അനശ്വരയായ മഹേശ്വതാ ദേവി
1926 ജനുവരി 14 നു ബംഗ്ലാദേശിലെ ധാക്കയിൽ സാഹിത്യ പശ്ചാത്തലമുള്ള കുടുംബത്തിലാണ് മഹേശ്വതാ ദേവി ജനിച്ചത്. പ്രശസ്ത കവിയും നോവലിസ്റ്റുമായിരുന്ന മനീഷ് ഘട്ടക് ആയിരുന്നു അച്ഛൻ. എഴുത്തുകാരിയും സാമൂഹ്യ പ്രവർത്തകയുമായിരുന്ന ധരിത്രി ഘട്ടക് അമ്മയും. മഹേശ്വതാ ദേവിയുടെ അച്ഛന്റെ സഹോദരനായിരുന്നു റിഥ്വിക് ഘട്ടക്. നാടക കൃത്തും ഇപ്റ്റയുടെ ( ഇന്ത്യൻ പീപ്പ്ൾസ് തീയേറ്റർ ) സ്ഥാപകനുമായ ബിജോർ ഭട്ടാചാര്യയെ ആണ് മഹേശ്വതാ ദേവി വിവാഹം കഴിച്ചത്. 1959 ൽ വേർപിരിഞ്ഞു. അറിയപ്പെടുന്ന ബംഗാളി എഴുത്തുകാരനായ നാബുരാൻ ഭട്ടാചാര്യയാണ് മകൻ. 1956 ൽ പൂർത്തിയാക്കിയ ഝാൻസി റാണി ആയിരുന്നു ആദ്യ കൃതി. ഹാജാർ ചുരാസിർ മാ, ആരണ്യേർ അധികാർ, അഗ്നി ഗർഭ, രുഡാലി, ദ്രൌപതി, ഛോട്ടീ മുണ്ടാ, ഹാജാർ ചുരാസിർ മാ തുടങ്ങിയവ അടക്കം അഞ്ചു കൃതികൾ സിനിമയായിട്ടുണ്ട്. പല കൃതികളും മലയാളത്തിലേക്കും പരിഭാഷപ്പെട്ടിട്ടുണ്ട്.
കുടിയേറ്റ തൊഴിലാളിയുടെയും താഴ്ന്ന ജാതിക്കാരുടെയും ഭൂരഹിതരുടെയും ഉപേക്ഷിക്കപ്പെട്ട സ്ത്രീ ജന്മങ്ങളുടെയും ആദിവാസികളുടെയും ജീവിതമായിരുന്നു മഹേശ്വതാ ദേവി തന്റെ രചനകളിലൂടെ വരച്ചു കാട്ടാൻ ശ്രമിച്ചത്. അടിച്ചമർത്തപ്പെട്ടവരുടെ അവകാശങ്ങൾക്കു വേണ്ടിയും നീതി നിഷേധിക്കപ്പെട്ടവർക്കു വേണ്ടിയും പേന കൊണ്ടും അല്ലാതെയും പോരാടിയ സ്ത്രീയായിരുന്നു മഹേശ്വതാ ദേവി. അനീതിക്കെതിരെയാണ് തന്റെ പോരാട്ടമെന്നാണ് അവർ തന്റെ എഴുത്തിനെ ക്കുറിച്ചും പ്രവർത്തനങ്ങളെ കുറിച്ചും പറഞ്ഞിരുന്നത്. 2016 ജൂലൈ 28 നു മരിക്കും വരെ ആ ലക്ഷ്യത്തിനു വേണ്ടിയാണ് അവർ പ്രവർത്തിച്ചത്.