ഉപകാര സ്മരണ

 

 

 

മിനിയും മിലിയും വൈകുന്നേരം നടക്കാനിറങ്ങിയതാണ്.തടാകത്തില്‍ അസ്തമയ സൂര്യന്‍ ചെഞ്ചായം പൂശുന്നു.

തടാകത്തിന്‍റെ കരയിലെ കുറ്റിക്കാട്ടില്‍ കരിയിലക്കിളികള്‍ ചലപില കൂട്ടുന്നു.

 

 

 

“അമ്മേ നോക്കിയേ, ഒരു ഉറുമ്പ് കരിയില പുറത്തിരുന്ന് തടാകത്തിലെ ഓളങ്ങളില്‍ തെന്നിത്തെന്നി നീങ്ങുന്നു. എനിക്കും വെള്ളത്തിലിറങ്ങണം.” മിലി ചിണുങ്ങി .

“അയ്യോ,കുട്ടിയേ..നമ്മള്‍ പറക്കുന്നവരല്ലേ. നമുക്ക് നീന്താനാവില്ല. എന്നാലും ശ്രമിച്ചാല്‍ കഴിയാത്തതായി ഒന്നുമില്ല.”

ഇന്ന് നിനക്ക് ഒരു ഉറുമ്പിന്‍റെ കഥ പറഞ്ഞു തരാം

 

ഒരിക്കല്‍ നമ്മളെ പോലെ ഒരമ്മ ഉറുമ്പും കുഞ്ഞ് ഉറുമ്പും ഇതു പോലെ ഒരു തടാക തീരത്തു കൂടെ നടക്കുകയായിരുന്നു.

പെട്ടെന്ന് കുഞ്ഞുറുമ്പ് കാല് തെറ്റി വെള്ളത്തിലേക്ക് വീണു. അയ്യോ,അയ്യോ അമ്മ ഉറുമ്പ് നിലവിളിച്ചു.ആര് കേള്‍ക്കാന്‍ !!

കുഞ്ഞുറുമ്പ് ഇപ്പോള്‍ മുങ്ങി പോകും . ഇതെല്ലാം കണ്ട് ഒരു പ്രാവ് തടാകക്കരയിലെ മരക്കൊമ്പില്‍ ഇരിപ്പുണ്ടായിരുന്നു.

പ്രാവ് പെട്ടെന്ന് ഒരില കൊത്തി യെടുത്ത് കുഞ്ഞുറുമ്പിന് ഇട്ടു കൊടത്തു.കുഞ്ഞുറുമ്പ് ഇലയില്‍ കയറി.ഓളങ്ങള്‍ പതിയെ പതിയെ കുഞ്ഞുറുമ്പിനെ തള്ളി തള്ളി കരക്കെത്തിച്ചു.

അമ്മ ഉറുമ്പും കുഞ്ഞുറുമ്പും പ്രാവിന് നന്ദി പറഞ്ഞ് വീട്ടിലേക്ക് പോയി

കാലം കുറെ കഴിഞ്ഞു. നമ്മുടെ കുഞ്ഞുറുമ്പ് വളര്‍ന്ന് വലുതായി. ഒരു അതേ തടാകക്കരയില്‍ വിടര്‍ന്നു നില്ക്കുന്ന ചെത്തിപ്പൂവിലെ തേന്‍ കുടിക്കാന്‍ നമ്മുടെ കുഞ്ഞനെത്തി.

മരക്കൊമ്പില്‍ ആ പഴയ പ്രാവിനെ അവന്‍ കണ്ടു.കുഞ്ഞന്‍ കൈ വീശി ചിരിച്ചു.പ്രാവും സന്തോഷത്തോടെ ചിറകു വീശി.

അതാ,ഒരു വേട്ടക്കാരന്‍ പ്രാവിനു നേരെ ഉന്നം വെയ്ക്കുന്നു.

പ്രാവ് അത് കാണുന്നേയില്ല. കുഞ്ഞന്‍ ഒരൊറ്റ ഒാട്ടത്തിന് വേട്ടക്കാരന് അടുത്തെത്തി. കാലില്‍ ഒരു കടി.

പെട്ടെന്ന് ഉന്നം തെറ്റിയ വെടിയുണ്ട ഏതോ വഴിക്ക് പോയി . ശബ്ദം കേട്ട് ഞെട്ടിയ പ്രാവ് ,കിട്ടിയ ജീവന്‍ കൊണ്ട് പറന്ന് രക്ഷപെട്ടു.

മിലീ, മറ്റുള്ളവരെ സഹായിക്കാനുള്ള നന്മ ഉണ്ടാകണം. എന്നാലെ ആവശ്യമുള്ളപ്പോള്‍ നമ്മുക്കും സഹായം ലഭിക്കൂ. മിനിയമ്മ കഥ പറഞ്ഞ് തീര്‍ത്തപ്പോഴേക്കും. അവര്‍ വീടെത്തിയിരുന്നു.

 

എഴുത്ത്: സുസു

വര: അമ്മു

 

0 Comments

Leave a Comment

FOLLOW US