മൈനാകം
കുഞ്ഞു മിലിക്കും കൂട്ടുകാര്‍ക്കും സ്കൂള്‍ പൂട്ടി. നേരം പുലരുമ്പോള്‍ തുടങ്ങുന്ന കളി കലശല് മേളം വൈകുന്നേരം വരെ നീളും. അണ്ണാന് മുത്തുവും ചിന്നു കാക്കയും മീട്ടു താറാവും കാവലന് ഉറുമ്പും ആണ് മിലിയുടെ കൂട്ടുകാര്‍.
മിലിക്ക് എന്നും സംശയമാണ്. അതെന്താ അമ്മേ, മുത്തു പറക്കാത്തത്? എനിക്കെന്താ മീട്ടൂനെ പോലെ നീന്താന്‍ പറ്റാത്തത്? മിനി മറുപടിയായി ഒരു രസികന്‍ കഥയാണ് മിലിക്ക് പറഞ്ഞു കൊടുത്തത്.
കാവലനും മുത്തൂനും മരം കേറാം.പക്ഷേ പറക്കാന്‍ പറ്റില്ലല്ലോ. മീട്ടൂനും അധികം പറക്കാന്‍ വയ്യ.പക്ഷേ ഏത് വെള്ളത്തിലും നീന്തി തുടിക്കാന്‍ മീട്ടൂന് പറ്റും. ആ കഴിവ് മറ്റ് കൂട്ടുകാര്‍ക്ക് ആര്‍ക്കുമില്ല.
മിലീ ഇതൊരു പുരാണ കഥയാണ്.
പണ്ടു പണ്ട് ,അങ്ങ് കൃതയുഗത്തില്‍ പര്‍വ്വതങ്ങള്‍ക്കെല്ലാം ചിറകുണ്ടായിരുന്നു. പര്‍വ്വതങ്ങള്‍ ഭൂമീല് യഥേഷ്ടം പറന്നു നടന്നു.
മനുഷ്യര്‍ക്കെല്ലാം വലിയ പേടിയായി . ഇവയൊക്കെ എപ്പോഴാ ഉരുണ്ട് പിടിച്ച് തലയില്‍ വീഴുന്നതെന്ന അങ്കലാപ്പിലായിരുന്നു എല്ലാവരും .
ഈ ആപത്തില്‍ നിന്ന് രക്ഷിക്കണേയെന്ന് മനുഷ്യരെല്ലാവരും കൂടി ദേവ രാജനായ ഇന്ദ്രനോട് അപേക്ഷിച്ചു.
ഇന്ദ്രന് വജ്രായുധം എടുത്ത് പര്‍വ്വതങ്ങളുടെ ചിറകുകള് മുറിക്കാന്‍ പുറപ്പെട്ടു.
എല്ലാ പര്‍വ്വതങ്ങളും നിരനിരയായി ഇന്ദ്രന്റെ മുന്നില്‍ നിരന്നു നിന്നു. ഹിമവാന്റെ പുത്രനായ മൈനാകത്തിനെ മാത്രം കാണാനില്ല.
ചിറക് മുറിക്കാന്‍ മൈനാകത്തിന് തീരെ ഇഷ്ടമുണ്ടായിരുന്നില്ല. അവന്റെ സങ്കടം കണ്ട് സഹിക്ക വയ്യാതെ കൂട്ടുകാരന് വായു അവനെ എടുത്ത് സമുദ്രത്തിനടിയില്‍ ഒളിപ്പിച്ചു. എല്ലാ പര്‍വ്വതങ്ങള്‍ക്കും ചിറകുകള് നഷ്ടപ്പെട്ടിട്ടും മൈനാകം ചിറകുകളുമായി സമുദ്രത്തിനടിയില്‍ ഒളിച്ചു കഴിഞ്ഞു.
വര്‍ഷങ്ങള്‍ കുറെ കഴിഞ്ഞു. രാവണന് സീതയെ കട്ടോണ്ടു പോയി ലങ്കയില്‍ അശോകവനികയില്‍ പാര്‍പ്പിച്ചിരിക്കുന്ന കാലം. ഹനുമാന് സമുദ്രം താണ്ടി ലങ്കയിലേക്ക് പോവുകയാണ്. ഒറ്റക്കുതിപ്പിന് ലങ്കയിലേക്ക് ചാടിയ വായുപുത്രനായ ഹനുമാന് സമുദ്രമധ്യേ കാലൊന്നു കുഴയുന്നതായി തോന്നി. അപ്പോഴതാ അച്ഛന് വായുവിന്റെ സുഹൃത്ത് മൈനാകം കടലിനടിയില്‍ നിന്ന് പൊങ്ങിവന്ന് ഹനുമാനെ താങ്ങി നിര്‍ത്തി. മൈനാകത്തിന്മേല് കാലൊന്ന് ഉറപ്പിച്ച്, ഹനുമാന് ക്ഷീണം തീര്‍ത്തു. എന്നിട്ട് കുതിച്ച് ഹനുമാന് ലങ്കയിലേക്ക് പറന്നു.
കഥ കേട്ട് കേട്ട് മിലി ഉറങ്ങി. മിലിയും കൂട്ടുകാരും കളിക്കാന്‍ പോകുന്ന നീലിമലയ്ക് ചിറകു വെച്ചെന്നും ,നീലി മല അവരെയും കൊണ്ട് അങ്ങ് ദൂരെ കടല്‍ കാണാന്‍ പോയെന്നും മിലി ഉറക്കത്തില്‍ സ്വപ്നം കണ്ടു.
എഴുത്ത്: സുസു
വര: അമ്മു