ടി.ഡി. ദാസൻ സ്റ്റാൻഡേർഡ് VI B എന്നൊരു സിനിമയുണ്ട്.
പാലക്കാടൻ ഗ്രാമത്തിലും ബാംഗ്ലൂർ നഗരത്തിലുമായി ജീവിക്കുന്ന രണ്ടു കൊച്ചു കുട്ടികൾ തമ്മിലുണ്ടാകുന്ന അസാധാരണ ബന്ധമാണ് ഈ ചിത്രത്തിന്റെ പ്രമേയം. ഓർമ്മവയ്ക്കുന്നതിനു മുൻപ് തന്നെയും അമ്മയെയും വിട്ടുപോയ അച്ഛന് നിരന്തരം കത്തെഴുതുന്ന ചെറിയ കുട്ടിയായ ദാസനാണ് ഈ ചിത്രത്തിലെ ടൈറ്റിൽ കഥാപാത്രം. ദാസന്റെ അച്ഛൻ എന്നോ ഒഴിഞ്ഞുപോയ വീട്ടിലെ പുതിയ താമസക്കാർക്കാണ് ആ കത്തുകൾ ലഭിച്ചത്. അവിടെയുള്ള അമ്മുവെന്ന കൊച്ചു പെൺകുട്ടി ദാസന് അച്ഛനെഴുതുന്ന പോലെ മറുപടി എഴുതുകയാണ്. ദാസന് ആ മറുപടികൾ ഏറെ വിലമതിച്ച സമ്മാനങ്ങളായിരുന്നു കുട്ടികൾ .പരസ്പരം അയക്കുന്ന കത്തുകളാണ് ഈ സിനിമയിലെ പ്രമേയം.
ബന്ധങ്ങളുടെയും സ്നേഹത്തിന്റെയും മഷി പുരണ്ട കത്തുമായി എത്തുന്ന പോസ്റ്റുമാനെ കാത്തിരുന്ന ഓര്‍മപ്പെടുത്തലായി വീണ്ടും ദേശിയ തപാല്‍ദിനം. ഗ്രാമീണ മേഖലയടക്കം രാജ്യത്തിന്റെ എല്ലാ ഭാഗത്തും പ്രവത്തിക്കുന്ന കേന്ദ്രസ്ഥാപനവും ലോകത്തിലെ ഏറ്റവും വലിയ വാര്‍ത്താവിതരണ ശൃംഖലയുമാണ് തപാല്‍ സംവിധാനം.രാജ്യാന്തര തപാല്‍ യൂണിയന്റെ ആഹ്വാന പ്രകാരം 1847ല്‍ വേള്‍ഡ് പോസ്റ്റല്‍ യൂണിയന് രൂപീകരിച്ച ഒക്ടോബർ 9 ന് ആണ് ലോകമെങ്ങും തപാല്‍ദിനമായി ആചരിക്കുന്നത്. ഒക്ടോബര്‍ പത്താണ് ഇന്ത്യന്‍ തപാല്‍ദിനം. ഒരു കാലത്ത് സ്നേഹവും വിരഹവും വികാരങ്ങളുമൊക്കെ കൈമാറ്റം ചെയ്തിരുന്നത് തപാല്‍ വഴി. എന്നാലിന്ന് ഈ സ്ഥാനം ഇന്റര്‍നെറ്റും ഇമെയിലും മൊബൈല്‍ഫോണും കൈയടക്കിയിരിക്കുന്നു
ഓരോ വര്‍ഷവും ദിനാചരണം കടന്നുവരുമ്പോള്‍ തപാലിന് പഴയ പ്രൗഢിയില്ല. ലക്ഷക്കണക്കിന് കത്തുകളാണ് പോസ്റ്റ് ഓഫീസുകള്‍ ഓരോ വര്‍ഷവും കൈകാര്യം ചെയ്തിരുന്നത്. ഇന്ന് നിരവധി സമാന്തര സര്വീസുകളുണ്ടെങ്കില്പോലും ഇവയുടെ ഉപയോഗം ഗണ്യമായി കുറഞ്ഞു. സാങ്കേതിക വിദ്യ വളര്‍ന്നു കൊണ്ടിരിക്കുന്ന ലോകത്തിലാണ് നാം ജീവിക്കുന്നത്. ഈ സാഹചര്യത്തില്‍ സന്ദേശങ്ങള്‍ അയക്കാന്‍ കത്തുകളെ മാത്രം ആശ്രയിച്ചിരുന്ന കാലത്തെ സ്മരണ നമുക്ക് പുതുക്കാം.
മൊബൈല്‍ ഫോണുകളും, കമ്പ്യൂട്ടറുകളും, ടെലിവിഷനും,സമൂഹമാധ്യമങ്ങളും അടക്കിവാഴുന്ന ഇന്ന് കത്തുകള്‍ക്ക് പ്രാധാന്യമില്ലാതായിരിക്കുന്നു . സമൂഹത്തിന്റെ വികാരവും, സ്നേഹവുമെല്ലാം മിസ്കോളുകളും മെസേജുകളും ആയി മാറിയിരിക്കുകയാണ്. സ്നേഹങ്ങളുടെ മഷി പുരണ്ട കത്തുകള്‍ക്കായി പോസ്റ്റ്മാനെ പ്രതീക്ഷിച്ചിരിക്കുന്ന ദിനങ്ങളും ഇന്നില്ല. വിദേശത്ത് നിന്നുള്ള മകന്റെ ,മകളുടെ ,അച്ഛന്റെ,അമ്മയുടെ കത്തുകൾക്കായി കാത്തിരിക്കുന്നവർ ,,പ്രിയപ്പെട്ടവരുടെ കത്തുകളും ആശംസ കാർഡുകളും സർക്കാരിന്റെ ക്ഷേമ പെൻഷനുകൾ കാത്തിരുന്ന ദിനങ്ങളെയും എങ്ങനെ മറക്കാൻ കഴിയും…?