ചെറുശ്ശേരി

ക്രിസ്തുവർഷം 15-‌ാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന മലയാള കവിയാണ് ചെറുശ്ശേരി നമ്പൂതിരി(1375-1475). ഉത്തരകേരളത്തിൽ പഴയ കുറുമ്പ്രനാടു താലൂക്കിലെ വടകരയിൽ ചെറുശ്ശേരി ഇല്ലത്തിൽ ജനിച്ചു. അങ്ങനെ ഒരില്ലം ഇന്നില്ല.  18-ആം നൂറ്റാണ്ടിലുണ്ടായ മൈസൂർ പടയോട്ടക്കാലത്ത് ഉത്തരകേരളത്തിൽ നിന്ന് അനേകം നമ്പൂതിരി കുടുംബങ്ങൾ സ്ഥലം വിട്ടു. കൂട്ടത്തിൽ നശിച്ചുപോയതാവണം ചെറുശ്ശേരി ഇല്ലം.

കൃഷ്ണഗാഥയുടെ കർത്താവ് ചെറുശ്ശേരി നമ്പൂതിരിയാണെന്ന് 1881-ൽ പുറത്തിറങ്ങിയ ഭാഷാചരിത്രത്തിൽ പി.ഗോവിന്ദപ്പിള്ള അഭിപ്രായപ്പെട്ടിരുന്നു .

പ്രാചീന കവിത്രയത്തിൽ ഒരാളായിരുന്നു ഇദ്ദേഹം. ക്രിസ്തുവർഷം 1466-75 കാലത്ത് കോലത്തുനാടു ഭരിച്ചിരുന്ന ഉദയവർമന്റെ പണ്ഡിതസദസ്സിലെ അംഗമായിരുന്നു ചെറുശ്ശേരി നമ്പൂതിരി. ഭക്തി, ഫലിതം, ശൃംഗാരം എന്നീ ഭാവങ്ങളാണ് ചെറുശ്ശേരിയുടെ കാവ്യങ്ങളിൽ നാം കാണുന്നത്. സമകാലീനരായിരുന്ന മറ്റ് ഭാഷാകവികളിൽ നിന്ന് ഒട്ടും വ്യത്യസ്തമായിരുന്നില്ല ഈ ശൈലി. മറ്റു കവികൾ സംസ്‌കൃത ഭാഷയോടാണ് കൂടുതൽ അടുപ്പം കാണിച്ചതെങ്കിൽ ഭാഷാ കവി എന്ന നിലയിൽ അവരിൽ നിന്ന് വ്യത്യസ്തനായിരുന്നു ചെറുശ്ശേരി.

മലയാള ഭാഷയുടെ ശക്തിയും സൗന്ദര്യവും ആദ്യമായി കാണാൻ കഴിയുന്നത് ചെറുശ്ശേരിയുടെ കൃഷ്ണഗാഥ എന്ന മനോഹര കൃതിയിലാണ്. സംസ്കൃത പദങ്ങളും തമിഴ് പദങ്ങളും ഏറെക്കുറെ ഉപേക്ഷിച്ച് ശുദ്ധമായ മലയാള ഭാഷയിലാണ് കൃഷ്ണഗാഥ രചിച്ചിരിക്കുന്നത്. അതുകൊണ്ടു തന്നെ മലയാളത്തിന്റെ ചരിത്രത്തിൽ കൃഷ്ണഗാഥയ്ക്ക് സുപ്രധാനമായ സ്ഥാനമുണ്ട് .

മാനവിക്രമൻ സാമൂതിരിയുടെ സദസ്സിലെ അംഗമായിരുന്ന പുനം നമ്പൂതിരി തന്നെയാണ് ചെറുശ്ശേരി നമ്പൂതിരിയെന്ന് ചില ചരിത്രകാരന്മാർ അഭിപ്രായപ്പെട്ടിട്ടുണ്ട്. ഗാഥാപ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവും കൂടിയാണ് ഇദ്ദേഹം.

കൃഷ്ണഗാഥ/ഒന്നാം ഭാഗം/ഉല്ലൂഖലബന്ധനം

വെണ്ണയെക്കണ്ടൊരു കണ്ണന്താന്നേരം
വെണ്ണിലാവഞ്ചിച്ചിരിച്ചു ചൊന്നാൻ:

“ഒറ്റക്കൈതന്നിൽ നീ വെണ്ണ വച്ചീടിനാൽ
മറ്റെക്കൈ കണ്ടിട്ടു കേഴുമല്ലൊ.

മൂത്തവൻകൈയിൽ നീ വെണ്ണ വച്ചീടിമ്പോൾ
ആർത്തനായ് നിന്നു ഞാൻ കേഴുംപോലെ.”

ഇങ്ങനെ കേട്ടവൾ വെണ്ണയ്ക്കു പിന്നെയും
അങ്ങു തിരിഞ്ഞു നടന്നനേരം

കൈയിലെ വെണ്ണയെപ്പയ്യവേ വായിലി
“ട്ടയ്യോ!” യെന്നിങ്ങനെ ചൊല്ലി, ചൊന്നാൻ:

കള്ളനായുള്ളൊരു കാകൻതാൻ വന്നിട്ടെൻ
കൈയിലേ വെണ്ണയെക്കൊണ്ടുപോയി.”

എന്നതു കേട്ടവളേറ്റംചിരിച്ചു നൽ
വെണ്ണയുംകൊണ്ടിങ്ങു വന്നു പിന്നെ

വൈകാതവണ്ണമക്കൈതവപ്പൈതൽതൻ
കൈകളിൽ രണ്ടിലും വെണ്ണ വച്ചാൾ.

0 Comments

Leave a Comment

FOLLOW US