സി.വി. രാമന്‍പിള്ള എന്ന മലയാളത്തിന്റെ, തിരുവിതാംകൂറിന്റെ സ്വന്തം ആഖ്യായികാകാരന്റെ സമ്പൂര്‍ണ ജീവചരിത്രം രചിച്ച പി.കെ. പരമേശ്വരന് നായര്‍ പൂജപ്പുരക്കാരനാണ്. മലയാളനാടക പ്രക്ഷേപണ രംഗത്തെ വന്മരങ്ങളായ കെ.ജി.ദേവകിയമ്മ, കലാനിലയം കൃഷ്ണന്‍നായര്‍, കെ.ജി. സേതുനാഥ്, എസ്. രാമന്‍കുട്ടി നായര്‍, ടി.പി. രാധാമണി, പി. ഗംഗാധരന് നായര്‍, കൈനിക്കര കുമാരപിള്ള, ഇ.എം.ജെ. വെണ്ണിയൂര്‍, ഇന്ദിരാജോസഫ്, വാര്‍ത്താവതാരകനായ രാമചന്ദ്രന്, ദൂരദര്ശന് മുന്‍മേധാവി റാണി, വായ്പാട്ടുകാരന് എരണിയല്‍ തങ്കപ്പന് ഭാഗവതര്‍ എന്നിവരും പൂജപ്പുരയുടെ സന്തതികള്‍. ചലച്ചിത്ര സംവിധായകനും ദൂരദര്ശന് മുന്വാര്ത്താവകാരകനുമായ കണ്ണന്, ഡബ്ബിങ് ആര്‍ട്ടിസ്റ്റുമാരായ ചന്ദ്രമോഹന്, ജി.ആര്. നന്ദകുമാര്‍ എന്നിവരും പൂജപ്പുരയ്ക്കു സ്വന്തം. പോലീസ് വിഭാഗത്തിലാകട്ടെ പ്രതികളുടെ പേടിസ്വപ്നമായ മിന്നല്‍ പരമേശ്വരൻ പിള്ള (എൻ. പരമശിവൻ നായർ) ജീവിച്ചിരുന്നതും പൂജപ്പുരയിലാണ്.
മലയാള ചലച്ചിത്രരംഗത്തെ ചില പ്രമുഖരുമുണ്ട് പൂജപ്പുരയ്ക്കു സ്വന്തമെന്നു പറയാന്‍. സംവിധായക പ്രതിഭ പത്മരാജന്, സംവിധായകന് പ്രിയദര്ശന്, നടന് മോഹന്‍ലാല്‍, സംഗീത സംവിധായകന് എം. ജയചന്ദ്രന്, ഹാസ്യതാരം പൂജപ്പുര രവി എന്നിവര്‍. കഥകളി ആചാര്യന് നെല്ലിയോട് വാസുദേവന്‍ നമ്പൂതിരി, മാജിക് അക്കാദമിയുടെ സ്ഥാപകന്‍ മജീഷ്യന്‍ ഗോപിനാഥ് മുതുകാട്, ആര്‍ക്കിടെക്ട് ശങ്കര്‍ എന്നിവരും പൂജപ്പുരയുടെ പെരുമയാണ്. ഒരു പേരിലെന്തിരിക്കുന്നു, എന്നല്ല, എന്നു മനസ്സിയില്ലേ…
ലേഖിക : രാധിക സി നായര്‍