ലോക കേരള സഭയോടനുബന്ധിച്ച് നടത്തിയ കവിതാ മത്സരത്തില്‍ (സീനിയര്‍) ഒന്നാം സ്ഥാനം നേടിയ ശ്രീജിഷ് ചെമ്മരന്റെ കവിത.
മഞ്ഞക്കന്നാസ്
(ഒരു മഞ്ഞക്കന്നാസിനൊപ്പം ജീവൻ ചേർത്തു പിടിച്ച് മ്യാൻമാറിൽ നിന്നും ഷാപോരിർ ദ്വീപിലേക്ക് പലായനം ചെയ്ത നാബി ഹുസൈന്)
തീരത്തിന്റെ നനഞ്ഞമണ്ണിൽ
ഗ്രാമം വിറകു കൊള്ളികൾ പോലെ
മനുഷ്യരെ ചേർത്ത് എരിയുമ്പോൾ!
നാഫ് നദിയുടെ ഓളക്കാറ്റിൽ
ഒരു മഞ്ഞക്കന്നാസായി
തുഴയുകയായിരുന്നു നീ!
അന്നുവരെ ഉടലിൽ
എടുത്തണിയാത്ത നീന്തൽച്ചിറകുകൾ
പൊടുന്നനെ മുളച്ച പോലെ
ഒഴുകലിന്റെ ആയാസരഹിതമായ
ഒരു ജലരാജ്യം നിന്റെ
പ്രാണ ത്വരക്ക് കീഴെ
ഭൂപടം നിവർത്തി!
വളവുകളും തിരിവുകളും
അപായ മുന്നറിയിപ്പുകൾ ഒട്ടിച്ചു വച്ച
ഒരു ദ്രവിച്ച കാറ്റലപ്പോൾ
പൊട്ടിത്തെറിച്ച സൂര്യനു കീഴെ
നിന്നെ വേഗാധിക്യം ബാധിച്ച പോൽ
തിടുക്കം കൂട്ടി!
നാബീ…………
നാഫ് നദിയുടെ വെറ്റിലക്കൊടികൾ
ആകാശത്തേക്ക് വളർന്ന
മണ്ണിന്റെ മായാപുരങ്ങളിൽ
നിന്റെ കാലുകൾ ചേർത്തു പണിത
വിയർപ്പു പാടങ്ങൾ
ഇന്നനാഥമാണ്!
ആ പാതകളുടെ
ഓരങ്ങളിൽ ചോര ചാറുന്ന
അടയ്ക്കാ തോട്ടങ്ങളിൽ
ജീവനഴിഞ്ഞു പോയ
എത്രമാത്രം
ജഡശാന്തിയാണ്
ഇളകി നിൽക്കുന്നത്!
നാബീ………..
ശരീരത്തോട് ചേർത്തു കെട്ടിയ
ആ മഞ്ഞക്കന്നാസ്
നിന്റെ ഉയിരിന്റ ഊഷ്മാവ് നിറച്ചു വെച്ചപോൽ
അകമേ നിന്റെ പ്രാണനെയോർത്ത്
ആകുലപ്പെടുന്നുണ്ട്!
കനം കൂടിയ ഒരു നീർ ഓളം
അതിന്റെ വായക്കടുത്തെത്തുമ്പോൾ
ഉള്ളിലേക്ക് സ്വീകരിക്കാതെ തുപ്പിക്കളഞ്ഞ്
ഒരമ്മയെപ്പോലെ
കാത്തുവയ്പിന്റെ
മാർച്ചൂട് നൽകുന്നുണ്ട്!
അങ്ങകലെ
ഒരു ദീർഘനിശ്വാസം പോലെ
കടൽ നടുവിൽ
എടുത്തു വച്ച
ഷാ പോരിർ ദ്വീപ്
നിങ്ങളെ രണ്ടു പേരെയും
പ്രതീക്ഷിച്ച പോലെ
ഓളങ്ങളിൽ തിടുക്കം കൊടുക്കുന്നത് കണ്ടോ?
അതിന്റെ അരികുകളിൽ
ചതുപ്പുകളില്ലാത്ത മൺ നിലത്തെ
പാകപ്പെടുത്തി വച്ച്
നിൻ ഇണക്കാലുകളുടെ
പതിഞ്ഞതൊടലിനെ
തൊട്ടെടുക്കാനുഴറുന്നതു കണ്ടോ?
നാഫീ നദിയിൽ
മഞ്ഞവെയിലിന്റെ പുറത്തേറി
കാറ്റായങ്ങളിൽ അലങ്കാരങ്ങളഴിച്ച്
മനുഷ്യത്തുകലിനാൽ പടുത്ത് പാറുന്ന
ഒരു മാംസത്തിന്റെ പട്ടമായിരുന്നു നീ!
ജലത്തിൽ മുൻകൂട്ടി വരച്ചു ചേർത്ത
അതിർത്തികളില്ലാത്തതിനാൽ
അമൂർത്ത വിതാനം വിരിച്ചിട്ട
ദിക്കുകളെ നിരാകരിച്ച്
ഹതാശമായതിരകൾ മുറിച്ച്
ലോകത്തിനു മുന്നിലേക്ക്
ഒരു ജലശയന ചിത്രം
വരച്ചുനീർത്തുകയായിരുന്നു നീ!
നാബീ
ഇപ്പോഴും നിന്റെ
അടക്കാ തോട്ടങ്ങളിൽ
മഞ്ഞ് കൈലേസുകൾ തുന്നുന്ന
ശീതകാലവും:…….
വെറ്റിലപ്പാടങ്ങളിൽ
വളളിക്കുരുന്നുകളെ
കീഴ്മേൽ പറിച്ചെറിയുന്ന
വർഷക്കാറ്റും
വന്നു പോവുന്നുണ്ടാവും — …..
ഞാൻ വിശ്വസിക്കുന്നു!
ജീവൻ ഊതി വീർപ്പിക്കാൻ
അന്നു നിനക്ക് തുണയായ
ആ മഞ്ഞക്കന്നാസ്
ഇപ്പോഴും
കടലിൽ നിന്ന്
ഊരിമാറ്റാൻ കഴിയാത്ത
ഇളം നീല പോലെ
നിന്റെ
പ്രാണനകത്ത് ഒട്ടിച്ചു വച്ചിട്ടുണ്ടെന്ന്!
(ശ്രീജിഷ് ചെമ്മരൻ – 8606 203907)