“ഓമന തിങ്കള്‍ക്കിടാവോ.. നല്ല കോമളത്താമര പൂവോ …”
ഈ താരാട്ടു പാട്ട് കേൾക്കാത്തവർ ഉണ്ടോ?

ഇരയിമ്മന്‍ തമ്പി ജനിച്ചത് കൊല്ലവര്‍ഷം 958 തുലാമാസത്തില്‍ തിരുവനന്തപുരത്ത് കോട്ടയ്ക്കകത്ത് ‘കിഴക്കേമഠം’ എന്ന ഭവനത്തിലാണ്. തിരുവിതാംകൂര്‍ രാജകുടുംബവുമായി അടുത്ത ബന്ധമുണ്ടായിരുന്ന പാര്‍വ്വതിപ്പിള്ള തങ്കച്ചിയായിരുന്നു തമ്പിയുടെ മാതാവ്. പിതാവ് ചേര്‍ത്തല നടുവിലെ കോവിലകത്തു കേരളവര്‍മ്മ തമ്പാന്. ശാസ്ത്രി തമ്പാന് എന്ന പേരിലും അദ്ദേഹം അറിയപ്പെട്ടിരുന്നു.
ഇരയിമ്മന്‍ തമ്പിയുടെ ആദ്യഗുരു പിതാവു തന്നെയായിരുന്നു. കാവ്യം, നാടകം, വ്യാകരണം എന്നിവയില്‍ ഇരയിമ്മന്‍ തമ്പി ചെറുപ്പത്തില്‍ തന്നെ അസാധാരണമായ പാണ്ഡിത്യം നേടി. പില്ക്കാലത്ത് സംസ്കൃതസാഹിത്യം, വേദാന്തം, സംഗീതശാസ്ത്രം എന്നീ വിഷയങ്ങളിലും ആഴത്തിലുള്ള അറിവ് നേടി . സ്വാതിതിരുനാളിന്റെ സദസ്സിനെ അലങ്കരിച്ചിരുന്ന ഇരയിമ്മന്‍തമ്പിയെക്കുറിച്ച് കേരളസാഹിത്യചരിത്രത്തില്‍ ഉള്ളൂര്‍ പറയുന്നത്, ‘ആസ്ഥാനകവി എന്ന ബിരുദത്തിന് കേരളത്തില്‍ ഒരു കവി അര്‍ഹനായി ജീവിച്ചിട്ടുണ്ടെങ്കില്‍ അത് ഇരയിമ്മന്‍ തമ്പിയാണ്’ എന്നത്രേ.
ആട്ടക്കഥകള്‍, സംസ്കൃതകീര്‍ത്തനങ്ങള്‍, മലയാള ഗാനങ്ങള്‍, ഊഞ്ഞാല് പാട്ടുകള്‍, ഒററശ്ലോകങ്ങള്‍, താരാട്ടു പാട്ടുകള്‍ എന്നിങ്ങനെ നിരവധി മേഖലകളിലാണ് ഇരയിമ്മന്‍ തമ്പി തന്റെ സാഹിത്യ വൈഭവം പ്രകടിപ്പിച്ചിട്ടുള്ളത്. ഉത്തരാസ്വയംവരം, കീചകവധം, ദക്ഷയാഗം, എന്നിവയാണ് ആട്ടക്കഥകള്‍. ഇവയ്ക്കു പുറമേ രാജകുടുംബവുമായി ബന്ധപ്പെട്ട ഒട്ടുമിക്ക അസുലഭ സന്ദര്‍ഭങ്ങളെയും അദ്ദേഹം തന്റെ കൃതികള്‍ക്ക് വിഷയമാക്കിയിട്ടുണ്ട്. ഭക്തിരസം തുളുമ്പുന്ന ‘കരുണചെയ്യുവാനെന്തു താമസം കൃഷ്ണാ’, ശ്യംഗാര രസം നിറഞ്ഞ ‘പ്രാണനാഥനെനിക്കു നല്കിയ പരമാനന്ദരസത്തെ പറവതിനെളുതാമോ’ എന്നു തുടങ്ങി തമ്പിയുടെ അതുല്യമായ അനവധി രചനകള്‍ മലയാള മനസ്സില്‍ സ്ഥിരവാസമുറപ്പിച്ചവയാണ്.
ഇരയിമ്മന്‍ തമ്പി വിവാഹം ചെയ്തത് ഇടയ്ക്കോട് കാളിപ്പിള്ള തങ്കച്ചിയെആണ് . ഈ ദമ്പതികള്‍ക്ക് മൂന്നു പെണ്മക്കൾ ഉണ്ടായിരുന്നതായി ചരിത്രരേഖകള്‍ പറയുന്നു. കേരളീയഗാന രചയിതാക്കളില്‍ സ്വാതിതിരുനാള്‍ കഴിഞ്ഞാല്‍ അടുത്ത സ്ഥാനം അവകാശപ്പെടാവുന്ന ഈ കലാനിപുണന് കൊല്ല വര്‍ഷം 1031 കര്ക്കിടമാസത്തില് 73ാം വയസ്സില്‍ അന്തരിച്ചു.