കേരളം പ്രളയത്തിന്റെ പിടിയിലാണ്. എല്ലാ ജില്ലകളിലും അതീവ ജാഗ്രത. മുഖ്യമന്ത്രി തന്നെ പറഞ്ഞതുപോലെ തികച്ചും അസാധാരണമായ സാഹചര്യം. 79 ഡാമുകള്‍ തുറന്നിട്ടിരിക്കുന്നു. പെരിങ്ങല്‍കുത്തില്‍ തുറന്നിട്ട ഡാമിന് മുകളിലൂടെ വെള്ളമൊഴുകുന്ന കാഴ്ച ഭീതിപ്പെടുത്തുന്നു.

എറണാകുളം ജില്ലയുടെ വലിയ ഭാഗം വെള്ളത്തിനടിയിലായി. പെരിങ്ങല്‍കുത്തിലെ വെള്ളം ചാലക്കുടിപ്പുഴയോരത്തെയും തൃശൂര്‍ ജില്ലയെയും ഭീതിയിലാഴ്ത്തി. പമ്പാ നദി പത്തനം തിട്ട ജില്ലയെയാകെ ദുരിതത്തിലാക്കി. ഇടുക്കി വിറച്ചു. മലയോരങ്ങള്‍ ഉരുള്‍പൊട്ടലിന്റെ പിടിയിലായി. സംസ്ഥാനത്തൊട്ടാകെ നിരവധി ജീവനുകള്‍ പൊലിഞ്ഞു. കൃഷിയും കൃഷിഭൂമിയും വീടും വീട്ടുപകരണങ്ങളുമെല്ലാം നശിച്ചു. നഷ്ടം ഇനിയും കണക്കാക്കാനിരിക്കുന്നതേയുള്ളൂ. കേരളമാകെ പകച്ചുനിന്ന ദിവസങ്ങള്‍. ഇപ്പോഴും ഭീതി ഒഴിഞ്ഞിട്ടില്ല.
പാലക്കാടിന്റെ ഒരു ഉള്‍ഗ്രാമത്തിലിരുന്നാണ് ഇത് കുറിക്കുന്നത്. വെള്ളപ്പൊക്കം കുട്ടനാടിനും കൊച്ചിക്കുമൊക്കെ മാത്രം ബാധകമായതാണ് എന്നായിരുന്നു ഞങ്ങളുടെ ധാരണ. ആ ധാരണയെ തിരുത്തിക്കൊണ്ട് സൈലന്റ് വാലിയുടെ താഴെയുണ്ടായ ഉരുള്‍പൊട്ടലില്‍ തൂതപ്പുഴയുടെ ഒരു ഭാഗം ഗതിമാറി ഒഴുകി. വീടുകളിലേക്ക് വെള്ളം ഇരച്ച് കയറി. ആരും ദുരന്തത്തിന് പുറത്തല്ലെന്ന് എല്ലാവര്‍ക്കും ബോധ്യപ്പെട്ടു. എല്ലാ ജില്ലകളും പ്രളയഭീതിയിലായി എന്നര്‍ഥം.

വെള്ളപ്പൊക്കം പുതിയ സംഭവമല്ല.ഏങ്കിലും ഇപ്പോള്‍ കേരളത്തില്‍ വ്യാപകമായ വെളളപ്പൊക്കം നമ്മുടെ തലമുറയ്ക്ക് പുതിയ അനുഭവം തന്നെ. ഈ പ്രകൃതി ദുരന്തം മനുഷ്യ നിര്‍മിതമാണ് എന്ന് വിലയിരുത്തുന്നവരുണ്ട്. അതിവര്‍ഷത്തിനും വെള്ളപ്പൊക്കത്തിനും കാരണം മനുഷ്യന്റെ പ്രവൃത്തികളല്ല എന്ന് വാദിക്കുന്നവരുണ്ട്. രണ്ട് വാദത്തിനും പിന്‍ബലം അക്കമിട്ട് നിരത്താം.
ഉയര്‍ന്ന പ്രദേശങ്ങളില്‍ നിന്ന് വെള്ളം പാടങ്ങളും തോടുകളും കടന്ന് പുഴ വഴി കടലിലെത്തുന്ന ഒരു ചങ്ങലക്കണ്ണി ഉണ്ടായിരുന്നുവെന്നും അത് മുറിഞ്ഞ് പോയതാണ് ദുരന്തത്തിന്റെ ആഘാതം വര്‍ധിച്ചതെന്നുമുള്ള വാദം തള്ളിക്കളയേണ്ടതല്ല. കുന്നിടിക്കലും വയല്‍ നികത്തലും വലിയ രീതിയിലുള്ള ഖനനവുമൊക്കെ കേരളത്തെ ബാധിച്ചിട്ടുണ്ട്. വരള്‍ച്ചയും വെള്ളപ്പൊക്കവും ആവര്‍ത്തിക്കപ്പെടാനുള്ള എല്ലാ സാഹചര്യങ്ങളും നമ്മള്‍ ഉണ്ടാക്കിവെച്ചിട്ടുണ്ട്. വീട് നിര്‍മാണം മുതല്‍ എല്ലാ നിര്‍മാണ പ്രവര്‍ത്തനങ്ങളും വികസനപ്രവര്‍ത്തനങ്ങളും എങ്ങനെ പുനക്രമീകരിക്കണമെന്ന കാര്യത്തില്‍ ഒരു പുനരാലോചനക്കുള്ള സമയം
അതിക്രമിച്ചിരിക്കുന്നു.

എവിടെ വീട് വെക്കണം. എങ്ങനെ സുരക്ഷിതമായി വീട് നിര്‍മിക്കണം. മറ്റ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ എങ്ങനെ ശാസ്ത്രീയമായ പഠനങ്ങളുടെ അടിസ്ഥാനത്തില്‍ പുനക്രമീകരിക്കണം.. എന്നീ കാര്യങ്ങളില്‍ ചിലരെങ്കിലും വീണ്ടുവിചാരം വച്ചുപുലര്‍ത്തുന്നുണ്ട്. അക്കാര്യത്തില്‍ കൂടുതല്‍ പഠനങ്ങള്‍ ആവശ്യമുണ്ട്. നിലവിലെ പഠനങ്ങളെ തന്നെ തുറന്ന മനസ്സോടെ സമീപിക്കേണ്ടതുമുണ്ട്. മഴയും വെയിലുമൊന്നും ഇപ്പോഴും മനുഷ്യന്റെ നിയന്ത്രണത്തിലല്ല . അത് ഏറ്റുവാങ്ങാവുന്ന വിധം നമ്മുടെ പരിസ്ഥിതിയെയും ചുറ്റുപാടുകളെയും  ക്രമീകരിക്കാന്‍ മാത്രമേ നമുക്ക് കഴിയൂ.

ദുരന്തങ്ങള്‍ ഉണ്ടായ ശേഷം സംഭവിക്കുന്ന ജീവഹാനിയും ധനനഷ്ടവും കുറക്കാന്‍ അത്തരം കരുതല്‍ ഉപകരിക്കും. അതിനേക്കാള്‍ എത്രയോ പണമാണ് ദുരന്തമുണ്ടായ ശേഷം ജനങ്ങള്‍ക്കും ഭരണകൂടങ്ങള്‍ക്കും നഷ്ടമാകുന്നതും പുനര്‍നിര്‍മിക്കാന്‍ ചെലവഴിക്കേണ്ടിവരുന്നതും എന്ന കാര്യം മനസ്സിലാക്കണമല്ലോ ?

 


ലേഖകന്‍ : ഐ ആര്‍ പ്രസാദ്

 

 

 

2 Comments

bindu jayan September 5, 2018 at 6:00 pm

ഹൃദയശൂന്യത
പഞ്ചഭൂതങ്ങൾ പശ്ചാത്താപ പരവശരായപ്പോൾ സംഭവിച്ചത് !
പ്രകൃതിയുടെ സന്തുലനാവസ്ഥക്കു ഹേതു ഈ പഞ്ചഭൂതങ്ങൾ . ആകാശം , ഭൂമി ,ജലം, വായു , അഗ്നി ഇവയിലേതൊക്കെ തെറ്റി എന്ന് ചിന്തിച്ചേ തീരു .
“ഭൂമിയെ ഇനിയും സ്ത്രീയോട് തന്നെ ഉപമിക്കണം …… കാരണം സർവ്വം സഹിക്കേണ്ടവൾ എന്ന് !”
ചവിട്ടിയും നികത്തിയും കശക്കിയെറിഞ്ഞതും അവളെ മാത്രം , എന്തിനു പറയുന്നു
തുരന്നു തുരന്നു കൊണ്ടിരുന്നപ്പോൾ അവൾ പൊട്ടി പൊട്ടി കരഞ്ഞു ആരും അത് വകവച്ചില്ല !
അവളുടെ മാറിടം തുരന്നു മീനാരങ്ങൾ കെട്ടി അതിലിരുന്നു സുഖശീതളിമയിൽ അഹങ്കാരത്തിന്റെ ഊറ്റം കുത്തി , എന്നിട്ടും പോരാഞ്ഞു ചപ്പുചവറുകൾ അവളുടെ ഹൃദയത്തിന്റെ തിരുമുറ്റത്ത് കുമിഞ്ഞുകൂട്ടി ,
ഒന്നും ചിന്തിക്കാൻ ആർക്കും നേരമില്ലായിരുന്നു .നാലുകോൺ പെട്ടിക്കുമുന്നിലെ ചതുരംഗങ്ങളിൽ സൗഖ്യം കൊണ്ട ഒരു ജനതതി …. അതും ഭൂമിക്കു ഭാരമല്ലാതെ മറ്റൊന്നും ഉണ്ടാക്കിയില്ല .
ഹൃദയത്തോളം തുരന്നപ്പോൾ എന്തെ ചിന്തിക്കാഞ്ഞു അവൾ ഹൃദയശൂന്യയായിപോകുമെന്നു?
പഠനത്തിന്റെ ഉതുങ്കശൃംഗത്തിൽ എത്തിയ ഹുങ്കിനെന്തേ പ്രകൃതിയെ പഠിക്കാൻ നേരം കണ്ടെത്താഞ്ഞു?
നാം നമ്മോടുരുവിട്ടു ചോദിച്ചുപോകുന്ന ഉത്തരംമുട്ടി ചോദ്യങ്ങൾ മുന്നിൽ പ്രളയമായി ഉത്തരം തരുമ്പോളെങ്കിലും അടുത്ത തലമുറയെയെങ്കിലും ചേർത്തുനിർത്തണം പ്രകൃതിയുടെ മടിത്തട്ടിലേക്ക് .
ആക്രാന്തം മൂത്തു വിദ്യാഭ്യാസം മത്സരമാകുമ്പോൾ … മോണകാട്ടി ചിരിച്ചു കുഞ്ഞിളം ചുണ്ടിൽ പാല്പുഞ്ചിരിയുമായി പൂമ്പാറ്റകളോട് കിന്നാരം പറയേണ്ട പ്രായത്തിൽ കുഞ്ഞുങ്ങളെ ആദ്യം പ്രകൃതിയുടെ മടിത്തട്ടിൽ ഉല്ലസിക്കാൻ വിടു… പ്രകൃതിയെ സ്നേഹിക്കാൻ പഠിക്കു … സംരക്ഷിക്കാൻ പഠിക്കു …. അതാകണം അടിസ്ഥാനം .
അടിസ്ഥാനം ആകട്ടെ ആദ്യം … നാമൊറ്റകെട്ടായി ചിന്തിക്കുകയല്ല ഇനി പ്രവർത്തിക്കാം .
സ്ത്രീ സർവ്വം സഹ തന്നെ പക്ഷെ ഹൃദയം നുറുങ്ങിയാൽ പിന്നെ സംഹാര താണ്ഡവമായിരിക്കും ഇപ്പോൾഒരാളെ മാത്രം കൂടെ കൂട്ടി യുള്ള തുള്ളൽ (ജലം) എന്നിട്ടും കേരളത്തിന്റെ പൂമുഖത്തു തുള്ളിയ ജാതിക്കോമരങ്ങൾക്കു കക്ഷിരാഷ്ട്രീയക്കാർക്കും താങ്ങാവുന്നതിലധികം .
എല്ലാവരെയും ഒന്നെന്നു ചിന്തിപ്പിക്കാൻ അവനിയോരു ശ്രമം അത്രേയുള്ളു .
ചിലപ്പോൾ പഞ്ചഭൂതങ്ങളിൽ ബാക്കിയുള്ളവരുംകൂടി കൂടിയെന്നാൽ ചിലപ്പോൾ നമ്മൾ പഠിക്കേണ്ടുന്ന പാഠങ്ങൾപോലും അപ്രത്യക്ഷം .
പ്രകൃതി അമ്മയാണ് …
പ്രകൃതിക്കു മക്കൾ ഒന്നാണ്
അവർ തമ്മിലടിക്കുമ്പോൾ
ആ ‘അമ്മ ചിലപ്പോൾ ഭ്രാന്തിയെപ്പോലെയാകും .

bindu jayan September 5, 2018 at 6:01 pm

prasad ji really

Leave a Comment

FOLLOW US