ഈയിടെ ചൈന പറഞ്ഞു, ലോകത്തിന്റെ മുഴുവന്‍ മാലിന്യം ഇനി ഇങ്ങോട്ട് വേണ്ട എന്ന്. ചൈനയുടെ ഈ നിലപാട് പലരെയും ഞെട്ടിച്ചു കളഞ്ഞു. മാലിന്യം റീസൈക്കിള്‍ ചെയ്ത് മറ്റ് ഉല്പങ്ങളുണ്ടാക്കി ചൈന വലിയ വരുമാനം നേടിയിരുന്നു. ആ വരുമാനം വേണ്ട എന്നാണ് അവര്‍ ഉറപ്പിച്ചു പറഞ്ഞത്. മാലിന്യസംസ്കരണം അവരുടെ പ്രകൃതിക്ക് വലിയ ദോഷമുണ്ടാക്കുന്നു. ജലാശയങ്ങള്‍ മലിനമാകുന്നു. ഈ മേഖലയില്‍ പണിയെടുക്കുന്നവര്‍ക്ക് രോഗങ്ങളുണ്ടാകുന്നു. മാലിന്യം വാങ്ങി പണമുണ്ടാക്കുന്നുണ്ടെങ്കിലും എ അത് രാജ്യത്തിന്റെ പ്രതിഛായക്ക് തന്നെ മങ്ങലേല്‍പ്പിക്കുന്നു. അതുകൊണ്ടാണ് 2017ന്റെ അവസോനത്തോടെ ചൈന അവരുടെ തീരുമാനം ലോകത്തെ അറിയിച്ചത്.
ചൈനയുടെ തീരുമാനം വന്നതിനു പിന്നാലെയാണ് ക്രിസ്തുമസ് വന്നത്. ക്രിസ്തുമസ് സമ്മാനങ്ങളുടെ പൊതിയഴിച്ചുകളയാന് കയറ്റുമതിക്കാര്‍ തിടുക്കം കാട്ടി. പൊതികള്‍ കടലാസു കൊണ്ടും പ്ലാസ്റ്റിക്കുകൊണ്ടുമാണല്ലോ ? 2016 ല്‍ ചൈനയില്‍ എത്തിയത് 29 മില്യൺ പേപ്പര്‍ വേസ്റ്റും ഏഴ് മില്യൺ പ്ലാസ്റ്റിക് വേസ്റ്റുമാണ്. ഓപ്പറേഷന് ഗ്രീന്‍ ഫെന്‍സ് എന്ന പേരില്‍ 2013 ല്‍ തന്നെ ചൈന മാലിന്യത്തിനെതിരായ പ്രതിരോധം തുടങ്ങിയിരുന്നു. പക്ഷേ ഇത്ര കടുപ്പിച്ചത് ഇപ്പോഴാണ്.
മാലിന്യം ലോകത്തിന് മുഴുവന്‍ കീറാമുട്ടിയാവുകയാണ്. നമ്മളുണ്ടാക്കുന്ന മാലിന്യം ആരൊക്കെയോ, എവിടെയൊക്കെയോ സംസ്കരിച്ചുകൊള്ളും എന്ന മനോഭാവമാണ് നമുക്ക്. നമുക്ക് മാത്രമല്ല, ലോകം മുഴുവനും അതേ ബോധത്തിലാണ്. അതുകൊണ്ടാണല്ലോ ചൈനയുടെ തീരുമാനം അറിഞ്ഞപ്പോള്‍ ലോകരാജ്യങ്ങള്‍ പലതും ഞെട്ടിപ്പോയത്.
നമ്മള് ഒരു ദിവസം എത്ര മാലിന്യം ഉല്പാദിപ്പിക്കുന്നുണ്ട് ? ആലോചിച്ചിട്ടുണ്ടോ ? എന്നാല്‍ ആലോചിച്ചുതുടങ്ങാം. കഴിക്കാതെ ബാക്കി വച്ച ചോറ്, കറി, ചിക്കന്റെ എല്ല്, മീനിന്റെ മുള്ള് ഇതൊക്കെ മാലിന്യമാണ്. ഇതാണ് ജൈവ മാലിന്യം. അലക്ഷ്യമായി വലിച്ചെറിയുകയും കൂട്ടിയിടുകയും ചെയ്താല്‍ അത് ചീഞ്ഞുനാറും. രോഗം പടര്‍ത്തും. ശരിയായി സംസ്കരിച്ചാല്‍ മാലിന്യം കൃഷിക്ക് ഉപയോഗിക്കാം. നല്ല വളമാക്കി മാറ്റാന്‍ ഇന്ന് സൗകര്യങ്ങളുണ്ട്.
നമ്മള് നിത്യവും ഉണ്ടാക്കുന്ന ഏറ്റവും അപകടകരമായ മാലിന്യം പ്ലാസ്റ്റിക് തന്നെയാണ്. സോപ്പിന്റെ പ്ലാസ്റ്റിക് പൊതി, ടൂത്ത് പേസ്റ്റിന്റെ ട്യൂബ്, ബഡ്സിന്റെ കോല്.. .. മതിയോ ? നിങ്ങള്‍ക്കേറ്റവും ഇഷ്ടമുള്ള എനര്‍ജി ഡ്രിങ്കുകളുടെ കണ്ടെയ്നറുകള്‍, മിഠായിപ്പൊതികള്, തേയില, പഞ്ചസാര, അരി തുടങ്ങിയ നിത്യോപയോഗ സാധനങ്ങളുടെ കവറുകള്‍, വള, മാല, കമ്മല്‍… പോരേ ? ഇനി നിങ്ങള്‍ തന്നെ കണക്കെടുത്ത് ഈ പട്ടിക വലുതാക്കൂ.
ഉപേക്ഷിക്കപ്പെടുന്ന ഈ പ്ലാസ്റ്റിക്കെല്ലാം ആരാണ് സംസ്കരിക്കുന്നത് ? ഇപ്പോള്‍ കേരളത്തില്‍ പ്ലാസ്റ്റിക് ഷ്രെഡിംഗ് യൂണിറ്റുകളുണ്ട്. ഒരു പരിധിവരെ അതില്‍ റീസൈക്കിള്‍ ചെയ്യപ്പെടുന്നു. അതിലേറെ വരും നമ്മള് അലക്ഷ്യമായി വലിച്ചെറിയുന്ന പ്ലാസ്റ്റിക്. കത്തിച്ചാല്‍ ഡയോക്സിന്‍ ഉള്‍പ്പെടെ മാരകവിഷമുള്ള വാതകങ്ങള്‍ പുറത്തുവരും. മണ്ണില്‍ അലിയാതെ നൂറ്റാണ്ടുകള്‍ കിടക്കും. പ്ലാസ്റ്റിക് ശരിയായി സംസ്കരിക്കുക എന്നത് ലോകത്തിന് മുന്നില്‍ ഇന്നും വലിയ പ്രശ്നമായി നില്ക്കുന്നു. റെഫ്യൂസ്, റീയൂസ്, റീസൈക്കിള്‍ എന്നത് മാത്രമാണ് പരിഹാരം.
റോഡരികിലും പൊതുസ്ഥലത്തും നിങ്ങള്‍ താമസിക്കുന്ന പരിസരങ്ങളിലും നോക്കൂ. എത്ര പ്ലാസ്റ്റിക് മാലിന്യമാണ് ചിതറിയും കൂടിയും കിടക്കുന്നത്. മഴ വരുമ്പോള്‍ ഇതെല്ലാം ഒഴുകി ഓടകളിലൂടെയും തോടുകളിലൂടെയും പുഴകളിലും ജലാശയങ്ങളിലും എത്തും. നമ്മുടെ കുടിവെള്ള പദ്ധതികള്‍ എല്ലാം ഇത്തരം ജലാശയങ്ങളില്‍ നിന്ന് വെള്ളം പമ്പ് ചെയ്താണ് പ്രവര്‍ത്തിക്കുന്നത്. ചുരുക്കത്തില്‍ നമ്മള് ഉണ്ടാക്കുന്ന മാലിന്യങ്ങളുടെയെല്ലാം ചെറിയൊരു അംശമെങ്കിലും കുടിവെള്ളത്തിലൂടെ നമ്മിലേക്ക് തന്നെ എത്തുന്നുണ്ട്. കുടിവെള്ളത്തിലെ മാലിന്യം മൂലം രോഗങ്ങള്‍ പടരുന്നത് വലിയ ഭീഷണിയായി മാറിയിരിക്കുന്നു. ഏറ്റവുമൊടുവില്‍ ഈ മാലിന്യമെല്ലാം ഒഴുകി കടലിലെത്തും. മത്സ്യങ്ങള്‍ ഉള്‍പ്പെടെ സമുദ്രജീവികള്‍ക്കും അത് ഭീഷണിയാകുന്നു.
മാലിന്യം ജലാശയങ്ങളിലേക്ക് ഒഴുക്കിവിടാതിരിക്കാന് ശക്തമായ നിയമങ്ങളുണ്ട്. പക്ഷേ പൂര്‍ണമായും പാലിക്കപ്പെടുന്നില്ല. ജനങ്ങളും സര്‍ക്കാരും ഒന്നിച്ചു നിന്ന് മാലിന്യത്തെ തോല്‍പ്പിക്കാനാണ് ഹരിതകേരളം എന്ന പദ്ധതി സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. മാലിന്യം തടഞ്ഞും ജലാശയങ്ങള്‍ ശുദ്ധീകരിച്ചും കൃഷി വ്യാപിപ്പിച്ചും മഴവെള്ളം സംഭരിച്ചും കേരളത്തെ ഹരിത സമൃദ്ധമാക്കാനുള്ളതാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ച പദ്ധതി. ഇത്തരമൊരു കരുതല്‍ ഉണ്ടെങ്കില്‍ മാത്രമേ വരും തലമുറകള്‍ക്ക് ജീവിക്കാന്‍ ഈ നല്ല ഭൂമി ഇങ്ങനെ നിലനില്ക്കുകയുള്ളൂ.
നിങ്ങളുടെ മാലിന്യം ഞങ്ങള്‍ക്കു വേണ്ട എന്ന് ചൈന പ്രഖ്യാപിച്ചത് വലിയ കാര്യം. പക്ഷേ മാലിന്യം ഉണ്ടാകാതിരിക്കാന്‍ ആരെങ്കിലും എന്തെങ്കിലും പ്രഖ്യാനങ്ങള്‍ നടത്തുന്നുണ്ടോ ? നമ്മള് ഓരോരുത്തരും സ്വയം മാലിന്യം ഉല്പാദിപ്പിക്കുന്നത് കുറക്കുമെന്ന പ്രതിജ്ഞ എടുത്താല്‍ മാത്രമേ മാലിന്യത്തിനെതിരായ സമരം അര്‍ഥപൂര്‍ണമാകൂ. മിഠായിപ്പൊതി മുതല്‍ സമ്മാനപ്പൊതി വരെ ശ്രദ്ധിച്ച് അഴിച്ചോളൂ. റെഡ്യൂസ് എന്നതിന് പകരം റിജക്റ്റ് എന്ന് തന്നെ പറയാന്‍ പഠിച്ചോളൂ..
ഐ ആർ പ്രസാദ് (ലേഖകന്‍)