മലയാളത്തിലെ പ്രശസ്തനായ കവിയും ഉപന്യാസകാരനും സർവ്വകലാശാല അദ്ധ്യാപകനുമായിരുന്ന ജി. ശങ്കരക്കുറുപ്പ് 1901 ജൂൺ 3 ന്, ശങ്കരവാര്യരുടേയും ലക്ഷ്മിക്കുട്ടിയമ്മയുടേയും മകനായി എറണാകുളം ജില്ലയിലെ കാലടിക്കടുത്തുള്ള നായത്തോട് എന്ന സ്ഥലത്ത് ജനിച്ചു. 17-ആം വയസ്സിൽ ഹെഡ് മാസ്റ്ററായി ജോലിയിൽ പ്രവേശിച്ചു. എറണാകുളം മഹാരാജാസ് കോളേജിൽ അദ്ധ്യാപകനായി. 1956ൽ അദ്ധ്യാപക ജോലിയിൽ നിന്നും വിരമിച്ചു. കേരള സാഹിത്യ അക്കാദമി പ്രസിഡന്റ്, കേന്ദ്ര സാഹിത്യ അക്കാദമി അംഗം, രാജ്യസഭാംഗം എന്നീ നിലകളിൽ സേവനം അനുഷ്ടിച്ചു. 1978 ഫെബ്രുവരി 2ന് അന്തരിച്ചു.
അദ്ദേഹത്തിന്റെ വിശ്വദർശനം എന്ന കൃതിക്ക് കേരള സാഹിത്യ അക്കാദമി അവാർഡും കേന്ദ്ര സാഹിത്യ അക്കാദമി അവാർഡും ലഭിച്ചിട്ടുണ്ട്. ആദ്യത്തെ ജ്ഞാനപീഠം ജേതാവായിരുന്നു അദ്ദേഹം. 1965-ൽ ഓടക്കുഴൽ എന്ന കൃതിക്കാണ് അദ്ദേഹത്തിന് ജ്ഞാനപീഠം ലഭിച്ചത്. കൂടാതെ പദ്മഭൂഷൺ ബഹുമതിയും അദ്ദേഹത്തെ തേടിയെത്തി. 1967ൽ സോവിയറ്റ് ലാന്റ് നെഹ്റു അവാർഡ് ലഭിച്ചു.
ജി യുടെ പ്രധാന കവിതകൾ സൂര്യകാന്തി, നിമിഷം, ഓടക്കുഴൽ, പഥികന്റെ പാട്ട്, വിശ്വദർശനം, മൂന്നരുവിയും ഒരുപുഴയും, ജീവനസംഗീതം, സാഹിത്യകൗതുകം-3 വാള്യങ്ങൾ, പൂജാ പുഷ്പം എന്നിവയാണ്. ജിയുടെ കാല്പനിക കവിതകളിലൊന്നാണ് സൂര്യകാന്തി. സൂര്യനും സൂര്യകാന്തിയും തമ്മിലുള്ള വിശുദ്ധ പ്രണയമാണ് കവിതയുടെ പ്രമേയം. സൂര്യകാന്തിയിലെ വരികൾ നോക്കൂ.
” സ്നേഹത്തില്‍ നിന്നില്ലല്ലോ മറ്റൊന്നും ലഭിച്ചീടാന്‍;
സ്നേഹത്തിന്‍ഫലം സ്നേഹം, ജ്ഞാനത്തിന് ഫലം ജ്ഞാനം.
സ്നേഹമേ പരം സൗഖ്യം, സ്നേഹഭംഗമേ ദുഖം,
സ്നേഹം മേ ദിക്കാലാതിവര്‍ത്തിയായ് ജ്വലിച്ചാവൂ!”
എന്നും എക്കാലത്തും ഓർമ്മിച്ചിടാൻ ഇത്രയും വാക്കുകൾ തന്നെ പോരെ. കവി അമരനാകാൻ ഒരു പുസ്തകത്തിന്റെ പേര് പോലും വേണമെന്നില്ല ചില വരികൾ അനശ്വരമായാൽ മാത്രം മതിയാകും. വള്ളത്തോളും ഉള്ളൂരും ഒക്കെ സ്വാധീനം ചെലുത്തിയ ഒരു ബാല്യമുണ്ടായിരിക്കുമ്പോൾ എഴുത്ത് ഉള്ളിൽ ഉള്ളൊരാൾക്കു കവി ആകാതെ വയ്യ. അങ്ങനെ സ്വയമെരിഞ്ഞു അറിഞ്ഞു കവിയായ ആളാണു ജി. ആ പേരിൽ, ഓർമ്മകളിൽ പുതു കവിതാ ആസ്വാദനത്തിനു നല്കുന്ന ഓടക്കുഴൽ അവാർഡു ജിയുടെ ഒർമ്മദിവസമായ ഫെബ്രുവരി 2 നാണു നല്കപ്പെടുന്നത്. ജ്ഞാനപീഠ പുരസ്കാരം ലഭിച്ചപ്പോൾ കിട്ടിയ തുക ഉപയോഗിച്ച് രൂപീകരിക്കപ്പെട്ട ഗുരുവായൂരപ്പൻ ട്രസ്റ്റാണ് ഈ പുരസ്കാരം നല്‍കുന്നത്.