മലയാള ഭാഷ കണ്ട ഏറ്റവും മഹാനായ കവി. 20-ാം നൂറ്റാണ്ടിലെ കവിതാശാഖയെ ഇത്രയധികം സ്വാധീനിച്ച മറ്റൊരു കവിയില്ല. മലയാളകവിതയുടെ കാല്പനിക വസന്തത്തിനു തുടക്കം കുറിച്ചു. ആധുനിക കവിത്രയത്തിലൊരാൾ. ആശാന്റെ കൃതികൾ കേരളീയ സാമൂഹികജീവിതത്തിൽ വലിയ പരിവർത്തനങ്ങൾ വരുത്തി. ആശയ ഗംഭീരൻ, സ്നേഹ ഗായകൻ എന്നിവയും അദ്ദേഹത്തിന്റെ വിശേഷണങ്ങളാണ്.
1873 ഏപ്രില്‍ 12ന് തിരുവനന്തപുരത്ത്ചി റയിന്കീഴിനടുത്ത് കായിക്കരയില്‍, പെരുങ്കുടി നാരായന്റെയും കാളിയുടെയും ആറ് മക്കളില്‍ രണ്ടാമനായാണ് കുമാരനാശാൻ ജനിച്ചത്. കുമാർ എന്നാണ് മാതാപിതാക്കൾ ആ ബാലനെ വിളിച്ചിരുന്നത്. ചെറുപ്പത്തിൽ വല്ലാത്ത കുസൃതിയായിരുന്നു കുമാരു. കുമാരുവിനെ അടക്കി നിർത്താൻ അമ്മയുടെ പൊടിക്കൈയായിരുന്നു പുരാണകഥ പറയൽ. അച്ഛൻ ആലപിക്കുന്ന കീർത്തനങ്ങൾ കേട്ട് കുമാരു ലയിച്ചിരിക്കുമായിരുന്നു. അച്ഛനെ പോലെ വലുതാകുമ്പോൾ താനും കവിതകൾ എഴുതുമെന്ന് കൊച്ചു കുമാരു സ്വപ്നം കണ്ടു.
കുമാരുവിനു ബാല്യകാലത്ത് പലവിധ അസുഖങ്ങൾ വന്ന് കിടപ്പിലാവുക പതിവായിരുന്നു. അങ്ങനെയിരിക്കെ പതിനെട്ടാമത്തെ വയസ്സിൽ അസുഖം ബാധിച്ച് കിടപ്പിലായ കുമാരുവിനെ കാണാൻ അച്ഛന്റെ ക്ഷണപ്രകാരം, ശ്രീനാരായണഗുരു വീട്ടിലെത്തി. നാരായണ ഗുരു കുമാരുവിനെ കൂട്ടികൊണ്ട് പോയി ഗോവിന്ദൻ ആശാൻറെ കീഴിൽ യോഗയും താന്ത്രികവും അഭ്യസിക്കാനേല്പിച്ചു. അക്കാലത്താണ് കുമാരുവിനു കവിത എഴുത്തിൽ കമ്പം തോന്നി തുടങ്ങിയത്. കിട്ടുന്ന പുസ്തകങ്ങളെല്ലാം കുമാരു ആർത്തിയോടെ വായിക്കുന്ന സ്വഭാവവും കുമാരുവിന് ഉണ്ടായിരുന്നു.
ശ്രീനാരായണഗുരുവുമായി പരിചയപ്പെട്ടത് കുമാരുവിന്റെ ജീവിതത്തിലെ വഴിത്തിരിവായിരുന്നു. ശ്രീനാരായണ ഗുരുവിന്റെ ആത്മീയ ചൈതന്യം കുമാരുവിനെ ക്രമേണ യോഗിയും വേദാന്തിയുമാക്കി. ഉദ്ദേശം ഇരുപത് വയസ്സ് പ്രായമായപ്പോൾ കുമാരു വക്കം സുബ്രഹ്മണ്യക്ഷേത്രത്തിൽ ചെന്ന് കൂടി അന്തേവാസിയായി മതഗ്രന്ഥ പാരായണത്തിലും, യോഗാസനത്തിലും ധ്യാനത്തിലും മുഴുകി. അക്കാലത്ത് അദ്ദേഹം ക്ഷേത്രപരിസരത്ത് ഒരു സംസ്കൃതപാഠശാല ആരംഭിച്ചു. സംസ്കൃതം പഠിപ്പിച്ചു തുടങ്ങിയതോടെ നാട്ടുകാർ അദ്ദേഹത്തെ “കുമാരനാശാൻ“ എന്ന് വിളിച്ചു തുടങ്ങി. ശ്രീനാരായണഗുരുദേവൻ തന്റെ ശിഷ്യനെ ഉപരിപഠനത്തിനയക്കാൻ തീരുമാനിച്ചു. അതിനായി ബാംഗ്ലൂരില്‍ ജോലി നോക്കിയിരുന്ന ഡോ. പല്പുവിനെ ചുമതലപ്പെടുത്തി. ഇരുപത്തിനാലാമത്തെ വയസ്സിൽ ഉന്നത വിദ്യാഭ്യാസത്തിനായി ബാംഗ്ലൂർക്ക് പോയി
തുടർന്ന് ഡോ.പല്പുവിന്റെ പരിശ്രമഫലമായി ആശാന് 1898ൽ കൽക്കത്തയിലെ സംസ്കൃത കോളേജിൽ പ്രവേശനം ലഭിച്ചു.
കൽക്കത്തയിലെ ജീവിതകാലം പഠനത്തിനും ഗ്രന്ഥപാരായണത്തിനുമായി ആശാൻ ചെലവഴിച്ചു. മഹാകവി രവീന്ദ്രനാഥ ടാഗോറിന്റെയും മറ്റും കൃതികൾ ബംഗാളിസാഹിത്യത്തെ നവോത്ഥാനത്തിലേക്ക് ന യിച്ച കാലത്താണ് ആശാൻ കൽക്കത്തയിലെത്തിയത്.
1903 ജൂൺ 4-ന് ശ്രീനാരായണഗുരുവും ഡോ. പല്പുവും മുൻകൈയെടുത്ത് എസ്.എൻ.ഡി.പി. യോഗം (ശ്രീ നാരായണ ധര്‍മ്മ പരിപാലന യോഗം) സ്ഥാപിച്ചു. യോഗത്തിന്റെ സംഘടനാപരമായ ചുമതലകൾ നിർവഹിക്കാൻ നാരായണഗുരു പ്രിയ ശിഷ്യനായ കുമാരനാശാനെയാണ് തെരെഞ്ഞെടുത്തത്. അങ്ങനെ 1903ൽ കുമാരനാശാൻ ആദ്യ യോഗം സെക്രട്ടറിയായി. സ്വപ്നജീവിയായ കവിയായിരുന്നില്ല കുമാരനാശാൻ. സാമൂഹികയാഥാർത്ഥ്യങ്ങളുമായി നിരന്തരം ഇടപഴകിക്കൊണ്ടും അവയെ മാറ്റിത്തീർക്കാനുള്ള പരിശ്രമങ്ങളിൽ ഏർപ്പെട്ടുകൊണ്ടുമാണ് അദ്ദേഹം ജീവിച്ചത്. ആശാന്റെ കവിതകൾക്ക് അസാധാരണമായ ശക്തിവിശേഷം പ്രദാനം ചെയ്തത് ഈ സാമൂഹികബോധമാണ്.
1909-ൽ അദ്ദേഹത്തിന്റെകൂടി ശ്രമഫലമായി ഈഴവർക്കു തിരുവിതാംകൂർ നിയമ നിർമ്മാണ സഭയിൽ പ്രാതിനിധ്യം ലഭിച്ചു. അദ്ദേഹം നിയമസഭാംഗമായും പ്രവർത്തിച്ചു.
കുമാരനാശാന്റെ കവിതകളിൽ നിന്നുള്ള ചില വരികൾ…
“ഹാ, പുഷ്പമേ, അധികതുംഗപദത്തിലെത്ര
ശോഭിച്ചിരുന്നിതൊരു രാജ്ഞികണക്കയേ! നീ
ശ്രീഭൂവിലസ്ഥിര-അസംശയം-ഇന്നു നിന്റെ-
യാഭൂതിയെങ്ങു പുനരിങ്ങു കിടപ്പിതോർത്താൽ”
വീണപൂവ് എന്ന കവിത തുടങ്ങുന്നത് ഇങ്ങനെയാണ്.. പൂവിന്റെ ജനനം മുതൽ മരണം വരെയുള്ള അതീവസൂക്ഷ്മമായ ഘട്ടങ്ങൾ മനുഷ്യജീവിതത്തിന്റെ നൈമിഷികതയെ ഓർമ്മിപ്പിച്ചുകൊണ്ട് കേവലം നാല്പത്തിയൊന്ന് ശ്ലോകങ്ങളിലൂടെ ഹൃദയസ്പർശിയാംവിധം ചിത്രീകരിച്ചിരിക്കുന്നു.
അതിനുശേഷം ആശാൻ രചിച്ച സുപ്രധാന ഖണ്ഡകാവ്യങ്ങളിൽ ആദ്യത്തേത് നളിനി അഥവാ ഒരു സ്നേഹം ആയിരുന്നു. നളിനിയുടെയും ദിവാകരന്റെയും അസാധാരണമായ സ്നേഹബന്ധത്തിന്റെ കഥയായിരുന്നു നളിനി. മനുഷ്യന്റെ നിസ്സഹായത അവതരിപ്പിക്കുന്ന ഈ വരികൾ നളിനിയിലേതാണ്.
“തന്നതില്ല പരനുള്ളുകാട്ടുവാ-
നൊന്നുമേ നരനുപായമീശ്വരൻ
ഇന്നു ഭാഷയിതപൂർണമിങ്ങഹോ
വന്നുപോം പിഴയുമർത്ഥശ്ശങ്കയാൽ”
ലീല,ചണ്ഡാല ഭിക്ഷുകി,ദുരവസ്ഥ ,പ്രരോദനം തുടങ്ങിയവയാണ് ആശാന്റെ പ്രധാന കൃതികൾ. നാല്പത്തിനാലാം വയസ്സിലായിരുന്നു ആശാന്റെ വിവാഹം. ഭാര്യയുടെ പേരു ഭാനുമതിയമ്മ. മലയാള കവിതാലോകത്ത് നിറസാന്നിദ്ധ്യമായി നിറഞ്ഞുനിൽക്കുന്ന കാലത്താണ് 1924 ജനുവരി 16-ന് പല്ലനയാറ്റിൽ റെഡീമർ എന്നുപേരുള്ള ഒരു ബോട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ കുമാരനാശാൻ അന്തരിച്ചത്. 51 വയസ്സേ അപ്പോൾ അദ്ദേഹത്തിനുണ്ടായിരുന്നുള്ളൂ. ഈ അപകടം നടന്നത് ഒരു പരിപാടിയിൽ പങ്കെടുത്തശേഷം ആലപ്പുഴയിൽനിന്നും കൊല്ലത്തേയ്ക്കു് മടങ്ങിവരുമ്പോഴായിരുന്നു. തിരുവനന്തപുരം ജില്ലയിൽ, തോന്നയ്കലില്‍ ആശാൻ താമസിച്ചിരുന്ന വീട് ഇപ്പോൾ അദ്ദേഹത്തിന്റെ ഓർമ്മയ്ക്കായി സ്ഥാപിച്ച ‘മഹാകവി കുമാരനാശാൻ സ്മാരകത്തിന്റെ’ ഭാഗമാണ്.
യുഗപുരുഷന് എന്ന സിനിമയില്‍ നിന്നുള്ള ഒരു രംഗമാണ് ചുവടെ കൊടുത്തിരിക്കുന്നത്.ശ്രീ നാരായണ ഗുരുവിനെ കുറിച്ചുള്ളതാണ് സിനിമ.ഗുരുവിന്റെ ശിഷ്യനായ കുമാരനാശാന് തന്റെ കൃതിയായ ചണ്ഡാലഭിക്ഷുകിയില്‍ നിന്നുള്ള വരികള്‍ ആലപിക്കുന്നതാണ് രംഗം.