ഒഴിവുകാലത്തെ രസക്കൂട്ടുകൾ
അച്ഛന്റെ തറവാടും ചുറ്റുപാടും ആയിരുന്നു എന്റെ ബാല്യവും കൗമാരവും കണ്ടു വളർന്നത്. പരിചിതരായ ബന്ധുക്കൾ, അയല്പക്കങ്ങൾ………….. പ്രത്യക്ഷമായും പരോക്ഷമായും ഒരുപാടു പേരുടെ സ്നേഹ നിയന്ത്രണങ്ങൾ………..
ഒഴിവുകാലം കളിച്ചു തിമിർത്തതു മുഴുവൻ അമ്മമ്മയുടെ വീട്ടിലെ
പൂഴിമണൽ വിരിച്ച പഞ്ചാരമുറ്റങ്ങളിൽ ആണ്.
അതുകൊണ്ട് തന്നെയാണ് ആ കാലങ്ങളുടെ മാധുര്യം മനസ്സിൽ നിന്നും മായാത്തതും…….
പഴയ പുസ്തങ്ങൾ കൈമാറുന്ന ഒരു സുപ്രധാന ചടങ്ങാണ് അവധിക്കാലത്തിന്റെ കൊടിയേറ്റം. പഴയ നോട്ടു പുസ്തകങ്ങളിലെ ഒഴിഞ്ഞ താളുകൾ തുന്നിക്കെട്ടി പുറം ചട്ട ഇട്ട് തടിയൻ പുസ്തകങ്ങൾ ആക്കി, ഏറ്റവും ഉദാത്തമായ മുതൽക്കൂട്ടുകൾ ആക്കി സൂക്ഷിക്കുമായിരുന്നു.
നീല മഷിക്കുപ്പിയും, മഷി ചോരുന്ന പേനയും എത്ര ശ്രദ്ധയോടെ ആണ് അന്ന് നാം കൈകാര്യം ചെയ്തിരുന്നത്.
അടപ്പുള്ള തടി മേശയിൽ താളം പിടിച്ചാണ് ഏട്ടൻ പെരുക്കപ്പട്ടിക മനഃപാഠമാക്കിയിരുന്നത്. മുനയുള്ള ഉപകരണങ്ങൾ കൊണ്ട് ഏട്ടൻ വരച്ച പൂക്കൾ ആ മേശമേൽ തെളിഞ്ഞു കിടന്നിരുന്നു.
ഒരു മാസക്കാലത്തെ അവധി ഉത്സവം ആണ് അന്നൊക്കെ അമ്മമ്മയുടെ വീട്ടിൽ കൊട്ടി കലാശിക്കാറുള്ളത്.
അമ്മമ്മയുടെ വീട്ടിലേക്കുള്ള യാത്ര ഒരു ഞായറാഴ്ച ആയിരിക്കും മിക്കവാറും !!
അച്ഛന്റെ ഒഴിവു നോക്കി ആയിരിക്കും അത്.
കോൾ പാടങ്ങൾക്കു ഇടയിലൂടെ തണുത്ത കാറ്റ് ആസ്വദിച്ചു, ഇടക്കുള്ള അമ്മയുടെ ഉപദേശങ്ങൾക്ക് മൂളി,……… അങ്ങനെ ആണ് ആ യാത്ര എന്നും.
അമ്മായിയും വല്ല്യമ്മയും ഭരിക്കുന്ന ആ വലിയ അടുക്കളയിലേക്ക് ആണ് എന്നും ഞാൻ ഓടിക്കേറാറുള്ളത്. പുകമറകൾക്കുള്ളിൽ മുഖം നിറയെ ചിരിച്ച് ഇടതു കൈകൊണ്ടു ചേർത്ത് അടക്കം പിടിച്ചു.
സുന്ദരിക്കുട്ടി………… എന്ന് വിളിക്കുന്ന അമ്മായി.
വിശക്കുന്നുണ്ടോ???? എന്നും ചോദിച്ചേ വല്യമ്മ സംസാരം തന്നെ തുടങ്ങാറുള്ളൂ…
നീല വക്കുള്ള കവിടി കിണ്ണത്തിലേക്കു ചൂടുള്ള ഉപ്പുമാവും അരികിലായി തേൻ നിറമാർന്ന പുഴുങ്ങിയ നേന്ത്രപ്പഴവും അമ്പിളി അമ്മാമനെ ഓർമിപ്പിക്കുന്ന വലിയ പപ്പടവും എന്റെ അരികിലേക്ക് വച്ചു തരും. അടുക്കളയിൽ നിലത്ത് പലകയിൽ ചമ്രം പടിഞ്ഞിരുന്നാണ് കുട്ടികൾ ഭക്ഷണം കഴിക്കാറുള്ളത്. കാലും മുഖവും കഴുകി വരാനായി ഞാൻ കുളക്കടവിലേക്കു ഓടാറുണ്ട്.
വിസ്താരത്തിൽ പരന്നു കിടക്കുന്ന തെളിനീരാർന്ന വട്ടക്കുളം. കുളപ്പുരയുടെ പടവുകൾ ഇറങ്ങിയാൽ കയ്യും കാലും കഴുകി ഒരു പുതു ജന്മം ശരീരത്തിനും മനസ്സിനും പകരാം. അച്ഛനും അമ്മയും അമ്മമ്മയും നാട്ടുകാര്യങ്ങളിൽ മുഴുകുമ്പോൾ, ഞാൻ തെക്കിനിയിൽ കയറ്റുകട്ടിലിൽ കിടപ്പിലായ കൊച്ചേച്ചിയുടെ കൂടെ കൂടും. ചൂടാറാത്ത ഗോതമ്പു നുറുക്കരിയുടെ കൊഴുത്ത കഞ്ഞിയിൽ പശുവിൻ പാൽ ചേർത്ത് കൊച്ചേച്ചിക്കു കൊടുക്കുമ്പോൾ ഒരു കുഞ്ഞു കുഴിക്കിണ്ണത്തിൽ അല്പം മധുരം ചേർത്ത പാൽക്കഞ്ഞി എനിക്കും തരാറുണ്ട്.
കുട്ടികൾക്കായി ഊഞ്ഞാലും, ഏറുമാടവും അമ്മാമൻ അവധികാലത്തേക്ക് തയ്യാറാക്കുമായിരുന്നു.
ആൺകുട്ടികൾ ആണ് ഏറുമാടത്തിന്റെ അധികാരികൾ. പെൺകുട്ടികൾക്ക് തെക്കേ പ്ലാവിന്റെ ചാഞ്ഞു കിടക്കുന്ന മരച്ചില്ലകളും അതിനടുത്ത വൈക്കോൽ തുറുവും !!
അക്കാലത്ത് കുട്ടികളുടെ പല കാര്യപരിപാടികളും മുതിർന്നവരുടെ അനുവാദമില്ലാതെ നടന്നിരുന്നു. അതിൽ ഏറ്റവും രസകരമായി നടന്ന ഒരു സംഭവം ആയിരുന്നു കശുവണ്ടി ചുട്ടെടുക്കുന്നത്.
മണിയേട്ടനും കുട്ടേട്ടനും നേതൃത്വം നൽകുന്ന ആ വീര കൃത്യം ഞങ്ങൾ ദൂരെ നിന്നും മാത്രം വീക്ഷിച്ചിരുന്നു. ചൂടുള്ള കശുവണ്ടി പരിപ്പ് കയ്യിൽ ഇട്ട് അമ്മാനമാട്ടി വായിൽ ഇടു മ്പോൾ ഒരു പച്ചസ്വാദ് തോന്നിയിരുന്നു.
നാവും ചുണ്ടും പൊള്ളുമ്പോഴും ഏതോ അവാച്യമായ സ്വാദ് അനുഭവിച്ചിരുന്നു.
സ്വർണക്കമ്പുകൾ പോലെ ഉള്ള ചക്ക വറുത്തുപ്പേരി അവധി കാലത്തെ പ്രധാന നേരമ്പോക്കായിരുന്നു. ഒരു വലിയ ഇട്ടുരുട്ടിയിൽ ആണ് ചക്ക വരട്ടിയത് അമ്മമ്മ സൂക്ഷിക്കാറുള്ളത് .ചെറുനാരങ്ങയുടെ വലുപ്പത്തിൽ കുഞ്ഞുരുളകളാക്കി ഓരോരുത്തരുടെയും കയ്യിൽ വച്ചു തരും. നറുനെയ്യിന്റെയും, ചുക്കിന്റെയും ഏലക്കയുടെയും സമ്മിശ്ര ഗന്ധം………. പതുക്കെ പതുക്കെ നൊട്ടിനുണഞ്ഞും മണത്തും കഴിക്കുന്ന എന്നെ ഏട്ടന്മാർ കളിയാക്കാറുണ്ട്.
ഉച്ചക്ക് വിഭവങ്ങൾ ധാരാളം ഉണ്ടാകും…….
എല്ലാം പുതുരുചികൾ….. ….
വാഴ ഇലയിൽ വെള്ളത്തിന്റെ നനവോടെ വിളമ്പി നിരത്തുന്ന കറിക്കൂട്ടുകൾ……..
ചക്കപപ്പടം , കയ്പക്ക കൊണ്ടാട്ടം, അടമാങ്ങ ഉപ്പുമാങ്ങ, ഉലുവാമങ്ങ, മാമ്പഴകൂട്ടാൻ……… അങ്ങനെ പോകുന്നു ആ നിര. അമ്മമ്മയുടെ ഒരു സ്പെഷ്യൽ മാങ്ങാമുളകൂഷ്യം എനിക്കും ഏറെ പ്രിയമായിരുന്നു .പഴുത്ത ചന്ത്രക്കാറൻ മാങ്ങാ ശർക്കര ചേർത്ത് വേവിച്ചു പച്ചമുളക്, കറിവേപ്പില എന്നിവ ചതച്ചു ചേർത്ത്, നല്ല പച്ചവെളിച്ചെണ്ണ ചേർത്ത് ആണ് തയ്യാറാക്കിയിരുന്നത്. നല്ല കുത്തരി ചോറിൽ അല്പം നെയ്യ് ചേർത്ത് പരിപ്പൊഴിച്ചു ആദ്യ ഉരുള കഴിക്കണമെന്നു അമ്മമ്മ പറയുമായിരുന്നു. ദഹനത്തിന് ഉത്തമം ആണെന്നും പറയാറുണ്ട്. അമ്മായിയുടെ അടുക്കള തോട്ടത്തിലേക്കുള്ള സവാരിയും വല്യമ്മയുടെ പടിഞ്ഞാറെ പറമ്പിലേക്കുള്ള യാത്രയും കഴിഞ്ഞു വന്നാൽ അടുക്കളയിൽ തിരക്കേറും. അമ്മിയിൽ അരച്ചെടുക്കുന്ന കൂട്ടുകൾക്കു ഒരു കടലിന്റെ ഭംഗി ആയിരുന്നു.
തിരകൾ തീരം അണയുന്ന പോലെ അമ്മിക്കുഴയ്ക്ക് അടിയിലൂടെ അരഞ്ഞു നീങ്ങി തിരമാലകൾ തീർക്കുന്ന മല്ലി, മുളക്,കറിവേപ്പില, ചുവന്നുള്ളി, തേങ്ങ….. അങ്ങനെ എന്തെല്ലാം………..
വെയിൽ മൂക്കുന്നതിനു മുൻപേ പുലർച്ചെക്ക്
പെറുക്കി കൂട്ടുന്ന മാമ്പഴങ്ങൾ കഴുകി തൊലി കളഞ്ഞു പുത്തൻ തഴപ്പായയിലേക്കു പിഴിഞ്ഞ് ഒഴിച്ചാണ് മാങ്ങാത്തെര ഉണ്ടാക്കുന്നത്. എന്നും വെയിലാറിയാൽ പായ ചുരുട്ടി അറപ്പുരയിലെ കയറിൽ ഒതുക്കി വച്ചിരുന്നത് ഞാനും അപ്പുവും ആയിരുന്നു.
വീണ്ടും അടുത്ത ദിവസം ഇതേ പായയിലേക്കു മാമ്പഴച്ചാറു പിഴിഞ്ഞ് ഒഴിക്കും. ഒരാഴ്ച കൊണ്ട് തയ്യാറക്കുന്ന ഈ മാമ്പഴപ്പായ പിന്നീട് നന്നായി ഉണക്കി ചുരുട്ടി സൂക്ഷിക്കുന്നു. മാമ്പഴം ഇല്ലാത്ത മാസങ്ങളിൽ മാമ്പഴക്കൂട്ടാനും മറ്റും ഉണ്ടാക്കാനാണ് ഇത്.
കുട്ടികളെയും കൂട്ടിയാണ് വല്യമ്മയുടെ ചക്ക വറക്കൽ. ചുള പറിക്കനും, കുരു മാറ്റാനും കുട്ടികൾ കൂടും. ഒപ്പം കഥപറച്ചിലിന്റെയും നാടൻപാട്ടിന്റെയും മേമ്പൊടിയും.
ചേമ്പില കോട്ടിയാണ് സ്വർണ്ണവർണ്ണമാർന്ന വറുത്തുപ്പേരി കുട്ടികൾക്ക് തന്നിരുന്നത്. വിഷുന്നാളാണ് ഇത് സാധാരണ നടക്കുന്നത്.
പടിഞ്ഞാറെ തിണ്ണയിൽ കുട്ടികൾ നിരന്നിരുന്നു ഉപ്പേരി കൊറിച്ചിരുന്നത് ഒരിക്കലും മറക്കാനാവില്ല.
അമ്പലത്തിലെ ഉത്സവവും അതിനോടനുബന്ധിച്ചുള്ള പലഹാരക്കൂട്ടുകളും ബഹുരസമാണ്. അടുക്കള ഒരു ഉത്സവപ്പറമ്പായിരിക്കും. സഹായത്തിനു തെക്കേലെ അമ്മു അമ്മായിയും അവരുടെ മകളും വരാറുണ്ട്. വെടിക്കെട്ടിനെ വെല്ലുന്ന തേങ്ങ ഉടക്കലും ചെരുകലും, അരി പൊടിക്കലും ചേറലും, ഒപ്പം റേഡിയോ ചൂളം വിളിയും.
നെയ്യപ്പം, കരിമ്പും എള്ളും ചേർത്ത അവൽ വിളയിച്ചതും, കായം മണക്കുന്ന പൊ ക്കുവടയും, കറുമുറെ തിന്നാവുന്ന വെണ്ണ ചേർത്ത അരിമുറുക്കും, അങ്ങനെ എന്തെല്ലാം ……. പക്ഷെ എന്റെ നാവിൽ ഉടക്കി നിൽക്കുന്നത് അമ്മമ്മയുടെ കൈപ്പുണ്യം ഉള്ള അരിച്ചീടയാണ്. ജീരകം തേങ്ങ എന്നിവയുടെ കൂട്ട് രുചി, അരിപ്പൊടിയുടെ കരുകരുപ്പ് ഒപ്പം കുരുമുളകിന്റെ ഒരു രാജാപാർട്ടും !!
വെയിലാറിയാൽ കുട്ടികളും, മുതിർന്നവരും അമ്പലപ്പറമ്പിലേക്കു ഒരു യാത്രയുണ്ട്. ആനയും, വെളിച്ചപ്പാടും ഒരുപോലെ എന്റെ ശ്രദ്ധ പിടിച്ചിരുന്നു.
അമ്പലപ്പറമ്പിലെ ഉപ്പിട്ട നെല്ലിക്കയും മസാലകപ്പലണ്ടിയും പല്ലൊട്ടി മിട്ടായിയും വയറു നിറയെ വാങ്ങിത്തരാൻ ഏട്ടന്മാർ എന്നും തയ്യാർ !! ഒന്നിരുട്ടിയാൽ
അത്തഴക്കച്ചേരി ആണ് അടുക്കളയിൽ !!
പൂമുഖത്തു വാചകക്കസർത്തും !!
മുത്തച്ഛനും, അമ്മാവനും അടുത്ത വീട്ടിലെ ഭാസ്കരമ്മാവനും കൂടിയാൽ ആനക്കഥകളുടെ കെട്ടഴിയും!! ഡൽഹിയിൽ നിന്നും വരാറുള്ള സത്യന് മാത്രം ഇതൊന്നും അത്ര പിടിക്കാറില്ല. ഒരു തടിയൻ പുസ്തകത്തിന്റെ കൂട്ട് പിടിച്ചു ഒഴിഞ്ഞ ഇടങ്ങളിൽ കൂടും!! ഞാനും ചന്ദ്രികയും ഒരുപാട് പ്രേതകഥകൾ പറഞ്ഞു പേടിപ്പിക്കാറുണ്ട് ആ കുട്ടിയെ.
അത്താഴത്തിനു പൊടിയരി കഞ്ഞിയും ചെറുപയറും ആണ് സാധാരണ . കിണ്ണത്തിൽ ഇല കോട്ടി അതിലേക്കു ചൂട് കഞ്ഞി ഒഴിക്കുമ്പോൾ ഒരു കൊതിയൂറുന്ന മണം പൊങ്ങും. പ്ലാവിലയിൽ ഈർക്കിൽ കുത്തിയാണ് കഞ്ഞി കുടിക്കുക.
ഒരു കോപ്പയിൽ ചെറുപയറും നേന്ത്രക്കായയും നല്ലവണ്ണം വേവിച്ചു മുളക് ചേർത്തതും, ഉരുട്ടുചമ്മന്തിയും, ചുട്ട പപ്പടവും ഉണ്ടാകും!! വല്യമ്മാവൻ വീട്ടിൽ ഉണ്ടെങ്കിൽ
ഭക്ഷണം കഴിക്കുമ്പോൾ തികഞ്ഞ നിശബ്ദത പാലിച്ചിരുന്നു കുട്ടികൾ.
കിണറ്റിൻ കരയിൽ പാത്രം കഴുകലിന്റ മേളക്കൊഴുപ്പും, അടുക്കളയിൽ ശുദ്ധ മാക്കലിന്റെ പതിഞ്ഞ താളവും നടക്കുമ്പോൾ ഞങ്ങൾ കുട്ടികൾ അമ്പിളി അമ്മാമനോട് കിന്നാരം പറയാറുണ്ട്. മേഘങ്ങളോട് കൂട്ട് കൂടാറുണ്ട്.
ചൂടുള്ള മീനമാസത്തിലെ തെളിഞ്ഞ രാത്രികൾ, നെല്ലിന്റെ പഴുക്ക മണം ഉള്ള പത്തായങ്ങൾ, രാത്രിയിൽ മാത്രം വീശുന്ന പൂക്കളുടെ മണമുള്ള കാറ്റ്, പേരറിയാത്ത പക്ഷികളുടെ ഈണങ്ങൾ, നമ്മെ നോക്കി തലയാട്ടുന്ന പശുക്കൾ അങ്ങനെ എണ്ണിയാൽ ഒടുങ്ങാത്ത ഓർമച്ചെപ്പിലെ മുത്തുകൾ.
വർഷങ്ങൾ ഓടി മറഞ്ഞപ്പോൾ നമ്മുടെ ബാല്യവും കൊണ്ട് പോയി. മാറിയത് ആരാണ്? കാലമോ? ഞാനോ? പുറകോട്ടു ഒന്നോടിപ്പോയി ആ വൈക്കോൽ തുറുവിന്റെ പിറകിൽ ഒളിക്കാൻ, ഊഞ്ഞാലിൽ കയറി ആകാശം തൊടാൻ, കുളക്കരയിൽ ഇരുന്നു മീനുകളോട് കളി പറയാൻ കൊതി തോന്നുന്നു. ഇന്ന് വല്യമ്മ ഇല്ല, അമ്മായിയും ഇല്ല. അവർ വായിലേക്കിറ്റിച്ചു തന്ന രസക്കൂട്ടുകൾ തരി പോലും നഷ്ടമാകാതെ സൂക്ഷിച്ചു ഞങ്ങൾ !!