എന്റെ ഗ്രാമം
പാലക്കാടു ജില്ലയിൽ ഒറ്റപ്പാലം താലൂക്കിൽ ലക്കിടി പേരൂര്‍ പഞ്ചായത്തിൽ ഉള്ള ഒരു ഗ്രാമമാണ് “നെല്ലിക്കുറിശ്ശി”. പന, തെങ്ങു, കവുങ്ങു, മാവു, പ്ലാവ്, തേക്ക്, മുല്ല, കുരുമുളക്,വെറ്റില എന്നീ വൃക്ഷലതാദികളാൽ അനുഗ്രഹീതമാണ് ഈ കൊച്ചു ഗ്രാമം. മുളഞ്ഞൂർ, മുരിക്കൻപറ്റ, ലക്കിടി, പാലപ്പുറം എന്നീ അയൽ ഗ്രാമങ്ങളാൽ ചുറ്റപ്പെട്ടു കിടക്കുന്ന സ്ഥലമാണ് ഈ ഗ്രാമം. ഈ ഗ്രാമത്തിലൂടെ കരകളോട് കിന്നരം പറഞ്ഞു കുണുങ്ങി ഒഴുകുന്ന ഒരു കൊച്ചു നദിയുണ്ട്. ഈ നദി ഒറ്റപ്പാലത്തു നിള നദിയില്‍ ചെന്ന് സംഗമിക്കുന്നു.
കിള്ളിക്കുറിശ്ശിമംഗലമാണ് ഈ പ്രദേശത്തെ പ്രധാന ആകര്‍ഷണം. ഒറ്റപ്പാലം പട്ടണത്തില്‍ നിന്നും 8 കിലോമീറ്റര്‍ പാലക്കാടു ഭാഗത്തേക്ക് മാറി ലക്കിടിയ്ക്കടുത്താണ് ഈ സ്ഥലം. കവിയും ഓട്ടന്‍ തുള്ളലിന്റെ ഉപജ്ഞാതാവായ കലക്കത്തു കുഞ്ചന്‍ നമ്പ്യാരുടെ ജന്മത്താൽ അനുഗ്രഹീതമാണ് കിള്ളിക്കുറിശ്ശിമംഗലം. കേരളത്തിന്റെ കലാസാഹിത്യ പാരാമ്പര്യത്തില്‍ നമ്പ്യാര്‍ക്കും കിള്ളിക്കുറിശ്ശി മംഗലത്തിനുമുള്ള പ്രാധാന്യം പരമപ്രധാനമാണ്. പതിനെട്ടാം നൂറ്റാണ്ടിലെ (1705-1770) പ്രമുഖ മലയാളഭാഷാ ഹാസ്യ ചിന്തക കവിയാണ് കുഞ്ചൻ നമ്പ്യാർ. പ്രതിഭാസമ്പന്നനായ കവി എന്നതിനു പുറമേ ഓട്ടം തുള്ളൽ എന്ന നൃത്തകലാരൂപത്തിന്റെ ഉപജ്ഞാതാവെന്ന നിലയിലും പ്രസിദ്ധനായ നമ്പ്യാരുടെ കൃതികൾ മിക്കവയും തുള്ളൽ അവതരണങ്ങളിൽ ഉപയോഗിക്കാൻ വേണ്ടി എഴുതപ്പെട്ടവയാണ്. നർമ്മത്തിൽ പൊതിഞ്ഞ സാമൂഹ്യവിമർശനമാണ് അദ്ദേഹത്തിന്റെ കൃതികളുടെ മുഖമുദ്ര. മലയാളത്തിലെ ഹാസ്യകവികളിൽ അഗ്രഗണനീയനാണ് നമ്പ്യാർ.
മുന്നൂറു വര്‍ഷത്തിലധികം പഴക്കമുള്ള ലക്കിടി കിള്ളിക്കുറിശ്ശി മംഗലത്തുള്ള കുഞ്ചന്‍ നമ്പ്യാരുടെ കലക്കത്ത് തറവാട് കേരള ഗവണ്മെന്റ് സാംസ്കാരിക വകുപ്പ് ഇപ്പോഴും കേടുപാടുകൾ കൂടാതെ നിലനിര്‍ത്തിയിട്ടുണ്ട്. കുഞ്ചന്‍ നമ്പ്യാരുടെ കാലത്ത് നിലവിലുണ്ടായിരുന്ന എല്ലാ കലകളുടെയും രൂപങ്ങളും ഇവിടെ കാണാന്‍ സാധിക്കും. ഈ തറവാട് ( കലക്കത്ത് വീട്) മലയാള ഭാഷ പ്രേമികളായ എല്ലാവരുടെയും വിനോദ സഞ്ചാര പറുദീസ കൂടിയാണ് .
.
മന്ത്രേടത്തു മന, എർണൂർ മന, കാഞ്ഞിയൂർ മന എന്നീ നമ്പൂതിരി ഇല്ലങ്ങളും ഈ തട്ടകത്തിലും പരിസരപ്രദേശങ്ങളിലും സ്ഥിതി ചെയ്യുന്നു. ഏകദേശം നൂറ്റിഅൻപതു കൊല്ലം പഴക്കമുള്ള കൂട്ടുകുടുംബമായി നിലനിന്നിരുന്ന പ്രശസ്തമായ വടക്കേ പുത്തൂർ നാലുകെട്ട് തറവാട് ഈ ഗ്രാമത്തിലെ ഏറ്റവും വലിയ നായർ തറവാട് ആയിരുന്നു. അക്കാലത്തെ ഒറ്റപ്പാലത്തെ പ്രശസ്ത വക്കീൽ ആയിരുന്ന വടക്കേ പുത്തൂർ ഗോവിന്ദ മേനോൻ ആയിരുന്നു തറവാടിൻറെ ആദ്യത്തെ കാരണവർ.
വാഴലിക്കാവ്, ചിനക്കത്തൂർകാവ്, മുളഞ്ഞൂർ ഭഗവതി ക്ഷേത്രം എന്നിവ ഈ തട്ടകത്തിലെ പ്രധാന ദേവീക്ഷേത്രങ്ങൾ ആണ് വള്ളുവനാട്ടിലെ പ്രസ്തമായ പാന എന്ന ഉത്സവമാണ് ഈ ഗ്രാമത്തിലെ വാഴലിക്കാവിലെ ഉത്സവം. തുടക്കം മുതലേ വടക്കേ പുത്തൂർ തറവാടിന്റെ നിയന്ത്രണത്തിലാണ് ഈ അമ്പലത്തിന്റെ ഭരണസമിതി.
ഈ ഗ്രാമത്തിലെ കുടുംബങ്ങള്‍ തങ്ങളുടെ കുടുംബത്തിന്റെ ഐശ്വര്യത്തിനു വേണ്ടിയും ഭഗവദ് പ്രീതിക്ക് വേണ്ടിയും സമര്‍പ്പിക്കുന്ന ഒരു വഴിപാടാണ് പാന. മീനമാസത്തിലെ അവസാനത്തെ ചൊവ്വാഴ്ചകളിലോ വെള്ളിയഴ്ച്ചകളിലോ ആണ് ഈ ഉത്സവം സാധാരണയായി നടത്തി വരാറുള്ളത്. രാവിലെ അമ്പലത്തില്‍ നിന്ന് ഭഗവതി വിഗ്രഹം ആനപ്പുറത്ത് എഴുന്നെള്ളിച്ചുകൊണ്ട് പാലക്കൊമ്പ്, വാദ്യമേളങ്ങള്‍, താലപ്പൊലിയെന്തിയ മംഗല്യവതികളായ യുവതികള്‍, ബാലികമാർ വെളിച്ചപ്പാട് എന്നിവയുടെ അകമ്പടിയോടെ വഴിവാട് നേർന്നിട്ടുള്ള വീട്ടിലേക്കു എത്തിച്ചേരുന്നു.
വീട്ടില്‍ പ്രത്യേകം അലങ്കരിച്ച വലിയ പന്തലിൽ പാലക്കൊമ്പ് നാട്ടി ഭഗവതിയെ അതിന്റെ ചുവട്ടിൽ കുടിയിരുത്തുന്നു. പിന്നീടു പൂജയാരംഭിക്കുന്നു. ഉച്ചക്ക് വിഭവ സമൃദ്ധമായ സദ്യക്ക് ശേഷം തായമ്പക, പഞ്ചവാദ്യം, പഞ്ചാരിമേളം, ആനയെഴുന്നള്ളിപ്പ് , വെളിച്ചപ്പാട് നൃത്തം എന്നിവയ്ക്ക് ശേഷം, ആന, പഞ്ചവാദ്യം,ചെണ്ടമേളം, വെളിച്ചപ്പാട് എന്നിവയുടെ അകമ്പടിയോടെ ഭഗവതിയെ തിരിച്ചു അമ്പലത്തില്‍ പ്രതിഷ്ടിക്കുന്നു. പിന്നീട് അമ്പലത്തില്‍ വവിധ ദേശത്തു നിന്നും എത്തി ചേര്‍ന്നിട്ടുള്ള ഉത്സവങ്ങൾ ഒന്നിച്ചു വിവിധ കലാപരിപാടികളോടെ ഉത്സവം നടത്തുന്നു.
ഈ തട്ടകത്തില്‍ തന്നെ സ്ഥിതി ചെയ്യുന്ന മറ്റൊരു പ്രധാന ദേവി ക്ഷേത്രമാണ് പാലപ്പുറം ചിനക്കത്തൂര്‍ ഭഗവതി ക്ഷേത്രം . ഈ ക്ഷേത്രത്തിലെ പൂരം ആഘോഷിക്കുന്നത് കുംഭ മാസത്തിലെ മകം നാളില്‍ ആണ്. നെറ്റിപ്പട്ടം കെട്ടിയ 33 ഗജവീരന്മാരുടെയും തിറ, പൂതന്‍ എന്നീ ക്ഷേത്ര കലകളുടെയും, കാള വേല, കുതിര വേല എന്നിവയുടെ അകമ്പടിയോടും കൂടി ക്ഷേത്ര അങ്കണത്തില്‍ വേല ദിവസം ഗംഭീരമായി ആഘോഷിക്കുന്നു. പൂരത്തിന് മുന്നോടിയായി 17 ദിവസത്തെ പാവക്കൂത്ത് അമ്പലത്തിന്റെ അങ്കണത്തിൽ ഉള്ള കൂത്തുമാടത്തിൽ പതിവായി രാത്രി മുഴുവനും നടത്തി വരാറുണ്ട്.
തട്ടകത്തില്‍ സ്ഥിതി ചെയ്യുന്ന പതിനാറു വിവിധ ഗ്രാമ പ്രദേശങ്ങളില്‍ നിന്നെതിയിട്ടുള്ള കുതിരകളിയും കാള കളിയും, തിറ, പൂതന്‍ കളിയും പൂരം ദിവസം ക്ഷേത്ര അങ്കണത്തിൽ ആഘോഷത്തിനു മാറ്റുകൂട്ടുന്നു. പാലപ്പുറം മുതലിയാര്‍ സംഘം നടത്തുന്ന അലങ്കരിച്ച തേരും ഈ ഉത്സവത്തിന്റെ നിറം പകരുന്നു. ഈ തട്ടകത്തില്‍ സ്ഥിതി ചെയ്യുന്ന പ്രധാനപ്പെട്ട ഒരു വിദ്യാഭ്യാസ സ്ഥാപനമാണ് എൻ.എസ്.എസ് ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജ്, ഒറ്റപ്പാലം. ഈ കോളേജ് സ്ഥാപിച്ചത് സ്വാമി വിഷാദ് നന്ദ ആണ്. ഈ കോളേജിന്റെ ഉദ്ഘാടനം 1961 ജൂലൈ 10 നു ശ്രീമതി പ്രഭാകരന് തമ്പാൻ നിര്‍വഹിച്ചു. ഇന്ന് ഈ കോളേജ് എല്ലാ സൗകര്യവും ഉള്ള ഒരു സ്ഥാപനമായി മാറിക്കഴിഞ്ഞു. ഈ സ്ഥാപനം കോഴിക്കോട് സര്വകലശാലയുമായി സംയോജിപ്പിച്ചിരിക്കുന്നു (അഫിലിയേറ്റ് ചെയ്തിരിക്കുന്നു).
നിള നദിയുടെ തീരത്തുകിടക്കുന്ന മനോഹരമായ സ്ഥലമാണ് ഒറ്റപ്പാലം. സിനിമാ ചിത്രീകരണത്തിന്റെ പറുദീസയാണ് പ്രകൃതിരമണീയമായ ഈ പ്രദേശം. നിരവധി നമ്പൂതിരി മനകളും ഇല്ലങ്ങളും, നാലുകെട്ടുകള്‍, എട്ടുകെട്ടുകള്‍ തുടങ്ങിയ നായര്‍ തറവാടുകളും ഇപ്പോഴും സ്ഥിചെയ്യുന്ന ഒറ്റപ്പാലത്തും പരിസരത്തുമായി ചിത്രീകരിച്ച സിനിമകൾ മലയാള മണ്ണിന് അമൂല്യമായ മുതല്‍ക്കൂട്ടാണ്. പച്ച പുതച്ച നെല്‍പ്പാടങ്ങളും കരയോട് കിന്നരം ചൊല്ലി മന്ദ മന്ദം ഒഴുകുന്ന നിള നദിയുടെ സൗന്ദര്യവും സമ്മേളിക്കുന്ന ഈ കൊച്ചു നഗരത്തിന്റെ പ്രകൃതി സൗന്ദര്യവുമാണ് അധികൃതര്‍ക്ക് ഫിലിം സിറ്റി ഇവിടെ സ്ഥാപിക്കാന്‍ പ്രചോദനമായത്. ചുരുക്കിപ്പറഞ്ഞാല്‍ കണ്ണിനും കരളിനും കുളിര് പകരുന്ന ഒരു അനുഭൂതിയാണ് പ്രകൃതി സുന്ദരമായ ഒറ്റപ്പാലം താലൂക്കിൽ ഉള്‍പ്പെടുന്ന ഈ കൊച്ചു ഗ്രാമത്തിലെ ജീവിതം.
തയ്യാറാക്കിയത് :
വി.പി.കെ.ഉണ്ണി മേനോൻ,
പ്രസിഡന്റ് ,
കച്ച് മലയാളി വെൽഫെയർ അസോസിയേഷൻ,
ആദിപൂർ (കച്ച് ) -ഗുജറാത്ത്
മൊബൈൽ : 09427211308