മാര്‍ച്ച് 22 ന് ലോക ജലദിനമാണ്…
ഓരോ ജലദിനവും വരാനിരിക്കുന്ന വരള്‍ച്ചയെക്കുറിച്ചും അതിനെതിരായ കരുതലിനെക്കുറിച്ചുമാണ് നമ്മളെ ഓര്‍മിപ്പിക്കുന്നത്. പ്രകൃതിയില്‍ നിന്ന് പാഠങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ട് ജലക്ഷാമത്തെ നേരിടുക എന്ന ആശയമാണ് ഇത്തവണത്തെ ജലദിനത്തില്‍ യു.എന്‍ മുന്നോട്ടു വെക്കുന്നത്.
മാര്‍ച്ച് മാസമാണ്. വേനല്‍ച്ചൂട് രൂക്ഷമായിരിക്കുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വരള്‍ച്ചയുടെ വാര്‍ത്തകളും ചിത്രങ്ങളും നമ്മുടെ മുന്നിലെത്തുന്നു. ചില കാഴ്ചകള്‍ നമ്മളെ പേടിപ്പെടുത്തുന്നു. കേരളത്തിലും ജലക്ഷാമം രൂക്ഷമാകുന്നു. ഗ്രാമപഞ്ചായത്തുകളും നഗരസഭകളുമെല്ലാം ജനങ്ങള്‍ക്ക് കുടിവെള്ളമെത്തിക്കാന്‍ പല പദ്ധതികളും തയ്യാറാക്കുന്നു. പദ്ധതികള്‍ നമ്മെ രക്ഷിക്കില്ല. പ്രകൃതി തന്നെ കനിയണം.
44 നദികളുണ്ടെന്ന അഹങ്കാരമുണ്ടായിരുന്നു കേരളീയര്‍ക്ക്. അതിനുപുറമെ കായലുകളും നെല്‍വയലുകളും നീര്‍ത്തടങ്ങളും കൊണ്ട് സമ്പമായിരുന്നു കേരളം. വര്‍ഷത്തില്‍ 3000 മില്ലിമീറ്ററിനു മുകളില്‍ ശരാശരി മഴ ഇപ്പോഴും ലഭിക്കുന്നുണ്ട്. തൊട്ടടുത്ത തമിഴ്നാട്ടില്‍ ഇത് 998 മില്ലിമീറ്റര്‍ മാത്രമാണ്. കേരളത്തില്‍ വരള്‍ച്ചയാണെന്ന് കേള്‍ക്കുമ്പോള്‍ ഏറ്റവുമധികം അദ്ഭുതം കൂറുന്നത് ഉത്തരേന്ത്യയിലെ ജനങ്ങളായിരിക്കും. കിഴക്കന്‍ രാജസ്ഥാനില്‍ 675 മില്ലിമീറ്ററും പടിഞ്ഞാറന്‍ രാജസ്ഥാനില്‍ 313 മില്ലിമീറ്ററുമാണ് ശരാശരി മഴ. മഴയുണ്ടായിട്ടും കേരളം മരുപ്രദേശം പോലെ ചുട്ടു പൊള്ളുന്നു.
പെയ്യുന്ന മഴയത്രയും സംഭരിക്കാനുള്ള ശേഷി പശ്ചിമഘട്ടത്തിലെ മഴക്കാടുകള്‍ക്കും നെല്‍വയലുകള്‍ക്കും തണ്ണീര്ത്തടങ്ങള്ക്കുമുണ്ടായിരുന്നു. ഇതിനെല്ലാം വന്ന ശോഷണം കൊണ്ടാണ് കേരളം ഇങ്ങനെ വെയിലേറ്റുണങ്ങുന്നത്. കാടിന്റെ നാശം, കുന്നിടിക്കല്‍, വയല്‍ നികത്തല്‍, നദികളിലെ മണല്‍വാരല്‍.. ഇങ്ങനെ നീളുന്നു ജലക്ഷാമത്തിന്റെ കാരണങ്ങള്‍. ലോകം മുഴുവനുമുള്ള ജലക്ഷാമത്തിന്റെ കാരണങ്ങളും മറ്റൊന്നുമല്ല.
വേനല്‍ കടുത്തതോടെ സമൂഹമാധ്യമങ്ങളില്‍ ജലസംരക്ഷണത്തെക്കുറിച്ചുള്ള സന്ദേശങ്ങള്‍ പറന്നുനടക്കുന്നുണ്ട്. അതില്‍ പലതും നമ്മെ ആശങ്കപ്പെടുത്തുതാണ്. ജലക്ഷാമവും ഭക്ഷ്യക്ഷാമവും കൊണ്ട് പൊറുതിമുട്ടുന്ന രാജ്യങ്ങള്‍, ആസന്നമായ മരുവത്കരണത്തിന്റെ സൂചനകള്‍, ദാഹജലത്തിനുവേണ്ടി ക്യൂ നില്ക്കുന്നവരുടെ ദൃശ്യങ്ങള്‍.. സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന സന്ദേശങ്ങള്‍ക്കൊപ്പം ഒരു കണക്കുകൂടി ശ്രദ്ധയില്‍പ്പെട്ടു. അത് ഇങ്ങനെയാണ്: ഒരുലിറ്റര്‍ വെള്ളത്തിന്റെ വില 15 രൂപ. നാലോ അഞ്ചോ പേരുള്ള വീട്ടില്‍ ഒരു ദിവസം ഉപയോഗിക്കുന്ന വെള്ളം 1000 ലിറ്റര്‍. അതായത് 15000 രൂപയുടെ വെള്ളം. ഒരു മാസത്തേക്ക് 4.5 ലക്ഷം രൂപയുടെ വെള്ളം. പണത്തിന്റെ കണക്കു പറഞ്ഞാലെങ്കിലും മനസ്സിലാകുമെന്ന് കരുതിയിട്ടാകണം ഇങ്ങനെ വിശദീകരിക്കുന്നത്. അല്ലാതെ ജലം അമൂല്യമാണെ് ഇത്രയും കാലം പറഞ്ഞുകൊണ്ടിരുന്നിട്ടും ആരും മനസ്സിലാക്കിയില്ലല്ലോ ?
വീണ്ടും ഈ വര്‍ഷത്തെ ജലദിന സന്ദേശത്തിലേക്ക് വരാം. ഈ നൂറ്റാണ്ടില്‍ നമ്മെ കാത്തിരിക്കുന്ന ജലക്ഷാമത്തിന് പ്രകൃതിയില്‍ നിന്ന് തന്നെ പരിഹാരം കണ്ടെത്തണമെന്നതാണല്ലോ ആ സന്ദേശത്തിന്റെ കാതല്‍. അതായത് ശാസ്ത്രവും സാങ്കേതികവിദ്യയും നമുക്ക് ദാഹജലം തരില്ല എന്നര്‍ഥം. ഭൂമിയില്‍ വെള്ളമുണ്ടാകണമെങ്കില് മഴ വേണം. പെയ്യുന്ന വെള്ളം സംഭരിക്കപ്പെടണം. ജലസ്രോതസ്സുകള്‍ വൃത്തിയായി സൂക്ഷിക്കണം. കാടും മലയും കുളവും കിണറും മണ്ണുമെല്ലാം കരുതലോടെ സംരക്ഷിക്കണം. അതെങ്ങനെയാണ് സാധ്യമാകുക ? പ്രകൃതി തന്നെ അതിന് ഉത്തരം തരുന്നുണ്ട്. മനുഷ്യന്റെ ഇടപെടലിന് അല്പം നിയന്ത്രണം വരുത്തിയാല്‍ മതി. വികസനത്തിന്റെ പേരിലുള്ള പ്രകൃതി ചൂഷണത്തിന് ഒന്ന് കടിഞ്ഞാണിട്ടാല്‍ മതി. യുദ്ധവും ഭീകരപ്രവര്‍ത്തനവുമൊക്കെ നിര്‍ത്തി മനുഷ്യാധ്വാനവും പണവും പകുതിയെങ്കിലും പരിസ്ഥിതിക്കും പ്രകൃതി സംരക്ഷണത്തിനും വേണ്ടി മാറ്റിവെച്ചാല്‍ മതി.
ഇനി വെള്ളത്തിനുവേണ്ടിയും മനുഷ്യര്‍ യുദ്ധം ചെയ്യുമത്രേ ! പ്രകൃതിക്കുവേണ്ടിയുള്ള പുതിയ വികസനത്തിന് തുടക്കമിട്ടാല്‍ പ്രകൃതിയുടെ ഭാഗമായ മനുഷ്യന് സമാധാനത്തിന്റെ വഴിയിലൂടെ ഇനിയും ഏറെ നൂറ്റാണ്ടുകള്‍ സഞ്ചരിക്കാന്‍ കഴിഞ്ഞെന്നുവരും. സമാധാനത്തിന്റെ വഴിയിലൂടെ, പ്രകൃതി കാണിച്ചുതരുന്ന വഴിയിലൂടെ നടന്നു തുടങ്ങാന്‍ മനുഷ്യനു കഴിയുമോ ? ജീവന്റെ നിലനില്‍പ്പിന് മറ്റൊരു വഴിയും കണ്ടെത്താനില്ല.
ലേഖകന്‍ – ഐ ആര് പ്രസാദ്