ചിരിയമ്പുകൾ – കുഞ്ചൻ നമ്പ്യാർ
പതിനെട്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന കുഞ്ചൻനമ്പ്യാരാണ് തുള്ളൽ എന്ന കലാരൂപത്തിന്റെ ഉപജ്ഞാതാവ്. അനവധി തുള്ളൽകൃതികൾ കൂടാതെ കിളിപ്പാട്ടുകളും ആട്ടക്കഥകളും അദ്ദേഹത്തിന്റേതായി ഉണ്ട്.
സാധാരണക്കാരന്റെ ഭാഷയിൽ അവനോട് സംവദിക്കുകയെന്നതാണ് കുഞ്ചന്‍ നമ്പ്യാരുടെ കാവ്യരീതി. അതുകൊണ്ട്തന്നെ ഹാസ്യത്തെ തന്റെ കവിതയുടെ മുഖ്യഘടകമാക്കി മാറ്റി. ഏതു കാലത്തെ കഥ അവതരിപ്പിക്കുമ്പോഴും അത് സമകാലിക കഥയെന്ന പോലയാണ് അദ്ദേഹം അവതരിപ്പിക്കാറുള്ളത്. പതിനെട്ടാം നൂറ്റാണ്ടിലെ കേരളീയ സമൂഹത്തിന്റെ വിവിധ അംശങ്ങളെ ആവിഷ്ക്കരിക്കാനാണ് ഏതു പ്രമേയത്തേയും അദ്ദേഹം ഉപയോഗിച്ചത്. അന്നത്തെ സമൂഹത്തിന്റെ എല്ലാ പുഴുക്കുത്തുകളേയും അദ്ദേഹം ഹാസ്യത്തിന്റെ മേമ്പൊടിയോടെ നിശിതമായി വിമർശിച്ചു.
ചുങ്കമെടുത്തും പിഴചെയ്യിച്ചും
ശങ്കവെടിഞ്ഞും ഗൃഹങ്ങൾ കവർന്നും
വൻകരമേൽ മരുവുന്ന ജനത്തിനു
സങ്കടമന്നന്നുളവാക്കിച്ചും
കമ്പോളത്തിലിരിക്കുന്നവരൊടു
വമ്പുപറഞ്ഞു പിടിച്ചു പറിക്കും…
പതിനെട്ടാംനൂറ്റാണ്ടിലെ കേരളം
തിരുവിതാംകൂർ, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലെ പ്രബല നാട്ടുരാജാക്കന്മാരുടെയും ഒട്ടേറെ സാമന്തരാജാക്കന്മാരുടെയും ഭരണത്തിലായിരുന്നു 18-ാം നൂറ്റാണ്ടിലെ കേരളം. ഇതോടൊപ്പംതന്നെ വിദേശശക്തികളുടെ ആധിപത്യം വ്യാപിച്ചുകൊണ്ടിരുന്ന കാലം കൂടിയായിരുന്നു അത്. ജന്മിത്തം, പൌരോഹിത്യം, അന്ധവിശ്വാസങ്ങൾ, അഴിമതി, ധൂർത്ത്, ഭക്ഷണാസക്തി, വഞ്ചന മുതലായ സാമൂഹിക തിന്മകളാൽ മോശപ്പെട്ടു കിടക്കുകയായിരുന്നു അന്നത്തെ കേരളം. ജനക്ഷേമം അന്നത്തെ ഭരണകൂടത്തിന്റെ ലക്ഷ്യമായിരുന്നില്ല. ജാതിയുടെ പേരിൽ സമൂഹത്തെ പല തട്ടുകളായി കാണുകയും കീഴാള വിഭാഗങ്ങളെ അടിച്ചമർത്തുകയും ചെയ്തിരുന്നു. അക്കാലത്ത്, ഭൂമിയുടെ ഉടമസ്ഥത രാജാവിനും ജന്മിമാർക്കും മാത്രമായിരുന്നു. മണ്ണിൽ അധ്വാനിക്കുന്നവന് ഭൂമിയോ വീടോ ഉണ്ടായിരുന്നില്ല. രാജഭരണവുമായി ബന്ധപ്പെട്ടു കഴിയുന്ന പ്രഭുക്കന്മാരും പുരോഹിതന്മാരും ജനങ്ങളെ കഠിനമായി ദ്രോഹിച്ചുകൊണ്ടിരുന്ന കാലം കൂടിയാണത്. ഈ അവസ്ഥകളോടുള്ള പരിഹാസവും പ്രതികരണവുമായിരുന്നു കുഞ്ചന്റെ കൃതികൾ. നമ്പ്യാരുടെ കൃതികളിൽ നിറയെ ചിരിയുണ്ട്. എന്നാൽ വെറുതെ വായിച്ചു ചിരിക്കാനുള്ളവയല്ല അവയൊന്നും. സമൂഹത്തിന്റെ ജീർണതകൾക്കെതിരെയുള്ള രൂക്ഷമായ വിമർശനങ്ങളായിരുന്നു ആ കൃതികളൊക്കെയും.കുഞ്ചന്‍ നമ്പ്യാരുടെ ജീവിതവുമായി ബന്ധപ്പെട്ട ടെലി നാടകം കണ്ടു നോക്കു…