റോസ പാർക്സ്
അമേരിക്കയിൽ അലബാമാ സംസ്ഥാനത്ത് ഒരു തയ്യൽക്കടയിലായിരുന്നു കറുത്ത വർഗ്ഗക്കാരിയായ റോസാ പാർക്കിന് ജോലി. കാലം 1955. ഒരു ദിവസം പണി കഴിഞ്ഞ് വീട്ടിലേക്ക് ബസ്സിൽ യാത്ര ചെയ്യുകയായിരുന്നു റോസ. ബസ് നിറഞ്ഞ് യാത്രക്കാരുണ്ട്. റോസ ഇരുന്ന സീറ്റിന്റെ അടുത്ത് വെളുത്ത വർഗ്ഗക്കാരനായ ഒരു അമേരിക്കൻ വന്നു നിന്നു. അലബാമയിൽ അപ്പോഴുള്ള നിയമമനുസരിച്ച് കറുത്ത വർഗ്ഗക്കാരും വെളുത്ത വർഗ്ഗക്കാരും ബസ്സുകളിലും മറ്റും ഒരുമിച്ച് യാത്രചെയ്യേണ്ടി വരുമ്പോൾ സീറ്റുകൾ ഒഴിഞ്ഞുകിടപ്പില്ലെങ്കിൽ കറുത്ത വർഗ്ഗക്കാർ അവർ ഇരിക്കുന്ന സീറ്റുകൾ വെളുത്തവർക്ക് വേണ്ടി ഒഴിഞ്ഞു കൊടുക്കണം. മാത്രവുമല്ല, കറുത്തവർ ഇരിക്കുന്നുണ്ടെങ്കിൽതന്നെ ബസ്സിന് പിറക് ഭാഗത്തെ സീറ്റുകളിലെ ഇരിക്കാൻ പാടുള്ളൂ. നിയമം ഇങ്ങനെയായിരുന്നുവെങ്കിലും റോസ തൊട്ടടുത്തുണ്ടായിരുന്ന വെളുത്ത യാത്രികനെ കണ്ടഭാവം നടിച്ചില്ല, അയാൾക്കായി സീറ്റ് ഒഴിഞ്ഞുകൊടുത്തുമില്ല.
ഇത് വലിയ പ്രശ്നമായി. ഗതാഗത നിയമം ലംഘിച്ചതായി കണക്കാക്കി റോസയെ അറസ്റ്റ് ചെയ്തു. ആ പ്രദേശത്തെ ഒരു വലിയ വിഭാഗം കറുത്തവർഗ്ഗക്കാർ ഒന്നടങ്കം പൊതുഗതാഗത ,സംവിധാനങ്ങൾ ബഹിഷ്ക്കരിക്കുന്ന സമരത്തിലേക്കാണ് ഈ അറസ്സ് വഴിവെച്ചത്. ഈ ബഹിഷ്ക്കരണ സമരത്തിന് നേതൃത്വം കൊടുത്തത് മോണ്ട്ഗോമറിയിലെ ഒരു പള്ളിയിൽ പാസ്റ്ററായിരുന്ന മാർട്ടിൻ ലൂഥർ കിംഗ് ജൂനിയറാണ്. തുല്യതയ്ക്കും നീതിക്കും വേണ്ടിയുള്ള സമരം അഹിംസാത്മകമായിരിക്കണം എന്ന നിർബന്ധമുള്ള നേതാവായിരുന്നു മാർട്ടിൻ ലൂഥർ കിംഗ് ജൂനിയർ. സമരം രൂക്ഷമായതിനെ തുടർന്ന് പൊതുഗതാഗത സംവിധാനങ്ങളിലെ വർണ്ണവിവേചനം അവസാനിപ്പിച്ചുകൊണ്ട് ഉത്തരവിറക്കാൻ സുപ്രീംകോടതി നിർബന്ധിതമായി. റോസയുടെ അറസ്റ്റുമായി ബന്ധപ്പെട്ട് നടന്ന ഒരു വർഷം നീണ്ട സമരത്തിനൊടുവിലാണ് സുപ്രീംകോടതി അത്തരമൊരു ഉത്തരവിറക്കിയത്. 1956-ൽ. ലോകം ഇന്ന് റോസയെ സ്മരിക്കുന്നത് ‘പൗരാവകാശ പ്രസ്ഥാനങ്ങളുടെ മാതാവ്’ എന്ന നിലയിലാണ്.