ഗുരുവായൂർ സത്യാഗ്രഹം

കേരളത്തിൽ വിപ്ലവകരമായ പുതിയ മാറ്റങ്ങൾക്ക് ഉണർവ്വേകിയ സമരമായിരുന്നു ഇത്. ഹിന്ദു മതത്തിലെ എല്ലാ ജാതിക്കാർക്കും ഗുരുവായൂരമ്പലത്തിൽ പ്രവേശനം അനുവദിക്കണം എന്നാവശ്യപ്പെട്ടാണ് ആ സമരം നടന്നത്. അതുവരെ ഹിന്ദുമതത്തിലെ മേൽജാതിക്കാർക്ക് മാത്രമേ അവിടെ പ്രവേശനം ഉണ്ടായിരുന്നുള്ളൂ. അന്ന് കോൺഗ്രസ്സ് പ്രവർത്തകനായിരുന്ന കെ. കേളപ്പന്റെ നേതൃത്വത്തിലാണ് ആ സമരം നടന്നത്. ‘തീണ്ടലിനും തൊടീലിനുമെതിരെ’, അന്ധവിശ്വാസങ്ങൾക്കെതിരേയൊക്കെ കാര്യമായ സാമൂഹ്യമുന്നേറ്റം ഉണ്ടായ സമയം കൂടിയായിരുന്നു അത്.

എല്ലാ ജാതിക്കാർക്കും ഗുരുവായൂരമ്പലത്തിൽ പ്രവേശിക്കാനായാൽ അത് മൊത്തം സമൂഹത്തിൽ വലിയ മാറ്റങ്ങൾക്ക് കാരണമാകുമെന്ന് കെ. കേളപ്പനെപ്പോലുള്ളവർ ചിന്തിച്ചതിന്റെ ഫലമായാണ് ആ സമരം നടന്നത്. മന്നത്ത് പത്മനാഭന്റേയും വോളണ്ടിയർ ക്യാപ്റ്റനായ എ.കെ.ഗോപാലന്റേയും താഴേക്കാട് സുബ്രഹ്മണ്യൻ തിരുമുമ്പിന്റേയും നേതൃത്വത്തിൽ കണ്ണൂരിൽ നിന്നും കാൽനടയായി ഗുരുവായൂരിലേക്കു തിരിച്ചു. ഈ ജാഥ ഒക്ടോബർ 31 ന് ഗുരുവായൂർ ക്ഷേത്ര നടക്കലെത്തുകയും, നവംബർ ഒന്നിന് നിരാഹാരസമരം ആരംഭിക്കുകയും ചെയ്തു. അതോടെ കേരളത്തിലെ മുഴുവൻ ജനങ്ങളുടെയും ശ്രദ്ധ സമരത്തിലേക്ക് തിരിഞ്ഞു. ആചാരവിശ്വാസങ്ങളിൽ മുറുകെ പിടിക്കുന്നവരും ഗുരുവായൂർ ദേവസ്വക്കാരും കൂടി സംഘടിതമായി സമരത്തെ എതിർത്തു. ചില കല്ലേറുകളും ഉന്തും തള്ളും ചെറിയ ചില അക്രമസംഭവങ്ങളും ഒഴിച്ചാൽ സത്യാഗ്രഹ സമരം പൊതുവേ സമാധാനത്തിലുള്ളതായിരുന്നു.

1932 സെപ്റ്റംബറിൽ കെ. കേളപ്പൻ ക്ഷേത്രനടയിൽ ഉപവാസം തുടങ്ങി. തുടർന്ന് ഗാന്ധിജി സമരത്തിൽ ഇടപെട്ടു. മലബാറിലെ സവർണ്ണവിഭാഗങ്ങൾക്കിടയിൽ മറ്റ് ജാതിവിഭാഗങ്ങളുടെ ക്ഷേത്രപ്രവേശനം സംബന്ധിച്ച് അഭിപ്രായ ശേഖരണം നടത്തി. എതിർപ്പുകളുണ്ടായിരുന്നെങ്കിലും സവർണ്ണരിൽ അധികം പേരും  മറ്റ് ജാതിക്കാർ ക്ഷേത്രത്തിൽ പ്രവേശിക്കുന്നതിന് അനുകൂലമായി അഭിപ്രായം പറഞ്ഞു. അതോടെ വലിയൊരു സാമുദായിക മാറ്റമാണ് നടന്നത്. നൂറ്റാണ്ടുകളായി നിലനിന്നുപോന്ന ഒരു ആചാരമാണ് അതോടെ ഇല്ലാതായത്.

ഇപ്പോൾ ശബരിമലയിൽ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന് കോടതിയും സർക്കാരും ഒരേ അഭിപ്രായം പറഞ്ഞിട്ടും ഇതിനെതിരേ എതിർപ്പുകൾ ഉയർത്തുന്നവർ കേരളത്തിൽ ഇതിനു മുൻപ് നടന്ന ഗുരുവായൂർ സത്യാഗ്രഹം, വൈക്കം സത്യാഗ്രഹം, മാറുമറയ്ക്കൽ സമരം തുടങ്ങിയവയുടെ ചരിത്രം വായിക്കേണ്ടതാണ്.

0 Comments

Leave a Comment

FOLLOW US